മാടായിപ്പാറ; കണ്ണൂരിൻ്റെ ഹൃദയഭാഗത്തെ തൊട്ടറിഞ്ഞ യാത്ര

വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ.

അഴീക്കോട് നിന്ന് ഏകദേശം രാത്രി പതിനൊന്ന് മണി കഴിഞ്ഞ് കാണും Jaseer Hamsu ഇക്കയ്ക്ക് ഒപ്പം കണ്ണപുരം എത്തി ചേർന്നപ്പോൾ , കാകു നാളെ ആദ്യത്തെ യാത്ര എങ്ങോട്ടാണ് ? ഇക്കാന്റെ മറുപടി ഉടനടി എന്റെ കാതുകളിൽ എത്തി “മാടായിപ്പാറ.”

പൂക്കളുടെ മലമേട് , ചിത്രശലഭങ്ങളുടെ പറുദീസ , വടുകുന്ദ ശിവക്ഷേത്രം, ഒരിക്കലും വറ്റാത്ത ക്ഷേത്ര തടാകം, പൂരക്കളിയുടെ നാട് എന്നീ വിശേഷണങ്ങളാൽ പ്രസിദ്ധമാണിവിടം പിന്നെ അഖി നീ പഴശ്ശി രാജ സിനിമ കണ്ടതല്ലേ അതിന്റെ ഷൂട്ടിങ് ലൊകേഷൻ ഇവിടെയായിരുന്നു .

മാടായിപ്പാറ മാത്രമാണ് ഇപ്പോൾ മനസ്സിൽ പെട്ടെന്ന് നേരം പുലരണമെന്ന പ്രാർത്ഥന മാത്രം. എന്റെ ജീവനേ ഈ ഭൂമിയിലുള്ളു ആത്മാവ് യാത്രയിലാണ്. പാതിരാ കോഴി എവിടെയോ കൂകുന്ന ശബ്ദം കേൾക്കുന്നു മെലേ കണ്ണുകൾ അടഞ്ഞ് നിദ്രയിലേക്ക് പോകുമ്പോഴും മനസ്സ് ഉറക്കത്തിന് തയ്യാറാക്കുന്നില്ല മനസ്സ് മുഴുവൻ യാത്രകൾ മാത്രം.

എങ്ങനെയോ ഇരുട്ടി വെളിപ്പിച്ചു കാകുവിനൊപ്പം 600 ഏക്കറിലെ ചരിത്ര – പ്രകൃതി വൈവിധ്യം നിറഞ്ഞ മാടായിപ്പാറയിലേക്ക് യാത്ര തുടങ്ങി. കണ്ണൂർ ജില്ലയിൽ പഴയങ്ങാടിയിലാണ് മാടായിപ്പാറ എന്ന ഈ ചരിത്ര പ്രാധാനമേറിയ സ്ഥലം സ്ഥിതി ചെയ്യുന്നത്.

അങ്ങനെ ഞങ്ങൾ പാറ മുകളിൽ എത്തി ചേർന്നു വേനൽക്കാലമായതിനാലാവാം എന്റെ കണ്ണിലും മനസ്സിലും ഞാൻ ഒരു മരുഭൂമിയിൽ ആണോ എത്തിപ്പെട്ടിരിക്കുന്നത് എന്ന് ഒരു തോന്നൽ. അതി കഠിനമായ വേനൽ ചൂട് ശക്തമായി എന്റെ ശരീരമാകെ തുളച്ച് കയറി പോകുന്നു. കണ്ണെത്താ ദൂരത്തോളം പുല്ലുകൾ കൊണ്ട് നിറഞ്ഞ വരണ്ട് ഉണങ്ങിയ മാടായിപ്പാറ.

ഏയ് കാകു എന്നെ പറ്റിക്കുകയായിരുന്നുവോ , ഇവിടെ വിവിധയിനം പൂക്കളുണ്ട് , ചിത്ര ശലഭങ്ങളുണ്ടെന്നൊക്കെ പറഞ്ഞിട്ട് ഇവിടെ ഇപ്പോൾ ഞാൻ ദാഹ ജലത്തിന് വേണ്ടി പരക്കം പായേണ്ടി വരുമോ? അപ്പോഴാണ് ഇക്ക പറയുന്നത് വേനൽക്കാലം അല്ലേ ഇപ്പോ ഇതാണ് ഇവിടുത്തെ കാലവസ്ഥ. ഋതുഭേദങ്ങൾ മാറുന്നതനുസരിച്ച് നിറ പകട്ടിൽ മാടായിപ്പാറ മനോഹരമാണത്രേ.

ഞാൻ മനസ്സിനെ പാകപ്പെടുത്തി ഒരു യാത്രികനെ സംബന്ധച്ചിടത്തോളം കാണുന്ന കാഴ്ചകൾ എല്ലാം കണ്ണുകളിൽ പകർത്തി ഹൃദയത്തിൽ സൂക്ഷിക്കുന്നതിലാണ്.  കിട്ടുന്ന സമയവും, സന്ദർഭവും ജീവിതത്തിനോട് ചേർത്ത് പിടിച്ച് യാത്രകൾ ചെയ്യുന്നതിലാണ് കാര്യം കാരണം ജീവിതം ഒരു വിരൽ തുമ്പിലൂടെ കുറച്ച് സമയമേ നമ്മുക്ക് മുന്നിലുള്ളു ഓർക്കുക യാത്രകളിൽ ആനന്ദം കണ്ടെത്തുക.

പാറയുടെ തെക്ക് കിഴക്ക് ഭാഗത്തൂടെ ഒഴുകുന്ന പഴയങ്ങാടിപ്പുഴ ഇവിടെ പാറമുകളിൽ നിന്ന് കാണാവുന്ന വ്യൂ പോയിന്റാണ്. പഴയങ്ങാടി ടൗൺ ഇവയെല്ലാം മനോഹര കാഴ്ചകളാണ് നമ്മുക്ക് നല്ക്കുന്നത്. മാടായിപ്പാറയുടെ പടിഞ്ഞാറെ ചെരിവിൽ ഒരു ഭാഗത്ത് വെങ്ങരയും മറുഭാഗത്ത് പഴയങ്ങാടി റെയിൽവേ സ്റ്റേഷനും സ്ഥിതി ചെയ്യുന്നത് കാണാം.

പിന്നെ മാടായിപ്പാറയുടെ മറ്റൊരു കോണില്‍ ഒന്നര ഏക്കര്‍ വിസ്‌തൃതിയില്‍ നീണ്ടു നിവര്‍ന്ന്‌ കിടക്കുന്ന കുളമുണ്ട് – വടുകുന്ദ ക്ഷേത്രക്കുളം. മകളായ ഭദ്രകാളിക്ക്‌ കുളിക്കാനായി പരമശിവന്‍ തന്‍റെ തൃശൂലം കൊണ്ട്‌ കുത്തിയെടുത്തതാണ്‌ ഈ കുളമെന്നാണ്‌ ഐതിഹ്യം. മൂന്നാമത്തെ വലിയ കുളം മാടായിപ്പാറയുടെ എല്ലാ സൗന്ദര്യത്തേയും ആവാഹിച്ച പോലെ നീണ്ടു നിവര്‍ന്നു കിടക്കുന്ന മാടായിക്കുളമാണ്‌. ഒരിക്കലും വറ്റാത്ത കുളമാണിത്.

വേനൽ കാലത്ത് പാറയിലെ പുല്ലുകൾ കരിഞ്ഞു തുടങ്ങുകയും പലപ്പോഴും തീപിടിത്തമുണ്ടാകുകയും ചെയ്യും. ഫയർ റെസ്ക്യു ടീം ആയതിനാൽ ഈ പ്രദേശത്തെ എപ്പോഴും ചുറ്റി പറ്റി കാണും.

വെറും ഒരു പാറയെക്കുറിച്ച് എന്താണിത്ര പറയാന്‍ എന്നായിരിക്കാം നിങ്ങളൊരു പക്ഷേ വിചാരിക്കുന്നത്. നമ്മുടെ കാഴ്ച്ചയില്‍ പാറപുറം വെറും പാഴ് നിലങ്ങളാണ്. മഴ തകര്‍ത്തു പെയ്യുമ്പോള്‍ കുറേ പുല്ലും മഴ മാറുമ്പോള്‍ കുറച്ചു പൂക്കളും വേനലില്‍ കറുത്തിരുളുകയും ചെയ്യുന്ന ഭൂമിയുടെ ഒരു ഭാഗം. പക്ഷേ പാറകള്‍ക്ക് പറയാന്‍ ഇതിലേറെയുണ്ട്.

ജീവ ജലത്തിന്‍റെ വലിയ സംഭരണിയും ജീവജാലങ്ങളുടെ കണ്ണിയറ്റുപോകാതെ കാത്തുരക്ഷിക്കുന്ന അപൂര്‍വ്വ ജൈവ വൈവിധ്യ കേന്ദ്രം കൂടെയാണ് നമ്മുടെ മനസ്സിലെ ആ “വെറും” പാറകള്‍ എന്ന് മനസ്സിലാക്കുക.

“പ്രകൃതി ഉണ്ടെങ്കിലേ മനുഷ്യൻ ഉള്ളു മനുഷ്യൻ ഉണ്ടെങ്കിലേ പ്രകൃതി ഉള്ളു.” പ്രക്യതി സൗന്ദര്യത്തിന്റെ ഉറവിടമേ നിന്റെ വർണ്ണപകിട്ട് കാണാൻ ഞാൻ വരും അന്ന് നീ എന്നെ നിന്നലേ കൂടുതൽ ആഴങ്ങളിലേക്ക് കൊണ്ട് പോകുമെന്ന പ്രതീക്ഷയിൽ .

സഞ്ചരിച്ച ദൂരത്തേക്കാൾ പ്രധാനമാണ് സഞ്ചരിക്കാനുള്ള ദൂരം. മുന്നിലുള്ള സ്വപ്നത്തിന്റെ തീവ്രതയാണ് മനസ്സിന് കരുത്ത് പകരേണ്ടത്. ഓരോ യാത്രയും പ്രാഥമികമായി മനസ്സിലാക്കിത്തരുന്ന ഒരേ ഒരു കാര്യം ഇനിയും കാണാനുള്ള സ്ഥലങ്ങളുടെ വ്യാപ്തിയാണ്. നമ്മുടെ ചുറ്റുവട്ടത്തെ സ്ഥലങ്ങൾ പോലും നാം ശരിക്ക് കണ്ട് തീർക്കാറില്ലല്ലോ. നമ്മുടെ നാട്ടിൽ തന്നെ കാണാൻ വിട്ടുപോയ സവിശേഷമായ ഭൂഭാഗങ്ങൾ അനേകം വേറെയും ഉണ്ടാവും എന്ന മനസ്സിലാക്കലിൽ യാത്ര തുടരുന്നു.