എല്ലാവര്‍ക്കും മാതൃകയായി സിഖ് ഗുരുദ്വാരകളിലെ ‘ലംഗറുകൾ’ (അന്നദാനം)

വിവരണം – പ്രകാശ് നായർ മേലില.

എല്ലാവര്‍ക്കും മാതൃകയാണ് സിഖുകാര്‍. ലോകത്തെ ഏറ്റവും വലിയ അന്നദാനം നടത്തുന്നത് ഇവരാണ്. അതും ദിവസവും 75000 പേര്‍ക്ക്. ചിലപ്പോള്‍ ഒരു ലക്ഷം വരെ. പലവര്‍ണ്ണത്തിലും പകിട്ടിലുമുള്ള തലപ്പാവുകള്‍ ,വെടിപ്പായിക്രീം ചേര്‍ത്ത് ഒട്ടിച്ച് ഒതുക്കിയ താടി, കട്ടിയുള്ള കൊമ്പന്‍മീശ, അരയില്‍ കൃപാണം, കരുത്തുറ്റ ശരീരം, തലനിവര്‍ന്ന് ആരെയും കൂസാത്ത നടത്തം. അതാണ്‌ ഒരു സര്‍ദാര്‍.

സര്‍ദാര്‍ എന്ന വിളിപ്പേരുള്ള സിഖുമതക്കാരന്‍. സര്‍ദാര്‍ എന്നാല്‍ തലവന്‍, നേതാവ് എന്നൊക്കെയാണ് അര്‍ഥം.അര്‍ഥം അന്വര്‍ഥമാക്കുന്ന പ്രകൃതം. ലോകമാകെയായി 3 കോടി സിഖുകാര്‍ ഉണ്ടെന്നാണ് കണക്ക്. ഇംഗ്ലണ്ട്, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിര്‍ണ്ണായ ശക്തിയാണ് സിഖുകാര്‍. ഉത്തരേന്ത്യയില്‍ ഒരു പറച്ചില്‍ പ്രസിദ്ധമാണ്. ഉരുളക്കിഴങ്ങ്, ഉള്ളി, സര്‍ദാര്‍,മലയാളി ഇവ നാലും ലോകത്തിന്റെ എല്ലാ കോണിലും ലഭ്യമാണ് എന്ന്.

സിഖുകാരില്‍ യാചകരില്ല. ഇത് അവരുടെ അഭിമാന പൂര്‍വ്വമായ അവകാശവാദമാണ്. ലോകമെമ്പാടുമുള്ള സിഖു ഗുരുദ്വാരകളില്‍ നടക്കുന്ന ‘ലെംഗറുകള്‍’ (അന്നദാനം) ഒരു വിസ്മയം തന്നെയാണ്. വിശന്നു ചെല്ലുന്ന ഏവര്‍ക്കും ജാതിമതഭേദമന്യേ രുചികരമായ ആഹാരം വിളമ്പുന്ന സിഖുകാര്‍ അത് മുടങ്ങാതെ പരമാവധി ആളുകളില്‍ എത്തിക്കാനും ശ്രമിക്കാറുണ്ട്. സിഖുകാര്‍ വലിയ ദാനശീലരാണ്. വിശേഷ ദിവസങ്ങളില്‍ ആഹാരം വിളമ്പുന്നത് അവര്‍ പൊതു സ്ഥലത്ത് വച്ചായിരിക്കും. കൂടുതല്‍ ആള്‍ക്കാര്‍ക്ക് ലഭ്യമാക്കുക എന്നത് തന്നെയാണ് ലക്‌ഷ്യം.

അദ്ധ്വാനശീലരും, കഠിനപ്രയത്നം ചെയ്യുന്നവരുമാണ് ഇവര്‍. സിഖുകാര്‍ ഭൂരിഭാഗവും സത്യസന്ധരാണ്. ഒരു സാധുവിനെയും അവര്‍ ദ്രോഹിക്കാറില്ല. വഴിതെറ്റിയോ , വഴി ചെലവിനു പണമില്ലാതെയോ വന്നാല്‍ ധൈര്യമായി ഒരു ഗുരുദ്വാരയില്‍ കയറിച്ചെല്ലുക. ആഹാരവും, വീട്ടിലെത്താനുള്ള ടിക്കറ്റും, വഴിച്ചെലവിനുള്ള പണവും നല്‍കി അവര്‍ നമ്മെ അടുത്ത ബസ് സ്റ്റാന്‍ഡില്‍ അല്ലെങ്കില്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചിരിക്കും. ഇന്നുവരെ മറിച്ചൊരനുഭവം ആര്‍ക്കും ഉണ്ടായിട്ടില്ല.

ഇനി നിങ്ങളെ ഒരു സുഖുകാരന്‍ ഏതെങ്കിലും രീതിയില്‍ വഞ്ചിക്കുകയോ, ഉപദ്രവിക്കുകയോ ചെയ്തെങ്കില്‍ അതിനും നിങ്ങള്‍ക്ക് ഗുരുദ്വാരയെ സമീപിക്കാം. മാന്യമായ പരിഹാരം ഉറപ്പാണ്.

സിഖുകാരുടെ പുണ്യസ്ഥലമാണ് പഞ്ചാബിലെ അമൃത്സറില്‍ സ്ഥിതിചെയ്യുന്ന സുവര്‍ണ്ണ ക്ഷേത്രം അഥവാ സ്വര്‍ണ്ണ മന്ദിര്‍. 1577 ല്‍ സിഖുകാരുടെ നാലാമത്തെ ഗുരുവായിരുന്ന ഗുരു രാം ദാസ് സ്ഥാപിച്ചതാണ് ഈ ക്ഷേത്രം.

സുവര്‍ണ്ണ ക്ഷേത്രത്തില്‍ ദിവസവും നടത്തുന്ന അന്നദാനം ലോക പ്രസിദ്ധമാണ്. മാത്രവുമല്ല ഇതൊരു ലോകറിക്കാര്‍ഡ് കൂടിയാണ്. ദിവസവും 75000 പേര്‍ ഇവിടെ ഭക്ഷണം കഴിക്കുന്നു.വിശേഷ ദിവസങ്ങളില്‍ ഇത് ഒരു ലക്ഷവും അതിലധികവും ആകാറുണ്ട്. തന്ദൂര്‍ റൊട്ടി, പച്ചക്കറിക്കൂട്ടുകള്‍, അച്ചാര്‍, ചോറ്, തൈര്, പരിപ്പുകറി, സേമിയാ പായസം എന്നിവയാണ് വിഭവങ്ങള്‍. മണിക്കൂറില്‍ 25000 ചപ്പാത്തിയുണ്ടാക്കുന്ന രണ്ടു വലിയ മെഷീന്‍ ഇവിടെ Conveyor system ഉള്‍പ്പെടെയുണ്ട്. ഇവിടെ ഒരു മതക്കാര്‍ക്കും വിലക്കില്ല.

ലെംഗറിനുള്ള സംഭാവന ലോകമെങ്ങുമുള്ള സിഖുകാര്‍ കൈയയച്ചാണ് അയക്കുന്നത്. ഒരു കാര്യത്തിലും സാമ്പത്തികം സിഖുകാര്‍ക്കു തടസ്സമല്ല. ദുബായ്, സിംഗപ്പൂർ,കാനഡ,ആസ്‌ത്രേലിയ, ന്യൂസിലാൻഡ്, അമേരിക്ക എന്നിവിടങ്ങളിലുള്ള ഗുരുദ്വാരകളിലും ദിനംപ്രതിയുള്ള ലംഗറുകൾ നടക്കുന്നുണ്ട്.