എം.എ യൂസഫലി : തൃശ്ശൂരിലെ നാട്ടികയിൽ നിന്നും ഗൾഫ് കീഴടക്കിയ സംരംഭകൻ

ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലും ജീവിതവും തേടി പോകുന്ന മലയാളികള്‍ കാണുന്ന സ്വപ്‌നങ്ങളില്‍ എം.എ യൂസഫലിയുടെ വിജയകഥയ്ക്കാണ് ഏറ്റവും തിളക്കം. എന്തും സാധ്യമാണ് എന്ന് വിശ്വസിപ്പിക്കുന്ന ഒരു കഥ. എത്ര ചെറിയ തൊഴിലില്‍നിന്നും ഒരു വന്‍കിട ബിസിനസ് കെട്ടിപ്പടുക്കാം എന്ന് തെളിയിക്കുന്ന ജീവിതകഥ.

കേരളത്തിലെ യുവതലമുറയ്ക്കിടയിലും യൂസഫലി ഒരു ആരാധ്യ സംരംഭകനായി മാറിയത് ഈ വിസ്മയിപ്പിക്കുന്ന വിജയത്തിന്റെ തുടര്‍ച്ചയാണ്. ആരാധനയ്ക്കും അതിശയോക്തികള്‍ക്കും അപ്പുറം വളര്‍ന്നുകഴിഞ്ഞു, യൂസഫലി എന്ന മലയാളി വ്യവസായി. ലോകത്തിലെ ഏറ്റവും സമ്പന്നനായ മലയാളിയെന്നും പശ്ചിമേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യാക്കാരനെന്നുമുള്ള വിശേഷണങ്ങളില്‍ ഒതുങ്ങുന്നതല്ല ഈ ജീവിതം.

തൃശൂര്‍ ജില്ലയിലെ നാട്ടിക എന്ന തീരദേശഗ്രാമത്തില്‍ ജനിച്ച യൂസഫലിക്ക് കണ്ട് പരിചയമുള്ള തൊഴില്‍ കച്ചവടം തന്നെയായിരുന്നു. പിതാവായ എം.കെ അബ്ദുള്‍ ഖാദര്‍ ഹാജിയും അദ്ദേഹത്തിന്റെ പിതാവ് കുഞ്ഞഹമ്മു ഹാജിയും സഹോദരങ്ങളുമെല്ലാം ചെയ്തിരുന്നതും ബിസിനസ് തന്നെ. ഗുജറാത്ത് വരെ നീണ്ടിരുന്നു ഈ കൊച്ചു കുടുംബ ബിസിനസിന്റെ ശാഖകള്‍. പത്താം ക്ലാസ് കഴിഞ്ഞതോടെ പഠിക്കാനും ബിസിനസില്‍ സഹായിക്കാനുമായി യൂസഫലിയും ഗുജറാത്തിലേക്ക് തിരിച്ചു. കച്ചവടത്തില്‍ സഹായിക്കുന്നതോടൊപ്പം ഒരു ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ഒരു ഡിപ്ലോമയും കരസ്ഥമാക്കി യൂസഫലി.

അവസരങ്ങള്‍ യൂസഫലിയെ കാത്തിരുന്നത് അബുദാബിയിലായിരുന്നു. പിതൃസഹോദരനായ എം. കെ അബ്ദുള്ള തുടങ്ങിയ എം..കെ സ്‌റ്റോറില്‍ ചേരാനായി ബോംബെയില്‍ നിന്ന് യാത്ര തിരിക്കുമ്പോള്‍ ആരും കരുതിയില്ല അതൊരു ചരിത്രം സൃഷ്ടിക്കുമെന്ന്. യൂസഫലിക്ക് അന്ന് വയസ് 19. 2014 ല്‍ തന്റെ 59-ാം വയസില്‍ 35,000 കോടിയുടെ വിറ്റുവരവുള്ള ഒരു കമ്പനിയുടെ മേധാവിയാകാനുള്ള തുടക്കം.

കപ്പലില്‍ കയറി ദിവസങ്ങളോളം കഷ്ടപ്പെട്ട് കടലുകള്‍ താണ്ടി ദുബായിലെത്തിയപ്പോഴോ, തീപോലെ പൊള്ളുന്ന മരുഭൂമി മാത്രം.വൈദ്യുതി, റോഡ്, കുടിവെള്ളം, സീവേജ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത കാലം. അസഹ്യമായ ചൂട് കാരണം രാത്രിയില്‍ കെട്ടിടത്തിന്റെ മുകളിലായിരുന്നു കിടക്കാറുള്ളത്. അവിടെ നിന്നാണ് ഇതെല്ലാം ഉണ്ടാക്കിയത്. കഴിഞ്ഞ തലമുറയില്‍, കേരളത്തില്‍ നിന്ന് ഗള്‍ഫ് നാടുകളിലെത്തി അധ്വാനിച്ച് വിജയം കണ്ടെത്തിയവര്‍ക്കെല്ലാം മക്കളോടും പേരക്കുട്ടികളോടും നാട്ടുകാരോടും ഒക്കെ പറയാന്‍ ഇങ്ങനെയൊരു കഥയുണ്ടാകും. യൂസഫലി എന്ന യുവാവ് നേരിട്ട പ്രശ്‌നങ്ങളും സമാനമായിരുന്നു. പക്ഷേ, തന്റെ സഹയാത്രികരില്‍ നിന്നും വ്യത്യസ്തമായി, ദശാബ്ദങ്ങള്‍ കഴിഞ്ഞിട്ടും യൂസഫലിയുടെ സാമ്രാജ്യം വികസിച്ചു കൊണ്ടേയിരിക്കുന്നു.

മറ്റ് കമ്പനികള്‍ ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളാണ് എം.കെ സ്‌റ്റോഴ്‌സ് വിറ്റിരുന്നതില്‍ ഏറെയും. എങ്കില്‍ പിന്നെ ഇത് നമുക്ക് ചെയ്തുകൂടേ എന്നായി യൂസഫലിയുടെ ചിന്ത. ജനങ്ങളുടെ ജീവിതശൈലി പതിയെ മാറുന്നത് മനസിലാക്കിയ യൂസഫലി ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി ചെറിയ തോതില്‍ ചെയ്യാന്‍ തുടങ്ങി. അടിസ്ഥാന സൗകര്യങ്ങള്‍ വികസിച്ചതോടെ ശീതീകരിച്ച ഭക്ഷ്യവസ്തുക്കളും ഉള്‍പ്പെടുത്തി. മറ്റ് കച്ചവട സ്ഥാപനങ്ങളില്‍ വിതരണം ചെയ്യാനും തുടങ്ങി.

1983ലെ വിദേശയാത്രയാണ് യൂസഫലിയുടെ ചിന്തകള്‍ക്ക് തീകൊളുത്തിയത്. ഹോങ്കോങും ഓസ്‌ട്രേലിയയും സന്ദര്‍ശിച്ച് സിംഗപ്പൂര്‍ വഴി തിരിച്ചുവരുമ്പോള്‍ അവിടത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ മുസ്തഫ സെന്റര്‍ സന്ദര്‍ശിച്ചപ്പോഴാണ് ഇതുപോലെ തനിക്കും സാധിക്കുമോ എന്ന ചിന്ത യൂസഫലിയുടെ മനസിലുടക്കിയത്. സൂപ്പര്‍മാര്‍ക്കറ്റ് എന്ന ആശയം. ഗള്‍ഫ് നാടുകളില്‍ അന്ന് തികച്ചും അന്യമായിരുന്ന ഒരു ഐഡിയ.

അബുദാബിയിലെ ഏറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റായ എമിറേറ്റ്‌സ് ജനറല്‍ മാര്‍ക്കറ്റ് തുടങ്ങാന്‍ യൂസഫലി തെരഞ്ഞെടുത്ത സമയം, പക്ഷേ, എല്ലാ ബിസിനസ് നിയമങ്ങള്‍ക്കും വിരുദ്ധമായിരുന്നു. ഗള്‍ഫ് യുദ്ധം മൂര്‍ദ്ധന്യത്തില്‍ എത്തി നില്‍ക്കുന്ന കാലം. യുദ്ധകാലത്ത് എല്ലാവരും ഗള്‍ഫിലെ ബിസിനസ് ഉപേക്ഷിക്കുമ്പോള്‍ ഒരു വിദേശി ഒരു വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയത് വാര്‍ത്തയായി. തങ്ങളുടെ രാജ്യത്ത് നിക്ഷേപം നടത്താന്‍ തയ്യാറായ യൂസഫലിക്ക് അബുദാബിയുടെ ഭരണകര്‍ത്താക്കളായ അല്‍ നഹ്‌യാന്‍ കുടുംബം

നഗരത്തിന്റെ ഹൃദയഭാഗത്ത് 28 ഏക്കര്‍ സ്ഥലം സ്വന്തമായി വീട്‌വയ്ക്കാന്‍ നല്‍കി. ഇതോടൊപ്പം അനുവദിച്ച സ്ഥലത്താണ് 600 കോടി രൂപ മുടക്കി മുഷ്‌റിഫ് മാള്‍ യൂസഫലി നിര്‍മിച്ചത്. 2014ല്‍ അന്താരാഷ്ട്ര ഏജന്‍സികളുടെ കണക്കില്‍, ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന റീട്ടെയ്ല്‍ കമ്പനികളുടെ ലിസ്റ്റില്‍ 11-ാം സ്ഥാനം. 31 രാജ്യങ്ങളിലായി 110 സ്‌റ്റോറുകള്‍. ദിവസംതോറും വളരുന്ന കമ്പനിയുടെ കീഴില്‍ ഹോട്ടലുകളും ഫ്‌ളൈറ്റ് കിച്ചണുകളും കണ്‍വന്‍ഷന്‍ സെന്ററുകളും തുടങ്ങി പല സ്ഥാപനങ്ങള്‍. 30,000-ലേറെ വരുന്ന തൊഴിലാളികളില്‍ 23,000 ത്തിലധികം മലയാളികള്‍. കമ്പനിയുടെ വരുമാനത്തിന്റെ 60 ശതമാനത്തിലേറെ വരുന്നത് റീട്ടെയ്‌ലില്‍ നിന്നുതന്നെ.

2022 ആകുമ്പോഴേയ്ക്കും 10 ബില്യണ്‍ ഡോളര്‍ അതായത് 60,000 കോടി രൂപ എന്ന മാജിക് നമ്പര്‍ സ്വന്തമാക്കാനാണ് യൂസഫലിയുടെയും കൂട്ടരുടെയും ശ്രമം. കൂടുതല്‍ രാജ്യങ്ങളിലേക്ക് ലുലുവിന്റെ സാന്നിധ്യം എത്തിക്കുന്നതിന്റെ കാരണവും ഇതുതന്നെ. ഗള്‍ഫിനൊപ്പം ഇന്ത്യയും മലേഷ്യയും ഇനി ലുലുവിന്റെ പ്രധാന കേന്ദ്രങ്ങളായിരിക്കും. വര്‍ഷങ്ങള്‍ക്കിപ്പുറം, ലുലു ഗ്രൂപ്പ് എന്ന വമ്പന്‍ പ്രസ്ഥാനത്തിന്റെ തലവനായപ്പോള്‍ യൂസഫലിക്ക് ഒരു പേര് കിട്ടി – കേരളത്തിന്റെ ധിരുബായ് അംബാനി.

ഇനിയും കൂടുതല്‍ സ്ഥാപനങ്ങള്‍, കൂടുതല്‍ രാജ്യങ്ങള്‍ എന്ന് ചിന്തിക്കുന്ന യൂസഫലിക്ക് മുമ്പില്‍ ഇപ്പോള്‍ ഇന്ത്യ ഒരു വലിയ ആകര്‍ഷണമാണ്. 500 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 30 ലക്ഷം കോടി രൂപ) റീട്ടെയില്‍ വിപണിയുള്ള ഒരു രാജ്യത്തില്‍ ലുലുഗ്രൂപ്പ് എത്തിയില്ലെങ്കിലല്ലേ അതിശയിക്കേണ്ടതുള്ളു. കേരളത്തിനു വേണ്ടി നിങ്ങള്‍ എന്തുകൊണ്ട് കേരളത്തില്‍ നിക്ഷേപിക്കുന്നില്ല ചോദ്യത്തിനുള്ള ഉത്തരങ്ങളാണ് കൊച്ചിയിലെ ലുലുമാള്‍, തൃശൂരിലെ ലുലു കണ്‍വന്‍ഷന്‍ സെന്റര്‍, മാരിയറ്റ് ഹോട്ടല്‍ എന്നിവയെല്ലാം

കേരളത്തിലെ ഏറ്റവും വലിയ പഞ്ചനക്ഷത്ര ഹോട്ടലായ മാരിയറ്റ്, കൊച്ചി ലുലു മാളിനോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. ഹോട്ടല്‍ വ്യവസായരംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ലുലു ഗ്രൂപ്പ്, നെടുമ്പാശ്ശേരി അബാദ് ഹോട്ടലും ഏറ്റെടുത്തു. 4000 ആളുകള്‍ക്ക് തൊഴില്‍ നല്‍കും എന്ന് ഉറപ്പുള്ള ബോള്‍ഗാട്ടി കണ്‍വന്‍ഷന്‍ സെന്റര്‍ പദ്ധതി വിവാദച്ചുഴിയില്‍ പെട്ടെങ്കിലും കേരളത്തില്‍ ഇനിയും പുതിയ പദ്ധതികള്‍ പ്ലാന്‍ ചെയ്യുന്നു യൂസഫലി. ഈ സ്ഥാപനങ്ങളെക്കാളേറെ കേരളം ഉറ്റുനോക്കുന്നത് സംസ്ഥാനത്തിന്റെ വികസനപദ്ധതികളില്‍ യൂസഫലി വഹിക്കുന്ന പങ്കാണ്. വന്‍തോതില്‍ വിദേശനിക്ഷേപം ആവശ്യമുള്ള വന്‍കിട പദ്ധതികള്‍ കേരളത്തിന് കൈമോശം വരാതിരിക്കാന്‍ യൂസഫലി ശ്രദ്ധിക്കുന്നു എന്നത് ശ്രദ്ധേയം.

വാള്‍സ്ട്രീറ്റ് ജേണലിന്റെ കണക്ക് അനുസരിച്ച് യൂഎഇയില്‍ ഏറ്റവും സ്വാധീനമുള്ള രാജകുടുംബാംഗമല്ലാത്ത ഒരേയൊരു ഇന്ത്യക്കാരന്‍ ഈ വ്യവസായിയാണ്. ബഹ്‌റിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ദി കിംഗ് യൂസഫലിക്ക് ലഭിച്ചു. ഈ ഉന്നതാംഗീകാരം ലഭിക്കുന്ന ആദ്യ വിദേശിയാണ് യൂസഫലി.

പുതിയ പദ്ധതികളില്‍ നിക്ഷേപിക്കുന്നതോടൊപ്പം കേരളത്തിലെ ബാങ്കുകളില്‍ ഷെയറുകള്‍ വാങ്ങിക്കൂട്ടാനും യൂസഫലി ശ്രദ്ധിച്ചു. കേരളത്തില്‍ ഐ.റ്റി – ലോജിസ്റ്റിക്‌സ് മേഖലകളില്‍ കൂടുതലായി നിക്ഷേപം നടത്താനാണ് ഈ വ്യവസായിയുടെ പദ്ധതി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ മൂന്ന് നഗരങ്ങളിലായി 3000 കോടി രൂപയുടെ വികസന പദ്ധതികളാണ് ലക്ഷ്യമിടുന്നത്.പുതിയ സംരംഭകരെ പ്രോല്‍സാഹിപ്പിക്കാനായി 2 കോടി രൂപയുടെ ഫണ്ടും യൂസഫലി പ്രഖ്യാപിച്ചിട്ടുണ്ട്.

റിസ്‌കുകള്‍ ഏറ്റെടുക്കാന്‍ മടി കാണിച്ചില്ല എന്നതാണ് യൂസഫലിയുടെ വിജയരഹസ്യമായി പലരും ചൂണ്ടിക്കാണിക്കുന്നത്. ഗള്‍ഫില്‍ സൂപ്പര്‍മാര്‍ക്കറ്റുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളും തുടങ്ങിയതു മുതല്‍ കേരളത്തില്‍ നിക്ഷേപം നടത്തിയതുവരെ. വെല്ലുവിളികളെ നേരിട്ട് വിജയം കൊയ്തതിന്റെ ഏറ്റവും മികച്ച ഉദാഹരണമാകുന്നു ഈ വ്യവസായി. ഇന്ത്യയുടെ വ്യവസായ രംഗത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് പ്രവാസി ഭാരതീയ സമ്മാന്‍ അദ്ദേഹത്തെ തേടിവന്നതില്‍ അല്‍ഭുതപ്പെടാനുണ്ടോ? പത്മശ്രീയും സ്വിസ് അംബാസഡറുടെ അവാര്‍ഡും ഉള്‍പ്പെടെ അംഗീകാരങ്ങള്‍ ഒട്ടേറെ. ഫോബ്‌സിന്റെ ബില്ല്യണയര്‍ ലിസ്റ്റില്‍ സ്ഥിരം സ്ഥാനമുള്ള യൂസഫലി, മുകേഷ് അംബാനിക്കൊപ്പം വായിക്കാവുന്ന ഒരു മലയാളി പേരാണ്.

പത്മശ്രീ, പ്രവാസി ഭാരതീയ സമ്മാൻ തുടങ്ങിയ പുരസ്‌ക്കാരങ്ങൾ നേടിയ യൂസഫലി പ്രധാനമന്ത്രിയുടെ അന്തർദേശീയ ഉപദേശക സമിതി അംഗം, ഇന്ത്യൻ വികസന സമിതി രക്ഷാധികാരി, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഡയറക്ടർ, നോർക്ക റൂട്ട്സ് ഡയറക്ടർ ബോർഡ് അംഗം, എയർ ഇന്ത്യയുടെ സ്വതന്ത്ര ചുമതലയുള്ള ഡയറക്ടർ, അബൂദാബി ചേംബർ ഓഫ് കൊമേഴ്സ്‌ ആൻഡ്‌ ഇൻഡസ്ട്രി ഡയറക്ടർ ബോർഡ്‌ അംഗം തുടങ്ങിയ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്.

യൂസഫലിയുടെ ബിസിനസ്സ്, ചാരിറ്റി തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണയുമായി ഭാര്യ സാബിറയുണ്ട്. മൂന്ന് പെണ്‍മക്കളും – ഷബീന, ഷഫീന, ഷിഫ. മരുമക്കളായ ഡോ. ഷംഷീര്‍, അദീബ് അഹമ്മദ്, ഷാരുണ്‍ എന്നിവര്‍ വ്യത്യസ്ത ബിസിനസുകളിലാണ്. ഒമ്പത് പേരക്കുട്ടികളുണ്ട് യൂസഫലിക്ക്. ഇനി എന്താണ് അടുത്ത പദ്ധതി എന്ന ചോദ്യത്തിന് പ്രസക്തിയില്ല. യൂസഫലിയുടെ മനസില്‍ പ്ലാനുകള്‍ ധാരാളം. ആഗോള വ്യവസായരംഗത്തെത്തന്നെ അതിശയിപ്പിക്കുന്ന ഒരു പദ്ധതിയാകാം ഇനി ഈ നാട്ടികക്കാരന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പോകുന്നത്.

Source – yourstory, Dhanam Business Magazine.