60 ദിവസങ്ങൾ, 15000 കി.മീ., ഫോർഡ് എക്കോസ്പോർട്ട് പിന്നെ ഞങ്ങളും… INB ട്രിപ്പിൻ്റെ അവസാന നിമിഷങ്ങൾ…

നാഗ്പൂരിൽ ഞങ്ങൾ ഹോട്ടലിൽ റൂമെടുത്തു താമസിച്ചിരുന്നു. വളരെ മോശം സർവ്വീസ് ആയിരുന്നു ആ ഹോട്ടലിൽ നിന്നും ഞങ്ങൾക്ക് ലഭിച്ചത് എന്ന് പറയാതെ വയ്യ. ഞങ്ങൾ ചെക്ക് ഇൻ ചെയ്യുന്ന സമയത്ത് ഒരാളുടെ ഐഡി പ്രൂഫ് മാത്രമേ അവർ ആവശ്യപ്പെട്ടിരുന്നുള്ളൂ. എന്നാൽ പിന്നീട് പാതിരാത്രി ഞങ്ങൾ കിടന്നുറങ്ങുന്നതിനിടയിൽ ഹോട്ടൽ ജീവനക്കാർ വിളിച്ചുണർത്തി രണ്ടാമത്തെയാളുടെ പ്രൂഫ് കൂടി വേണമെന്ന് ആവശ്യപ്പെടുകയുണ്ടായി. ഇത്രയും ദൂരം സഞ്ചരിച്ചു വന്ന ഞങ്ങൾ വിശ്രമിക്കുന്നതിനിടെ ഇത്തരത്തിൽ വിളിച്ചുണർത്തിയത് വളരെ അരോചകം തന്നെയാണ്. പ്രൂഫ് ആവശ്യമുണ്ടോയെന്നു ചെക്ക് ഇൻ സമയത്ത് കൂടെയുണ്ടായിരുന്ന എമിൽ അവരോട് ചോദിച്ചതുമാണ്. എന്നിട്ടും അവർ ഞങ്ങളെ ബുദ്ധിമുട്ടിച്ചു. തലേന്ന് പാർക്കിംഗ് പ്രശ്നങ്ങൾ ഉണ്ടായത് വേറെ…

അങ്ങനെ ഞങ്ങൾ പിറ്റേന്ന് രാവിലെ 7 മണിക്ക് തന്നെ ഹൈദരാബാദ് ലക്ഷ്യമാക്കി യാത്ര തുടങ്ങി. നാഗ്‌പൂരിലെ റോഡുകളെല്ലാം മികച്ചവ തന്നെയായിരുന്നു. രാവിലെ ആയതിനാൽ ഞങ്ങൾക്ക് അധികം തിരക്കുകൾ നേരിടേണ്ടി വന്നിരുന്നില്ല. പെട്ടെന്നു തന്നെ ഞങ്ങൾ സിറ്റി ലിമിറ്റ് കടന്നു ബൈപ്പാസിൽ കയറി. കിടിലൻ റോഡ് ആയതിനാൽ നാഗ്പൂരിൽ നിന്നും മൂന്നു മണിക്കൂർ കൊണ്ട് 300 കിലോമീറ്റർ പിന്നിടുവാൻ ഞങ്ങൾക്ക് സാധിച്ചു. വിചാരിച്ചതുലും നേരത്തെ എത്തുവാൻ സാധിച്ചാൽ ഞങ്ങൾക്ക് ഇന്ന് ഹൈദരാബാദിന് പകരം ബെംഗളൂരുവിൽ എത്താം എന്ന് കണക്കുകൂട്ടിക്കൊണ്ട് ഞങ്ങൾ യാത്ര തുടർന്നു.

ഹൈവേയിൽ ട്രക്കുകൾ മാത്രമായിരുന്നു കൂടുതലായും ഞങ്ങള്ക് കാണുവാൻ സാധിച്ചിരുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ചതും നീളമേറിയതുമായ ഹൈവേയിലൂടെയായിരുന്നു യാത്രയെന്ന് ഞങ്ങൾ ഓർത്തു. പെട്രോൾ പമ്പുകൾ കുറെ ദൂരങ്ങൾക്കു ശേഷമായിരുന്നു കണ്ടിരുന്നത്. പക്ഷെ മിക്കവയും അടച്ചിട്ടിരിക്കുകയായിരുന്നു. ഞങ്ങളുടെ വണ്ടിയിൽ ഹൈദരാബാദ് വരെ എത്തുവാനുള്ള ഡീസൽ ഉണ്ടായിരുന്നു.

അങ്ങനെ പോയിപ്പോയി ഞങ്ങൾ തെലങ്കാന സംസ്ഥാനത്തിൽ കയറി. അവിടെ ഹൈവേയുടെ ഓരത്ത് കണ്ട ഒരു പമ്പിൽ കയറി ഞങ്ങൾ ഡീസൽ ഫിൽ ചെയ്തു. ഡീസലിന് അവിടെ നല്ല ചാർജ്ജ് ആയിരുന്നു. ഹൈവേ നല്ല കിടിലൻ കണ്ടീഷനിൽ ആയിരുന്നതിനാലും, കാലാവസ്ഥ തെളിഞ്ഞതായിരുന്നതിനാലും ഞങ്ങൾക്ക് വേഗത്തിൽ സ്ഥലങ്ങളെല്ലാം കവർ ചെയ്യുവാൻ സാധിച്ചിരുന്നു. അങ്ങനെ ഞങ്ങൾ ഹൈദരാബാദ് നഗരത്തിനടുത്ത് എത്തിച്ചേർന്നു. നഗരത്തിൽ കയറാതെ ഔട്ടർ റോഡ് വഴി ബെംഗളുരുവിലേക്ക് പോകുവാൻ ആയിരുന്നു ഞങ്ങളുടെ പ്ലാൻ.

അങ്ങനെ അവിടം വിട്ടു ഞങ്ങൾ വീണ്ടും ഹൈവേയിൽക്കയറി യാത്ര തുടർന്നു. ആഗ്ര – യമുന എക്സ്പ്രസ്സ് വേയെക്കാൾ കിടിലനായ ഒരു എട്ടുവരി ഹൈവേയിലൂടെയായിരുന്നു ഞങ്ങളുടെ യാത്ര. മണിക്കൂറിൽ നൂറ് കിലോമീറ്റർ ആയിരുന്നു ആ ഹൈവേയിലൂടെയുള്ള സ്പീഡ് ലിമിറ്റ്.

അങ്ങനെ ഞങ്ങൾ ബെംഗളൂരുവിലേക്കുള്ള റൂട്ടിൽ കയറി. അവിടെ അടുത്തുകണ്ട ഒരു ഹോട്ടലിൽ കയറി ഞങ്ങൾ ചിക്കൻ ബിരിയാണി ഓർഡർ ചെയ്തു. നല്ല അടിപൊളി ഹൈദരാബാദി ബിരിയാണി ആയിരുന്നു അത്. ബിരിയാണിയും കഴിച്ചു സന്തോഷത്തോടെ ഞങ്ങൾ ബെംഗളൂരു ലക്ഷ്യമാക്കി യാത്ര തുടങ്ങി. പോകപ്പോകെ ഞങ്ങൾ കർണാടക ആർടിസിയുടെ ഐരാവത് ബസ്സുകളൊക്കെ കണ്ടു തുടങ്ങി. അപ്പോഴും ബെംഗളുരുവിലേക്ക് പിന്നെയും 400 കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ടിയിരുന്നു.

അങ്ങനെ രാത്രിയോടെ ഞങ്ങൾ ബെംഗളൂരുവിൽ എത്തിച്ചേരുകയും അവിടെ ഒരു ഹോട്ടലിൽ റൂമെടുത്തു താമസിക്കുകയും ചെയ്തു. ഇനി അടുത്ത ദിവസം കൊച്ചിയിലേക്ക് ഞങ്ങൾക്ക് യാത്ര തുടരേണ്ടതാണ്. INB ട്രിപ്പിന്റെ അവസാന സെക്ഷൻ അതായിരിക്കും. ഞങ്ങൾ നല്ല ക്ഷീണം ഉണ്ടായിരുന്നതിനാൽ പെട്ടെന്ന് ഡിന്നർ കഴിച്ചിട്ട് ഉറങ്ങുവാൻ കിടന്നു.

പിറ്റേന്ന് രാവിലെ തന്നെ ബെംഗളൂരുവിൽ ബ്ലോക്ക് തുടങ്ങുന്നതിനു മുൻപായി ഞങ്ങൾ യാത്രയാരംഭിച്ചു. ഏതാണ്ട് രണ്ടു മണിക്കൂർ കൊണ്ട് ഞങ്ങൾക്ക് ഹൊസൂർ വഴി സേലത്ത് എത്തിച്ചേരുവാൻ സാധിച്ചിരുന്നു. രാവിലെ തന്നെ ഞങ്ങളുടെ വീടുകളിൽ നിന്നും വിളിച്ചിരുന്നു. ഞങ്ങൾക്കായി സ്പെഷ്യൽ ഭക്ഷണങ്ങളെല്ലാം ഉണ്ടാക്കി വെച്ചിരിക്കുകയാണ് അവരെല്ലാം. വീട്ടിലെ ഭക്ഷണം കഴിച്ചിട്ട് കുറെ നാളായിരുന്നതിനാൽ ആ കൊതികൊണ്ട് ഞങ്ങൾ വേഗത്തിൽ വീട് ലക്ഷ്യമാക്കി സഞ്ചരിക്കുകയായിരുന്നു അപ്പോൾ.

സേലം വിട്ടു കോയമ്പത്തൂർ, വാളയാർ ബോർഡർ വഴി ഞങ്ങൾ അവസാനം കേരളത്തിൽ കാലുകുത്തി. കേരളത്തിൽ പ്രവേശിച്ചപ്പോൾ ഞങ്ങൾക്ക് സ്വാഗതമോതിയത് മഴയുടെ രൂപത്തിൽ പ്രകൃതി തന്നെയായിരുന്നു. ഇത്രയും ദൂരം സഞ്ചരിച്ചു വന്നിട്ട് നമ്മുടെ സ്വന്തം ആനവണ്ടികൾ വഴിയിൽ കണ്ടപ്പോൾ കിട്ടിയ ആ ഒരു ഫീൽ പറഞ്ഞറിയിക്കുവാൻ വയ്യ. അങ്ങനെ INB ട്രിപ്പ് വിജയകരമായ പരിസമാപ്തിയിലേക്ക് കടക്കുകയാണ്.

ഏതാണ്ട് 60 ദിവസത്തോളം നീണ്ടു നിന്ന ഞങ്ങളുടെ ഈ യാത്രയിൽ ഏകദേശം 3 ലക്ഷത്തോളം രൂപയായിരുന്നു ചെലവായി വന്നത്. അതിൽ പകുതി തുക ഞങ്ങൾക്ക് സ്‌പോൺസർഷിപ്പ് ആയി ലഭിച്ചിരുന്നു. ഏകദേശം 15000 അടുത്ത് കിലോമീറ്ററുകൾ ഞങ്ങൾ ഈ ട്രിപ്പിൽ യാത്ര ചെയ്തിരുന്നു. ഇന്ധനത്തിനായി (ഡീസൽ) ഏതാണ്ട് 60,000 രൂപ ഞങ്ങൾക്ക് ചെലവായി. ഏഴായിരത്തിലധികം രൂപ വിവിധയിടങ്ങളിൽ റോഡ് ടോൾ ഇനത്തിൽ ചെലവ് വന്നിരുന്നു. ഏറ്റവും കൂടുതൽ തുക ചെലവായത് താമസത്തിനായിരുന്നു. രാത്രി യാത്രകൾ ഒഴിവാക്കിയിരുന്നതിനാൽ മികച്ച താമസ സൗകര്യങ്ങൾ തന്നെ ഞങ്ങൾ തങ്ങുന്നതിനായി തിരഞ്ഞെടുത്തിരുന്നു.

ഈ യാത്രയിൽ പല സ്ഥലങ്ങളിൽക്കൂടി സഞ്ചരിക്കുവാനും പലതരത്തിലുള്ള ആളുകളെ പരിചയപ്പെടുവാനും സാധിച്ചു. നല്ലതും ചീത്തയുമായ ഒത്തിരി അനുഭവങ്ങൾ ഉണ്ടായി. പ്രകൃതി അതിന്റെ പലതരത്തിലുള്ള ഭാവങ്ങൾ കാണിച്ചു ഞങ്ങളെ അത്ഭുതപ്പെടുത്തി. അതിനിടയിൽ പിരിയുന്ന സമയത്ത് സലീഷേട്ടൻ കരയുകയും, കാഴ്ചക്കാരെയെല്ലാം കരയിക്കുകയും ചെയ്തു. അതിനുശേഷം വന്ന ഹാരിസ് ഇക്ക തൻ്റെ സ്വതസിദ്ധമായ കോമഡികൾ കൊണ്ട് എല്ലാവരെയും രസിപ്പിച്ചു. അങ്ങനെ കുറെക്കുറേ ഓർമ്മകളാണ് ഈ യാത്ര ഞങ്ങൾക്ക് സമ്മാനിച്ചത്. അതുപോലെ തന്നെ ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത് ഒരാളോടാണ്, ഞങ്ങളെ ഒരു ആപത്തിലും പെടുത്താതെ സുരക്ഷിതമായി തിരിച്ചെത്തിച്ച ഞങ്ങളുടെ സ്വന്തം ‘INB എക്കോസ്പോർട്ട്..’ ഒരു ബിഗ് സല്യൂട്ട് അർഹിക്കുന്നു ആ ഹീറോ..

വലിയ ബ്ലോക്ക് ഒന്നും അനുഭവപ്പെടാതെ ഞങ്ങൾ കുതിരാൻ തുരങ്കവും പാലിയേക്കര ടോൾ ബൂത്തുമൊക്കെ കടന്നു ഞങ്ങൾ എറണാകുളം ജില്ലയിൽ പ്രവേശിച്ചു. എറണാകുളത്ത് എത്തിയ ഞങ്ങൾ സർവ്വീസ് സെന്ററിൽ കയറി കാർ ചെറിയ രീതിയിൽ സർവ്വീസ് ചെയ്യുവാൻ കൊടുത്തു. അവിടെ ഹാരിസ് ഇക്കയും, എമിലിന്റെ ഭാര്യ അഞ്ജുവും ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. സലീഷേട്ടന് തിരക്കായിരുന്നതിനാലാണ് അവസാന സമയത്ത് ഞങ്ങളോടൊപ്പം ചേരുവാൻ സാധിക്കാതിരുന്നത്. അങ്ങനെ എമിലിനെ എറണാകുളത്ത് ഇറക്കിക്കൊണ്ട് ഞാൻ ഒറ്റയ്ക്ക് കോഴഞ്ചേരിയിലേക്ക് യാത്രയായി… അടുത്ത ട്രിപ്പിന്റെ സ്വപ്നങ്ങളുമായി എക്കോസ്പോർട്ട് അരൂർ പാലവും കടന്നു യാത്രയായി….