ലക്ഷദ്വീപിൻ്റെ സൗന്ദര്യം തേടി നീന്തലറിയാത്തവൻ്റെ കടൽ യാത്രകൾ

വിവരണം – യതീന്ദ്രദാസ് തൃക്കൂർ.

ഒരുപാടു കാലത്തെ മോഹമായിരുന്നു കടൽയാത്ര. കാശ്മീർ യാത്രയിലാണ് തിരൂർക്കാരാനായ ഒമർ ഫറൂഖിനെ പരിചയപ്പെടുന്നത്. ആ സൗഹൃദം പിന്നീടു പിന്നീടു യാത്രകളുടെ മോഹങ്ങൾ പങ്കുവയ്ക്കലുകളായി എന്നുമെന്നും.. ഒമർ ഫറൂഖിന്റെ ലക്ഷദ്വീപ് സുഹൃത്തുക്കളായ നവാസും ( Naaz), റസാക്കും ( Raaz),ഞങ്ങൾക്കു വേണ്ട എല്ലാ യാത്ര സൗകര്യങ്ങളും ഒരുക്കി തരാമെന്നു പറഞ്ഞത് ഞങ്ങളുടെ യാത്രയുടെ മോഹത്തിന് ആവേശത്തിന്റെ തിരിതെളിയിച്ചു. ഒട്ടേറെ ഔദ്യോഗിക കടമ്പകളുണ്ട് ലക്ഷദ്വീപ് യാത്രക്ക് .. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസുമായും മറ്റും …

യാത്രയുടെ അത്തരം കാര്യങ്ങൾ കൊച്ചിയിൽ ശരിയാക്കി നൽകിയത്, അഗുംബെ യാത്രയിലൂടെ പരിചതനും, ഫോർട്ടുകൊച്ചിക്കാരനുമായ ശ്രീമോനായിരുന്നു .. പേരുപോലെ തന്നെ ശ്രീത്വമുള്ള നിറചിരിയുമായി എന്തിനും കൂടെ നിൽക്കുന്നവൻ…
യാത്രയിലൂടെ നേടിയെടുത്ത നെടിയ നെടിയ സൗഹൃദങ്ങൾ….

ഞാനും ഫറൂഖും ലക്ഷദ്വീപ് യാത്രക്കാർക്കുള്ള Scainng centre ൽ ഒൻപതു മണിക്ക് തന്നെ എത്തി. അവിടെ ശ്രീമോൻ നിറചിരിയുമായി അവന്റെ ഇഷ്ട വാഹനമായ എൻഫീൾഡിൽ കപ്പലിലേക്കുള്ള ടിക്കറ്റുമായി ഞങ്ങളെ കാത്തു നിൽപ്പുണ്ടായിരുന്നു. 10 മണിക്ക് പുറപ്പെടുമെന്ന് അറിയിച്ച MV Lagoon ship പക്ഷേ അപ്പോഴൊന്നും പുറപ്പെടില്ലെന്ന് ലക്ഷദ്വീപ് വാസിയായ ഒരു രസികനിൽ നിന്നും അറിയാൻ കഴിഞ്ഞു.

ഒരു മണിക്കാണ് കപ്പലിലേക്കുള്ള Scaning ആരംഭിച്ചത്. തുടർന്ന് എല്ലാ യാത്രക്കാരേയും രണ്ട് ടൂറിസ്റ്റ് ബസ്സുകളിലായി കപ്പൽ പുറപ്പെടുന്ന സ്ഥലത്തേക്ക് എത്തിച്ചു. മാസ്റ്റർ വെസൽ ലഗൂൺ നമ്മേ കാത്ത് അവിടെ നിൽക്കുന്നുണ്ടായിരുന്നു. കപ്പലിലേക്ക് എല്ലാവരും കയറി. അഞ്ചു മണിക്ക് കപ്പൽ പുറപ്പെട്ടു. കപ്പലിന്റെ ഉൾവശം ഒരു ആഡംബര ഹോട്ടലിന് സമാനമായിരുന്നു. ഞങ്ങൾ ഞങ്ങളുടെ ബർത്ത് കണ്ടു പിടിച്ച് ബാഗുകൾ അതിൽ വച്ച്, പുറത്തേ കാഴ്ചകളിലേക്ക് തിരിഞ്ഞു ..

കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന കടൽ എത്ര മനോഹരിയാണ്. കടലിനെ കീറി മുറിച്ചു കൊണ്ട് കപ്പൽ ഒരേ താളത്തിൽ മുന്നോട്ടു പൊയ്കൊണ്ടിരുന്നു… അങ്ങകലെ സൂര്യൻ കടലിലേക്ക് താഴ്ന്ന് താഴ്ന്ന് ഒരു ചുവന്ന തിരി വെട്ടമായി. രാത്രിയിൽ കപ്പലിലെ കാന്റീനിൽ നിന്നും മീൻ കറിയോടു കൂടിയ സ്വാദിഷ്ടമായ ഭക്ഷണം കഴിച്ചു. 50 രൂപ മാത്രം. വീണ്ടും രാത്രിയിലെ കടലിനെ കണ്ട് കപ്പലിന്റെ മുകൾതട്ടിൽ പുറത്തേ കാറ്റേറ്റ് ഇരുന്നു. കൂരാകൂരിരുട്ട്. ചുറ്റിലും…കപ്പലിന്റെ അകത്തെ ബാത്ത് റൂമിൽ ഒരു കുളിയും നടത്തി സുഖമായി ഉറങ്ങി.

രണ്ടാം ദിവസം രാവിലെ 5.30 ന് എഴുന്നേറ്റു പുറം കാഴ്ചകളിലേക്ക് … കിഴക്ക് ചുവന്നു തുടുത്തു വരുന്നു… അങ്ങകലെ കടലിൽ സൂര്യൻ ഉദിച്ചുയർന്നു വരുന്നത് കാണാൻ എന്തൊരു ചന്തം. നേരം പുലർന്നു വരവെ തെളിവാർന്ന ആകാശം. ചായയും കുടിച്ച് രാവിലെ കപ്പലിന്റെ മുകൾ തട്ടിലെ വരാന്തയിൽ ഉലാത്തുമ്പോൾ കേന്ദ്ര ആഭ്യന്തര പോലീസിലെ ഉദ്യോഗസ്ഥനും ചേലക്കരക്കാരനുമായ സുരേഷിനെ പരിചയപ്പെട്ടു. കടൽ ഈ സമയം ശാന്തമായതിനാലാണ് ഇങ്ങനെ യാത്ര സുഖകരമായതെന്നാണ് അദ്ദേഹം പറഞ്ഞു. കടൽ മല പോലെ മദിച്ചു നിൽക്കുന്ന അവസരങ്ങളുമുണ്ടത്രെ. അപ്പോൾ യാത്ര വളരെ ദുഷ്കരവും ഭയവിഹ്വലമായ അന്തരീക്ഷമായിരിക്കുമെന്ന്…

പക്ഷേ, ഈ യാത്ര എത്ര സുന്ദരവും രസകരവുമാണുതാന്നും. കപ്പൽ രാവിലെ 8.30 ന് കവരത്തിയിലെത്തി. യാത്രക്കാരേ ഇറക്കി 10 മണിക്ക് അഗത്തിലേക്ക് പുറപ്പെട്ടു. ഉച്ചഭക്ഷണം കപ്പലിൽ നിന്നും കഴിച്ചു. ഒരു മണിക്ക് കപ്പൽ അഗത്തിയിലെത്തി. അഗത്തിയിൽ ഞങ്ങളുടെ ആതിഥേയൻ റസാക്ക് Raaz, ഞങ്ങളെ കാത്ത് ഹാർബറിൽ തന്നെയുണ്ടായിരുന്നു.

അവിടെ നിന്ന് ഒരു ഓട്ടോറിക്ഷയിൽ.. ഓട്ടോറിക്ഷകളാണ് ദ്വീപിലെ സാധാരണയാത്ര വാഹനം. റസാക്ക്, ഞങ്ങൾക്ക് താമസമൊരുക്കിയിട്ടുള്ള അഗത്തിയിലെ ഹെത്ത് ഇൻസ്പെക്ടർ അമീറുദ്ദീന്റെ, കടലിലേക്ക് കാഴ്ചയുള്ള ഔട്ട് ഹൗസിലേക്ക് കൂട്ടികൊണ്ടു പോയി. അവിടെ റസാക്ക് ഞങ്ങൾക്ക് വേണ്ട ഭക്ഷണങ്ങൾ എല്ലാം ഒരുക്കിയിരുന്നു. ദ്വീപിൽ സഞ്ചരിക്കാൻ ഒരു ബൈക്കും നൽകി..

അന്നു രാത്രിയിൽ അഗത്തി ദ്വീപിലെ റസാക്കിന്റെ റെക്കോർഡിംഗ് സ്റ്റുഡിയോയും അഗത്തിയും ചെറുതായൊന്നു കറങ്ങി തിരികെ മുറിയിൽ വന്ന് കിടന്നുറങ്ങി.. ഞങ്ങളുടെ ആതിഥേയരായ നവാസും റസാക്കും ദ്വീപിലെ സംഗീത സാമ്രാട്ടുകളുമാണത്രെ. കേരളത്തിലാണ് പഠിച്ചതെങ്കിലും അഗത്തിയിലെ ആഘോഷങ്ങളെ അവർ സംഗീത സാന്ദ്രമാക്കി ദ്വീപിനെ പ്രണയിച്ച് ജീവിക്കുന്നവർ. അതു കൊണ്ടു തന്നെ അവരെ അറിയാത്തവർ ദ്വീപ് വാസികളിൽ ഇല്ലതാനും. അഗത്തിയിലെ ആഘോഷങ്ങളെ മഹോത്സവമാക്കുന്നത് ഇവരുടെ പാട്ടുകളാണ്…..

രണ്ടാം ദിവസം: രാവിലെ ഭക്ഷണശേഷം 8 കിലോമീറ്റർ നീളവും 1 കിലോമീറ്റർ മാത്രം വീതിയുമുള്ള അഗത്തി ദ്വീപിന്റെ കാഴ്ചകളും കണ്ട് അങ്ങിനെ ബൈക്കിൽ യാത്ര ചെയ്ത് ഞാനും ഫറൂഖും സഞ്ചരിച്ചു. ഉച്ചയോടെ ലഗൂൺ ബീച്ചിനടുത്തുള്ള ഇബ്രാഹിമിന്റ ചായകടയിൽ എത്തി. അവിടെ ഉച്ചകഴിഞ്ഞ് ലഗൂൺ മീനുകൾ കൊണ്ടുള്ള വിഭവങ്ങൾ ഉണ്ടാക്കുമെന്നും വൈകിയിട്ട് വരണമെന്നും പറഞ്ഞു.

ദ്വീപിലെ ഒരേയൊരു ലഹരി പദാർത്ഥമായ നീര കഴിക്കുന്നില്ലേ എന്ന് ഇബ്രാഹിം ചോദിച്ചപ്പോൾ കഴിക്കാമല്ലോ എന്നു ഞാനും. അടുത്തുള്ള നവാസിന്റ വീട്ടിൽ കിട്ടുമെന്നും അവിടെക്ക് പോകുന്നതിനായി ചായകടയിലെ പ്രധാന കുക്കായ കൊല്ലത്തുക്കാരൻ ഇർഷാദിനെ ഞങ്ങളോടൊപ്പം പറഞ്ഞയക്കുകയും ചെയ്തു. പക്ഷേ അയാളുടെ വീട്ടിലെ നീര കഴിഞ്ഞിരുന്നു. നീര മുത്ത് കള്ളായത് അവിടെ ഉണ്ടായിരുന്നെങ്കിലും അവർ അത് വിൽക്കാറില്ലെന്നും, അത്തരത്തിൽ അവർ വരുമാനം ഉണ്ടാക്കാറില്ലെന്നും സൗമ്യമായി പറഞ്ഞു. നീര മുത്ത് കള്ളായാൽ അത് ഹറാമായത്രെ..! അവരുടെ വിശ്വാസത്തിന്റെ വഴികൾ …!

തിരിച്ച് ഇബ്രാഹിമിന്റെ ചായകടയിൽ വന്നപ്പോൾ ഇബ്രാഹിം, മറ്റൊരു ഇബ്രാഹിമിന്റെ വീട് പരിചയപ്പെടുത്തി തന്നു. അവിടെ നീര കിട്ടുമെന്ന പ്രതീക്ഷയോടെ ഞങ്ങൾ പുതിയ ഇബ്രാഹിമിനെ തേടി പുറപ്പെട്ടു. മഞ്ഞയും റോസും നിറത്തിലുള്ള നീണ്ട താടി വെച്ച ഒരു അറുപതുക്കാരൻ. ഞങ്ങളെ വളരെ ആതിഥേയ മര്യാദകളോടെ വീട്ടിലേക്ക് ക്ഷണിച്ചുവെങ്കിലും, ഒരാഴ്ചയായി അദ്ദേഹം നീര എടുക്കുന്നത് നിർത്തിവെച്ചിരിക്കുകയാണു പോലും .

ചൂട് കൂടി തുടങ്ങിയതിനാൽ നീരയുടെ അളവ് തുലോം കുറഞ്ഞു കുറഞ്ഞു പോയത്രെ. ഇബ്രാഹിം ഞങ്ങൾക്ക് അഗത്തിയിലെ ജനമനസ്സുകളുടെ ഒരു പാതിയോര കാഴ്ച തന്നെ എതാനും നിമിഷങ്ങൾക്കുള്ളിൽ വരച്ചിട്ടു തന്നു. ജീവിതം വളരെ ലളിതമെന്നു തോന്നുമെങ്കിലും ലഹരിയുടെ മാസ്മരികതയിൽ ലയിച്ചങ്ങനെ നീന്തി നീന്തി നടക്കുന്നവരിൽ ഒരാൾപ്പൊക്കം കൂടുതലുള്ളവൻ.. അവനത്രെ കണ്ണൂരിൽ നിന്നും നിക്കാഹ് കഴിച്ച ഈ താടിക്കാരൻ ഇബ്രാഹിം. കടലിനെയും മനുഷ്യനേയും പേടിയില്ലാത്തവൻ ….

ഉച്ചത്തിരിഞ്ഞ് ഞങ്ങൾ എയർപോർട്ടിനടുത്ത ബീച്ചുകളിൽ പോയി കോറൽസുകളെ കാണുന്നതിനായി കടലിൽ ഗ്ലാസും മാസ്ക്കും ധരിച്ച് സ്നോക്കറിംഗ് ചെയ്ത് നീന്തി നീന്തി തുടിച്ച് നടന്നു. സമുദ്രത്തിനടിത്തട്ടിലെ അത്ഭുത കാഴ്ചകൾ കണ്ട് അങ്ങിനെ അങ്ങിനെ പറന്നു പറന്നു നീന്തി തുടിച്ച്…

പടിഞ്ഞാറ് ആകാശം സൂര്യശോഭയിൽ ചുവന്നു തുടുത്തു. സന്ധ്യ മയക്കി കഴിഞ്ഞപ്പോൾ വീണ്ടും ഞങ്ങൾ ഇബ്രാഹിമിന്റെ ചായകടയിൽ വന്നു. കടയിൽ നല്ല തിരക്ക് ഉണ്ടായിരുന്നിട്ടും ഞങ്ങൾ വരുന്നതും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ആ ദ്വീപുവാസി.. ഫിഷ് ചില്ലിയും ഫിഷ് കറിയും പോറാട്ടയും കഴിക്കാനായി തന്നു. ലഗൂൺ ഫിഷ് പൊരിച്ചെടുത്തതും..ഒപ്പം, ദ്വീപിലെ സൂപ്പർ ടേസ്റ്റി ചായയും. എല്ലാത്തിനും കൂടി 100 രൂപ മാത്രം. അങ്ങിനെ അവിടെ നിന്നും അഗത്തി ടൗണിലേക്ക് ..

അഗത്തി ടൗണിലെ ഡക്കാത്തലൻ കടയിൽ നിന്നും ഫറൂഖിന് ടീ ഷർട്ട് വാങ്ങി വരുന്ന വഴിയിൽ ലഗൂൺ ഷിപ്പിൽ വച്ച് പരിചയപ്പെട്ട ആലത്തൂർക്കാരൻ പ്രദീപിന്റെ ഇലക്ട്രോണിക്സ് കടയിൽ കയറി. തിരികെ റൂമിലെത്തുത്തുമ്പോൾ റസാക്ക് ദ്വീപ് സ്പെഷലായ നീരാളി ഫ്രൈയുമായി റൂമിൽ എത്തിയിട്ടുണ്ടായിരുന്നു. ഭക്ഷണവും കഴിച്ച് ഉറക്കത്തിലേക്ക് …

മൂന്നാം ദിവസം: ബങ്കാരം എന്ന ലക്ഷദീപിന്റെ സുന്ദരിയെ തേടി, അങ്ങിനെ അതിരാവിലെ ആറ് മണിക്ക് തന്നെ ജെട്ടി ലക്ഷ്യമാക്കി ഞങ്ങൾ ബൈക്കുമായി തിരിച്ചു. അവിടെ റസാക്കിന്റെ സുഹൃത്ത് മുഹമ്മദ് നൗഫൽ ഓപ്പൻ ബോട്ടുമായി കാത്തു നിൽപ്പുണ്ടായിരുന്നു. ജെട്ടിയിൽയിൽ നിര നിരയായി മത്സ്യ ബന്ധനബോട്ടുകൾ കിടക്കുന്നുണ്ടായിരുന്നു. ഏഴു മണിയോടെ ഞങ്ങൾ മത്സ്യ ബന്ധന ബോട്ടിൽ ദ്വീപുകളുടെ റാണിയായ ബങ്കാരത്തെ ലക്ഷ്യമാക്കി കടലിന്റെ തിരയോളങ്ങളെ വകഞ്ഞു മാറ്റി മുന്നോട്ടു പോയി .

ഏതാനും നിമിഷങ്ങൾ കഴിഞ്ഞതും കര കാണാത്ത വിധം ഞങ്ങൾ കടലിനു നടുവിലൂടെ കുതിച്ചു പാഞ്ഞു കൊണ്ടേയിരുന്നു. ബോട്ടിലെ പ്രധാന തോരാളികളായ അബ്ദുൾ റസാക്കും മുഹമ്മദ് നൗഫലും കൂടാതെ ഒരു സഹായിയും റസാക്കും ഞാനും ഫറൂഖും മാത്രം. ദ്വീപിലെ യുവതലമുറകൾ എല്ലാം തന്നെ ഉന്നത വിദ്യാഭ്യാസമുള്ളവർ. മുഹമ്മദ് നൗഫലും, റസാക്കും ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലായിരുന്നു ബിരുദ പഠനം നടത്തിയിരുന്നത്. പരിചയപ്പെട്ടയെല്ലാ ദ്വീപ് യുവത്വങ്ങളും വിദ്യാഭ്യാസമുള്ളവർ തന്നെ. ഒപ്പം തന്നെ,അവർ പരമ്പരാഗത തൊഴിലായ മത്സ്യ ബന്ധനം നടത്തുന്നതിൽ മടിയില്ലാത്തവരും…കടലിനെ വല്ലാതെ പ്രണയിക്കുന്നവരും….

ഏതാനും നിമിഷങ്ങൾ കഴിഞ്ഞതോടെ പൊടുന്നനെ കടലിന്റെ ഭാവം മാറി, കറുത്തിരുണ്ട കാർമേഘക്കാറുകൾ കൊണ്ട് ആകാശമാകെ മൂടി കെട്ടി …ഞങ്ങൾ കരകാണാ കടലലമേലെ … കണ്ണടച്ച് തുറക്കുമ്പോഴേക്കും കാറ്റും ഇടിവെട്ടും തുമ്പിക്കൈവണ്ണമുള്ള മഴയും. കടലിന്റെ നിറം കറുത്തു കറുത്തു കുറുകിയ ഒരു വല്ലാത്ത പേടി തോന്നിപ്പിക്കുന്ന തരത്തിലുള്ള ഇരുണ്ട നിറമായി കഴിഞ്ഞിരിക്കുന്നു…

ഓപ്പൺ ബോട്ടിൽ ഞങ്ങൾ മഴ നനഞ്ഞ് നനഞ്ഞ്. ശരിക്കും കടൽ രൗദ്രഭാവത്തിലായിരിക്കുന്നുവെന്ന് ബോട്ടിലെ തേരാളികളുടെ മുഖഭാവത്തിൽ നിന്നും എനിക്കും ഫറൂഖിനും വായിച്ചെടുക്കാനായി. തിരമാലകൾ ആർത്തലഞ്ഞ് ഞങ്ങളുടെ ബോട്ടിനു ചുറ്റും തിരയടിച്ചു കൊണ്ടിരുന്നു. ബോട്ട് ഉയർന്നും താഴ്ന്നും ബങ്കാരത്തെ ലക്ഷ്യമാക്കി നീങ്ങുന്നുണ്ടെങ്കിലും മുന്നോട്ടുള്ള കാഴ്ച തീരേ
ലഭ്യമല്ലാതായപ്പോൾ ബോട്ടിന്റെ “സ്രാങ്ക് ” അബ്ദുൾ റസാക്ക് മുന്നോട്ടുള്ള യാത്ര പതിയെ പതിയെ ആക്കി ബോട്ടിനെ നിയന്ത്രണ വിധേയമാക്കി നടുക്കടലിൽ നിർത്തി…

ഞങ്ങൾ കാറ്റത്താടിയുലയുന്ന തോണിയിൽ തോരാത്ത മഴ നനഞ്ഞ് നടുക്കടലിൽ ഉൾക്കിടിലം പുറത്ത് കാണിക്കാതെ.. ഏതാനും സമയത്തിനു ശേഷം മഴ പാടേ പോയ് മറയുകയും ആകാശം പൊടുന്നനെ പ്രകാശപൂരിതമാവുകയും കടൽ ശാന്തമാവുകയും ചെയ്തപ്പോൾ നമ്മുടെ തേരാളി കടലിനെ വകഞ്ഞു മാറ്റി കുതിച്ചു പാഞ്ഞു. നിമിഷാർദ്ധം കൊണ്ട് കടലിന്റെ ഭാവവും സ്വഭാവം തന്നെ മാറിയിരിക്കുന്നു. പ്രകൃതിയിലെ ഓരോരോ പ്രതിഭാസങ്ങൾ…

അതിനിടയിൽ കടലിനു കുറുകെ നീന്തലറിയാത്ത ഈയുള്ളവന് ബോട്ട് ഓടിക്കുവാൻ കടുത്ത മോഹം. മോഹം പറഞ്ഞതും ബോട്ടിലെ തേരാളികൾ ബോട്ടിന്റെ നിയന്ത്രണം എന്നെ എന്തു ധൈര്യത്തിലാണാവോ എല്പിച്ചത്!! ഉള്ളിൽ മോഹമുണ്ടായിരുന്നെങ്കിലും തുടക്കത്തിൽ അല്പം ഭയം തോന്നിയിരുന്നു. ഡ്രൈവിംഗ് ആരംഭിച്ചു കഴിഞ്ഞപ്പോൾ ബോട്ട് ഡ്രൈവിംഗ് ഒരാവേശമായി മാറി. അങ്ങിനെ ഞാനും ഫറൂഖും ഏകദേശം 45 മിനിറ്റോളം മാറി മാറി നടുക്കടലിലൂടെ ബോട്ട് ഓടിച്ചു കൊണ്ടേ പോയി. ഒരിക്കലും മറക്കാനാകാത്ത കടലോർമ്മകൾ തന്നെ…!

അങ്ങകലെ നീല നിറത്താൽ ബങ്കാരം എന്ന സുന്ദരി അഴകിന്റെ മാസ്മരിക ഭാവം പൂണ്ട് ഒരു നവോഢയെ പോലെ ഞങ്ങൾക്കു മുന്നിൽ.. ചുറ്റും പഞ്ചാര മണൽ കൊണ്ട് കളം വരച്ചതു പോലുള്ള ഒരു ഭൂമിയുടെ തട്ട് …എത്ര മനോഹരമായ കാഴ്ച… ഒരു മണവാട്ടിയെ പോലെ തന്നെ സുന്ദരിയായിരിക്കുന്നവൾ തന്നെ ഈ ബങ്കാരം…!!! ബങ്കാരത്തിലെ കടലിലേക്ക്, കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന മണൽത്തിട്ട നമ്മേ അത്ഭുത പരതന്ത്രരാക്കുക തന്നെ ചെയ്യും…

ബങ്കാരം ദീപിൽ ഞങ്ങളെ സ്വീകരിക്കുന്നതിന് നിറചിരിയോടെ സുമുഖനായ ഹിയാദീൻ കാത്തു നിൽപ്പുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സ്വകാര്യ റിസോട്ടിലായിരുന്നു ഞങ്ങൾക്ക് താമസ സൗകര്യം ഒരുക്കിയിരുന്നത്. ആന്തോത്ത് ദ്വീപുക്കാരനായ അദ്ദേഹം കേരളത്തിൽ ചാവക്കാടു നിന്നാണ് വിവാഹം കഴിച്ചിരിക്കുന്നത്. കുടുംബമെല്ലാം കേരളത്തിലാണ്. കൊച്ചിൻ ശാസത്ര സാങ്കേതിക സർവ്വകലാശാലയിലെ അസിസ്റ്റൻറ് പ്രഫസറായ അദ്ദേഹം റിസർച്ചിന്റെ ഭാഗമായാണ് ബങ്കാരത്ത് എത്തിപ്പെട്ടെതെങ്കിലും പിന്നീട് ബങ്കാരത്തെ പ്രണയിച്ച് പ്രണയിച്ച് ഇവിടെ 12 സെൻറ് ഭൂമി സ്വന്തമായി വാങ്ങിച്ച് അതിൽ ഒരു റിസർച്ച് സെൻററും ഒരു റിസോട്ടും ആരംഭിക്കുകയായിരുന്നു. ബങ്കാരത്തെയും ദീപസമൂഹത്തെയും കുറിച്ച് പഠിക്കുന്ന ഒരു ബൃഹത്ത് സംരംഭം..

അദ്ദേഹം ഒരുക്കിയ വിഭവ സമൃദ്ധമായ ആഹാരവും കഴിച്ച് ബങ്കാരത്തിന്റെ മണൽത്തിട്ടകളെ നോവിക്കാതങ്ങനെ നടന്നു നടന്നു ബങ്കാര സൗന്ദര്യത്തെ ആവോളം ആസ്വദിച്ചു ഞങ്ങൾ വിവിധ തരം കടൽ കേളികളിൽ ഏർപ്പെട്ടു. എത്ര ശാന്തസുന്ദരമായ നീലക്കടൽ. ബങ്കാരത്തെ ഓരോ ദൃശ്യങ്ങൾക്കും ഓരോരോ വശ്യതകളാണ്. വിവരിക്കാനാകാത്ത സൗന്ദര്യം. അത് നേരിൽ കണ്ടു തന്നെ ആസ്വദിക്കാനുള്ളതാണ്…

വൈകിയിട്ട് ബങ്കാരത്തോട് വിട പറഞ്ഞു. ഇനിയും വരുമെന്നു പറഞ്ഞു കൊണ്ടു തന്നെ.. ബങ്കാരം അത്രയേറെ വശ്യ മനോഹരിയാണ്. ഏകദേശം അഞ്ചു മണിയോടെ അതേ ബോട്ടിൽ തന്നെ തിരിച്ച് അഗത്തിയിലേക്ക്. തിരികെയുള്ള യാത്ര വളരെ ശാന്ത ഗംഭീരമായിരുന്നു. കടൽ സൗമ്യ ഭാവത്തിലായിരിക്കുന്നു. നേരത്തെ ബോട്ട് ഓടിച്ച പിൻബലത്തിൽ നടുകടലിലൂടെ ഞാനും ഫറുഖും വീണ്ടും ഞങ്ങളുടെ യാത്രാബോട്ടിന്റെ നിയന്ത്രണം ഏറ്റെടുത്തു. നമ്മൾ കാർ ഡ്രൈവ് ചെയ്യുന്നതു പോലെ തന്നെ. എങ്കിലും ഏറേ പ്രാവിണ്യം ഉണ്ടെങ്കിൽ മാത്രമേ രൗദ്രയാകുന്ന കടലിനെ വകഞ്ഞു മാറ്റി മുന്നേറാനാകൂ….

തിരിച്ചു വരുമ്പോൾ എന്റെ സഹയാത്രികൻ ഒമർ ഫറൂഖ് കടലിലേക്ക് ചാടുകയും ഏറേ ദൂരം നീന്തി നീന്തി നടന്നത് എനിക്ക് ഉദ്വേഗജനകമായ കാഴ്ച തന്നെയായിരുന്നു…. അവന് ആഹ്ലാദവും….

നാലാം ദിവസം: ലക്ഷദീപ് യാത്രയുടെ ഏറ്റവും വലിയ മോഹമായിരുന്ന Scuba Diving. ബങ്കാരത്ത് തെളിവാർന്ന കടലും ആകാശവും ലഭിക്കാത്തതിന്റെ വിഷമവുമായാണ് അഗത്തിയിൽ Scuba diving ചെയ്യുന്നതിനായി കാലത്തു തന്നെ ഞങ്ങൾ എത്തിച്ചേർന്നത്. Scuba diving Instructor മാരായ റഹിമും, കലാമണ്ഡല ത്തിൽ നൃത്തം പഠിച്ച കലാകാരൻ കൂടിയായ ദാവൂതും ഞങ്ങൾക്കു വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി. കടലിന്റെ വിവിധ ഭാവങ്ങളെ കുറിച്ചും കടലിന്റെ അടിത്തട്ടിലെ മായാപ്രഞ്ചത്തെ കുറിച്ചും വല്ലാത്തൊരു സൗന്ദര്യാത്മകമായ ഒരു വർണ്ണ ചിത്രം ഞങ്ങളുടെ കണ്ണുകളിലേക്ക് അവർ വരച്ചിട്ടു തന്നു.

അങ്ങിനെ Scuba diving ചെയ്യുന്നതിനുള്ള ഉപകരണങ്ങൾ എല്ലാം ശരീരത്ത് ഘടിപ്പിച്ച് ആദ്യം പരിശീലനത്തിനായി രണ്ടാൾ പൊക്കം ആഴത്തിലേക്ക് … പരിശീലനം വിജയകരമായതോടെ 6 മീറ്റർ താഴ്ച്ചയുള്ള കടലിന്റെ ആഴത്തിലേക്ക് … റഹിം പറഞ്ഞതിനേക്കാൾ എത്രയോ ഇരട്ടി ഭ്രമാത്മകവും മനോഞ്ജവും അത്ഭുതകരവുമായ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന കാഴചയുടെ മഹാപ്രപഞ്ചം…!!! നമ്മൾ കുഞ്ഞുനാളുകളിൽ കേട്ടും വായിച്ചുമറിഞ്ഞ കടലമ്മയുടെ കൊട്ടാരത്തിലെ പൂന്തോട്ടത്തിൽ എത്തിയപ്പെട്ടതു പോലെ…

ഇതെല്ലാം നമ്മുടെ കണ്ണുകൾ കൊണ്ടു തന്നെയാണോ കാണുന്നതെന്നു തോന്നിക്കുമാറുള്ള വർണ്ണ വിസ്മയ ഘോഷങ്ങൾ … എന്തെന്തു കാഴ്ചകൾ… എന്തെന്തു വർണ്ണങ്ങൾ… എന്തെന്തു അനുഭൂതികൾ … ഇക്കാഴ്ചകൾ കാണാതെ എങ്ങിനെ ലക്ഷദ്വീപിനെ കണ്ടുവെന്നു പറയാനാകും…കടലേ നിന്റെ സൗന്ദര്യം ….!!!റഹിമും ദാവൂതും ഞങ്ങളെ അത്രയേറെ ഭ്രമാത്മകമായ ഒരു ലോകത്ത് എത്തിച്ചതിന്റെ നന്ദി പറഞ്ഞു കൊണ്ട് അവിടെ നിന്നും വിട പറഞ്ഞു …

വൈകിയിട്ട് കടലിലേക്കു തന്നെ ഞങ്ങൾ … കോറൽസ് കിട്ടുമോ എന്നു തിരക്കിയിറങ്ങി… നിരവധിയാളുകൾ പുരുഷന്മാരും സ്ത്രീകളും കുട്ടികളും നീരാളിയേയും കവിടിയേയും ഇരുമ്പു ദണ്ഡു കൊണ്ട് പിടിക്കുന്നതിനായി നിരനിരയായി നിൽപ്പുണ്ടായിരുന്നു . ഞങ്ങളും അക്കൂട്ടത്തിൽ ചേർന്ന് നീരാളിയേയും മത്സ്യങ്ങളെയും ഇരുമ്പുദണ്ഡു കൊണ്ട് ഏറേ പണിപ്പെട്ട് കുത്തി പിടിച്ചു.. കിട്ടിയ മത്സ്യങ്ങളെ വീട്ടിൽ കൊണ്ടുപോയി ഉമ്മയെ കൊണ്ട് പൊരിച്ചുകൊണ്ടുവരാമെന്ന് പറഞ്ഞ് റസാക്ക് വീട്ടിലേക്കും, ഞങ്ങൾ താമസസ്ഥലത്തേക്കും…

രാത്രി പത്തു മണിയോടെ മീൻ പൊരിച്ചതും നീരാളി റോസ്റ്റും മറ്റുമായി റസാക്ക് എത്തി. സ്വാദിഷ്ടമായ ഭക്ഷണം കഴിച്ച് ഞങ്ങൾ താമസസ്ഥലത്തു നിന്നും രാത്രിയിലെ തണുത്ത കാറ്റലകളെ ആസ്വദിക്കുവാനായി ഇബ്രാഹിമിന്റെ ചായക്കടയോടു ചേർന്നുള്ള ലഗൂൺ ബീച്ചിൽ… രാവേറെ ഇരുന്ന് ഇബ്രാഹിം പല പല ദ്വീപു കഥകളും പറഞ്ഞു കൊണ്ടേയിരുന്നു. എത്ര രസകരായ അന്തരീക്ഷം. ആരുടെയും ശല്ല്യമില്ലാതെ. അങ്ങിനെ പാതിരാത്രിയിൽ എപ്പോഴോ ഞങ്ങൾ വന്ന് കിടന്നുറങ്ങി …

അഞ്ചാം ദിവസം: അഗത്തിയിൽ പ്രധാനമായും ദ്വീപസമൂഹത്തിലെ ഏക എയർപ്പോർട്ടും രാജീവ് ഗാന്ധി ഹോസ്പിറ്റലും ഗ്രാമ ദ്വീപ് ചെയർപേഴ്സന്റ ഓഫീസും,പോലീസ് സ്റ്റേഷനും ഞങ്ങൾ സന്ദർശിച്ചു. കൂടാതെ ദ്വീപിലെ സ്ത്രീകളുടെ സ്വയംസഹായങ്ങ ൾ ഉണ്ടാക്കുന്ന ഉല്പന്നങ്ങളും ചൂര മത്സ്യം കൊണ്ടുണ്ടാക്കുന്ന മാസും കാണുന്നതിനായി പോയി …

ദ്വീപിലെ സ്ത്രീകൾ പൊതുവെ വളരെയധികം സ്വാതന്ത്ര്യം അനുഭവിക്കുന്നത് നമുക്ക് നേരിൽ തന്നെ മനസ്സിലാക്കാനാകും. ഓരോ വീടുകളിലും മുറ്റത്ത് വലിയ തറകൾ നിർമ്മിച്ചിരിക്കുന്നു . അതിൽ സ്ത്രീകൾ കൂട്ടം കൂട്ടമായി ഇരുന്ന് കുശലങ്ങൾ പറഞ്ഞിരിക്കുന്നു. രാത്രി ഏറേ വൈകിയും സ്ത്രീകൾ തനിച്ചും കൂട്ടമായും തെരുവുകളിലും മറ്റും യാത്ര ചെയ്യുന്നത് നമ്മേ അത്ഭുപ്പെടുത്തുക തന്നെ ചെയ്യും. ദ്വീപിൽ പുരുഷന്മാരുടെയത്രയും സ്വാതന്ത്യവും അധികാരവും സ്ത്രീകൾക്കുണ്ടെന്നുള്ളത് എടുത്തു പറയേണ്ടതു തന്നെയാണ്. വിവാഹ വേളയിൽ പുരുഷന്മാർ സ്ത്രീകൾക്ക് അങ്ങോട്ട് ധനം കൊടുക്കുന്ന സമ്പ്രദായമാണുള്ളത്. അത് ഓരോരുത്തരുടെ ധനസ്ഥിതി അനുസരിച്ച് ലക്ഷങ്ങൾ വരുമത്രെ…!

രാത്രി ദ്വീപിലെ റസാക്കിന്റെ അമ്മാവന്റെ വിവാഹ സൽക്കാരത്തിന് ഞങ്ങളെ റസാക്ക്, കൂട്ടികൊണ്ടു പോകുകയും അവിടെ നിന്ന് ഭക്ഷണവും കഴിച്ച് ഞങ്ങൾ താമസസ്ഥലത്തേക്ക് പുറപ്പെട്ടു.

ആറാം ദിവസം: ദ്വീപിലെ അവസാന ദിവസം. ഉച്ചക്ക് ഒരു മണിക്ക് MV കവരത്തിയിൽ കയറുന്നതിനായി ബോർഡിംഗ് ക്ലിയറൻസിനായി എത്തി ചേർന്നു. MV ലഗൂൺസിനേക്കാൾ വലിയ കപ്പൽ. ടുറിസ്റ്റുകളുടെ യാത്രക്ക് പ്രാധാന്യം. 1.15 ന് കടലിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പലിലേക്ക് മറ്റൊരു ചെറിയ ബോട്ടിൽ ഞങ്ങളെ കയറ്റി കപ്പലിൽ എത്തിച്ചു. 2.15 ന് കപ്പൽ കവരത്തിയിലേക്ക് പുറപ്പെടാനൊരുങ്ങി.

വൈകുന്നേരം കപ്പൽ കവരത്തിയിലെത്തി. രാത്രിയിൽ കപ്പൽ മിനിക്കോയ് ദ്വീപ് ലക്ഷ്യമാക്കി മുന്നേറി. രാവിലെ കപ്പൽ മിനിക്കോയിലെത്തി. കപ്പൽ പുറംകടലിൽ നങ്കൂരമിട്ട് ടൂറിസ്റ്റുകളെ ചെറിയ ബോട്ടുകളിൽ ദ്വീപിലേക്ക് എത്തിച്ചുകൊണ്ടിരുന്നു.
വൈകിട്ട് ടൂറിസ്റ്റുകൾ എത്തുന്നതു വരെ കപ്പൽ മിനിക്കോയ് തീരത്ത് നിലയുറച്ചു നിന്നു. രാത്രി 7 മണിയോടെ കപ്പൽ കൊച്ചി തീരം ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു..

നേരം വെളുത്ത് 8 മണിയോടെ കപ്പൽ കൊച്ചി തീരത്തണഞ്ഞു. ഒരുപ്പാടുകാലത്തെ ഒരു കടൽയാത്ര മോഹത്തിന്റെ സാക്ഷാത്ക്കാരം അങ്ങിനെ പൂവണിഞ്ഞ് ഞങ്ങൾ കൊച്ചിയിൽ നിന്നും അവരവരുടെ വീടുകളിലേക്ക് ട്രയിൻ കയറി. കടലമ്മയുടെ കൊട്ടാരം കണ്ട സംതൃപ്തിയോടെ ….

NB : യാത്രാ സംബന്ധമായ കുറിപ്പ്‌ : 1. ലക്ഷദ്വീപിൽ പോകണമെങ്കിൽ ആദ്യം ദ്വീപ് വാസികളിലാരുടെയെങ്കിലും സ്പോൺസർ ഷിപ്പ് വേണം. 2. നമ്മുടെ ലോക്കൽ പോലീസ് സ്റ്റേഷനിൽ നിന്നും (PCC)പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കണം. 3. ഇതു രണ്ടും, ID തെളിയിക്കുന്ന എതെങ്കിലും രേഖകളും, രണ്ട് ഫോട്ടോയും സഹിതം കൊച്ചി-വില്ലിംട്ടൺ ഐലന്റിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസ്സിൽ നൽകുക. അവർ നമ്മുടെ ലോക്കൽ പോലീസ് സ്റ്റേഷനിലേക്ക് വെരിഫിക്കേഷനും മറ്റും അയച്ച് 15 മുതൽ 20 ദിവസത്തിനുള്ളിൽ Sanction ചെയ്യും. ആയത് നമുക്ക് നൽകിയ റജിസ്റ്റർ നമ്പർ പറഞ്ഞ് ഫോൺ ചെയ്തും അറിയാവുന്നതാണ്.

4. തുടർന്ന് നമ്മൾ പോകാൻ ഉദ്ദേശിക്കുന്ന ദിവസത്തേക്ക് കപ്പൽ ഉണ്ടോ എന്ന് അന്വേഷിച്ച് ഉറപ്പു വരുത്തി Permit order അടിക്കുന്നതിന് അഡ്മിനിസ്ട്രേഷൽ ഓഫീസ്സിൽ പോകുന്നു. 15 ദിവസത്തേക്കാണ് permit ലഭിക്കുക. 5. Permit ലഭിച്ചാൽ ടിക്കറ്റ് കൊച്ചിയിൽ നിന്നും ബേപ്പൂർ നിന്നും നേരിട്ട് ലഭിക്കും. 6. തുടർന്ന് നിശ്ചിത ദിവസം യാത്ര. ദ്വീപിലെത്തിയാൽ അവിടുത്തെ Police station ൽ Report ചെയ്യുക. തിരിച്ചു വരുമ്പോഴും. 7. കൂടുതൽ ദ്വീപുകൾ പോകണമെങ്കിൽ പ്രത്യേകം പ്രത്യേകം അനുമതി വാങ്ങേണ്ടതാണ്. Permit ഇല്ലാതെ ഒരു ദ്വീപിലേക്കും സന്ദർശകർക്ക് പ്രവേശനമില്ല.