ഒരു രൂപയ്ക്ക് ചായയും, നാല് രൂപയ്ക്ക് കടിയും കിട്ടുന്ന കുട്ടേട്ടൻ്റെ ചായക്കട

വിവരണം – Lijaz AAmi‎, ഫോട്ടോസ് – Jithesh Kannappan, Sree Jish. 

കോഴിക്കോട് പാളയം ബസ് സ്റ്റാൻഡ് കഴിഞ്ഞു മാരിയമ്മൻ കോവിലിലെ ചെറിയ റോഡിലൂടെ തളി ക്ഷേത്രത്തിലേക്ക് പോകുന്ന വഴിക്ക് ഇടതു വശത്തായി ഒരു ചായക്കടയുണ്ട്. ഒരു പേരിനുപോലും പേര് വയ്ക്കാത്ത ഒരു ചെറിയ ചായക്കട. ഇവിടുത്തെ ചായക്കും കടിക്കും ഒരു പ്രത്യേകതയുണ്ട്. ഒരു കട്ടൻ ചായക്ക് ആകെ ഇവിടെ ഒരു രൂപ മാത്രമാണ്, ഒരു കടിക്ക് വെറും നാല് രൂപയും. എങ്ങനെയുണ്ട്?മൂക്കത്ത് കൈവെച്ച് പോകുന്ന വില അല്ലേ..

സദാസമയം ആളുകൾ തിരക്ക് കൂട്ടി ചായ കുടിക്കുന്ന കടയാണിത്. എന്നാൽ കടയിൽ ചായകുടിക്കാൻ വരുന്നവർക്ക് ഒന്നിരിക്കാൻ ഒരു ബെഞ്ചോ ഗ്ലാസ് മാറ്റിവയ്ക്കാൻ ഒരു മേശയോ തന്നെയില്ല. എന്നാൽ ആർക്കും ഇതിൽ പരാതിയില്ല. കാലങ്ങളായി എല്ലാവരും ചായ കുടിക്കുന്നത് ഇങ്ങനെയൊക്കെ നിന്നുതന്നെയാണ്. ഇനി കഥാനായകനെ പരിചയപ്പെടാം. ഇടുങ്ങിയ കടയ്ക്കുള്ളിൽ വെളുത്ത ഷർട്ടും മുണ്ടുമായി ഒരാൾ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കൊണ്ടിരിക്കുന്നു. ഏതുനേരവും മുഖത്ത് വിരിയുന്ന പുഞ്ചിരിയാണ് അദ്ദേഹത്തിൻറെ പ്രത്യേകത. പേര് കുട്ടൻ. വയസ്സ് എഴുപത് ഒക്കെ കഴിഞ്ഞു എന്നു പറയുന്നു. സമോവറിൽ ചായ ഉണ്ടാക്കുന്നതും പഞ്ചസാര ഇടുന്നതും പാത്രങ്ങൾ കഴുകി വെക്കുന്നതും എല്ലാം ഒരാൾ തന്നെ. അതെ പ്രായം തളർത്താത്ത ചുറുചുറുക്കുള്ള ഒരു വയസ്സനായ യുവാവ്.

35 വർഷത്തോളമായി ഇവിടെ കുട്ടേട്ടൻ ചായക്കട നടത്തുന്നു. ഇവിടെ സ്ഥിരമായി വരുന്നവരുടെ ചായയുടെ രുചിപോലും അദ്ദേഹത്തിന് മനപാഠമാണ്. ചിലർക്ക് മധുരം കുറച്ച് കടുപ്പം കൂട്ടി. ചിലർക്ക് നേരെ തിരിച്ചും. എന്തൊക്കെ തന്നെയായാലും ഇതിന് ഒരു ചോദ്യവും ഇല്ല. മൂപ്പര് ചായ ഉണ്ടാക്കും, അവർക്കെല്ലാം വേണ്ട രീതിയിൽ തന്നെ.

പണ്ടൊക്കെ ഇവിടെ കടികളെല്ലാം സ്വന്തമായി ആണ് കുട്ടേട്ടൻ ഉണ്ടാക്കിയിരുന്നത്. അന്ന് കൂടെ പണിക്കാരും ഉണ്ടായിരുന്നു. ഇന്ന് കടികളെല്ലാം പുറത്തുനിന്ന് വാങ്ങുകയാണ് പതിവ്. ഇപ്പോൾ പണിക്കാരെ എന്താ വെക്കാത്തത് എന്ന ചോദ്യത്തിന് അദ്ദേഹത്തിൻറെ ഉത്തരം ഇതാണ് ” അവർക്ക് കൂലി കൊടുക്കാനുള്ള വകയൊന്നും ഇപ്പോൾ ഇതിൽനിന്ന് കിട്ടാനില്ല.. പിന്നെ ഞാൻ ഒറ്റയ്ക്കായാലും കുഴപ്പമൊന്നുമില്ലല്ലോ? വരുന്നവർക്ക് ചായയും കടിയും കിട്ടുന്നുണ്ട്. പണ്ടുള്ള അതേ വിലയിൽ തന്നെ… പിന്നെന്താ പ്രശ്നം”.

“വില ഒന്നു കൂട്ടി കൂടെ” എന്ന ചോദ്യത്തിനു വീണ്ടും ഉത്തരം “ഇവിടെ ഞാൻ കച്ചവടം തുടങ്ങിയിട്ട് പത്തുമുപ്പത്തഞ്ചു വർഷമായി, ഇതിലെ വരുമാനത്തിൽനിന്ന് ഇതേവരെ ഒന്നുംതന്നെ ഉണ്ടാക്കിയിട്ടില്ല. നിങ്ങൾക്ക് ചിന്തിച്ചാൽ തന്നെ മനസ്സിലാവില്ലേ എനിക്കെത്ര കിട്ടുമെന്ന്. പിന്നെ വയസ്സ് ഇത്രയൊക്കെ ആയില്ലേ. ഇതൊക്കെ മതി”. കൂടുതൽ ചോദിക്കാൻ ഒന്നും പിന്നെ തോന്നിയില്ല.

രാവിലെ ഏഴുമണിക്ക് തുറന്നാൽ ചായപ്പൊടിയും പഞ്ചസാരയും തീർന്നതുവരെയാണ് കുട്ടേട്ടൻ കച്ചവടം. അതിപ്പോ പ്രത്യേക സമയമൊന്നുമില്ല, ഏകദേശം 12 മണിയോടെ കടയ്ക്ക് തിരശ്ശീല വീഴും. ഒരു നല്ല മനുഷ്യൻ. കൂടുതലൊന്നും ആഗ്രഹിക്കാതെ മറ്റുള്ളവരോട് ഒരു പരിധിയും ഇല്ലാതെ അവരുടെ വീട്ടിലെ കാര്യങ്ങൾ അന്വേഷിക്കുകയും ചോദിക്കുകയും ചെയ്യുന്ന കുട്ടേട്ടൻ ശരിക്കും കട്ടൻ ചായയിൽ കലർത്തുന്നത് ഒരു നൂറുകോടി പുണ്യങ്ങളാണ്, സന്തോഷങ്ങളാണ്. ഒരു കരുതൽ പോലെ.. കുട്ടേട്ടൻ സ്നേഹത്തിൽ ചാലിച്ച ആ പുഞ്ചിരി തന്നെ ധാരാളം മനസ്സു നിറയാൻ.