കേവലം 480 രൂപയ്ക്ക് ലക്ഷദ്വീപിലേക്ക് ഒരു യാത്ര

വിവരണം – Dileep S Srambikkal.

ലക്ഷദ്വീപ് എന്റെ സ്വപ്ന യാത്രയായിരുന്നു. നേരത്തെ കേട്ടറിഞ്ഞതുപോലെ സ്പോൺസർ ചെയ്യാൻ തദ്ധേശിയനായ ഒരാളുണ്ടങ്കിൽ കേവലം കപ്പൽ ചാർജ് മാത്രം മുടക്കിയാൽ നമുക്കെത്താവുന്ന സുന്ദര ഭൂമി.അതാണ് ലക്ഷദ്വീപ്. എന്റെ സ്നേഹിതന്റെ സ്നേഹിതനാണ് ഞങ്ങളുടെ സ്പോൺസർ. അവർ തമ്മിൽ വിശുദ്ധ ഭൂമിയായ മക്കയിൽ വെച്ചുള്ള പരിചയം എന്റെ സ്വപ്ന യാത്ര സാഫല്യമാക്കി. കൂടെ നാട്ടിലെ തന്നെ മറ്റൊരു സഹപാഠിയും.

ഞങ്ങൾ മൂന്ന് പേരും ജനുവരി 10 ന് രാവിലെ 11:30 ന് കൊച്ചിയിൽ നിന്നുള്ള എം വി കോറൽസ് എന്ന കപ്പലിൽ ലക്ഷദ്വീപിലെ കിൽത്താൻ എന്ന ദ്വീപിലേക്ക് ലക്ഷ്യമാക്കി പുറപ്പെട്ടു. ഞങ്ങളുടെ സ്പോൺസർ ഫൈസർ കിൽത്താൻ ദ്വീപുകാരനാണ്. അദ്ധേഹമാണ് ഞങ്ങൾക്ക് ലക്ഷദ്വീപിൽ ഇറങ്ങാനുള്ള പെർമിറ്റ് ശരിയാക്കിത്തന്നത്. നമുക്ക് പെർമിറ്റുള്ള ദ്വീപുകളിൽ മാത്രമേ നമുക്ക് ഇറങ്ങാൻ സാധിക്കൂ. ഞങ്ങൾക്ക് കിൽത്താൻ, കവരത്തി എന്നീ ദ്വീപുകളിലാണ് പെർമിറ്റ് തയ്യാറായത്. അതിനുള്ള സമയമേ കിട്ടൂ. 15ന് തിരിച്ചെത്തുകയും വേണം.

ലക്ഷദ്വീപ് ഈ ഇന്ത്യാ മഹാരാജ്യത്തിലാണങ്കിലും ആ നാട്ടിലെ ഒരു പൗരന്റെ അതിഥി ആവാൻ ഭാഗ്യം ലഭിച്ചാൽ യാത്രാ ചെലവുകൾ കുറയും. അല്ല എങ്കിൽ ടൂറിസ്റ്റ് ഏജൻസികൾ വഴി ദ്വീപ് സന്ദർശിക്കാൻ 21000 മുതൽ 25000 രൂപ വരെയാവും. ഏത് വഴിയാണങ്കിലും നാട്ടിലെ പോലീസ് ക്ലിയറൻ മുതലുള്ള കടമ്പകൾ കടക്കണം. അങ്ങനെ സ്പോൺസർ കിൽത്താൻ ദ്വീപുകാരനായതുകൊണ്ടാണ് കിൽത്താനിലേക്ക് നേരത്തെ തന്നെ ടിക്കറ്റെടുത്തത്.

ഞങ്ങളെ സംബന്ധിച്ച് കപ്പൽ യാത്രയും കടൽയാത്രയും ആദ്യാനുഭവമായിരുന്നു. ശരിക്കും ആസ്വദിച്ച യാത്ര.. കപ്പലിൽ കയറിയ ഉടനെ ശരിക്കും കപ്പലിൽ ഒന്ന് കറങ്ങി. ഏഴ് നിലകൾ. എക്സിക്യട്ടീവ് റൂമുകൾ, ബർത്തുകൾ, റസ്റ്റോറന്റ്, ആശുപത്രി, പോലീസ് എയ്ഡ് പോസ്റ്റ്, നമസ്കാരപ്പള്ളി.. കപ്പൽ എന്നത് ഒഴുകുന്ന ചെറു പട്ടണമാണ് എന്ന് തോന്നിപോകും.

ഏകദേശം ഒരു മണി ആയപ്പോൾ കപ്പൽ പതുക്കെ ചലിച്ച് തുടങ്ങി. പിന്നിലേക്ക് നോക്കുമ്പോൾ അകലുന്ന കൊച്ചിയിലെ ചീനവലകളും കെട്ടിട സമുച്ചയങ്ങളും .ഏകദേശം ആദ്യ ഒരു മണിക്കൂർ യാത്രയിൽ മത്സ്യബന്ധന ബോട്ടുകളും മറ്റു കപ്പലുകളുടെയും മനോഹരമായ കാഴ്ചകൾ ഞങ്ങൾ കണ്ടു. പിന്നീടങ്ങോട്ട് വിജിനമായ കടൽ. മുകളിലത്തെ നിലയിൽ നിന്നും അസ്തമന കാഴ്ചയും ആസ്വദിച്ച് ഞങ്ങൾ ഞങ്ങളുടെ ബർത്തിലെത്തി. ഭക്ഷണത്തിന്റെ സമയമായന്ന അറിയിപ്പ് വന്നപ്പോൾ ഞങ്ങൾ പതിയെ റസ്റ്റാറന് ഡിലേക്ക് നീങ്ങി ,ഭക്ഷണവും പ്രാർത്ഥനയും കഴിഞ്ഞ് ബർത്തിലേക്ക്. രാത്രിയിലെ സുഗമമായ ഉറക്കത്തിൽ നിന്നും പതിയെ പ്രഭാതത്തിലേക്ക്.

പുലർച്ചെയുള്ള അറിയിപ്പിൽ നിന്നാണ് കപ്പൽ ചെത്ലത്ത് എന്ന ദ്വീപിന്റെ അടുത്ത് എത്തി എന്ന് മനസിലായത്. കാഴ്ചകൾ കാണാൻ ഞങ്ങൾ മുകളിലെത്തി. സത്യത്തിൽ സന്തോഷമായിരുന്നില്ല ആ കാഴ്ച .ഈ വലിയ കപ്പലിൽ നിന്നും ചെത്ലത് ദ്വീപിലേക്കുള്ളവർ ചെറിയ ബോട്ടിലേക്ക് മാറി കയറുന്നു. പ്രായം ചെന്ന ഉപ്പുപ്പമാരും ഉമ്മൂമ്മമാരും പരസഹായത്തോടെ ഇങ്ങനെ മാറി കയറുന്നത് കണ്ടപ്പോൾ മനസിലൊരു വിങ്ങൽ. ഇതിനിടെ ദ്വീപസമൂഹങ്ങളുടെ ഒരു ചെറു ചരിത്രം സഹയാത്രികരിൽ നിന്നും ലഭിച്ചിരുന്നു. കാരണം ഒരു ടൂർ എന്നതിനേക്കാൾ ഉപരി ദ്വീപു നിവാസികളുടെ ജീവിത രീതി കണ്ടു മനസിലാക്കുക എന്നതാണ് ഈ യാത്രയുടെ ലക്ഷ്യം എന്ന് വേണമെങ്കിൽ പറയാം.

ചെത്ലത്തിൽ നിന്നും ഏകദേശം മൂന്ന് മണിക്കൂർ യാത്ര ചെയ്ത് കപ്പൽ ബി(ത എന്ന ദ്വീപിനടുത്തെത്തി. എന്നാൽ ഇവിടെ നേരത്തെ കണ്ടപോലെ ബോട്ടിലേക്കിറങ്ങുന്ന യാത്രക്കാർ കുറവായിരുന്നു. അതിന് രണ്ട് കാരണമുണ്ട്. ഒന്ന് ബിത്ര ദ്വീപിൽ അഞ്ഞൂറിന് താഴെയാണ് ജനസംഖ്യ. ഇവരാകട്ടെ പുറം ലോകത്തേക്ക് വളരെ അത്യാവശ്യത്തിന് മാത്രമേ പോവു. ബിത്രയിൽ നിന്നും യാത്ര തുടങ്ങിയ കപ്പൽ മൂന്ന് മണിക്കൂർ കഴിഞ്ഞ് ഞങ്ങൾക്കിറങ്ങേണ്ട കിൽതാനിലെത്തി.

വളരെ ആകാംക്ഷയോടു കൂടി ഞങ്ങൾ ലഗേജുകൾ എടുത്ത് ഇറങ്ങാൻ റെഡിയായി വാതിലിനടുത്തെത്തി. കൂടെ കപ്പലിൽ നിന്ന് പരിചയപ്പെട്ട കിൽത്താൻ നിവാസികളായ ഒരു ഉപ്പുപ്പയും ഉമ്മുമയും ഞങ്ങൾക്ക് ധൈര്യം പകർന്നു തന്നു. എന്തിനാണന്നോ, ചെറിയ ബോട്ടിലേക്കുള്ള ചാട്ടവും ഓപ്പൺ ബോട്ടിലൂടെയുള്ള ദ്വീപിലേക്കുള്ള യാത്രയും ഞങ്ങളിൽ ഇത്തിരി ഭയപ്പാടുണ്ടാക്കുന്നു എന്നവർക്ക് മനസിലായതിന്. എന്തായാലും ഞങ്ങളും അവരുടെ കൂടെ ബോട്ടിലേക്ക്. അങ്ങകലെ കരകാണാകടലിൽ പൊട്ടു പോലെ കാണുന്ന കിൽത്താനിലേക്ക്.

സത്യം പറയാമല്ലോ, ദ്വീപിലെ കടലാണ് കടൽ. ശുദ്ധമായ നീല വെള്ളം. അടിത്തട്ട് വരെ കാണാം. ആർക്കും ഒന്ന് ചാടി കുളിക്കാൻ തോന്നും. ബോട്ട് കരയിലേക്കടുത്തു. സ്പോൺസർ ഞങ്ങളെ കാത്ത് നിൽപ്പുണ്ടായിരുന്നു. കിൽത്താൻ ഒരു കൊച്ചു പ്രദേശമാണ്. ഒരു ഓട്ടോ പിടിച്ച് അദ്ധേഹം ഞങ്ങളെ താമസ സ്ഥലത്തേക്ക് കൊണ്ടുപോയി. രണ്ട് കിലോമീറ്റർ ഓടിയപ്പോഴേക്കും ഞങ്ങൾക്ക് ഭൂമി ശാസ്ത്രവും സാമൂഹ്യ ശാസ്ത്രവും പിടികിട്ടി. വാഹനങ്ങൾ അധികവും ബൈക്കും സൈക്കിളും. രണ്ടര കിലോമീറ്റർ മാത്രം ചുറ്റളവുള്ള കിൽത്താനിൽ വിരലിലെണ്ണാവുന്ന ഓട്ടോറിക്ഷകളുമുണ്ട്.

റൂമിലെത്തി ഫ്രഷ് ആയതിന് ശേഷം ഞങ്ങൾ നേരെ കിൽത്താൻ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തു. അതാണ് നിയമം. തിരിച്ച് പോരുമ്പോഴും വേണം ഇത്. പെർമിറ്റ് എടുത്താൽ 15 ദിവസം കാലാവധിയുണ്ടാവും. അതിനിടയിൽ വരവും പോക്കും കഴിയണം. അല്ലേൽ പണി പാളും. സ്റ്റേഷനിലെ പോലീസുകാർക്ക് പരമസുഖമാണന്ന് അവരുമായുള്ള സംസാരത്തിൽ നിന്നും മനസിലായി. നമ്മുടെ നാട്ടിലെ പോലെ കേസുകൾ ഇല്ല. തെരഞ്ഞടുപ്പ് കാലത്ത് വല്ല അടിപിടി കേസും കിട്ടിയാലായി.

മദ്യവിമുക്തമാണ് ദ്വീപ്. തൊണ്ണൂറ്റി എട്ട് ശതമാനവും ഇസ്ലാം മതവിശ്വാസികൾ. ജസ്റിയാണ് സംസാരഭാഷ. ഇതിന് ലിപിയില്ല. സംസാരിക്കാനേ കഴിയൂ. അതിനാൽ ഔദ്യോഗിക ഭാഷ മലയാളം തന്നെ. സ്കൂളുകൾക്ക് ദ്വീപ് സിലബസ് ഉണ്ടങ്കിലും കോളേജുകൾ കാലിക്കറ്റ് യൂനിവേഴ്സിറ്റിക്ക് കീഴിലാണ്. ഇതെല്ലാം പോലീസുകാരന്റെ സൗഹൃദ സംഭാഷണത്തിൽ നിന്നും ലഭിച്ച വിവരങ്ങളാണ്. അങ്ങനെ സ്റ്റഷനിൽ നിന്നിറങ്ങി ഞങ്ങൾക്കായി കരുതിയിരുന്ന സൈക്കിളിൽ ഞങ്ങൾ ദ്വീപിലെ കരകാഴ്ചകൾ കാണാനിറങ്ങി.

എങ്ങും തെങ്ങിൻ തോപ്പുകൾ. പിന്നെ മൽസ്യബന്ധനവും. ഗ്രാമീണത മുറ്റി നിൽക്കുന്ന നയന മനോഹാരിതയിൽ നിന്നും ഞങ്ങൾ പതിയെ കടപ്പുറത്തേക്ക്. അവിടെ സ്പോൻസർ ഫൈസറിന്റെ കൂട്ടുകാരായ ലുക്മാനും ഷഹീദും ഞങ്ങൾക്കായി കാത്തു നിൽക്കുന്നു. ഫൈസർ ഏർപ്പാടാക്കിയതാണ്. കടപ്പുറം കാണിക്കാൻ. കടപ്പുറം നമ്മുടെ നാട്ടിലെ പോലെ മണൽ നിറഞ്ഞതല്ല കിൽത്താനിൽ. നിറയെ ലഗൂൺസ്. തെളിമയാർന്ന ജലം. കടൽ തീരത്ത് മനോഹരങ്ങളായ കടൽ ജീവികൾ ,വെള്ളം കെട്ടി നിൽക്കുന്നടത്തല്ലാം വിവിധ വർണങ്ങളിലുള്ള മൽസ്യ കുഞ്ഞുങ്ങൾ. ലുക്കും ഷഹിയും എല്ലാം വിവരിച്ച് തന്നു.

നേരം ഇരുട്ടി തുടങ്ങിയപ്പോൾ വെള്ളം പതിയെ കേറി വരാൻ തുടങ്ങി. ശേഷം കാഴ്ചകൾ നാളെയാവാമെന്ന തീരുമാനത്തോടെ ഞങ്ങൾ തിരിച്ച് പോന്നു. ഭക്ഷണത്തിന് ശേഷം പായയും തലയിണയുമെടുത്ത് വീണ്ടും കടപ്പുറത്തേക്ക്. കാരണം ഇവിടെ അതൊരു അനുഭവമാ. ധൈര്യമായി കsപ്പുറത്ത് കിടക്കാം. ഈ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ആരേയും ഭയപ്പെടേണ്ട എന്ന് പേലീസുകാരിൽ നിന്നും മനസിലാക്കിയതാണല്ലോ. അത് ഈ രാത്രിയോടു കൂടി ബോധ്യപ്പെടുകയും ചെയ്തു.

പുലർച്ചെ ലുക്കുവിന്റെ ബോട്ടിൽ കടലിൽ മീൻ പിടിക്കുന്നത് കാണാൻ ഒരു അവസരവും കിട്ടി. ആഴക്കടലിലേക്ക് അവർ ഞങ്ങളെ ബോട്ടിൽ കൊണ്ടുപോയി. ലുക്കു മൽസ്യതൊഴിലാളിയല്ല. 26 വയസുണ്ട്. ഹയർ സെക്കണ്ടറി സ്കൂളിൽ ലാബ് അസിസ്റ്റന്റായി വർക്കു ചെയ്യുന്നു. പക്ഷേ മീൻ പിടി തലയിൽ കയറിയവനാ. അതാണിവരുടെ പ്രധാന വിനോദം. ഏകദേശം ഒരു മണിക്കൂർ കടലിൽ കഴിച്ച് കൂട്ടി. അതൊരു ഒന്നൊന്നര അനുഭവമായിരുന്നു.

കിൽത്താനിൽ അനുവദിക്കപ്പെട്ട സമയം തീരാറായി. കാരണം 10:30 ന് ഞങ്ങൾക്ക് കവരത്തിയിലേക്കുള്ള ചെറു കപ്പൽ എത്തും. വേഗം കരക്കണിഞ് പ്രാതൽ കഴിച്ചു. ഒരു കാര്യം കൂടി പറയട്ടെ, ഇന്നലെ കപ്പലിൽ നിന്നും പരിചയപ്പെട്ട ഒരു ഉപ്പുപ്പാന്റെ കാര്യം പറഞ്ഞില്ലേ. ഫൈസറിന്റെ വീടിനടുത്തുള്ള ആ ഉപ്പുപ്പയാണ് ഞങ്ങൾക്ക് പ്രാതലൊരുക്കിയത്. ഇതാണ് ദ്വീപു നിവാസികളുടെ സ്നേഹം. കിൽതാനിൽ നിന്നും ബോട്ടിൽ കയറുന്നതു വരെ ഉപ്പുപ്പ കൂടെ വന്നു യാത്രയാക്കി. പിരിയുമ്പോൾ അറിയാതെ മനസ് വിതുമ്പി.

ഉപ്പുപ്പ മാത്രമല്ല ഞങ്ങളെ സ്വീകരിച്ച ഫൈസിന്റ ഉപ്പ, ഉമ്മ, ഭാര്യ, മക്കൾ, ഞങ്ങളുടെ കവരത്തി സന്ദർശനത്തിനിടെ പരിചയപ്പെട്ട ഞങ്ങളുടെ സ്പോൺസറുടെ കൂട്ടുകാരായ കവരത്തി നിവാസികളായ തങ്ങൾ, ഇന്ത്യൻ റിസർവ് ബറ്റാലിയനിലെ റാഫി സാർ, കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റഡി സെൻററിലെ ഷഫീർ സാർ, കിൽത്താനിലെ ഷഹീദ് തുടങ്ങിയവർ ഉറവ വറ്റാത്ത ദ്വീപ് നിസാസികളുടെ സ്നേഹത്തിന്റെ പ്രതീകങ്ങളാണ്. കാരണം തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ ഞങ്ങൾക്ക് ഭക്ഷണമൊരുക്കിയും ഏഴ് കിലോമീറ്റർ മാത്രം വരുന്ന കവരത്തിയിൽ നിങ്ങൾക്ക് കറങ്ങാൻ ഞങ്ങളുടെ ബൈക്കെടുത്തോ എന്നു പറഞ്ഞും മൽസരിക്കുകയായിരുന്നു അവർ. ഇവരുടെ ബൈക്കുകൾ കൊണ്ടാണ് ഞങ്ങൾ കവരത്തി ഫുൾ കറങ്ങിയത്.

കവരത്തിയിൽ തലസ്ഥാന നഗരി എന്ന നിലക്ക് ഇത്തിരി തിരക്കുണ്ട്. എല്ലാ ഓഫീസ് സംവിധാനങ്ങളുടെയും ആസ്ഥാനം. ആശുപത്രി ,കോളേജുകൾ ,തുടങ്ങിയവയുണ്ട്. പക്ഷേ വാഹനങ്ങൾ ടു വീലർ തന്നെ. വിദ്യാർത്ഥികൾ സൈക്കിളിലാണ് യാത്ര .ഏഴ് കിലോമീറ്ററാണ് കവരത്തിന് ദ്വീപ്. അശുപത്രിയിൽ നല്ലൊരു കേസ് വന്നാൽ അശുപത്രി കൊച്ചി തന്നെ ശരണം. അത്യാവശ്യമെങ്കിൽ ഹെലികോപ്ടർ സൗകര്യമുണ്ട്. നിരവധി ചലച്ചിത്രങ്ങളിൽ കവരത്തി നായകനും നായികയുമായിട്ടുണ്ട്.

പഴവർഗങ്ങൾക്ക് ഇവിടെ വില കൂടും. കാരണം എല്ലാം കൊച്ചിയിൽ നിന്നും വരണം. സിമന്റ്, മെറ്റൽ എന്നിവ സബ്സിഡി നിരക്കിൽ റേഷൻ കട പോലെയുള്ള സംവിധാനം വഴി ലഭിക്കും . പെട്രോളും കന്നാസിൽ അങ്ങനെ തന്നെ.

ഞങ്ങൾക്കിവിടെ കടൽ ജലം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്ന പ്ലാൻഡ് സന്ദർശിക്കാൻ അവസരം കിട്ടിയത് യഥാർത്ഥത്തിൽ ലോട്ടറിയാണ്. ഇവിടെത്തെ കടൽ പാലത്തിൽ ചൂണ്ടയിട്ടതും രാത്രി മീൻ ചുട്ടടുത്തതും മനസിൽ മായാതെ നിൽക്കും. ലൈറ്റ് ഹൗസ്, സെക്രട്ടറിയേറ്റ്, ഹെലിപാഡ്, നാവിക സേനാ ആസ്ഥാനം,  ദൂരദർശൻ, ആകാശവാണി നിലയം, കൂടെ കടലിന്റെ അടിത്തട്ടിലേക്ക് നടത്തിയ മുത്തു തേടിയുള്ള യാത്രയും. ഇതിന് ത്തിരി ചെലവ് കൂടും 2100 രൂപ. വേണ്ട പരിശീലനം തന്നിട്ടാണ് കടലിൽ ഇറക്കുക. രണ്ട് ഇൻസ്ട്രക്ടർമാർ കൂടെയുണ്ടാവും. ഒരാളുടെ കയ്യിൽ ക്യാമറയും. അത്ഭുത നിമിഷങ്ങൾ അവർ വീഡിയോയിൽ ചിത്രീകരിച്ചു തരും.

ഒരു ദിവസം കിൽത്താനിലും രണ്ട് ദിവസം കവരത്തിയിലും കറങ്ങി 14 ന് വൈകിട്ട് 4 മണിക്ക് എം വി ല ഗൂൺസ് എന്ന കപ്പലിൽ തിരിച്ച് 15 രാവിലെ 8 മണിക്ക് കൊച്ചിയിലെത്തി. 480 രൂപ നമുക്ക് അങ്ങോട്ടുള്ള കപ്പൽ ചാർജ്. തിരിച്ച് 520 കിൽത്താൻ – കൊച്ചി (കപ്പൽ ഷെഡ്യൂൾ അനുസരിച്ച് ചെറിയ മാറ്റങ്ങൾ ഉണ്ടാവും).