മന്ത്രിയുടെ പേര് കേട്ടപ്പോൾ ആശുപത്രി ഉണർന്നു; വനിതാ കണ്ടക്ടറുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു…

ഡ്യൂട്ടിയ്ക്കിടെ കഠിനമായ പനിയും ഛർദ്ദിയുമായി കാസർഗോഡ് ജില്ലാ ആശുപത്രിയിൽ ചെന്ന കെഎസ്ആർടിസി വനിതാ കണ്ടക്ടറായ ഷൈനിയ്ക്ക് നേരിടേണ്ടി വന്ന ദുരവസ്ഥയും, അതിനിടെ ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചറുടെ പേര് പറഞ്ഞപ്പോൾ ആശുപത്രി ജീവനക്കാർ ഉണർന്നു പ്രവർത്തിച്ച സംഭവവുമെല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നടന്ന സംഭവത്തെക്കുറിച്ച് ഷൈനി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് താഴെ കൊടുക്കുന്നു.

“രാവിലെ എഴുന്നേറ്റപ്പോൾ ചെറിയൊരു ക്ഷീണം പോലെ. രാവിലെ ലീവ് ചോദിച്ചാൽ കിട്ടില്ല. പതുക്കെ എഴുന്നേറ്റു റെഡി ആയി. കാസർഗോഡ് കണ്ണൂർ town to town service ആണ്. കാഞ്ഞങ്ങാട് എത്തുമ്പോഴേക്കും ക്ഷീണം കൂടി. യാത്രക്കാർക്ക് ബുദ്ധിമുട്ട് ആവരുതല്ലോ. രാവിലെ എല്ലാവരും ഓഫീസിൽ എത്താനുള്ള തിരക്കിലാണ്. വണ്ടി അങ്ങനെ കാസർഗോഡ് എത്തി. ഇറങ്ങിയപ്പോഴേക്കും വീണു പോയി. നല്ല പനി എനിക്ക് അനുഭവപ്പെടുന്നുണ്ട്. ഡ്രൈവറുടെ സഹായത്തോടെ കാസർഗോഡ് ജില്ല ആശുപത്രിയിൽ എത്തി.

ഞാൻ പെട്ടെന്ന് casualty കണ്ടപ്പോ അങ്ങോട്ട് കയറി അവിടെ ഇരുന്നു. ഡ്യൂട്ടിഡോക്ടർ അവിടെ ഉണ്ടായിരുന്നു. എനിക്കൊന്നു കിടക്കണം എന്നുണ്ടായിരുന്നു. ഡ്രൈവർ എങ്ങനെയൊക്കെയോ ഒരു ഒപി ഷീറ്റ് എടുത്തു വന്നു. ഡോക്ടർ ചോദിച്ചു “എന്ത് പറ്റിയതാണ്?” പനി ഉണ്ട്. ഒരു വട്ടം ശർദ്ദി ഉണ്ടായി. ഡോക്ടർ fever എന്നെഴുതി ഒരു paracetamol, rantac ഇങ്ങനെ എഴുതി എന്നോട് പറഞ്ഞു “ഈ മരുന്നുകൾ ഫാർമസിയിൽ കിട്ടും. കഴിച്ചിട്ട് പൊയ്ക്കോളൂ” എന്ന്. ഞാൻ അവിടുത്തെ കട്ടിലിലേക്ക് കൊതിയോടെ നോക്കി. എന്റെ അവസ്ഥ അത്രയും പരിതാപകരം ആയിരുന്നു. “ഇവിടെ ബെഡ് ഫെസിലിറ്റി ഇല്ല” ഡോക്ടർ ഡ്രൈവറോട് പറയുന്നുണ്ടായിരുന്നു.

ഞാൻ പുറത്തേക്ക് ഇറങ്ങിയതും വീഴാൻ പോകുന്ന പോലെ തോന്നി അടുത്ത റൂമിൽ കണ്ട ബെഡിൽ കയറിക്കിടന്നു. കുറെ സിസ്റ്റർമാർ അവിടെ ഉണ്ടായിരുന്നു. ആരും ഒന്ന് നോക്കുന്നുപോലുമില്ല.ഒരാളെ ഞാൻ കൈ കാണിച്ചു വിളിച്ചു കാര്യം പറഞ്ഞു.എനിക്ക് കുറച്ചു സമയം കിടക്കണം എന്നും പറഞ്ഞു. അപ്പോൾ അയ്യോ ഞങ്ങൾക് ഡോക്ടർ പറയുന്നത് പോലെ മാത്രേ ചെയ്യാൻ പറ്റൂ എന്ന് പറഞ്ഞു.നിങ്ങളുടെ ഒരു സീനിയർ സ്റ്റാഫിനെ ഒന്ന് വിളിക്കാമോ എന്ന് ചോദിച്ചു.

ഒരു നഴ്സ് വന്നു.ഞാൻ പറഞ്ഞു ഞാൻ ഡ്യൂട്ടി എടുത്തുകൊണ്ടു ഇരിക്കുമ്പോൾ ക്ഷീണം കൂടിയിട്ട് വന്നതാണ്.എനിക്ക് പനി ആണോ എന്ന് പോലും നിങൾ ആരും നോക്കിയില്ല എന്ന്.ഉടനെ ഒരു ട്രെയിനി സ്റ്റാഫിനെ വിട്ടു പനി നോക്കി.93.66. പനി ഒന്നും ഇല്ല ചേച്ചി ഈ ഗുളിക കഴിക്കു മാറും എന്ന് പറഞ്ഞു. പനി ഇല്ലെങ്കിൽ എന്തിനാണ് ഈ paracetamol ഞാൻ ചോദിച്ചു.ക്ഷീണം മാറാൻ നല്ലതാണ്.എനിക്ക് തലവേദന കൂടി വരികയും തലകറങ്ങുന്നത് പോലെ ആവുകയും ചെയ്യുന്നുണ്ടായിരുന്നു.

ഇനി എങ്ങാനും sugar..പ്രഷർ എന്തേലും കൂടിയതാണോ.നല്ല ക്ഷീണം.ഒടുവിൽ ഞാൻ ആ ട്രെയിനി പെൺകുട്ടിയോട് പറഞ്ഞു.പണ്ടൊക്കെ നമ്മൾ ആരോഗ്യമന്ത്രി യുടെ അടുത്തെത്താൻ ഒരുപാട് കടമ്പകൾ ഉണ്ടായിരുന്നു.ഇപ്പൊ ഒരു മെസ്സേജ് അയച് കൊടുത്താൽ മതി. ടീച്ചർ അറിയും. ഒരാൾ എനിക്ക് ക്ഷീണം അവുന്നു എന്ന് പറഞ്ഞു വന്നാൽ ഇങ്ങനെ ആണോ പെരുമാറുക.ഞാനും യൂണിഫോമിൽ ആണ്. ആ കുട്ടി പെട്ടെന്ന് പുറത്തേക്ക് പോവുകയും ആരോടൊക്കെയോ രണ്ടു മൂന്നു വട്ടം ശൈലജ ടീച്ചർ എന്ന് പറയുന്നതും കേട്ടു.

പിന്നെ പെട്ടെന്ന് തന്നെ ഒരു സീനിയർ നഴ്സ് വന്നു എന്റെ പനി നോക്കി.100.6 എന്നെഴുതി.(വെട്ടി തിരുത്തിയ ചീട്ട് ഇപ്പോഴും കയ്യിലുണ്ട്) ഞാൻ ചോദിച്ചു ഇപ്പൊ എങ്ങനെ ഇങ്ങനെ പനി കൂടി.ദേഷ്യത്തിൽ ആ ട്രെയിനി യെ വഴക്ക് പറഞ്ഞു അവർ പുറത്തേയ്ക്ക് പോയി.പിന്നെ വന്നു sugar നോക്കി.അതും കൂടുതൽ ആയിരുന്നു.തിരിച്ച് വന്ന് ഒപി ഷീറ്റ് എടുത്തു ഡോക്ടറെ കാണിച്ച് എന്തോ എഴുത്തിക്കൊണ്ട് വന്നു. ഡ്രിപ് ഇടണം രണ്ടാം നിലയിലേക്ക് മാറ്റാൻ പറയൂ വൈകുന്നേരം വരെ അവിടെ കിടക്കട്ടെ. പറഞ്ഞത് അവിടെ ഉള്ളവരോട് ആണെങ്കിലും എനിക്കും കേൾക്കാമായിരുന്നു.

wheel chair എടുത്ത് എന്നെ മുകളിൽ എത്തിച്ചു. ഒരു വിരി പോലുമില്ലായിരുന്നു എന്റെ ടീച്ചറെ… അവിടെ കിടത്തി ഡ്രിപ് ഇട്ടു. ഇടക് എനിക്ക് vomiting വരുമ്പോൾ ഒരു ക്ലീനിംഗ് സ്റ്റാഫ് ഡ്രിപ് മാറ്റി എന്നോട് ബാത്റൂം അവിടെയാണ് പോയി ശർദ്ദിച്ചിട്ട്‌ വരൂ എന്ന് പറഞ്ഞു. തിരിച്ചു വരുമ്പോ വീഴാൻ പോയ എന്നെ പിടിച്ച് പിന്നെയും കട്ടിലിൽ എത്തിച്ചത് ആരുടെയോ ഒരു അമ്മയാണ്. കട്ടിലുകൾ എല്ലാം കാലി ആണ്. വെള്ളം ഇല്ലാത്തതിനാൽ ആരെയും അഡ്മിറ്റ് ചെയ്യുന്നില്ല എന്ന് ആരോ പറയുന്നത് കേട്ടു. ഞാൻ ഒരു 3 മണിക്കൂർ അവിടെ കിടന്നു.

ഇടയ്ക്ക് ട്രെയിനികൾ വന്നു പോവുന്നുണ്ട്. എനിക്ക് ക്ഷീണം നല്ല പോലെ കൂടുന്നു. ഡ്രൈവറുടെ സഹായത്തോടെ ഫോണിൽ കാസർഗോഡ് controlling inspector Ganeshan സാറിനെ ഞാൻ വിളിച്ചു. കൂടെ എന്റെ ഭർത്താവിനെയും. ഇൻസ്പെക്ടർ കുഞ്ഞിരാമൻ സർ പെട്ടെന്ന് വണ്ടിയുമായി വന്നു. ഭർത്താവിന്റെ കൂട്ടുകാർ രണ്ടു പേര് വണ്ടിയുമായി വന്നു.

“പോവുകയാണ് ഇവിടെ ആരോടെങ്കിലും പറയണോ” എന്ന് ആശുപത്രിക്കാരോട് ഞാൻ ചോദിച്ചു. “വേണ്ട നിങൾ ഒബ്സർവേഷനിൽ ആയിരുന്നു നിങ്ങള്ക് പോവാം.” ഡ്രിപ് മാറ്റി canula അഴിച്ചില്ല. ഡിപ്പോയിൽ പോയി എഴുതി കൊടുത്ത് relieve ചെയ്തു. ഭർത്താവ് സുജിയുടെ കൂട്ടുകാർ അവരുടെ വണ്ടിയിൽ എന്നെ പയ്യന്നൂർ താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചു.

നല്ല ഇളം പച്ച വിരിയുള്ള ബെഡിൽ അവർ എന്നെ കിടത്തി.അവിടുത്തെ ഡോക്ടർ അഹമ്മദ് നിസാം ഓടിവന്നു. നോമ്പ് തുറക്ക് സമയം ആയിരുന്നു. എന്നാലും എല്ലാം നോക്കി sugar, pressure,fever. അപ്പോഴേക്കും പനി 102.4 ആയിരുന്നു. പെട്ടെന്ന് തുണി മുക്കി മൊത്തം തുടക്കണം എന്ന് സിസ്റർനോട് പറഞ്ഞു. ഡ്രിപ് ഇട്ടു. ഡോക്ടർ നോമ്പ് തുറക്കാൻ പോയി. എന്റെ ചേച്ചിയും ചേട്ടനും അ സിസ്റ്റ്ററും കൂടി നല്ല ഐസ് water കൊണ്ട് തുടച്ചു. ഞാൻ നല്ല ഉറക്കത്തിലേക്ക്. ഇടയ്ക് ഉണർന്നപ്പോ ഡോക്ടറുടെ സംസാരം കേട്ടു. നോമ്പ് തുറന്നു പിന്നെയും വന്നു. പനി നോക്കി 99.3. കുറയുന്നുണ്ട്. പേടിക്കേണ്ട എന്നൊക്കെ ആണ് പറയുന്നത്.

രണ്ടു മൂന്നു ദിവസം വേണ്ടി വന്നു എല്ലാം ഒന്ന് നേരെ ആവാൻ. അറിഞ്ഞവർ (കാസർഗോഡ് ഉള്ള എന്റെ സഹപ്രവർത്തകർ) ഒന്ന് വിളിച്ചു കൂടയിരുന്നോ എന്ന് ചോദിച്ചു. പിന്നെ എല്ലാവർക്കും പറയാനുണ്ടായിരുന്നത് ഇതുപോലുള്ള അനാസ്ഥ നിറഞ്ഞ കഥകൾ ആയിരുന്നു. വേറൊരു സഹപ്രവർത്തകയെ കൊണ്ട് പോയപ്പോൾ സ്റ്റ്റെച്ചറിൽ നിന്ന് താഴെ വീണ അനുഭവം പങ്ക് വെച്ച ഗൗരി ഏച്ചി പറഞ്ഞത് “പൈസ പോയാലും ജീവനല്ലെ വലുത് അതുകൊണ്ട് ഇപ്പൊ അങ്ങോട്ട് പോവാറില്ല ഷൈനി” എന്നായിരുന്നു.

കുഞ്ഞിരാമൻ സർ, ഗണേഷ് സാർ, സുജിയുടെ കൂട്ടുകാർ Mr. സുമേഷ് പോലീസ് എസ് ഐ, Mr.പ്രശാന്ത് Senior Civil Police Officer. Police Tele Communication Wing Kasaragod (എനിക്ക് നല്ല ക്ഷീണവും പനിയും ഉണ്ടെന്നും ഒറ്റക്ക് പോവാൻ കഴിയില്ലെന്നും കണ്ടെത്തിയത് ഇവർ രണ്ടു പേരും ആണ്. ഞാൻ എത്ര വേണ്ട എന്ന് പറഞ്ഞിട്ടും വണ്ടിയുമായി വന്നതും പയ്യന്നൂർ വരെ കൊണ്ട് വിട്ടതും. നിങ്ങളുടെ സഹപ്രവർത്തകന്റെ ഫാമിലി യോട് പോലും നിങൾ കാണിച്ച ആത്മാർത്ഥതയിൽ നിന്നും നമ്മൾ ksrtc ക്കാർ ഒരു പാട് പഠിക്കാനുണ്ട്..മൃദുഭാവെ ദൃഢ കൃത്യെ)…പിന്നെ ഒരോട്ടത്തിന് കണ്ടപ്പോ “ഷൈനി നിനക്ക് ഒരു ചായയും ബ്രെഡും വാങ്ങി കൊണ്ടുത്തരട്ടെ” എന്ന് ചോദിച്ച എന്റെ പ്രിയ കൂട്ടുകാരി രശ്മി, പയ്യന്നൂരിലെ ഡോക്ടർ അഹമ്മദ് നിസാം, നഴ്സുമാർ… ഏച്ചി, ഏട്ടൻ, ഫോണിലൂടെ കൊച്ചിയിലിരുന്ന് ടെൻഷൻ അടിച്ച എന്റെ ഭർത്താവ്, ഓടി നടന്ന് സഹായിച്ച ഡ്രൈവർ രജികുമാർ അങ്ങനെ അങ്ങനെ…..ആരോടും നന്ദി പറഞ്ഞു തീർക്കുന്നില്ല ….നിറഞ്ഞ സ്നേഹം…

രണ്ടും സർകാർ ആശുപത്രി തന്നെ. കാസർഗോഡ് ഉള്ള സ്റ്റാഫ് ന് നല്ല ഒരു ബോധവത്കരണ ക്ലാസ്സ് കൊടുക്കണം. പനി കൂടി വരുന്ന ഒരാളോട് at least എങ്ങനെ പെരുമാറണം എന്നെങ്കിലും. ആരോപണം അല്ല അനുഭവം ആണ്. നടപടിക്ക് വേണ്ടി അല്ല. എനിക്ക് വെറുമൊരു പനി ആയിരുന്നു. ശൈലജ ടീച്ചർ എന്ന് കേട്ടപ്പോൾ പനി നോക്കാൻ കാണിച്ച നല്ല മനസ്സ് ആദ്യം ഉണ്ടാവേണ്ടത് ആയിരുന്നു. കാരണം എന്തെങ്കിലും അസുഖം വരുമ്പോൾ നമ്മൾ കരുതുന്നത് ഇപ്പൊൾ മരിച്ചുപോകും എന്നാണ്. താങ്ങാവണം തണൽ ആവണം…നമ്മുടെ ശൈലജ ടീച്ചറെ പോലെ…”