റോഡ് മാർഗം/ ഫ്ലൈറ്റ് മാർഗം ‘ലേ’യിലേക്ക് പോകുവാൻ ആഗ്രഹിക്കുന്നവർക്കായി

വിവരണം – ജോഷ്‌ന ഷാരോൺ ജോൺസൺ.

റോഡ് മാർഗം/ ഫ്ലൈറ്റ് മാർഗം ലേയില്ലേക്ക് പോകാനുള്ള, ആഗ്രഹിക്കുന്ന കുഞ്ഞുങ്ങളെ ഇതിലെ…

ലേയിലെ സീസൺ ഏപ്രിലിൽ ആരംഭിക്കും. റോഡ് മാർഗവും ഫ്ലൈറ്റ് മാർഗവും ലേയിലേക്ക് എത്താം. റോഡ് മാർഗം ലേയിൽ എത്താൻ പ്ലാൻ ചെയ്യന്നവർക്കാണി എഴുത്ത്.

എങ്ങിനെ, എപ്പോൾ ലേയിലെത്താം?

ജൂണോടെ ശ്രീനഗറിൽ നിന്നും മണാലിയിൽ നിന്നും ലേയിലേക്കും തിരിച്ചും ഡെയിലി ബസ്സുണ്ടാകും. അതുപോലെ ഷെയർ ടാക്സിയും കിട്ടും. ബസ്സുകൾക്ക് 750 രൂപ മുതൽ ടിക്കറ്റ് ലഭ്യമാണ്. ഷെയർ ടാക്സിക്ക് 2500 മുതലാണ് നിരക്ക്. ബൈക്കിൽ വരാൻ ആഗ്രഹിക്കുന്ന സാഹസിക വീരന്മാരും വീരകളും മെയ് മാസത്തിനു ശേഷം വരുന്നതാകും നല്ലത്. അങ്ങനെ വന്നാൽ ഉണ്ടാകുന്ന ഏറ്റവും വല്യ പ്രയോജനം തടി കേടാകില്ല എന്നതുതന്നെയാണ്. ഫ്ലൈറ്റ് വഴി വരുന്നവർക്ക് മുംബൈ, ശ്രീ നഗർ, ഡൽഹി എന്നിവടങ്ങളിൽ നിന്ന് ഡയറക്ട് ഫ്ലൈറ്റ് ഉണ്ട്.

ഏപ്രിൽ, മെയ് മാസങ്ങളിൽ വരുന്നതിന്റെ പ്രധാന പ്രശ്നങ്ങളിൽ, ഒന്നാമതായി റോഡ് മോശമായിരിക്കും (റോത്താങ് പാസ്, സോജില്ല പാസ് എന്നിവ). റോഡുകളിൽ ഒരു പാളിയായി മഞ്ഞ് മൂടിനിൽക്കും. അത് ടയർ തെന്നിപ്പോകാൻ കാരണമാകും. രണ്ടാമത് കഠിനമായ തണുപ്പിൽ കൈകൾ മരയ്ക്കും. റോഡ് മോശമായിരിക്കുകയും കയ്യുകൾ മരയ്ക്കുകയും ചെയ്താൽ പിന്നെ ബാക്കി കാര്യം പറയേണ്ടല്ലോ. മെയ് പകുതിയോടുകൂടെ തണുപ്പ് നന്നായി കുറയും. ചരക്കു വണ്ടികളുൾപ്പെടെ വല്യവണ്ടികൾ കയറിയിറങ്ങി വഴി കുറച്ചുകൂടി നന്നാകും.. മൂടൽമഞ്ഞ് മാറും. അത് യാത്ര കുറച്ചുകൂടി സുഗമമാക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

സ്വന്തം കാറുകളിൽ വരുന്നവരും മുകളിൽപ്പറഞ്ഞ കാരണങ്ങൾകൊണ്ട് തന്നെ മെയ് പകുതിക്ക് ശേഷം വരുന്നതാണ് നല്ലത്. കുടുംബവുമായി സ്വന്തം വാഹനത്തിൽ വരുമ്പോൾ ഡ്രൈവിങ് അറിയാവുന്ന രണ്ടു പേരെങ്കിലും വേണം. മണാലി വഴി വരുമ്പോൾ റോഡ് മോശമാണ്. വാഹനം ഏതായാലും വർക്ഷോപ്പുകൾ കുറവാണ്. അതുകൊണ്ട് ടയർ, ബ്രേക്ക് മറ്റുള്ള കാര്യങ്ങളെല്ലാം പരിശോധിച്ചുറപ്പുവരുത്തിയതിനു ശേഷം മാത്രം വരണം. ആവശ്യത്തിന് അധികമുള്ള ഇന്ധനവും കരുതണം. പമ്പുകൾ ഉണ്ടെങ്കിലും പലപ്പോഴും ഇന്ധനം ഉണ്ടാകില്ല.

ശ്രീനഗർ വഴി വന്നാലും അവസ്ഥ ഇത് തന്നെയാണ്. ശ്രീനഗറിൽ വച്ച് തന്നെ ആവശ്യമുള്ള പരിശോധനകളൊക്കെ ചെയ്യണം. വഴിയിൽ ഇന്ധനം ലഭ്യമല്ലാത്തതിനാൽ ആവശ്യത്തിന് സ്റ്റോക്ക് ചെയ്യണം. താരതമ്യേന ശ്രീനഗർ വഴി നല്ലതാണു. മോശം വഴി സോനാമാർഗിന് ശേഷമാണു ആരംഭിക്കുന്നത്. (സോജില്ല പാസ്) അത്യാവശ്യം സൗകര്യങ്ങൾ സോനാമാർഗിൽ ലഭ്യമാണ്. സോനാമാര്ഗിന് ശേഷമുള്ള ചെക്പോസ്റ്റ് എപ്പോഴും തുറന്നിട്ടുണ്ടാകില്ല. ഏപ്രിൽ മെയ് മാസങ്ങളിൽ ദിവസത്തിൽ ഏതാനും മണിക്കൂറുകളാണ് തുറന്നിരിക്കുക. അതിനാൽ ചിലപ്പോൾ സോനാമാർഗിൽ ഒരു രാത്രി കഴിയേണ്ടിവരാം. സീസൺ സമയത്ത് വ്യക്തികൾക്ക് 350 രൂപ മുതൽ താമസസൗകര്യം ലഭ്യമാണ്. സീസൺ സമയത്ത് ഭക്ഷണവും അടുത്തുള്ള ഹോട്ടലുകളിൽ രാത്രി പതിനൊന്നു മണിവരെ ലഭിക്കും.

ശ്രീനഗർ വഴിയിലെ ഇടയിലുള്ള അവശ്യ സൗകര്യങ്ങൾ ലഭ്യമായ പ്രധാന സ്ഥലങ്ങൾ സോനാമാർഗ്, ദ്രാസ്സ്, കാർഗിൽ, സറാക്സ്, ലാമയുരു, അൽച്ചി, ഫേയ്, ഷെയ് എന്നിവയാണ്. റോത്താങ്, ഗ്രംഫു, കോഖ്സർ, സിസ്സു, കീലോങ്, ജിപ്സ, സർച്ചു, തങ്ലങ്, ഉപ്ഷി, കരു മുതലായ സൗകര്യങ്ങൾ ലഭ്യമായ പ്രധാന സ്ഥലങ്ങൾ മണാലി ലേഹ് റൂട്ടിൽ ഉള്ളത്.

വണ്ടികൾ റെന്റിനെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

മണാലി, ശ്രീനഗർ, ജമ്മു, ഡൽഹി, പഞ്ചാബ് ഇന്ത്യയിലെ മറ്റേതു സ്ഥലങ്ങളിൽ നിന്നും നിന്ന് വാഹങ്ങൾ റെന്റിനെടുത്തു വരുന്നവർ അറിഞ്ഞിരിക്കേണ്ട പ്രധാനകാര്യം.. കർതുന്ഗ്ലയിലേക്കും, ഹൈവേ അല്ലാത്ത മറ്റു റോഡുകളിലും മറ്റു സംസ്ഥാങ്ങളിലിലെ, പ്രത്യേകിച്ചും ഹിമാചൽപ്രദേശ്, ശ്രീനഗർ, ജമ്മു, ഡൽഹി, പഞ്ചാബ് റെന്റ് വാഹങ്ങൾ കടത്തിവിടില്ല എന്നതാണ്. കേരളത്തിൽ നിന്നുള്ള റെന്റ് ബൈക്കുകൾ, കാറുകൾ പ്രേതേകിച്ച് ശ്രദ്ധിക്കാറില്ല. റെന്റ് വേണ്ടിയാണെന്ന് അറിഞ്ഞാൽ ഉറപ്പായും കടത്തി വിടില്ല. പക്ഷെ മറ്റു സ്ഥലങ്ങളിലെ മഞ്ഞ ബോർഡ് കണ്ടാലും തടയും. ഇതിൽ ശ്രീനഗറും ജമ്മുവും കാർഗിലും പെടും.

ശ്രീനഗർ, ജമ്മു, ഡൽഹി, പഞ്ചാബ് മുതലായ സ്ഥലങ്ങളിൽനിന്ന് വണ്ടി റെന്റിനെടുക്കും മുൻപ് ആകെ യാത്ര ചെയ്യാനുദ്ദേശിക്കുന്ന ദിവസങ്ങളിൽ മൂന്നു ദിവസത്തെ റെന്റ് ഇളവ് ചോദിക്കുക. അല്ലെങ്കിൽ കർതുന്ഗ്ല, നുബ്ര, പാന്ഗോങ്, പോകാൻ നിങ്ങൾ ലേയിൽ മറ്റു വാഹങ്ങൾ റെന്റിനെടുക്കുമ്പോൾ സ്വാഭാവികമായും പണ നഷ്ടമുണ്ടാകും. സ്വന്തം വാഹനങ്ങൾക്ക് പ്രശ്നമില്ല. പ്രൈവറ്റ് വണ്ടിയുടെ ഓണർഷിപ് മറ്റൊരാളായാലും പ്രശ്നമില്ല.

ഭക്ഷണം.

മണാലി വഴിയാണ് വരുന്നതെങ്കിൽ വഴിയിൽ കടകൾ കുറവാണ്. ശ്രീനഗർ വഴി വന്നാലും ശ്രീനഗർ കഴിഞ്ഞാൽ കാർഗിൽ, സോനാമാർഗ് പോലുള്ള സ്ഥലങ്ങളിലൊഴിച്ചാൽ നല്ല കടകളൊന്നുമില്ല. അതുകൊണ്ടുതന്നെ റോഡ് മാർഗം വരുന്നവർ ഡ്രൈഫ്രൂട്സ്, ഫ്രൂട്സ്, ഡാർക്ക് ചോക്ലേയ്റ്റ്‌ പോലുള്ള ഭക്ഷണം കരുതുന്നത് നന്നാകും. ആപ്പിൾ, മാതളം മുതലായ പഴങ്ങൾ മണാലിയിൽ നിന്നും ശ്രീനഗറിൽനിന്നും വിലകുറച്ച് വാങ്ങാം.

വഴിയിൽ കാണുന്ന അരുവികളിലെ വെള്ളം സ്വന്തം റിസ്കിൽ കുടിക്കാമെങ്കിൽ കുടിക്കാം. വെള്ളത്തിന്റെ സാന്ദ്രതയും അധികമുള്ള മിനെറൽസും ഫുഡ് പോയ്സൺ, വയറിളക്കം, പണി എന്നിവയ്ക്ക് കാരണമായേക്കാം. ഒരു ദിവസം ഒരാൾ ഏറ്റവും കുറഞ്ഞത് രണ്ടു ലിറ്റർ വെള്ളമെങ്കിലും സാധാരണഗതിയിൽ കുടിക്കുന്നതിൽ നിന്നും അധികം കുടിക്കുക. ചെറിയ പെട്ടിക്കടകളിൽ പോലും ഒന്നിനും രണ്ടിനുമെല്ലാം സൗകര്യം കാണും. അതുകൊണ്ട് മറ്റു പേടികൾ വേണ്ട.

ഫ്ലൈറ്റിൽ വരുന്നവർ നന്നായി വെള്ളം കുടിച്ചാൽ ലേയിൽ എത്തുമ്പോൾ ആദ്യ ദിവസം പൊതുവെ ഉണ്ടാകുന്ന തലവേദന, ഛർദ്ദി തുടങ്ങിയ ബുദ്ധിമുട്ടുകൾ ഒഴിവാക്കാം. എന്നാൽ റോഡ് മാർഗം വരുന്നവർ താരതമ്യേന വേഗത്തിൽ അക്ലമൈടൈസ് ആകാറുണ്ട്.

സ്ത്രീകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ഏതു മോഡ് ഓഫ് യാത്രയായാലും സ്ത്രീകൾ സാനിറ്ററി പാഡ് മുൻകൂട്ടി കരുതണം. ദുഷ്കരമായ യാത്രയും കാലാവസ്ഥയിലെ മാറ്റവും നേരത്തെയുള്ള പീരീഡ്‌സിന് കാരണമാകാം. പ്രേത്യേകിച്ചും റോഡ് മാർഗം വരുന്നവർ. വഴിയിൽ മണിക്കൂറുകളോളം കടകളൊന്നും കാണില്ല. അത്തരം അവസ്ഥകളെ മുൻനിർത്തി ക്‌ളീനിംഗ് വൈപ്സും കരുതാം. ചിലപ്പോഴൊക്കെ വെള്ളം കിട്ടാനുള്ള ബുദ്ധിമുട്ടും, വെള്ളത്തിന്റെ തണുപ്പുമാണ് കാരണം. ബ്ലീഡിങ് ഉള്ളപ്പോൾ നന്നായി വെള്ളം കുടിക്കണം. ഇല്ലെങ്കിൽ പണി കിട്ടും. (അനുഭവം ഗുരു) കൃത്യമായി പാഡ് മാറ്റി ഇൻഫെക്ഷൻ ആകാതെ നോക്കണം. സാനിറ്റൈസർ ഉപയോഗിക്കണം.

വസ്ത്രങ്ങൾ.

സോക്സും, ഗ്ലൗസും, ഷൂസുമൊക്കെ കേരളത്തിലെ കാലാവസ്ഥക്ക് പലപ്പോഴും ആവശ്യമല്ല. പക്ഷെ ലേയിൽ അത് അത്യാവശ്യമാണ്. തണുപ്പുമാത്രമല്ല കാരണം. വരണ്ട ഈർപ്പരഹിതമായ വായുവും ലേയെ മറ്റുള്ള തണുപ്പുള്ള സ്ഥലങ്ങളിൽനിന്ന് വ്യസ്ത്യസ്തമാക്കുന്നു. അത് തൊലി വരണ്ടതാക്കും (അനുഭവം പിന്നേം ഗുരു). മാർച്ച്, ഏപ്രിൽ, മെയ്, സെപ്റ്റംബർ, ഒക്ടോബർ, നവംബറിൽ മാസങ്ങളിൽ തെർമൽ ഇന്നേഴ്സ് കൊണ്ടുവരണം. ബൈക്ക് റൈഡേഴ്‌സ് തീർച്ചയായും ഇവയെല്ലാം കരുതിയിരിക്കണം. തണുപ്പ് ശീലമില്ലാത്ത മറ്റെല്ലാവരും, റോഡ് മാർഗമായാലും ഫ്ലൈറ്റ് മാർഗമായാലും തെർമൽ വിയർ, ഓവർ കോട്ട് എന്നിവ കരുതണം. കൂളിംഗ് ഗ്ലാസ് തീർച്ചയായും കരുതണം. മണാലി മുതലങ്ങോട്ട് വെളിച്ചം കൂടുതലാണ്. കൂളിംഗ് ഗ്ലാസ് കാഴ്ചകൾ എളുപ്പമാക്കും.

പെർമിറ്റുകൾ.

മണാലിയിൽ നിന്ന് വരുമ്പോൾ റോത്താങ് പാസ് കയറാൻ പെര്മിറ്റ് ആവശ്യമാണ്. വാഹനങ്ങൾക്കാണ് പെര്മിറ്റ്. സ്വന്തം വാഹനങ്ങളാകുമ്പോൾ സ്വയമെടുക്കേണ്ടി വരും. റെന്റ് വാഹങ്ങൾക്ക് അവർ സഹായിക്കും. ആർടിപിസിആർ നെഗറ്റീവ് റിപ്പോർട്ട് കയ്യിൽ വേണം. അല്ലെങ്കിൽ 20 ദിവസം മുന്പെടുത്ത വാക്സിൻ കൺഫെർമേഷനും വേണം. ലേയിൽ മാന്യമായ എന്താവശ്യങ്ങൾക്കും വിളിക്കാം 8848392395.