കൊറോണ വൈറസ്; കുവൈറ്റ് എയർപോർട്ട് അടയ്ക്കും; രണ്ടാഴ്ച പൊതു അവധി

കൊവിഡ്-19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കുവൈറ്റില്‍ യാത്രാവിമാനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്. ഇനിയൊരറിപ്പുണ്ടാകുന്നതുവരെ വിമാനസര്‍വീസുകള്‍ റദ്ദാക്കുകയാണ്. മാർച്ച് 13 മുതൽ കുവൈറ്റ് എയർപോർട്ട് താൽക്കാലികമായി അടച്ചിടും. പാസഞ്ചർ ഫ്‌ളൈറ്റ് സർവ്വീസുകൾ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ കുവൈറ്റിൽ നിന്നും പറക്കുകയും കുവൈറ്റിൽ ലാൻഡ് ചെയ്യുകയോ ചെയ്യില്ല. എന്നാൽ കുവൈറ്റ് പൗരന്മാർക്കായി മാത്രം ചില ചാർട്ടർ വിമാന സർവ്വീസുകൾ എയർപോർട്ടിൽ നിന്നും ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതിനൊപ്പം കാർഗോ സർവ്വീസുകളും ഉണ്ടാകും.

സാധാരണഗതിയിൽ ദിവസേന അഞ്ഞൂറോളം വിമാന സർവീസുകളാണ് കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട് വഴി നടക്കുന്നത്. 2019 ൽ 16 മില്യൺ യാത്രക്കാരാണ് കുവൈറ്റ് എയർപോർട്ട് വഴി യാത്ര ചെയ്തത്. ഇത്തരത്തിലൊരു തിരക്കേറിയ എയർപോർട്ട് പ്രവർത്തനം നിലയ്ക്കുമ്പോൾ തീർച്ചയായും വലിയ നഷ്ടങ്ങൾ സംഭവിക്കാം. പക്ഷേ എന്തിനേക്കാളും വലുത് ജനങ്ങളുടെ ജീവനാണെന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടാണ് കുവൈറ്റ് സർക്കാർ ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നത്.

എയർപോർട്ട് അടച്ചിടുന്നതിനൊപ്പം മാര്‍ച്ച് 12 മുതല്‍ 26 വരെ കുവൈറ്റിൽ പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അവശ്യ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും. ജനങ്ങളോട് കഫേകളിലോ, മാളുകളിലോ റെസ്‌റ്റോറന്റുകളിലോ പോകരുതെന്ന് നിര്‍ദ്ദേശവുമുണ്ട്.

കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം 72 പേര്‍ക്കാണ് ഇവിടെ കെവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലേക്കുള്ള വിസ നല്‍കുന്നത് കുവൈറ്റ് നിര്‍ത്തിവെച്ചിരുന്നു.

കുവൈറ്റിനെ കൂടാതെ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും കൊവിഡ്-19 ബാധിതരുടെ എണ്ണം കൂടുന്നുണ്ട്. ഖത്തറില്‍ കൊവിഡ്-19 ബാധിതരുടെ എണ്ണം 262 ആയി. ബുധനാഴ്ച മാത്രം 238 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്.

കൊറോണ വൈറസ് ബാധ(കോവിഡ് 19)യെ ആഗോള മഹാമാരിയെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനാ മേധാവി ഡോ ടെഡ്രോസ് അദാനോം ഗെബ്രയേസസാണ് ഇക്കാര്യം അറിയിച്ചത്. ലോകത്തെ പല ഭാഗങ്ങളിലും ആളുകളില്‍ നിന്ന് ആളുകളിലേക്ക് വൈറസ് പകരുന്ന സാഹചര്യത്തിലും, ആഗോള മഹാമാരിയെന്ന പേര് ഉപയോഗിക്കണമോയെന്ന കാര്യത്തില്‍ ആഴ്ചകളായി നടന്ന ആലോചനയ്ക്ക് ഒടുവിലുമായിരുന്നു പ്രഖ്യാപനം.

ലോകത്ത് മുഴുവനായി ഇതിനോടം 4300 ആളുകളാണ് കൊവിഡ്-19 വൈറസ് ബാധയേറ്റ് മരിച്ചത്. ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം 1,21,500 പേര്‍ക്കാണ് ലോകമെമ്പാടും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്.

നൂറിലധികം രാജ്യങ്ങളിൽ അപകടകരമായ രീതിയിലാണ് വൈറസ് പടര്‍ന്ന് പിടിക്കുന്നത്. വൈറസിനെതിരായ ചെറുത്ത് നില്‍പ്പില്‍ ഒരു തരത്തിലുമുള്ള കുറവ് വരരുതെന്ന നിര്‍ദേശിച്ച സംഘടന ചൈനക്ക് പുറത്ത് കൊറോണ വ്യാപിച്ചിരിക്കുന്നത് പതിമൂന്ന് മടങ്ങ് അധികമാണെന്നും വ്യക്തമാക്കി. 2009ല്‍ നിരവധിപ്പേരുടെ ജീവന്‍ അപഹരിച്ച പന്നിപ്പനി(എച്ച്1 എന്‍1)യാണ് തിന് മുന്‍പ് ലോകാരോഗ്യ സംഘടന ആഗോള മഹാമാരിയായി പ്രഖ്യാപിച്ചത്.