ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വസതി ! 170 മുറികളുള്ള ലക്ഷ്മി വിലാസ് പാലസും സായാജി ബാഗിലെ ട്രെയിൻ യാത്രയും..

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പ്രതിമയായ ‘സ്റ്റാച്യു ഓഫ് യൂണിറ്റി’യിലെ കാഴ്ചകൾ ആസ്വദിച്ചതിനു ശേഷം ഞങ്ങൾ പിന്നീട് പോയത് ഗുജറാത്തിലെ തന്നെയുള്ള വഡോദര എന്ന സ്ഥലത്തേക്ക് ആയിരുന്നു. വഡോദരയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വസതി കാണുക എന്നതായിരുന്നു ഞങ്ങളുടെ അടുത്ത പ്ലാൻ. 170 മുറികളുള്ള ലക്ഷ്മി വിലാസ് പാലസ് ആയിരുന്നു അത്.

ലക്ഷ്മി വിലാസ് പാലസ് ഒരു സ്വകാര്യ വസതിയാണ്. പക്ഷേ അവിടെ പുറമെ നിന്നുള്ളവർക്ക് കയറി കാണുവാനൊക്കെ സാധിക്കും. 350 രൂപയാണ് പാലസിൽ കയറുന്നതിനായുള്ള എൻട്രി ഫീസ്. പാലസിനുള്ളിൽ ക്യാമറ ഉപയോഗിക്കുവാൻ സാധിക്കില്ല. മറാത്താ മാതൃകയിലുള്ള ഒരു നിർമ്മിതിയാണ് ഈ പാലസ്. മഹാരാജ സയാജിറാവുവിന്‍റെ കാലത്ത് 1890 ല്‍ പണികഴിപ്പിച്ചതാണ്‌ ലക്ഷ്മി വിലാസ് കൊട്ടാരം. രാജാ രവിവർമ്മയുടേത് ഉൾപ്പെടെയുള്ള ഒത്തിരി ചിത്രങ്ങളുടെ ശേഖരം പാലസിന് അകത്തുണ്ട്. അതൊക്കെക്കൊണ്ടാകാം പാലസിൽ ക്യാമറ അനുവദനീയമല്ലാത്തത്.

അങ്ങനെ ഞങ്ങൾ ക്യാമറയൊക്കെ പുറത്തു നിന്നുതന്നെ ബാഗിലാക്കി പാലസിന് അകത്തേക്ക് കയറി. 170 റൂമുകളുള്ള ഈ പാലസിൽ ഇപ്പോഴും രണ്ടുപേർ താമസിക്കുന്നുണ്ട്. ഇപ്പോൾ ഇവിടെ താമസിക്കുന്നത് രാജകുടുംബത്തിലെ പുതിയ തലമുറയിൽപ്പെട്ട രാജാവാണ്. അകത്തെ കാഴ്ചകൾ വളരെ മനോഹരമായിരുന്നു. ഗുജറാത്തിൽ താമസിക്കുന്ന ഞങ്ങളുടെ കസിൻ ചേട്ടന്റെ ബൈക്കും എടുത്തുകൊണ്ടായിരുന്നു ഞങ്ങളുടെ കറക്കമൊക്കെ. പാലസിലെ കാഴ്ചകൾ കണ്ടതിനുശേഷം ഞങ്ങൾ പോയത് ബറോഡയിലെ പ്രശസ്തമായ സായാജി ബാഗിലേക്ക് ആയിരുന്നു.

ബറോഡ നഗരത്തിനു നടുവിൽത്തന്നെ ഏക്കറുകണക്കിന് ഏരിയയിലായി വിസ്തരിച്ചു കിടക്കുന്ന ഒരു വലിയ ടൂറിസ്റ്റ് കേന്ദ്രം, അതായിരുന്നു ഞങ്ങൾ പോയ സായാജി ബാഗ് എന്നയീ സ്ഥലം.
നാല്‍പ്പത്തി അഞ്ച് ഹെക്ടര്‍ വിസ്തൃതിയുള്ള ഈ പാര്‍ക്ക് സയാജി റാവു മൂന്നാമ്മന്‍ 1879ല്‍ പണികഴിപ്പിച്ചതാണ്‌. അതിനകത്ത് മൃഗശാല, മ്യൂസിയം, പാർക്ക് തുടങ്ങി ടൂറിസ്റ്റുകൾക്ക് ആസ്വദിക്കുവാനുള്ളതൊക്കെയുണ്ട്.

ഞങ്ങൾ സായാജി ബാഗിനകത്തു കൂടി നടക്കുന്നതിനിടെയാണ് അതിനകത്തുകൂടി ഓടുന്ന ഒരു ചെറിയ ട്രെയിൻ കാണുന്നത്. നമ്മളീ പാർക്കുകളിലൊക്കെ കാണുന്ന തരത്തിലെ ട്രെയിൻ. സായാജി എക്സ്പ്രസ്സ് എന്നു പേരിട്ടിരിയ്ക്കുന്ന ഈ ട്രെയിനിൽ കയറുവാൻ ഒരാൾക്ക് 50 രൂപയാണ് ചാർജ്ജ്. ഞങ്ങൾ ടിക്കറ്റ് എടുത്തുകൊണ്ട് അതിൽക്കയറി യാത്ര ചെയ്യുകയുണ്ടായി. 40 -45 ആളുകൾ ആയാൽ മാത്രമേ ട്രെയിൻ യാത്രയാരംഭിക്കുകയുള്ളൂ. അത്രയും ആളുകൾ തികയുവാനായി ഞങ്ങൾക്ക് അല്പസമയം കാത്തിരിക്കേണ്ടി വന്നു. ഞങ്ങളെക്കൂടാതെ ഏതോ സ്‌കൂളിലെ കുട്ടികളായിരുന്നു ബാക്കിയുള്ള യാത്രക്കാർ. പിള്ളേർ വന്നതോടെ അവിടമാകെ നല്ല ബഹളമായി. നല്ലൊരു എനർജ്ജി കൈവന്നു എല്ലാവർക്കും.

ആ പാർക്ക് മുഴുവനും ഈ ട്രെയിനിൽ സഞ്ചരിച്ചുകൊണ്ട് നമുക്ക് കാണാവുന്നതാണ്. 15 മിനിറ്റ് നേരമാണ് ഈ ട്രെയിൻ പാർക്ക് മുഴുവനും ചുറ്റിവരാനായി എടുക്കുന്ന സമയം. ഫാമിലിയായി വരുന്നവർക്ക് ഒരു ദിവസം മുഴുവൻ ചെലവഴിക്കുവാനുള്ളതെല്ലാം സായാജി ബാഗിൽ ഉണ്ട്.