ഇന്ത്യ – ടിബറ്റൻ അതിർത്തിയിലെ അവസാന ഗ്രാമത്തിലേക്ക്…

വിവരണം – രേഷ്‌മ രാജൻ (Zealous Voyager).

മനസ്സിൽ എവിടേക്കെങ്കിലും പോകണം എന്ന് വിചാരിച്ചാൽ അവിടെ മാത്രം പോയിട്ടു വരുന്ന ചരിത്രം പണ്ടേ ഇല്ല. അങ്ങനെയാണ് 8 ദിവസത്തേക്ക് പോയ യാത്ര ഒരു മാസം വരെ നീണ്ടുപോയത്. 2019 യിൽ കസോൾ പോകണം എന്ന് പറഞ്ഞു വന്ന കൂട്ടുകാരേം കൂട്ടി സ്പിറ്റി വാലി ( ഹിമാചൽ ) യിലേക്ക് യാത്ര തിരിച്ചു. അതും തത്കാൽ ടിക്കറ്റ് പോലും ഇല്ലാതെ. ലോക്കൽ ടിക്കറ്റ് എടുത്ത് സ്ലീപ്പറിൽ കയറി പിന്നെ സീറ്റിനു വേണ്ടി കൊച്ചുവേളി – ഡെറാഡൂൺ എക്സ്പ്രസ്സ്‌ യിലെ TT യുടെ പിറകെ കേരള മുതൽ അങ്ങ് നിസാമുദിൻ വരെയും.

ഓരോരോ അനുഭവങ്ങൾ. 10 കംപാർട്മെന്റോളം രാവിലെ മുതൽ രാത്രി വരെ തെക്കു വടക്കു നടന്നു. 3 പെൺകുട്ടികൾ അല്ലെ എന്ന് കരുതി സീറ്റ്‌ തന്നവരുടെയും മറ്റുള്ളവരുടെയും സീറ്റിൽ കയറി ഇരുന്നതിനു TT യുടെ വക കുത്തിപൊക്കലുകൾ വേറെയും. ഒരുതരത്തിൽ ഇതിനെയെല്ലാം കൂട്ടിച്ചേർത്തു വായിക്കാം. “യാത്ര അനുഭവങ്ങൾ.”

മണാലിയിലെ ‘ഉണ്ണിയപ്പം സേട്ടാ’ പറഞ്ഞു “മോളെ വരുമ്പോൾ 2 പാക്കറ്റ് ഉണ്ണിയപ്പം കൊണ്ട് വരണേ” എന്ന്. അതുകൊണ്ട് നാട്ടിൽ നിന്നും തന്നെ അതും ബാഗിൽ കരുതിയിട്ടുണ്ടായിരുന്നു. ട്രെയിനിൽ സീറ്റ്‌ ഇല്ലാതെ തെക്കു വടക്കു നടന്ന സമയം ബ്രെഡും ന്യുട്ടല്ല- യും കഴിച്ചു നടന്നപ്പോൾ പോലും ഉണ്ണിയപ്പം പാക്കറ്റ് ഞങ്ങൾ തൊട്ടില്ല. സൂക്ഷിച്ചു വെച്ചു.

ഡൽഹിയിൽ എത്തിയ ഞാൻ ആദ്യമേ തേടി പോയത് മസാല നിംബു പാനി ആയിരുന്നു. 2 ഗ്ലാസ്‌ അതും കുടിച്ചു ഞങ്ങൾ നേരെ പോയി കാശ്മീരി ഗെയ്റ്റിലേക്കു. ഒരു ധാബയിൽ കയറി ഫുഡും കഴിച് അടുത്ത ബസ് കേറി നേരെ ചണ്ഡീഗഡ്. 6 മണിക്കൂർ യാത്ര. 3 ദിവസമായി ഒരേ യാത്ര ആയിരുനെങ്കിലും ഞങ്ങൾ ആരും തന്നെ ക്ഷീണിതരല്ലായിരുന്നു.

സൂര്യാസ്തമയ നേരം ആയപ്പോൾ ചണ്ഡീഗഡ് എത്തി. ഇതുവരെ കണ്ടിട്ടുള്ളതിൽ നിന്നും അല്പം ഭംഗിയേറിയ സൂര്യാസ്തമയം. വളരെ വൃത്തിയുള്ള സ്ഥലമാണ് ചണ്ഡീഗഡ്. വലിയ 2 ബാഗും ടെന്റും ഒക്കെ തൂക്കിപിടിച്ചുള്ള ബസിറങ്ങിയുള്ള, ബസ്റ്റാൻഡിലോട്ടുകുള്ള ആ നടത്തം കാരണം ക്ഷീണിച്ചു പോയി. അവസാനം ഫുട്പാത്തിൽ അങ്ങ് ഇരുന്നു. അപ്പോ അതാ ഒരു call. ചേച്ചി ഇത് ഞാനാ അനന്തു. ZTC ഗ്രുപ്പിലെ മെമ്പർ. ഞാൻ മണാലി പോവാ. ചണ്ഡീഗഡ് ബസ്സ്റ്റാൻഡിൽ ഉണ്ടെന്ന്.

അങ്ങനെ അവിടെപ്പോയി അവനെയും കണ്ടു. അപ്പോ അവിടെ കുറെ പഞ്ചാബി ചേട്ടന്മാർ നില്കുന്നത് കണ്ടപ്പോ അവനൊരു ആഗ്രഹം അവരുടെ കൂടെ ഫോട്ടോ എടുക്കണം എന്ന്. ഞങ്ങൾ 3 പേരും ചേർന്നു അതും സാധിച്ചു കൊടുത്തു. ചെക്കൻ ഹാപ്പി. കുടിക്കാനുള്ള 3 കുപ്പി തണുത്ത വെള്ളം എവിടെയോ പോയി ഫിൽ ചെയ്ത് കൊണ്ട് തന്നിട്ട് അവൻ ഞങ്ങളെ “രാംപൂർ” ബസ് കയറ്റിവിട്ടു.

രാത്രി ഉറക്കത്തിൽ കണ്ണ് മിന്നി മിന്നി തുറന്നു നോക്കിയപ്പോൾ അങ്ങ് മലനിരകലിൽ കുറെ വീടുകളും വെളിച്ചവും ഒക്കെ. നല്ല ഭംഗി ഉണ്ടായിരുന്നു. Rampur – Reckon Peo. kalpa പോയി മടങ്ങി വരുന്ന വഴി അവിടെ എത്തിയപോ അതാ ഒരു ചിത്കുൽ പോകുന്ന ബസ്. എവിടെയോ കേട്ടു പരിചയം മാത്രമുള്ള ചിത്കുൽ.
അങ്ങനെ ചിത്കുൽ പോകാം എന്നായി.

അടുത്ത വണ്ടി കേറി നേരെ ചിത്കുൽ പോയി. വണ്ടിയിൽ അതാ ഒരു പട്ടാളക്കാരൻ മലയാളത്തിൽ ഫോണും വിളിച്ചു വരുന്നു. അങ്ങനെ ഞങ്ങൾ പരിചയപെട്ടു. കരുനാഗപ്പള്ളിക്കാരൻ ചേട്ടായി ആണ്. ഒരു സെൽഫി ഒകെ എടുത്തിട്ട് അടുത്ത സ്റ്റോപ്പിൽ ചേട്ടൻ ഇറങ്ങി. പോകുന്ന വഴിയിലെ കാഴ്ചകൾ കാണാൻ ഞാൻ ബസിന്റെ മുന്നിലേ പെട്ടിപുറത്താണ് ഇരുന്നത്. ഫേസ്ബുകിൽ കൂടെയും ഗൂഗിളിലും മാത്രം മാത്രം കണ്ടു പരിചയമുള്ള കുറെ വഴികൾ. പാറ കൊത്തി ഉണ്ടാക്കിയ വഴികളും, ബസ്‌പാ നദിയും കടന്നു, ഇന്ത്യയിലെ ചില dangerous റോഡിൽ കൂടിയായിരുന്നു ആ യാത്ര.

ചുറ്റിനും മല നിരകൾ. മുൻപോട്ടു പോകുംതോറും ജനൽ പാളികൾ തുറന്നു പ്രകൃതി സൗന്ദര്യം ആസ്വദിച്ചു. പുതിയ കാഴ്ചകൾ കാണുന്ന അനുഭൂതി ആയിരുന്നു. ബസിൽ നിറയെ ചിത്കുൽ ഭംഗി ആസ്വദിക്കാൻ പോകുന്ന വിദേശികളും അതുപോലെ തന്നെ അവിടുത്തെ ആളുകളും. ഒരു പച്ചയിനം ചുവപ്പും നിറത്തിലെ തൊപ്പി എല്ലാവരുടേം തലയിൽ ഉണ്ട്. ബസ് നിറയെ വീട്ടു ആവശ്യത്തിനുള്ള സാധനങ്ങൾ. ഒരു മാസത്തോളം കാലം ജീവിക്കാനുള്ള എല്ലാം സാധനങ്ങളും അവർ Reckon peo യിൽ നിന്നും മേടിച്ചിട്ട് പോവുകയാണ്.

ബസിൽ ഇരുന്നു മലയാളത്തിൽ ഉറക്ക സംസാരിച്ച ഞങ്ങളോട് ഒരാൾ എഴുനേറ്റു നിന്നു ചോദിച്ചു. നാട്ടിൽ എവിടെയാണെന്ന്. ആഹാ അതാ ഒരു മലയാളി. പട്ടാളക്കാരൻ ആണ്. ശേഷം അടുത്തിരുന്ന ഒരു ചിത്കുല്കാരൻ അപ്പുപ്പൻ. പണ്ട് പട്ടാളത്തിൽ ആയിരുന്നു. പുള്ളിക്കാരൻ അവരുടെ നാടിനെ കുറിച്ച് ചെറിയൊരു ഇൻട്രോ തന്നു.

4 മണിക്കൂറിനു ശേഷം ചിത്കുൽ എത്തി. വലിയ വലിയ ബാഗുകളുമായി എത്തിയ വിദേശികൾ സലാം പറഞ്ഞ് അവരുടെ വഴിക് പോയി. ബസിൽ നിന്നും ഇറങ്ങാനേരം ബസ് ഡ്രൈവർ ചേട്ടന് ഞാൻ ഒരു shake hand കൊടുത്തു. ഇത്രയും ഭീകരമായ വഴികളിൽ കൂടെ ഞങ്ങളെ സുരക്ഷിതമായി എത്തിച്ചതിനു. അടുത്ത പണി സ്റ്റേ തപ്പിപിടികൾ ആണ്. Hostel തപ്പി പോയെങ്കിലും ഫിൽ അയി പോയി. പിന്നെ ചെറിയൊരു ഹോട്ടലിൽ താമസിച്ചു. അവിടെ വെച്ച് 2 മലയാളി പിള്ളേരെ കണ്ടു. ഒരു ചെക്കനും ഒരു പെണ്ണും. അടുത്ത ദിവസം രാവിലെ ചിത്കുൽ നടന്നു കാണാൻ പോയി.

ബാസ്‌പാ നദിയുടെ അരികിൽ സ്ഥിതി ചെയുന്ന ചെറിയൊരു ഗ്രാമം. ഇന്ത്യ ടിബറ്റ് ബോർഡർലെ അവസാനത്തെ ഗ്രാമം. സിഡെർ മരങ്ങളാലും മഞ് മലകളാലും ചുറ്റപ്പെട്ട ഗ്രാമം. അങ്ങ് ഹിമാലയ പർവത നിരകൾ. ആപ്പിൾ ആണ് അവിടുത്തെ ആളുകളുടെ പ്രധാന വരുമാന മാർഗം. മഞ്ഞു കാലം ആയാൽ 6 മാസം വരെ പുറത്തിറങ്ങാൻ പറ്റാത്ത അത്ര തണുപ്. മഞ്ഞിൽ മൂടിയ വീടുകൾ. 6 മാസത്തേക്കുള്ള സാധനങ്ങൾ അവർ നേരത്തെ കരുതി വെക്കും. ജോലിക്ക് പോലും പോകാൻ കഴിയില്ല. ഗ്രാമത്തിൽ ഒരു സ്കൂളും മൊണാസ്റ്ററിയും ഒക്കെ ഉണ്ട്. സ്കൂൾ കുട്ടികൾ ആരും നമ്മളുമായി അധികം interact ചെയ്യില്ല. ഫോട്ടോ എടുക്കാൻ പോലും മിക്ക കുട്ടികളും മടിച്ചു.

ചിത്കുൽ ഗ്രാമത്തിൽ ഇന്ത്യയിലെ അവസാനത്തെ ദാബ ഉണ്ട്. അവിടെ നിന്നും ഭക്ഷണം കഴിച്ചു. ബസ്‌പാ നദിക്കരയിൽ ആണ് ഈ ദാബ. ഹിമാലയത്തിലെ ഒരുപാട് ഗ്രാമങ്ങളിൽ പോയിട്ടുണ്ടെങ്കിലും, ഒരിക്കലും മായാത്ത ഓർമ്മകൾ നൽകിയ നല്ല ഒരു ഗ്രാമം ആണ് ചിത്കുൽ. അവസാനം 15 ദിവസത്തോളം കഴിഞ്ഞ് ഉണ്ണിയപ്പം നോക്കിയപ്പോ ഖുദാ ഹവാ.

ഇന്ത്യയിലെ ഏറ്റവും ഇഷ്ടപെട്ട സ്ഥലം എവിടെ എന്ന് ആരു ചോദിച്ചാലും ഞാൻ പറയും ‘ചിത്കുൽ’ ആണെന്ന്.