സഞ്ചാരികളെ മാടിവിളിച്ചു കുറ്റാലം കുളിരരുവി

വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ.

വെള്ളച്ചാട്ടങ്ങളുടെ നാടായ കുറ്റാലത്തേക്കാണ് യാത്രയെന്ന് ഓര്‍ത്തപ്പോള്‍ മനസ്സിൽ ഒരു പാട്ട് പാടി ഞാൻ “കുറ്റാലം കുളിരരുവി, ചിറ്റോളം ചിലമ്പുചാര്‍ത്തിയ കുളിരരുവീ…” ഈ പാട്ടിന്റെ പതിഞ്ഞ താളത്തിലല്ല ഇപ്പോള്‍ വെള്ളച്ചാട്ടം കുറ്റാലം. ജൂണ്‍ മുതല്‍ സപ്തംബര്‍ വരെയുള്ള കുറ്റാലം വെള്ളച്ചാട്ടം, കുളിയുത്സവകാലത്ത് കുറ്റാലം ഒരു ഫാസ്റ്റ് നമ്പറാണ്.

മേലെ ഗ്രാമം തിരുകുറ്റരാസപ്പ കവിയാരുടെതാണ് ‘കുറ്റാലം കുറവഞ്ഞി’ എന്ന കാവ്യനാടകം. വാസന്തലക്ഷ്മിയും ശിങ്കിയും ശിങ്കനുമൊക്കെയുള്ള പ്രണയേതിഹാസം. കുറ്റാലത്ത് ആണ്‍പെണ്‍ വാനരങ്ങള്‍ പരസ്പരം കനികള്‍ കൈമാറി കെട്ടിപ്പുണരുന്നതൊക്കെ കവിയാര്‍ ഇതില്‍ വര്‍ണ്ണിച്ചിട്ടുണ്ട്. കുറ്റാലത്തിപ്പോഴും ശിങ്കന്‍മാരും ശിങ്കികളും കുരങ്ങന്‍മാരുമുണ്ട്. ബര്‍മുഡയിട്ട ശിങ്കന്മാര്‍ ആരോഗ്യച്ചാമിമാരാകാന്‍ വെള്ളച്ചാട്ടങ്ങളില്‍ കുളിച്ചു കൂത്താടും. വാസന്തലക്ഷ്മിമാരും ശിങ്കികളും ആസ്ഥാന വേഷങ്ങളില്‍തന്നെ വെള്ളച്ചാട്ടങ്ങളില്‍ പിരമിഡുകള്‍ പണിയും. വാനരങ്ങള്‍ ഇതു കണ്ടു ചിരിക്കും. ടൂറിസ്റ്റ് കൊളന്തൈകളുടെ കൈയിലെ കനികള്‍ തട്ടിപ്പറിക്കും.

ചെങ്കോട്ടയില്‍ നിന്ന് തെങ്കാശിയിലേക്കുള്ള വഴിമധ്യേ വലത്തോട്ട് തിരിയണം കുറ്റാലത്തിന്. തെങ്കാശി പട്ടണത്തില്‍ നിന്നും ഇവിടേക്ക് എത്താം. ഉച്ച സമയമാണ് ഞങ്ങള്‍ ഇവിടെ എത്തിയത്. ചിറ്റാര്‍ നദി സഹ്യപര്‍വ്വതത്തിന്റെ ഉന്നതങ്ങളില്‍നിന്ന് തമിഴ്‌ മൊഴിയുടെ താളത്തില്‍ വീണ് ചിന്നിച്ചിതറുന്ന സുന്ദര ദൃശ്യം. ഈ കുളിരേല്‍ക്കാന്‍ ആരും കൊതിച്ചുപോവും. സഞ്ചാരികള്‍ പലേടത്തും കൂട്ടംകൂടി ഡെപ്പാം കുത്താടുന്നു. ചിലര്‍ക്കൊക്കെ ഉള്ളിലും ‘വെള്ളച്ചാട്ടം’.

സാക്ഷാല്‍ പരമശിവന്റെ അഞ്ചു നൃത്തശാലകളില്‍ ഒന്നാണത്രെ കുറ്റാലം. പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ ഒമ്പതു വെള്ളച്ചാട്ടങ്ങളാണ് കുറ്റാലത്ത്. പേരരുവിയാണ് മുഖ്യം. ഇവിടെ നിന്ന് നാലു കിലോമീറ്റര്‍ ദൂരെ ഐന്തരുവി. അഞ്ചു ശിഖരങ്ങളായി വന്ന് ഒരുമിച്ചു പതിക്കുന്ന വെള്ളച്ചാട്ടം. അഞ്ചു തലയുള്ള പാമ്പാണത്രെയിത്. മെയിന്‍ ഫാള്‍സിനും ഫൈവ് ഫാള്‍സിനും ഇടയ്ക്ക് ചിറ്റരുവി. ചിറ്റരുവിയില്‍ നിന്ന് കാട്ടിലൂടെ മൂന്ന് കിലോമീറ്റര്‍ പോയാല്‍ ചെമ്പകാദേവി വെള്ളച്ചാട്ടം. അവിടെ പൗര്‍ണ്ണമി നാളില്‍ തീര്‍ത്ഥാടകരെത്തുന്ന അഗസ്ത്യമുനിയുടെ ക്ഷേത്രം.

ഒരു കിലോമീറ്റര്‍ വീണ്ടും കുത്തനെ കയറിയാല്‍ തേനരുവി. അംബാ സമുദ്രത്തിലേക്കുള്ള റോഡില്‍ എട്ടു കിലോമീറ്റര്‍ ദൂരെ പഴയ കുറ്റാലം. വഴിക്ക് ഒരു ചെറിയ വെള്ളച്ചാട്ടം, പുലിയരുവി. കുട്ടികള്‍ക്ക് പറ്റിയ കുഞ്ഞന്‍ വെള്ളച്ചാട്ടം. പിന്നെ പുതു അരുവി, പഴത്തോട്ടയരുവി. ചുറ്റും ഫലവൃക്ഷങ്ങളുള്ള പഴത്തോട്ട അരുവിയിലേക്ക് ഇപ്പോള്‍ പ്രവേശനമില്ല. സഞ്ചാരികള്‍ വെള്ളച്ചാട്ടം മലിനമാക്കുന്നതാണ് കാരണം. മെയിന്‍ ഫാള്‍സിനു സമീപം പ്രശസ്തമായ കുറ്റാലനാഥര്‍ ക്ഷേത്രം. ശിവന്‍ കുരുമ്പാലീശ്വരനാണിവിടെ. ദേവത കുഴല്‍ വാമൊഴിയും. ചുവര്‍ ചിത്രങ്ങളുള്ള ചിത്രസഭ ശിവന്റെ നാട്യമണ്ഡപമാണെന്നാണ് വിശ്വാസം.

ഐന്തരുവിയിലേക്കുള്ള വഴിയിലെ തടാകത്തില്‍ സീസണില്‍ നല്ല വെള്ളമുള്ളപ്പോള്‍ മാത്രം ബോട്ടിംഗുണ്ട്. കേരളത്തിലെ മണ്‍സൂണ്‍ കാലത്താണ് കുറ്റാലത്തെ വെള്ളച്ചാട്ടങ്ങള്‍ സമൃദ്ധമാവുന്നത്. അപ്പോള്‍ തമിഴ്‌നാട്ടില്‍ ചാറ്റല്‍ മഴയേ ഉണ്ടാവൂ. ശാറല്‍ എന്ന് തമിഴ്‌മൊഴി. പ്രകൃതി ഒരുക്കിയ ഷവറുകള്‍ക്ക് കീഴില്‍ ദിവസേന സന്ദർശകർ എത്തി കുളിച്ചുകൊണ്ടേയിരിക്കുന്നു. കുളിക്കാനും തിന്നാനും മാത്രമായി ഇങ്ങനെയൊരു സ്ഥലം ലോകത്തുണ്ടാവുമോ?

പ്രധാന വെള്ളച്ചാട്ടങ്ങളില്‍ സുരക്ഷിതമായി സന്ദർശകർക്ക് കുളിക്കാം. തിരക്ക് നിയന്ത്രിക്കാന്‍ പോലീസുണ്ട്. കേരളത്തില്‍ മഴ കുറവാണെങ്കില്‍ സപ്തംബറില്‍ കുറ്റാലത്ത് വെള്ളം കുറഞ്ഞേക്കാം. ചൂട് മുളകുബജിയും ഉഴുന്നുവടയും നിറഞ്ഞ തട്ടുകടകള്‍, കുളിരിന് പറ്റിയ ചൂടുള്ള വിഭവങ്ങള്‍. മെയിന്‍ഫാള്‍സിനു സമീപം സുഗന്ധവ്യജ്ഞനക്കടകള്‍.

സന്ദര്‍ശകരുടെ സഞ്ചാര മാർഗ്ഗങ്ങളിൽ വഴിതെറ്റിക്കുന്നു വെന്ന പരാതിയില്‍ ഇപ്പോൾ ഇവിടെ ഗൈഡുകളുടെ ലൈസന്‍സ് പിന്‍വലിച്ചിരിക്കുകയാണ്. അതുപോലെ തന്നെ കുറ്റാലം വെള്ളച്ചാട്ടം സന്ദർശനത്തിൽ വെള്ളച്ചാട്ടം ഒരു തരത്തിലും മലിനപ്പെടുത്താനും പാടുള്ളതല്ല.

കൊല്ലം ചെങ്കോട്ട റോഡില്‍ തെന്‍മലയില്‍ നിന്ന് ഏകദേശം 36 കിലോമീറ്ററുണ്ട് കുറ്റാലത്തിന്. കുറ്റാലം കണ്ട് തെന്‍മലയ്ക്ക് പോകാം , അല്ലെങ്കില്‍ കുറ്റാലത്ത് നിന്നുള്ള മടങ്ങിവരവില്‍ തെന്‍മലയുടെ അതിഥികളാവാം.