മഹം അംഗ – അക്‌ബർ ചക്രവർത്തിയുടെ വളർത്തമ്മ

ലേഖകൻ – 👑 siddique padappil.

ചക്രവർത്തി അക്‌ബറിനെ വളർത്തി വലുതാക്കി ഉത്തമ സ്വഭാവം വാർത്തെടുത്തതിൽ മുഖ്യ പങ്ക്‌ വഹിച്ച വനിതയാണ്‌ ബീഗം മഹം അംഗ. സ്വന്തം മാതാവിനേക്കാൾ അക്ബർ രാജവിന്ന് സ്നേഹവും അനുസരണയും ബീഗം മഹം അംഗയോടായിരുന്നു. അക്ബറിന്റെ ബന്ധു കൂടിയായ മുഗൾ രാജകുമാരിയായിരുന്നു മഹം അംഗ. ഖുർആൻ (മുസ്ലിം വിശുദ്ധ ഗ്രന്ഥം) ഹൃദ്യസ്തമാക്കിയ, ഹദീസുകളിലും (നബി വചനങ്ങളും ചര്യകളും അടങ്ങുന്ന ഗ്രന്ഥം) ഇസ്ലാമിക തത്വശാസ്ത്ര, കർമ്മശാസ്ത്ര മേഖലകളിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്ന ഒരു രാജകുമാരിയായിരുന്നു അവർ.

അബുൽ ഫസലിന്റേയും ( ശൈഖ്‌ അബുൽ ഫസൽ ഇബ്നു മുബാറക്‌ ) അബുൽ ഫൈസിയുടേയും ( ശൈഖ്‌ അബുൽ ഫൈസി ഇബ്നു മുബാറക്‌ ) കൂടെച്ചേർന്ന് “ദീനേ ഇലാഹി” എന്ന പുതിയ മതം ഉണ്ടാക്കുന്നതിന് മുന്നേയുളള അക്ബറിന്റെ ജീവിതം തികച്ചും ഇസ്ലാമികവും സത്യസന്ധവുമായിരുന്നു. അതിന് മുഖ്യകാരണം മഹം അംഗയുടെ വളർത്തുഗുണമായിരുന്നു എന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്‌.

അഞ്ചുനേരം മുറതെറ്റാതെ ജമാഅത്തായി പ്രാർത്ഥിച്ചിരുന്ന അക്ബർ, കഅബാ മന്ദിരത്തെ പുതപ്പിക്കാനുളള “കിസ്‌വ” (സ്വർണ്ണവും പട്ടും കൊണ്ട്‌ നെയ്തെടുത്തത്‌) സമ്മാനിച്ച അക്ബർ, മക്കയിലെ മസ്‌ജിദുൽ ഹറമിലേക്ക്‌ മൂന്ന് ലക്ഷം സ്വർണ്ണനാണയങ്ങൾ സംഭാവന നൽകിയ അക്ബർ, ഇന്ത്യയിൽ നിന്ന് ഹജ്ജിന് പോവുന്നവർക്ക്‌ വിശ്രമിക്കാനായി ഗുജറാത്തിലെ സൂറത്തിലും ജിദ്ദയിലും മക്കയിലും “മുസാഫർ ഖാന” എന്ന വലിയ കെട്ടിടങ്ങൾ നിർമ്മിച്ച അക്ബർ , ഹാജിമാരുടെ യാത്രകൾക്കായി കപ്പലുകൾ നിർമ്മിച്ച അക്ബർ, ധർമ്മിഷ്ഠനും നിത്യം ഖുർആൻ പാരായണം ചെയ്തിരുന്ന വ്യക്തിയുമായിരുന്ന അക്ബർ, ഫതഹ്‌പൂർ സിക്രിയിലടക്കം നിരവധി മസ്ജിദുകൾ നിർമ്മിച്ച അക്ബർ, മദ്യപിക്കാത്ത അക്ബർ.. ഇങ്ങനെ പോവുന്നു അദ്ദേഹത്തിന്റെ ആദ്യകാല മതഗുണങ്ങൾ. ഇതിന്റെയൊക്കെ പിറകിൽ മഹം അംഗ എന്ന ആ സ്ത്രീയുടെ വാക്കിന്റേയും നോക്കിന്റേയും ഗുണങ്ങളുണ്ടായിരുന്നു.

മഹം അംഗയെ അക്ബർ ചക്രവർത്തി വളരെയേറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ദർബാറിൽ അവർക്ക്‌ പ്രത്യേക സ്ഥാനവുമുണ്ടായിരുന്നു. എത്രയെന്നാൽ സ്വന്തം മാതാവായ “ഹമീദാ ബാനു ബീഗ”ത്തെക്കാൾ കൂടുതൽ, സ്നേഹവും ആദരവും വളർത്തുമ്മയായ മഹം അംഗക്ക്‌ അക്ബർ കൽപ്പിച്ച്‌ നൽകിയിരുന്നു. അതൊക്കെ കൊണ്ടാവാം അക്ബർ, ദീനേ ഇലാഹി മതം ഉണ്ടാക്കിയപ്പോഴും ജോധാ ഭായിയെ (പിന്നീട്‌ “ബീഗം മറിയം സമാനി” എന്ന് പേര് മാറ്റി) വിവാഹം ചെയ്തപ്പോഴും, മുഗൾ കൊട്ടാരത്തിനകത്ത്‌ ജോധാ ഭായിക്ക്‌ വേണ്ടി ശ്രീകൃഷ്ണ വിഗ്രഹം സ്ഥാപിച്ചപ്പോഴും മറ്റാരേക്കാളും കൂടുതൽ അതിശക്തമായി എതിർത്ത മഹം അംഗയെ അക്ബർ ഒന്നും ചെയ്തില്ല എന്ന് മാത്രമല്ല , പലപ്പോഴും അദ്ദേഹമവരോട്‌ മാപ്പ്‌ ചോദിക്കുന്ന സന്ദർഭങ്ങൾ വരെ ഉണ്ടായിട്ടുണ്ട്‌.

അക്ബറിന്റെ ചെയ്തികൾക്ക്‌ കൂട്ട്‌ നിന്നുരുന്ന പ്രധാനികളിൽ ഒരാളും അദ്ദേഹത്തിന്റെ പ്രധാനമന്ത്രിയുമായിരുന്ന “അതഗാ ഖാനെ”, സ്വന്തം പുത്രനായ “ആദം ഖാനെ” കൊണ്ട്‌ മഹം അംഗ കൊല്ലിച്ചതറിഞ്ഞിട്ടും ആദം ഖാനെ കൊന്ന അക്ബർ, ബീഗം മഹം അംഗക്ക് മാപ്പ്‌ നൽകുകയാണുണ്ടായത്‌. അക്ബറിനെ, അയാളുടെ ചെയ്തികളിൽ നിന്ന് തടയാൻ തനിക്കാവില്ലെന്ന് ബോധ്യമായപ്പോൾ ബീഗം, കൊട്ടാരത്തിലെ രാജകീയ ബഹളങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി, കൊട്ടാരത്തിനകത്ത്‌ തന്നെ ആരാധനകളിലും വായനയിലും മുഴുകി അവരുടേതായ ലോകത്ത്‌ ജീവിച്ചു. പല കാര്യങ്ങൾക്കും അക്ബറെ ഉപദേശിക്കുകയും അത് പോലെ ശകാരിക്കുകയും ചെയ്തിരുന്ന ബീഗം അംഗയെ, അവരുടെ അവസാന കാലം വരെ അദ്ദേഹം നിത്യവും സന്ദർശിക്കുമായിരുന്നു.

അവർ ഇരിക്കുന്ന മുറിയിലേക്ക്‌ കയറി വരുമ്പോൾ അദ്ദേഹം അവരോടുളള ബഹുമാന സൂചകമായി തന്റെ തലപ്പാവും ചെരിപ്പും ഊരിമാറ്റുമായിരുന്നു എന്ന് മാത്രമല്ല, അക്ബർ അവരുടെ കാൽക്കീഴിൽ നിലത്തായിരുന്നു ഇരുന്നിരുന്നത്‌. അത്രയും കൂടുതൽ അവരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു അദ്ദേഹം. ബീഗം ശാസിക്കുമ്പോൾ കൊച്ചു കുട്ടികളെ പോലെ തലയും താഴ്ത്തി മറുത്തൊന്നും പറയാതെ എല്ലാം കേട്ട്‌ അദ്ദേഹം നിന്നിരുന്നു.

ഖുർആനും, ഹദീസും, ഇസ്ലാമിക കർമ്മശാസ്ത്രവുമടക്കം ദീനിയായ കാര്യങ്ങൾ പഠിപ്പിക്കാൻ വേണ്ടി മഹം അംഗ, ഡൽഹിലെ പുരാന ഖിലയുടെ ( പഴയ കോട്ട ) അടുത്തായി ഒരു മസ്ജിദും മദ്‌റസയും നിർമ്മിക്കുകയുണ്ടായി. “ഖൈറുൽ മൻസിൽ മസ്ജിദ്‌” എന്ന പേരിൽ അറിയപ്പെടുന്ന ആ പളളി ഇന്നും നിലനിൽക്കുന്നുണ്ട്‌. അവിടെ ഇന്നും അഞ്ചുനേരവും നമസ്കാരം നടന്ന് വരുന്നുണ്ട്‌. ബീഗം മഹം അംഗയുടെ മരണവാർത്തയറിഞ്ഞ അക്ബർ, പൊട്ടിക്കരഞ്ഞ്‌ കൊണ്ടാണ് കൊട്ടാരത്തിലേക്ക്‌ ഓടിയെത്തിയത്‌. ആ മഹതിയുടെ ജനാസയെ (മൃതദേഹത്തെ) അനുഗമിക്കുക മാത്രമല്ല, പളളിയിലേക്കും അവിടുന്ന് ഖബറടക്കാനുളള സ്ഥലത്തേക്കും പോവുമ്പോൾ മയ്യിത്ത്‌ കട്ടിൽ ചുമക്കാൻ ആദ്യാവസാനം വരെ അക്ബറും കൂടെയുണ്ടായിരുന്നു.

ഇതേ ബീഗം മഹം അംഗയെ “ജോധാ അക്ബർ” എന്ന ഹിന്ദി സിനിമയിൽ വളരെ മോശം സ്ത്രീയായാണ് ചിത്രീകരിച്ചിരിക്കുന്നത്‌ ശ്രദ്ധയിൽപ്പെട്ടിരുന്നു. സിനിമയുടെ വിജയത്തിന്ന് വേണ്ടി ചരിത്രം മാറ്റിയെഴുതി എന്ന് മാത്രമല്ല, ഫിലിമിന്ന് വേണ്ടി തന്നെ നിർമ്മിച്ച പല സീനുകളും റിലീസിന്ന് എത്താതെ മുറിച്ചുകളയുകയും ചെയിതിരുന്നു.