7 വയസു മാത്രമുള്ള നേപ്പാളിലെ മനുഷ്യ ദേവതയുടെ പ്രത്യേകതകൾ

എഴുത്ത് – സഞ്ജയ് മേനോൻ.

പശുവിന്റേത് സമാനമായ കൺപീലികൾ, താറാവിന്റെത് പോലെ ശബ്ദം, നിലത്തു കാൽ വെക്കാൻ പോലും അനുവാദമില്ല. 7 വയസു മാത്രമുള്ള നേപ്പാളിലെ മനുഷ്യ ദേവതയുടെ പ്രത്യേകതകൾ ആണിത്. കുമാരി ദേവി എന്നറിയപ്പെടുന്ന പെൺകുട്ടിയെ നേപ്പാളിന്റെ ഐശ്വര്യമായിട്ടാണ് കരുതിപ്പോരുന്നത്. കുമാരി ദേവിക്ക് അത്ഭുത ശക്തിയുണ്ടെന്നാണ് വിശ്വാസം.

വാലിട്ട് കണ്ണെഴുതി, വർണ്ണപ്പട്ടും ആഭരണങ്ങളും ധരിച്ചു ഒരു ദൈവീക ഭാവം തന്നെയുണ്ട് ഈ പെൺകുട്ടിക്ക്. ഹിന്ദുക്കളും ബുദ്ധമതക്കാരും ഒരുപോലെ ആരാധിക്കുന്ന ദൈവത്തെ കാണുവാൻ നിരവധി പേരാണ് എത്താറുള്ളത്. അതിൽ രാജകുടുംബവും പ്രധാനമന്ത്രിയും ഉദ്യോഗസ്ഥരും ഉണ്ട്.

ദൈവത്തിന്റെ പ്രതിരൂപമാണെങ്കിലും അച്ഛനമ്മമാർക്കൊപ്പമാണ് കുമാരി ദേവിയുടെ താമസം. ഋതുമതികളല്ലാത്ത പെൺകുട്ടികളെ ശക്തിയായും ദുർഗാ ദേവിയുടെ പ്രതിരൂപമായും ആരാധിക്കപ്പെടുന്ന സമ്പ്രദായമാണ് കുമാരി ദേവി ആരാധന. നിരവധി കുമാരിമാർ ഉണ്ടെങ്കിലും കാത്മണ്ഡുവിൽ ഉള്ള രാജ കുമാരി ദേവിക്കാണ് പ്രാധാന്യം.നഗരത്തിലെ ദർബാർ സ്ക്വാറിൽ ഉള്ള കുമാരി ഘർ എന്ന കൊട്ടാരത്തിലാണ് കുമാരി ദേവി താമസിക്കുക.

നേപ്പാളിലെ കുമാരി പൂജക്ക് 2300 വർഷത്തോളം പഴക്കം കണക്കാക്കുന്നു. കുമാരിയെ തിരഞ്ഞെടുക്കുന്നതിനുള്ള നിയമങ്ങളും ആചാരങ്ങളും പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങൾ ലഭ്യമാണ്. നിലവിലെ കുമാരി ഋതുമതി ആവുകയോ ശരീരത്തിൽ മുറിവ് പറ്റുകയോ ഉണ്ടായാൽ പുതിയ കുമാരിയെ തിരഞ്ഞെടുക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമാവും. ടിബറ്റിലെ ദലൈ ലാമയെ തിരഞ്ഞെടുക്കുന്നതുമായി ഇതിനു സാദൃശ്യമുണ്ട്.

5 വജ്രചാര്യ ബുദ്ധ പുരോഹിതരും, ഹിന്ദു പുരോഹിതരും, രാജ പുരോഹിതനും, ജ്യോതിഷികളും ചേർന്നാണ് തിരഞ്ഞെടുപ്പ് ചടങ്ങുകൾക്ക് നേതൃത്വം നൽകുക. ശാക്യ വിഭാഗത്തിലെ ആരോഗ്യമുള്ളതും ഇതുവരെ ഒരു അസുഖമോ മുറിവോ ഏൽക്കാത്തതും എല്ലാ പല്ലുകളും ഉള്ള ഋതുമതികളാവാത്ത പെൺകുട്ടികളെ കണ്ടെത്തിയ ശേഷം അവരിൽ കുമാരി ദേവിക്ക് വേണ്ട 32 ലക്ഷണങ്ങൾ പരിശോധിക്കും.

ശംഘു പോലുള്ള കഴുത്ത്, ആൽ മരം പോലുള്ള ശരീരം,പശുവിനു സമാന കൺപീലികൾ, സിംഹത്തിനു സമാനമായ മാറിടം അതിൽ ചില ലക്ഷണമാണ്.പെൺകുട്ടിയുടെ ജാതകവും ധീരതയും അളക്കുന്ന ചടങ്ങാണ് പിന്നീട് നടക്കുക.കഠിനമായ ചടങ്ങു നടക്കുക ദാഷ്യ്ൻ (ദസറ ) ആഘോഷങ്ങളോടനുബന്ധിച്ചാണ്. അന്ന് തിരഞ്ഞെടുത്തവരെ ഒരു രാത്രി തെലേജു ക്ഷേത്രത്തിൽ അറുത്ത ആടുകളുടെ കൂടെ താമസിപ്പിക്കും കൂടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു നിരവധി മുഖം മൂടി ധരിച്ചവരും ഉണ്ടാകും. ഭയപ്പെടാതെ ശാന്തമായി പെരുമാറുന്ന പെൺകുട്ടിയെ അടുത്ത പരീക്ഷണത്തിന് വിധേയമാക്കും.

അവസാനം പഴയ കുമാരി ദേവിയുടെ വസ്ത്രവും ആഭരണങ്ങളും തെറ്റ് കൂടാതെ തിരഞ്ഞെടുത്താൽ ആ പെൺകുട്ടിയെ പുതിയ കുമാരി ദേവിയായി അവരോധിക്കും. അതിന് മുൻപ് പല രഹസ്യ താന്ത്രിക ചടങ്ങുകളും നടത്തും.പിന്നീട് പെൺകുട്ടിക്ക് രാജകീയ പരിഗണനയാകും കുമാരി ഘർ കൊട്ടാരത്തിൽ ലഭിക്കുക. ഇന്ദ്ര ജാത്ര പോലെ നിരവധി ചടങ്ങുകൾക്ക് കുമാരി ദേവിക്ക് ആചാരപരമായി അധികാരമുണ്ട്.

കുമാരി ദേവി ആരാധന തുടങ്ങിയതുമായി ബന്ധപ്പെട്ടു നിരവധി കഥകൾ പ്രചാരത്തിലുണ്ട്. അതിൽ പലതും ജയപ്രകാശ് മല്ല എന്ന രാജാവുമായി ബന്ധപ്പെട്ടു കിടക്കുന്നവയാണ്. തെലേജു (ദുർഗാ) ദേവതയുടെ ഭക്തനായിരുന്ന രാജാവിന്റെ കൂടെ രാത്രിയിൽ ട്രിപാസ (Dice) കളിക്കുവാൻ ദേവി എത്താറുണ്ടായിരുന്നു. എന്നാൽ മറ്റാരെങ്കിലും തന്നെ കാണുവാൻ ഇടയായാൽ അന്ന് മുതൽ വരില്ല എന്നുള്ള നിബന്ധനയും ദേവിക്ക് ഉണ്ടായിരുന്നു.

ഒരിക്കൽ രാജ്ഞി ഇതു കാണുകയും ദേവി കൊട്ടാരത്തിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. താൻ ഇനിമുതൽ കുമാരി ദേവിയുടെ രൂപത്തിൽ അവതരിച്ചു നേപ്പാളിലെ പ്രജകളെ സംരക്ഷിച്ചുകൊള്ളാം എന്ന് ദുഖിതനായ രാജാവിന് വാക്കും കൊടുത്തു എന്നാണ് വിശ്വാസം.

2007 ൽ ഭക്‌തപൂരിലെ കുമാരി ആയിരുന്ന സജനി ശാക്യയെ കുമാരി സ്ഥാനത്തു നിന്ന് നീക്കിയിരുന്നു. ലിവിങ് ഗോഡസ്സ് (Living Goddess) എന്ന സിനിമ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ടു അനുവാദമില്ലാതെ നേപ്പാൾ വിട്ട് അമേരിക്കയിൽ പോയി എന്നതായിരുന്നു കാരണം.