അടുപ്പൂട്ടി പെരുന്നാൾ : കുന്നംകുളത്തുകാരുടെ ദേശീയോത്സവം

എഴുത്ത് – പിൽജൊ പുലിക്കോട്ടിൽ പോൾ, ചിത്രം – ലിജോ ചീരൻ ജോസ്.

‘Difficult roads often lead to Beautiful Destinations.’ അതെ ബുദ്ധിമുട്ടുള്ള വഴികളിലൂടെ എത്തിപ്പെടുന്നത് ഏറ്റവും മനോഹരമായ ലക്ഷ്യങ്ങളിലായിരിക്കും എന്നാരോ എഴുതിവച്ചത് സത്യമായ ഒന്നാണ്. അത് മനസിലാവണമെങ്കിൽ കുന്നുകയറി അടുപ്പൂട്ടി പള്ളിയിൽ എത്തണം. പിന്നെ അടുപ്പൂട്ടി പെരുന്നാളിന്റെ അന്ന് പോയി പെരുന്നാൾ കാഴ്ചകൾ കാണുവാണെങ്കിൽ പറയുകയും വേണ്ട.

അതെ കുന്നാകുളംകാർക്ക് ഒരേ ഒരു ദേശീയോത്സവമേ ഉള്ളു, അത് ഒക്ടോബർ 27, 28 ദിവസങ്ങളിലെ അടുപ്പൂട്ടി പെരുന്നാളാണ്. കുന്നംകുളത്തുനിന്നും രണ്ടു കിലോമീറ്റർ അകലെ മാത്രമുള്ള ഒരു കുന്നിൽ സ്ഥിതി ചെയ്യുന്ന ഒരു ദേവാലയമാണ് അടുപ്പൂട്ടി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി. പരിപാവനമായ ഈ ദേവാലയം ഗീവർഗീസ് പുണ്യാളൻ പേരിലുള്ളതാണ്.

ത്രിവേണി സംഗമം പോലെ പള്ളിയും പള്ളിക്കൂടവും (അടുപ്പൂട്ടി സ്കൂൾ) ആശുപത്രിയും (മലങ്കര ആശുപത്രി) അടുത്തടുത്താണ് ഇവിടെ സ്ഥിതി ചെയ്യുന്നത്. വളരെ ശാന്തമായ അന്തരീക്ഷം ഈ പള്ളിയെ കൂടുതൽ ഭക്തിമുഖരിതമാക്കുന്നു. പക്ഷെ ദേശീയോത്സവം ആഘോഷിക്കുന്നത് ഓസിയോ താപസി എന്ന താപസ ശ്രേഷ്ഠന്റെ ഓർമ്മ പെരുന്നാൾ ദിനത്തിലാണ് (ഒക്ടോബർ 27, 28). എന്നാലും ഗീവർഗീസ് പുണ്യാളന്റെ പെരുന്നാൾ ആകട്ടെ അടുപ്പൂട്ടിക്കാർ ഏപ്രിൽ (22, 23) മാസത്തിൽ വളരെ കേമമായി തന്നെ വിഭവ സമൃദ്ധമായ സദ്യയോട് കൂടി നടത്തി വരുന്നു.

അടുപ്പൂട്ടി പ്രദേശത്തിന്റെ കാവൽ പിതാവായി ഗീവർഗീസ് പുണ്യാളൻ നിലകൊള്ളുന്നു. രാത്രിയിൽ പുണ്യാളൻ കുതിരപ്പുറത്ത് ദേശത്തിന്റെ കാവലനിറങ്ങും എന്നാണ് വിശ്വാസം. കുതിരയുടെ കുളമ്പടി ശബ്ദം വരെ രാത്രിയിൽ കേട്ടവരുണ്ട് എന്ന് പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. സമീപ പ്രദേശങ്ങളിൽ പല കഥകളും ആളുകൾ സഹദായയെ പറ്റി ഇപ്പഴും ഭക്തിയോടെ പറയാറുണ്ട്.

സമീപപ്രദേശങ്ങളിൽ വീടുകളിൽ പാമ്പിന്റെ ശല്യം കണ്ടാൽ അടുപ്പൂട്ടി പള്ളിയിലേക്ക് കോഴിമുട്ട കൊടുക്കുന്നത് ഇവിടുത്തെ പ്രധാന വഴിപാടാണ്. തൃശൂർ ജില്ലയിലെ പാമ്പ് വിഷത്തിനുള്ള ഏറ്റവും മികച്ച ചികിത്സ നൽകുന്ന ആശുപത്രികളിൽ ഒന്ന് അടുപ്പൂട്ടി പള്ളിയുടെ അടുത്താണെന്നത് കേവലം യാദൃശ്‌ചികിത അല്ല എന്ന് പറയാതെ വയ്യ.

നാനാ ജാതി മതസ്ഥരുടെ അഭയ കേന്ദ്രമാണ് അടുപ്പൂട്ടി പള്ളി. മുന്നിലുള്ള ചെറിയ കുരിശു പള്ളിയിൽ പാമ്പാടി തിരുമേനിയുടെ ഭൗതികാവശിഷ്ടം സ്ഥാപിച്ചിട്ടുണ്ട്. മലങ്കര ആശുപത്രിയിൽ വരുന്ന രോഗികളും, ബന്ധുക്കളും, സ്റ്റാഫുകളും അടുപ്പൂട്ടി സ്കൂളിൽ വരുന്ന കുട്ടികളും, അധ്യാപകരും ഇവിടെ വന്നു പ്രാർത്ഥിച്ചു പോകുന്നത് പതിവ് കാഴ്ച്ചയാണ്.

കുന്നംകുളത്തിന്റെ ദേശീയോത്സവം എന്ന് പറയുന്നത് വെറുതെയല്ല, കാരണം പെരുന്നാളിന്റെ പഴമയും പ്രൗഢിയും പൂരങ്ങളുടെ ചിട്ടയും, ഗാംഭീര്യവും ചേരുംപടി സമം ചേരുന്നത് കൊണ്ടാണ് അടുപ്പൂട്ടി പെരുന്നാളിനെ കുന്നംകുളത്തിന്റെ ദേശീയോത്സവം എന്ന് പറയുന്നത്.

കുന്നംകുളത്തെ തനത് ശൈലിയിൽ ആരംഭിക്കുന്ന പെരുന്നാൾ അതിന്റെ പാരമ്യത്തിൽ എത്തുന്നത് പകൽ പെരുന്നാളിന്റെ കൂട്ടിയെഴുന്നള്ളിപ്പോടെയാണ്. ‘E4 എലെഫന്റ്’ ശ്രീകുമാർ അരൂക്കുറ്റി സർ തുടങ്ങിയപ്പോൾ അടുപ്പൂട്ടി പള്ളി പെരുന്നാൾ ഷൂട്ട് ചെയ്യാൻ വന്നിരുന്നു. അടുപ്പൂട്ടി പെരുന്നാൾ ഇല്ലാതെ എന്തൂട്ട് ഉത്സവ കേരളം? എന്തൂട്ട് ആനകേരളം? അദ്ദേഹം അന്നേ അത് തീർച്ചപ്പെടുത്തിയിട്ടുണ്ട്.

ഇവിടുത്തെ കൂട്ടിയെഴുന്നള്ളിപ്പ് എന്ന് പറയുന്നത് അക്ഷരം തെറ്റാതെ എടുത്തു പറയേണ്ട ഒന്നുതന്നെയാണ്. ആനകളുടെ ഉയരത്തിനനുസരിച്ചു സ്ഥാനക്രമം നിശ്ചയിച്ചിരുന്ന എഴുന്നെള്ളിപ്പിൽ പെരുന്നാളിന് മുഴുവൻ ചമയങ്ങളോടും കൂടി ഗജവീരന്മാർ എത്തുന്നതും നിരന്നു നിൽക്കുന്നതും കാണേണ്ട ഒരു കാഴ്ചയാണ്.

സാക്ഷാൽ ഗുരുവായൂർ പദ്മനാഭൻ, കണ്ടമ്പുള്ളി ബാലനാരായണൻ, കണ്ടമ്പുള്ളി വിജയൻ, തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, അന്നത്തെ മനിശ്ശേരി കർണ്ണൻ, ചുള്ളിപ്പറമ്പിൽ സൂര്യൻ, പട്ടത്ത് ശ്രീക്രിഷ്ണൻ, ചെർപ്പുളശ്ശേരി പാർത്ഥൻ, എഴുത്തശ്ശൻ ശ്രീനിവാസൻ തുടങ്ങിയ ഗജ ഇതിഹാസങ്ങളെല്ലാം അടുപ്പൂട്ടി പള്ളിയുടെ പെരുന്നാളിന്റെ കൂട്ടി എഴുന്നെള്ളിപ്പിനു ഒരുകാലത്തു നെടുനായകത്വം വഹിച്ചവരാണ്.

മറ്റൊരു തരത്തിൽ ഇവരൊക്കെ ആണ് അന്നത്തെ ആനപ്രാന്തന്മാരുടെ സ്വപ്‍ന ദിവസത്തിലെ നായകന്മാർ. അടുപ്പൂട്ടി പെരുന്നാൾ അതിന്റെ ഒരു ക്ലൈമാക്സും. പല ആന മുതലാളിമാരും തങ്ങളുടെ ആനയെ അടുപ്പൂട്ടി പെരുന്നാളിന് മാത്രം വിട്ടുകൊടുത്തിരുന്നു, അത് വസ്തുതയാണ്. കുന്നംകുളം ഭാഗത്തെ പൂരങ്ങളുടെ കേളികൊട്ട് കിഴൂർ കാർത്തിക മുതലാണ്. അവിടുന്ന് മുതലുള്ള പൂര കമ്മറ്റിക്കാരും, മറ്റു ദേശത്തുള്ള ആളുകളും ആനകളെ തങ്ങളുടെ പൂരങ്ങൾക്ക് ഏല്പിക്കുന്നതും, നിർണയിക്കുന്നതും ഈ കൂട്ടിയെഴുന്നള്ളിപ്പ് കണ്ടാണ്.

പള്ളിക്കു മുന്നിലുള്ള വിശാലമായ ഗ്രൗണ്ടിൽ ആർപ്പുവിളികൾകിടയിലേക്ക് തങ്ങളുടെ പേരെഴുതിയ സ്ഥലത്തേക്ക് പ്രൗഢിയോടെ എത്തിച്ചേരുന്ന ഗജവീരന്മാർ കൂട്ടിയെഴുന്നെള്ളിപ്പും കഴിഞ്ഞു തൊഴുത് മടങ്ങി പോകുന്നത് കണ്ടിട്ടില്ലെങ്കിൽ അതൊരു തീരാനഷ്ടം തന്നെയാണ്. ഇനി അഥവാ കണ്ടില്ലെങ്കിൽ അടുപ്പൂട്ടിയിലേക്ക് സ്വാഗതം.

ദശാബ്ദങ്ങളായി അറുപത് ആനകൾ വരെ പങ്കെടുത്തുകൊണ്ടിരുന്ന കൂട്ടിഎഴുന്നള്ളിപ്പ് ഇപ്പോൾ നിയമങ്ങൾ കാരണം ഇരുപത്തഞ്ചിൽ ഒതുങ്ങി. എന്നാലും പ്രൗഢിയും ചിട്ടയും അണുവിട കുറയാതിരിക്കാൻ അടുപ്പൂട്ടിയിലെ യുവാക്കൾ ജാഗരൂകരാണ്. അതെ തലമുറകൾ പകർന്നു തന്ന ആവേശം കെടാതെ അതുപോലെ തന്നെ അവർ കൊണ്ടുപോകുന്നു.

കുന്നംകുളം ഭാഗത്തെ മറ്റു പെരുന്നാളുകൾക്കും കാണാത്ത ഒരു പ്രത്യേകത കൂടി ഉണ്ട്. ഇവിടെ എഴുനെള്ളിക്കുന്ന എല്ലാ ആനകൾക്കും ഏറ്റവും മനോഹരമായ കോലവും കമ്മറ്റിക്കാർ ഒരുക്കിയിട്ടുണ്ടാകും. അത് അടുപ്പൂട്ടികാർക്ക് നിർബന്ധമാണ്. ഓരോ കമ്മറ്റിക്കാരും (യുവാക്കൾ) ഓരോ തവണയും പുതു പുത്തൻ വ്യത്യസ്തമായ വേഷങ്ങളും, അതിലേറെ വ്യത്യസ്തമായ ഹെയർ സ്റ്റൈലും ആയാണ് പകൽ പെരുന്നാളിന് വരുന്നത്. ഇതിനൊക്കെ മാസങ്ങളുടെ തയ്യാറെടുപ്പാണ്.

അതെ ഒരു പെരുന്നാൾ കഴിഞ്ഞു മുടി വളർത്താൻ തുടങ്ങിയാൽ അടുത്ത പെരുന്നാളിന്റെ തലേ ദിവസം വെട്ടി പുതിയ സ്റ്റൈലിൽ ആക്കും, എന്നിട്ടേ ആ മാസ്സ് എൻട്രി ഉണ്ടാകൂ. അത്രക്കുണ്ട് അവരുടെ ആവേശം.നേരിട്ട് വന്നു തന്നെ കാണണം ആ ആവേശം. എല്ലാ കാഴ്ചകളും കണ്ടുകഴിഞ്ഞു കരിമ്പും കടിച്ചു ചവച്ചു തുപ്പി കൂടെയുള്ളവരുടെയടുത്ത് ആനകളെ പറ്റിയുള്ള തീരാത്ത വിശേഷങ്ങളും പറഞ്ഞു അടുപ്പൂട്ടി കുന്നിറങ്ങണം. ഇവിടെ ജാതിയില്ല, മതമില്ല, ആവേശം മാത്രം. കുന്നോളം ചേലുള്ള പെരുന്നാൾ.