പ്രകൃതി സമ്മാനിച്ചുപോയ മഹാപ്രളയത്തിൻ്റെ മറ്റൊരു മുഖം…

വിവരണം – ആഷ്‌ലി എൽദോസ് (The Lunatic-Rovering Ladybug).

പ്രളയശേഷം സോഷ്യൽ മീഡിയയിൽ കണ്ടതിൽ ഏറ്റവുമധികം മനസ്സിൽകൊണ്ട ഒരു വാചകമുണ്ട്. “പുഴ അതിന്റെ വഴി തിരിച്ചു പിടിക്കുകമാത്രമാണ് ചെയ്തത്”. അങ്ങനെയൊന്നു ആരുടെ തലയിലുദിച്ചതാണെങ്കിലും അത് അന്വർത്ഥമാക്കുന്ന ഒരു കാഴ്ച ഇന്നു നേരിട്ട് കണ്ടു – പ്രളയക്കെടുതിക്ക്‌ ശേഷം കുട്ടമ്പുഴ ആനക്കയം കടവിൽ രൂപപ്പെട്ട പഞ്ചാരമണൽതീരം. ഒരു മാസത്തിനപ്പുറം കര മുഴുവൻ നിറഞ്ഞെടുത്തു രൗദ്രതാണ്ഡവമാടിയ പുഴ ഇന്ന് പാടെ മാറിപ്പോയിരിക്കുന്നു, അഴുക്കെല്ലാം ഒഴുകിമാഞ്ഞു വല്ലാത്തൊരു വശ്യതയും നൈർമല്യവും വന്നപോലെ.

പലയിടത്തും ഇങ്ങനെ പുതുതായി പ്രകൃതി ഒരുക്കിയ വിസ്മയങ്ങളെപ്പറ്റി വാർത്തകൾ കണ്ടിരുന്നു, അതിൽ നേരിയമംഗലവും കുട്ടമ്പുഴയുമാണ് ആകർഷകമായി തോന്നിയത്. എങ്കിലും ആനക്കയം കടവിലേതിന് സമാനമായി മറ്റൊന്നുണ്ടോ എന്ന് സംശയമാണ്. കാരണം വേറൊന്നുമല്ല, എണ്ണപ്പനകളുടെ പച്ചപ്പും തണലും തീരത്തടിഞ്ഞ വലിയ മരക്കുറ്റികളും തിളങ്ങുന്ന പഞ്ചസാര മണല്തരികളുമെല്ലാമായി മനസിന് കുളിര്മയേകുന്ന നല്ലൊരു കാഴ്ച വിരുന്നാണ് അവിടെ നമ്മെ കാത്തിരിക്കുന്നത്. മറ്റു ബീച്ചുകളിലെപോലെ ചുട്ടു പൊള്ളുന്ന വെയിലിൽ അലയാതെ ഇവിടെ സ്വസ്ഥമായി തണലിലിരുന്നു വിശ്രമിക്കാം എന്നതുകൊണ്ട് തന്നെ സമയഭേദമന്യേ ഏതുസമയത്തും യാത്ര പ്ലാൻ ചെയ്യാം.

പ്രശസ്തമായ തട്ടേക്കാട് പക്ഷി സങ്കേതവും ഈ വഴിയിൽ തന്നെ ആണെന്നതിനാൽ ഒറ്റ പോക്കിന് എല്ലാം കണ്ടു തീർത്തിങ് പോരാം. കൂട്ടത്തിൽ സമയമുണ്ടേൽ ഈയിടെ വൈറൽ ആയ ഒരു വീഡിയോയിലെ പുഴയും പാലവും കാണാം. വെള്ളം കയറി മുങ്ങിയ പാലത്തിലൂടെ സാഹസികമായി പോലീസ് ജീപ്പ് ഓടിച്ചു ഇക്കരെയെത്തിച്ച ആ പോലീസ് ഡ്രൈവറുടെ ധീരതയ്ക് ഗവണ്മെന്റ് എന്തോ പാരിതോഷികം നൽകിയെന്ന് പിന്നീട് എവിടെയോ കണ്ടു, വാസ്തവമെന്താണെന്നു ഉറപ്പില്ലെങ്കിലും അതുകേട്ടപ്പോൾ തെല്ലൊരു സന്തോഷം തോന്നി. അയാളുടെ തൊഴിലിലെ പാടവവും ആത്മാർത്ഥതയും അംഗീകരിക്കപ്പെട്ടല്ലോ!

വരുന്ന സന്ദർശകരിൽ അധികവും കുടുംബവും കുട്ടികളുമടങ്ങുന്നതാണ്. ഇപ്പൊളും അധികം പ്രശസ്തിയാർജിച്ചിട്ടില്ലാത്തതിനാൽ തന്നെ നല്ല വൃത്തിയുള്ള അന്തരീക്ഷം. തെളിനീരുപോലുള്ള വെള്ളം. ആളുകൾ അറിഞ്ഞെത്തി തുടങ്ങുന്നതേയുള്ളൂ. മറ്റു ബീച്ചുകൾക്കു സംഭവിച്ചതുപോലെ നമ്മുടെ പിടിപ്പുകേടുകൊണ്ടു ഇതും മലീനസപ്പെട്ടുപോകാതെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ചുമതലയാണെന്നുള്ള ഉത്തരവാദിത്വബോധം എല്ലാവർക്കുമുണ്ടായിരുന്നെങ്കിൽ. 2 പുഴകളുടെ സംഗമ സ്ഥാനമായ ആനക്കയം കടവ് പേര് പോലെ തന്നെ കാട്ടാനകളുടെ വിഹാര കേന്ദ്രമാണ്. ചിലപ്പോൾ വൈകുന്നേരങ്ങളിൽ ഭാഗ്യമുണ്ടെങ്കിൽ ആ കാഴ്ച കൂടി കാണാനൊക്കും എന്നാണ് കേട്ടത്.

കോതമംഗലം നിന്ന് ഏകദേശം 12km പിന്നിട്ടാൽ തട്ടേക്കാട് പക്ഷി സങ്കേതം. അതും കഴിഞ്ഞു അതെ വഴി തന്നെ നേരെ പോന്നാൽ കുട്ടമ്പുഴ എത്താം. വെള്ളം കയറി കുറച്ചിടെ പോയിട്ടുണ്ടെങ്കിലും താരമമ്യേന നല്ല റോഡ് ആണെന്ന് പറയാം. സ്ഥിരമായി ആനയിറങ്ങുന്ന വഴി ആയതിനാൽ രാത്രി യാത്ര ഒഴിവാക്കുന്നതാണ് ഉചിതം. പ്രേത്യേകിച് വഴി പരിചയമില്ലാത്തവർ.

കുട്ടമ്പുഴ കവലയിൽനിന്നു നേരെ പോയാൽ ആനക്കയം എത്താം. വലത്തേക്ക് ഒരു 8km ദൂരം കൂടി പോയാൽ ആണ് മണികണ്ഠൻചാൽ പാലവും പുഴയും. നേരത്തെ പറഞ്ഞ ആ ‘viral’ പാലം. അപ്പുറം കടന്നു കാട്ടിലൂടെ പോയാൽ ആദിവാസി കോളനിയാണ്. പുലിമുരുഗൻ ഇവിടെ പാരിസരപ്രദേശങ്ങളിലെ വനമേഖലയിലും പൂയംകുട്ടി വെള്ളച്ചാട്ടത്തിലുമായാണ് ചിത്രീകരിക്കപ്പെട്ടത്.

ഒരുപാടൊന്നും വലിച്ചുനീട്ടി എഴുതാനോ സാഹിത്യവൽക്കരിക്കാനോ ഉള്ളത്രയൊന്നുമില്ല. സംഭവം കൊള്ളം, പോയാൽ സമയം നഷ്ടമായെന്ന് ഒരിക്കലും തോന്നില്ലെന്നൊരുറപ്പുണ്ട്. ഇതിനെപ്പറ്റി ഇവിടെ മറ്റാരും എഴുതി കണ്ടില്ല എന്നതുകൊണ്ടാണ് സഞ്ചാരീ സുഹ്രത്തുക്കൾക്കുകൂടി പരിചയപെടുത്താനായി ഒരു ചെറിയ വിവരണം എഴുതാമെന്ന് വച്ചത്. ഫോട്ടോസിൽ കാണുന്നത് പോകുന്ന വഴിക്കു റോഡിനു സമാന്തരമായി ഒഴുകുന്ന കുട്ടന്പുഴ പുഴയും, ആനക്കയം കടവും, പൂയംകുട്ടി മണികണ്ഠൻചാൽ ചപ്പാത്തുമാണ്.

ഭക്ഷണം കഴിക്കാനും ചെറുകടികൾക്കുമായി കുട്ടന്പുഴ കവലയിലും വരുന്ന വഴിക്കുമായി ചെറിയ കടകൾ ഉണ്ട്. ആനക്കയം കടവിന്റെ നേരെ പിന്നിലായി തനി കേരളീയ ശൈലിയിൽ തീർത്ത ഒരു റിസോർട്ടും കണ്ടു. വെള്ളം കയറിയതിനു ശേഷം പ്രവർത്തനം പുനരാരംഭിച്ചു എന്നാണ് നാട്ടുകാർ പറഞ്ഞറിഞ്ഞത്. എങ്കിലും താമസസൗകര്യം നോക്കി പോകുന്നവർ എല്ലാം നേരത്തെ കൂട്ടി ബുക്ക് ചെയ്തു പോകുന്നതാകും നന്ന്.