ചങ്കത്തികളായ കുരിശുകളെയും കൊണ്ട് കുരിശുമല കയറിയ കഥ

വിവരണം – Jamshida Mohammed.

സെക്കന്റ്‌ സെമെസ്റ്ററിലെ ആദ്യ ഫീൽഡ് വർക്ക്‌ നട്ടുച്ചയ്ക്ക് വെള്ളായണി കായൽ തീരത്തും കിരീടം പാലത്തിലും താമരക്കുളത്തിലും ആയതിന്റെ ക്ഷീണത്തിൽ ബോസ്‌കോയുടെ അമ്മ സ്നേഹത്തിൽ പൊതിഞ്ഞ് തന്ന ഭക്ഷണവും കഴിച്ച് ഉറക്കത്തിന്റെ കയങ്ങളിലേക്ക് ആഴ്ന്ന് ഇറങ്ങുമ്പോൾ ഒന്ന് മാത്രേ പറഞ്ഞുള്ളു. ബോസ്കോ 3 മണിക്ക് അലാറം വെക്ക് എന്നാലേ സൂര്യോദയം കാണാൻ പറ്റു… മണി നാല് കഴിഞ്ഞു എന്നുള്ള ബോസ്‌കോയുടെ വിളി ഇച്ചിരി നിരാശയൊന്നുമല്ല എന്നിലുണ്ടാക്കിയത്. അലാറം അടിച്ചപ്പോൾ അത് ഓഫാക്കി തിരിഞ്ഞ് കിടന്നുറങ്ങിയവളുടെ കാര്യം ഹോസ്റ്റലിൽ ചെന്നിട്ട് തീർക്കാം എന്നും മനസ്സിലുറപ്പിച്ചു. പല്ല് തേച്ചെന്ന് വരുത്തി വെള്ളോം കുപ്പീം എടുത്ത് ബാഗിലിട്ട് ബസ് സ്റ്റോപ്പിലേക്ക്…

ഞങ്ങൾ നാല് പേര്… ഞാൻ, ഈ ഞാൻ തന്നെ. ജിൻസി ബോസ്കോ എന്ന ബോസ്കോ. അവളുടെ വീട്ടിൽ കിടന്നുറങ്ങി ഡൈനിങ് ടേബിളിൽ ഇരുന്ന ഒരു വല്യ കുപ്പി അച്ചാർ മുക്കാൽ ഭാഗവും ചുമ്മാ ഇരുന്ന് കഴിച്ചിട്ട് ഒരു കുപ്പിയച്ചാർ ഹോസ്റ്റലിൽ കൊണ്ട് തരാൻ ഉള്ള ഓഡറും കൊടുത്തിട്ടുള്ള വരവാണ്, ഞങ്ങളുടെ വഴി കാട്ടി, അവളുടെ നാട്, അവളുടെ കുരിശുമല. ശ്രീലക്ഷ്മി, ക്യാബേജ് എന്ന് സ്നേഹത്തോടെ വിളിക്കും അലാറം അടിച്ചപ്പോ ഓഫായാക്കിയ ആ മഹാമനസ്സിനുടമയായ വ്യക്തിത്വം ആണിത്. ശ്രീകല, മോമോ എന്നും ശ്രീ എന്നും പിന്നെ വായിൽ തോന്നിയതൊക്കെയും വിളിക്കും, ഒരേ വേവ് ലെങ്ത് ആയ കാരണം എല്ലാത്തിനും സൈലന്റ് ആയും വൈലെന്റ് ആയും കൂട്ടിനുള്ള അൽ ചങ്ക്…

ബസ് സ്റ്റോപ്പിൽ അടുത്ത പോസ്റ്റ്‌, ഇന്ന് മാത്രം സൂര്യൻ ഒരു ഒന്നര മണിക്കൂർ വൈകി ഉദിക്കണേ ന്റെ ഗണേശാ എന്നും പറഞ്ഞോണ്ട് ക്യാബേജ്. മാക്കാൻ കടിച്ച കണക്കിനിരുന്ന എന്റെ മോന്തയാകും അവളെ കൊണ്ട് അങ്ങനെ പറയിച്ചത്. ഇരിക്കുന്ന റോഡിന്റെ ഇടത് കേരളവും വലത് തമിഴ്നാടും ആണെന്ന സത്യം അൽപ്പം കൗതുകത്തോടെയാണ് കേട്ടത്. ആനവണ്ടി കൊമ്പുകുലുക്കി വന്നപ്പോഴേക്കും മണി അഞ്ച് കഴിഞ്ഞിരുന്നു. വഴി നീളെ മിന്നി കത്തണ വെട്ടവും 62ആമത് തെക്കൻ കുരിശുമല തീർത്ഥാടനത്തിലേക്ക് സ്വാഗതമരുളുന്ന ആർച്ചുകളും…

വെള്ളറടയ്ക്ക് അടുത്തുള്ള കുരിശുമലയാണ് ഞങ്ങടെ ലക്ഷ്യം. തെക്കൻ കുരിശുമല എന്നാണ് പുള്ളിയുടെ വിളിപ്പേര്. സീസൺ ആയതിനാൽ ബസിലുള്ള ഒട്ടുമുക്കാൽ പേരും കുരിശുമല ലക്ഷ്യം വെച്ചുള്ളവർ തന്നെ. അങ്ങ് മേലെ കുരിശ് പോലൊരു വെട്ടം കാണിച്ച് ബോസ്കോ പറഞ്ഞു അവിടെയാ നമുക്ക് എത്തേണ്ടത്. ചെറുതായിട്ടൊന്ന് കിളി പോയോ? സംശയം ഇല്ലാതില്ലാതില്ല. സൂര്യോദയം കാണാൻ കെട്ടും കെട്ടി ഇറങ്ങിയവരെ മൂന്നാമത്തെ കുരിശെത്തിയതും സൂര്യകിരണങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ന്തായാലും സൂര്യനുദിച്ചു ഇനി ചെന്ന് 14 കുരിശിലും സല്യൂട്ട് വെച്ച് വരാം എന്നായി. കഥകളും കളിചിരിയുമായി നാൽവർ സംഗം കുരിശോരോന്നും താണ്ടി മേലോട്ട് മേലോട്ട് തന്നെ. വഴിനീളെ ഉള്ള കടകളും, കുഞ്ഞാവകളെ തോളിലിരുത്തി മലകയറുന്ന അച്ഛന്മാരും, കൂട്ടം കൂട്ടമായി പ്രാർത്ഥനകളും ഭക്തിഗാനങ്ങളും ഉരുവിട്ട് കൊണ്ട് വിശ്വാസികളും. ഓരോ കുരിശിലുമുള്ള പ്രാർത്ഥനകൾ അത്യധികം കൗതുകത്തോടെയാണ് ഞാൻ നോക്കികണ്ടത്.

ഏട്ടാമത്തെ കുരിശ് കഴിഞ്ഞതോടെ കാഴ്ചയുടെ രൂപവും ഭാവവും മാറി, ഞങ്ങൾ രണ്ട് വഴിക്കുമായി. അങ്ങ് ദൂരത്തോളം പരന്ന് കിടക്കുന്ന നാടും ചിറ്റാർ ഡാമിന്റെ ചെറിയൊരു ഭാഗവും. ഉയരം കൂടുംതോറും ചിറ്റാറിന്റെ ഭംഗി കൂടി കൂടി വന്നു. നിരന്ന റോഡിൽ കൂടിയുള്ള കയറ്റം ഉരുളൻ കല്ലിൽ കൂടിയും ശേഷം പാറക്കല്ലുകളിൽ അലസമായി വെട്ടിയൊതുക്കിയ പടികളിൽ കൂടിയും അവസാനം കയറിൽ പിടിച്ച് പാറപ്പുറത്തൂടെ ഏന്തി വലിഞ്ഞ് കുരിശുമലയുടെ നെറുകയിലും. കുരിശടിയിൽ ഭക്തരുടെ തിക്കും തിരക്കും. കാഴ്ച്ച കാണാൻ വന്നവരായി ഞങ്ങൾ മാത്രമേ ഉള്ളുവെന്ന് തോന്നി. അവിടമാകെ പ്രാർത്ഥനകൾ നിറഞ്ഞു നിന്നിരുന്നെങ്കിലും അങ്ങിങ്ങായി വലിച്ചെറിയപ്പെട്ട മിനറൽ വാട്ടർ കുപ്പികളും മറ്റു പ്ലാസ്റ്റിക് കവറുകളും അത്രയും മനോഹരമായ ഒരിടത്തെ നശിപ്പിക്കാൻ മാത്രം ഉണ്ടായിരുന്നു.

കുരിശിനു തൊട്ടടുത്തുള്ള പാറപ്പുറത്ത് വലിഞ്ഞു കേറിയിരുന്ന് ആവശ്യത്തിനും അനാവശ്യത്തിനും ഫോട്ടോയും സെൽഫിയും എടുത്തു. കുരിശുമലയുടെ ഏറ്റവും ഉയർന്ന പോയിന്റിൽ ഞങ്ങൾ നാലുപേര്. വലത് ചിറ്റാർ ഡാമിന്റെ അടിപൊളി വ്യൂ. ഇടത് മറ്റൊരു ഡാമിന്റെ കാഴ്ച, നെയ്യാർ ഡാം ആയിരിക്കുവോ അതോ തൃപ്പരപ്പ് ആയിരിക്കുവോ അതോ മറ്റേതെങ്കിലും ഡാം ആണോ എന്ന സംശയം ഇപ്പോഴും ബാക്കി. കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന മലനിരകൾ കണ്ണിനും മനസിനും അത്യധികം കുളിർമ പ്രധാനം ചെയ്തു.

സൂര്യോദയം കാണാൻ വന്നിട്ട് സൂര്യൻ തലയ്ക്ക് മീതെ വന്നപ്പോഴാണ് കുരിശുമല കാൽച്ചുവട്ടിൽ ആയത് എന്നതൊഴിച്ച് വെച്ചാൽ, ആ പാറപ്പുറത്ത് ഇരുന്ന പത്ത് മിനിറ്റ് നേരം ഈ ലോകം തന്നെ കൈപ്പിടിയിൽ ഒതുക്കിയ സന്തോഷം ആയിരുന്നു. അവിടെയിരുന്ന് കഴിച്ച തേൻമിട്ടായിക്ക് ഇതിനുമുൻപ് ഒരിക്കൽ പോലും കിട്ടീട്ടില്ലാത്ത രുചി. MSW ക്ലാസ്സ്‌ തുടങ്ങിയത് മുതൽ എന്തിനും ഏതിനും കൂടെയുള്ള ന്റെ ശ്രീയുടെ മുഖത്ത് കണ്ട സന്തോഷം, ക്യാബേജിന്റെ കണ്ണിലെ സംതൃപ്തി, ഇതൊക്കെ എന്ത് എന്ന ഭാവത്തോടെ ഞങ്ങളെ മൂന്ന് പേരെയും നോക്കിയിരിക്കുന്ന 4, 5 വർഷമായി തുടരെ മലകയറുന്ന ബോസ്കോ…

അത്രയും പൊക്കത്തിൽ ഇരുന്ന് താഴെ ആഘാതമായ കൊക്കയിലേക്കും ഇരുവശത്തും അത്യധികം ശാന്തമായി നിലകൊള്ളുന്ന ഡാമുകളിലേക്കും നോക്കിയിരുന്ന ആ നിമിഷങ്ങൾ. ആ പാറയും ഞങ്ങളും മാത്രം ഭൂമിയിൽ അവശേഷിച്ച നിമിഷം. അവിടെ കയറി ഇരുന്നൂടാ താഴെ ഇറങ്ങൂ എന്നും പറഞ്ഞു വന്ന മാമന്മാർ, അവരെക്കൊണ്ട് ഒരായിരം തവണ പറഞ്ഞത് തന്നെ റിപീറ്റ് ചെയ്യിപ്പിച്ചിട്ടാണ് ഞങ്ങൾ ഇറങ്ങിയതെന്ന് മാത്രം. ദേഷ്യം ഒന്നും കരുതരുത് അവിടം അത്ര സേഫ് അല്ല ആരെയും കയറാൻ സമ്മതിക്കാറില്ല സന്തോഷത്തോടെ മല ഇറങ്ങണം എന്നിങ്ങനെയുള്ള ക്ഷമാപണത്തോട് കൂടിയാണ് അവര് ഞങ്ങളോട് സംസാരിച്ചത്.

തിരിച്ചിറങ്ങി 12ആമത്തെ കുരിശിൽ നിന്നും ഇടത്തോട്ട് പോയാൽ കാളിമല ആണെന്ന് നേരത്തെ തന്നെ അറിഞ്ഞു വെച്ചിരുന്നു. അവിടത്തെ കുലുക്കി കടയിന്ന് തണ്ണിമത്തൻ ജ്യൂസ് കുടിച്ചോണ്ട് ഇരുന്നപ്പോൾ വന്ന സംശയം. ഈ കണ്ട സാധനങ്ങൾ ഒക്കെ ഈ മലകേറി ചുമന്നു കൊണ്ട് വരുവോ..? അതിനുള്ള അവന്റെ ഉത്തരം ആണ് ഞങ്ങടെ പ്ലാൻ മുഴുവനും മാറ്റിമറിച്ചത്. കാളിമലയ്ക്ക് അടുത്ത് വരെ ജീപ്പ് വരും അവിടെന്ന് ചുമന്നു കൊണ്ട് വരും. കയറിയ വഴി തന്നെ തിരിച്ചിറങ്ങണോ വേറെ വഴി ഇല്ലേ എന്നും ചോദിച്ച് ബോസ്കോയെ ശല്യം ചെയ്തോണ്ടിരുന്ന എനക്ക് അത് വേനൽ മഴയായി. കടയിലെ ചെക്കന് വലിയൊരു താങ്ക്സും പറഞ്ഞ് കാളിമലയിലേക്ക്.

12ആമത്തെ കുരിശിൽ നിന്നും കഷ്ടിച്ച് ഒരു 800 മീറ്റർ മാറിയൊരു കാളിയമ്മൻ കോവിൽ, ഞങ്ങൾ അവിടെ ചെന്നപ്പോൾ പൂജ നടക്കുവായിരുന്നു. ക്യാബേജ് കോവിലിൽ കയറി പ്രാർത്ഥിക്കയും ചെയ്തു. മലയുടെ ഒരറ്റത്തായി കാളിയമ്മയുടെ പ്രതിഷ്ഠ. കോവിലിനു പിന്നിൽ നിന്നാലാണ് ചിറ്റാർ ഡാമിന്റെ ഏറ്റവും മനോഹരമായ വ്യൂ. വെയിൽ തലയ്ക്കു മീതെ അടിച്ചു തുടങ്ങിയെങ്കിലും അവിടെന്ന് എണീക്കാൻ തോന്നിയില്ല. ആഴ്ചയിൽ 3 ദിവസം കോവിലിൽ പൂജ ഉണ്ടെന്നും ഏപ്രിൽ 19ന് അവിടെ പൊങ്കാല ആണെന്നും അറിയാൻ കഴിഞ്ഞു.

ഇനിയും വരണം എന്ന ആഗ്രഹവും മനസ്സിലിട്ട് ഞങ്ങൾ മലയിറങ്ങി തുടങ്ങി. താഴോട്ടിറങ്ങാൻ ഞങ്ങൾ നാല് പേരും പിന്നൊരു ആന്റിയും മോളും അല്ലാതെ ഒരാൾ പോലുമുണ്ടായില്ല. എല്ലാരും കുരിശുമല കയറിയ വഴി തന്നെ ഇറങ്ങിപോയിക്കാണും. പിന്നീടങ്ങോട്ട് കണ്ടത് മുഴുവൻ പോലീസ് ചേച്ചിമാരെയാണ് തമിഴ് നാട് പോലീസ്. ഇനിയും മേലോട്ട് എത്ര ദൂരം പോണം എന്ന് അവരും ബസ് കിട്ടാൻ എത്ര ദൂരമുണ്ട് എന്ന് ഞങ്ങളും ചോദിച്ചുകൊണ്ടേ ഇരുന്നു.

നടക്കാൻ അൽപ്പം കൂടി നല്ല വഴി ആയത്കൊണ്ട് വല്യ പ്രയത്നമില്ലാതെ ഞങ്ങൾ ഇറങ്ങി. വഴിയിലെ മരങ്ങളിൽ കണ്ട മാങ്ങയും ജാതിക്കായും ഒക്കെ ഞങ്ങടെ കൂടെ മലയിറങ്ങി. മലയിറങ്ങുന്നതിനിടയ്ക്കാണ് ആ നഗ്നസത്യം തിരിച്ചറിയുന്നത്, ഞങ്ങൾ നടന്നുകൊണ്ടിരിക്കുന്നത് തമിഴ് നാട്ടിലൂടെയാണെന്ന്. കിലോമീറ്ററുകൾ നടന്ന് ആറുകാണിയിൽ ചെന്ന് ബസ് കാത്തിരുന്നപ്പോഴാണ് കയറിയിറങ്ങിയ കുരിശുമലയുടെ ഏകദേശം രൂപം മനസിലാകുന്നത്. ആദ്യ 7 കുരിശും കേരളത്തിലും പിന്നെയുള്ള 7 എണ്ണം തമിഴ് നാട്ടിലുമായി കിടക്കുന്ന മലയാണ് കുരിശുമല. കാളിമല മുഴുവൻ തമിഴ് നാടിലാണ്, ഇറങ്ങി വന്ന വഴികൾ അത്രയും, ബസ് സ്റ്റോപ്പ്‌ ഉൾപ്പടെ കന്യാകുമാരി ജില്ലയുടെ ഭാഗം. പണ്ട് പാലക്കാട് കേരളത്തിലോട്ട് എടുത്തപ്പോൾ തമിഴ് നാട്ടിലായിപ്പോയ മലയാളികളാണവിടം മുഴുവൻ…

ബസ് സ്റ്റോപ്പിൽ നിന്ന് നോക്കിയാൽ കാണുന്ന മൂന്ന് മലകളിൽ ഒന്ന് കുരിശുമലയും മറ്റേവ കൊണ്ടകെട്ടിയും കൂനിച്ചിയുമാണ്. അഗസ്ത്യമുനിയുമായി ബന്ധമുള്ള ചരിത്രം ഈ മലകൾക്കുണ്ട്. തമിഴ് നാട്ടിൽ നിന്നും കേരളത്തിലൂടെ തമിഴ് നാട്ടിൽ പോകുന്ന 11 മണിയുടെ തമിഴ് നാട് ട്രാൻസ്പോട്ടേഷൻ ബസിൽ കയറി ചെറിയകൊല്ലയിലേക്കുള്ള ടിക്കറ്റും എടുത്ത് ഏറ്റവും പ്രിയപ്പെട്ട മുൻസീറ്റിൽ തന്നെ ഇരിപ്പുറപ്പിച്ചു…

യുവജനോത്സവ തിരക്കിനിടയ്ക്ക് ഹൈമവതിയിൽ വന്ന് കുരിശുമല കയറിയ കഥ പറഞ്ഞു കൊതിപ്പിച്ച CET യിലെ കൂട്ടുകാർക്ക്, കുരിശുമല കയറാൻ ഞങ്ങളും വരട്ടെ എന്ന ഒറ്റ ചോദ്യത്തിൽ നിന്നും മൂന്ന് നേരത്തെ ഭക്ഷണവും ഒരു രാത്രി സ്റ്റേയും സ്വന്തം വീട്ടിൽ ഒരുക്കിതന്ന ബോസ്കോയ്ക്കും, കുരിശുമല പോകാം എന്ന് പറഞ്ഞപ്പോഴേ ബാഗും എടുത്തോണ്ട് ഹോസ്റ്റലീന്ന് ചാടിയ ക്യാബേജിനും ന്റെ ശ്രീകലയ്ക്കും, കാളിമല വഴി ഇറങ്ങാനുള്ള വഴി പറഞ്ഞ് തന്ന കുലുക്കികടയിലെ ചെക്കനും പറഞ്ഞാൽ തീരാത്ത നന്ദി….