നന്ദി ആർ.പി.എഫ് !! ട്രെയിൻ യാത്രയ്ക്കിടെ നഷ്ടമായ ഫോൺ തിരികെ ലഭിച്ചത് ഇങ്ങനെ…

ബസ്സുകളിൽ എന്തെങ്കിലും മറന്നുവെച്ചാൽ ചിലപ്പോൾ അതിലെ ജീവനക്കാരുടെ സഹകരണത്താൽ അത് തിരികെ കിട്ടിയേക്കാം. എന്നാൽ ഇത്തരത്തിൽ സാധനങ്ങൾ നഷ്ടപ്പെടുന്നത് ട്രെയിനിൽ ആണെങ്കിലോ? പലതരത്തിലുള്ള ആളുകൾ യാത്ര ചെയ്യുന്ന ട്രെയിനുകളിൽ എന്തെങ്കിലും കളഞ്ഞു പോയാൽ അത് തിരികെ ലഭിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇതിനായി റെയിൽവേ പോലീസിനെ ബന്ധപ്പെട്ടാലും ചിലപ്പോൾ നഷ്ടമായവ തിരികെ കിട്ടണമെന്നില്ല. എന്നാൽ ഈ മുൻധാരണകളെയെല്ലാം പൊളിച്ചടക്കുന്ന തരത്തിൽ തനിക്ക് സംഭവിച്ച അനുഭവം സോഷ്യൽ മീഡിയയിലൂടെ പുറംലോകത്തെ അറിയിക്കുകയാണ് അധ്യാപകനായ ജെയിംസ് സി. ജോസഫ്. ട്രെയിൻ യാത്രയ്ക്കിടെ തൻ്റെ മകന്റെ കൈയിൽ നിന്നും നഷ്ടപ്പെട്ട ഫോൺ തിരികെ ലഭിച്ച കഥയാണ് അദ്ദേഹത്തിനു പറയുവാനുള്ളത്. അദ്ദേഹത്തിൻ്റെ ആ കുറിപ്പ് നമുക്കൊന്നു വായിക്കാം.

“സ്കൂൾ അടച്ചതിനാൽ പതിവുപോലെ ചെങ്ങന്നൂരിലെ ഭാര്യ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു ഇന്നലെ. രാവിലെ 05:10 നു ളള ജനശതാബ്ദി എക്സ്പ്രസിൽ A/C ചെയർകാർ ബുക്ക് ചെയ്തിരുന്നുവെങ്കിലും വെയിറ്റിംങ് ലിസ്റ്റ് ആയതിനാൽ സെക്കന്റ് ക്ലാസ് സീറ്റ് കൂടി റിസർവ്വ് ചെയ്തിരുന്നു. തലേന്ന് രാത്രി നോക്കിയപ്പോൾ WL: 02. എന്നാൽ രാവിലെ അത് ക്യാൻസൽ ചെയ്ത് സെക്കന്റ് സിറ്റിങിൽ തന്നെ പോകേണ്ടി വരുമോ എന്ന് സംശയിച്ചു. എങ്കിലും രാവിലെ ആയപ്പോൾ ടിക്കറ്റ് OK ആയി. C1 കോച്ചിൽ 67,68,69 നമ്പറുകളിൽ യാത്ര തുടർന്നു. മകനായ ജയിസിനു ജനാല സീറ്റു വേണ്ടതിനാൽ 69 ൽ അവനും 68 ൽ ഭാര്യ സജിനിയും ഇരുന്നു. ഇപ്പുറത്തുള്ള മൂന്ന് സീറ്റിൽ വഴിയരികിലുള്ള 69 ൽ ഞാനും.

11:20 ന് എത്തേണ്ടുന്ന ട്രെയിൻ അധികം വൈകാത്തെ ചെങ്ങന്നൂരിൽ എത്തി. വീട്ടിൽ എത്തി ഭക്ഷണം കഴിച്ചു വിശ്രമിക്കാൻ ഇരുന്നപ്പോൾ ജയിസ് മോൻ അവന്റെ മമ്മിയോട് ചോദിച്ചു അവന്റെ കൈയ്യിലുള്ള ഫോൺ എവിടെ എന്ന്. വീട്ടിൽ wifi ഉപയോഗിച്ച് മാത്രം നോക്കുന്ന ഫോൺ ആയതിനാൽ അതിൽ SlM ഇല്ലാത്തതിനാൽ വിളിച്ചു നോക്കാനും പറ്റില്ല. അവൻ പെട്ടെന്ന് ഓർമ്മിച്ചു പറഞ്ഞു “അയ്യോ ഞാൻ ഫോൺ ട്രെയിനിൽ വെച്ചു മറന്നു”. എന്തു ചെയ്യാൻ പറ്റും. ഫോൺ നഷ്ടപ്പെട്ടുവെന്ന് തന്നെ കരുതി. അവനെ ഒന്നും പറഞ്ഞില്ല. പറയാത്തത് കൊണ്ടോ, യാത്ര പോകുമ്പോൾ ഫോൺ എടുക്കരുത് എന്ന് ഞാൻ പറഞ്ഞത് കൊണ്ടോ, എന്തോ താൻ മൂലമാണ് നഷ്ടം സംഭവിച്ചത് എന്ന സങ്കടം കൊണ്ടോ അവൻ വല്ലാതെ ഉച്ചത്തിൽ കരയാൻ തുടങ്ങി. അവന്റെ കരച്ചിൽ കേട്ടപ്പോൾ ആണ് ഫോൺ വീണ്ടെടുക്കണമെന്ന് ഞാൻ ചിന്തിച്ചു തുടങ്ങിയത്. അപ്പോഴേക്കും സമയം 02:45.

പെട്ടെന്നാണ് RPF മംഗലാപുരം സബ്ബ് ഇൻസ്പെക്റ്റർ പ്രിയ സുഹൃത്ത് Intish VP നെ വിളിച്ചാലോ എന്ന് ഓർമ്മ വന്നത്. അവൻ ഉടനെ തന്നെ 182 എന്ന നമ്പറിൽ വിളിച്ചു പറയാൻ പറഞ്ഞു. കൂട്ടത്തിൽ ഇന്റീഷും കൂടി അതിനെ അന്വേഷിക്കാൻ വേണ്ട കാര്യങ്ങൾ ക്രമീകരിക്കാം എന്ന് പറഞ്ഞു. 182 വിളിക്കുമ്പോൾ ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. കമ്പ്യൂട്ടറിനോട് സംസാരിക്കേണ്ടി വരുമെന്നാണ് കരുതിയത്. എന്നാൽ ഫോൺ എടുത്ത ഉദ്യോഗസ്ഥൻ പറഞ്ഞു “സാറെ ജനശതാബ്ദി ദാണ്ടേ മടങ്ങി പോകാൻ സമയമായി. സാറിന്റെ നമ്പർ തരൂ. ഞാൻ അന്വേഷിച്ചിട്ടു തിരിച്ചു വിളിക്കാമെന്ന് “. പണ്ട് കാറിന്റെ സ്റ്റീരിയോ മോഷണം പോയപ്പോൾ പരാതി കൊടുത്തപ്പോൾ പിന്നെ വിളിക്കാമെന്ന് പറഞ്ഞ പോലീസ് രണ്ടര കൊല്ലം കഴിഞ്ഞിട്ടും ഇതു വരെ വിളിച്ചിട്ടില്ല. അതു കൊണ്ട് തന്നെ വലിയ പ്രതീക്ഷയൊന്നും വെച്ചില്ല.

എന്നാൽ കൃത്യം ഇരുപത് മിനിട്ട് കഴിഞ്ഞപ്പോൾ ഒരു കോൾ എടുത്തപ്പോൾ RPF ൽ നിന്നും “സാറെ ട്രെയിനിൽ നിന്നും ഒരു ഫോൺ കിട്ടിയെന്ന് പറഞ്ഞിട്ടുണ്ട്. സാർ പറഞ്ഞ തെളിവുകൾ വെച്ചു നോക്കിയപ്പോൾ സാറിന്റെ ഫോൺ തന്നെയാണ് എന്ന് തോന്നുന്നു”. അര മണിക്കൂർ കഴിഞ്ഞ് വിളിച്ചു ഉറപ്പാക്കാൻ വേണ്ടി RPF ഇൻസ്പെക്റ്ററുടെ കാര്യാലയത്തിന്റെ നമ്പറും തന്നു. കൃത്യം മൂന്നര മണിക്ക് വിളിച്ചപ്പോൾ ഫോൺ ഓഫീസിൽ എത്തിച്ചിട്ടുണ്ട് എന്നും ഇപ്പോൾ തന്നെ വന്നു വാങ്ങിച്ചു കൊള്ളൂ എന്നും പറഞ്ഞു. രാവിലെ തന്നെ യാത്ര പുറപ്പെട്ടതിനാലും ഉടനെ തിരുവനന്തപുരത്ത് എത്തി ഫോൺ വാങ്ങി മടങ്ങുക അസാധ്യമല്ലാത്തതിനാൽ നാളെ വന്നാൽ പോരെ എന്നു ചോദിച്ചപ്പോൾ. “തീർച്ചയായും നാളെ എപ്പോൾ വേണമെങ്കിലും വന്നു വാങ്ങിക്കോളു” എന്ന് പറഞ്ഞു.

ഇന്ന് രാവിലെ ഫോൺ വാങ്ങാൻ ചെന്നു. ഉടമ ഞാൻ തന്നെയല്ലേ എന്നു പരിശോധിച്ചു. ഐഡന്റി കാർഡിന്റെ കോപ്പിയും വാങ്ങിച്ചു, ഫോൺ തിരികെ ലഭിച്ചു എന്നൊരു കത്തും എഴുതി വാങ്ങിച്ചിട്ടു അവർ ഫോൺ തിരികെ തന്നു. തരുന്ന നേരത്ത് ഫോൺ തരുന്നതിന്റെ ചിത്രവും അവർ പകർത്തി. അത് രേഖയിൽ വെക്കാനാണത്രേ..
ഏതായാലും റെയിൽവേ പോലീസിന്റെ കൃത്യനിർവ്വഹണത്തിന്നൊരു ബിഗ് സല്യൂട്ട്.”