ഗാന്ധിജയന്തി ദിനത്തിൽ മഹാത്മാജിയുടെ ഓർമ്മകളുറങ്ങും വയനാടൻ മണ്ണിൽ

വിവരണം – ശുഭ ചെറിയത്ത്.

ഒക്ടോബർ രണ്ട് നമ്മുടെ രാഷ്ട്രപിതാവും സ്വാതന്ത്യ സമര ചരിത്രത്തിലെ ജ്വലിക്കുന്ന സാന്നിധ്യവുമായ മാഹാത്മജിയുടെ ജന്മദിനം .അഹിംസയും സത്യവും ജീവിത മുദ്രയാക്കിയ ആ മഹാത്മാവിൻ്റെ ജന്മദിനത്തിലാണ് വയനാടിൻ്റെ ആസ്ഥാനമായ കല്പറ്റയിൽ നിന്നും നാല് കിലോമീറ്റർ അകലെയുള്ള പുളിയാർ മലയിലെ മഹാത്മാഗാന്ധി മ്യൂസിയം & ലൈബ്രറി സന്ദർശിക്കാൻ ഞങ്ങൾ തെരഞ്ഞെടുത്തതും .

പുളിയാർ മലയിലെ ജൈന ക്ഷേത്രമായ അനന്തനാഥ സ്വാമി ക്ഷേത്രത്തിന് തൊട്ടടുത്താണ് ഈ മ്യൂസിയം. 1934 ജനുവരി 14 ന് ഹരിജനോദ്ദാരണത്തിൻ്റെ ഭാഗമായി വയനാട് സന്ദർശിച്ചപ്പോൾ മഹാത്മജി വിശ്രമിച്ച മുറി ഇവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു .സുബയ്യ ഗൗഡർ തൻ്റെ സ്വത്തിൻ്റെ നല്ലൊരു ഭാഗം ഹരിജന ക്ഷേമത്തിനായി വിൽപത്രത്തിൽ നീക്കി വച്ചിരുന്നത് ഏറ്റുവാങ്ങാനായിരുന്നു ഗാന്ധിജിയുടെ സന്ദർശനം .ഗാന്ധിജിയുടെ പാദസ്പർശമേറ്റയിടം തന്നെ മ്യൂസിയമാക്കപ്പെട്ടു എന്നത് മ്യൂസിയത്തിൻ്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു .

രാവില 10 മണിയോടെ മ്യൂസിയത്തിലെത്തുമ്പോൾ ജീവനക്കാരൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ .പ്രധാന വാതിൽ വഴി അകത്തേക്ക് കടക്കുമ്പോൾ ആദ്യം കാണുക മഹാത്മജിയുടെ പ്രതിമയാണ് .വിശാലമായ ആ ഹാളിൽ ഗാന്ധിയുമായ് ബന്ധപെട്ട അപൂർവ്വ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട് .ഗാന്ധിജി ഇന്ത്യൻ സ്വാതന്ത്രസമരത്തിൻ്റെ നായകത്വം വഹിച്ചതു മുതലുള്ള സുപ്രധാന സംഭവങ്ങളുടെ ചിത്രശേഖരം സ്വതന്ത്ര സമര ചരിത്രത്തിൻ്റെ നാൾ വഴികളിലൂടെ നമ്മെ നയിക്കും . പലപ്പോഴായി ഗാന്ധിജി എഴുതിയ കത്തുകൾ , അദ്ദേഹത്തിന്റെ ആശയങ്ങൾ ഒക്കെ ഇവിടെ നിന്നും ഗ്രഹിക്കാം . കൂടാതെ ഗാന്ധിജിയുടെ ബാല്യത്തിലെയും കൗമാരത്തിലേയും അപൂർവ്വ ചിത്രങ്ങൾ ,സുഭാഷ് ചന്ദ്രബോസ് ,രവീന്ദ്രനാഥ ടാഗോർ , ജവഹർലാൽ നെഹ്റു തുടങ്ങിയവർക്കൊപ്പമുള്ള ചിത്രങ്ങളും പ്രദർശനത്തിനുണ്ട് .

1928ൽ സ്വാതന്ത്ര സമര പ്രസ്ഥാനത്തിൻ്റെ ഭാഗമായി രൂപം കൊണ്ട മാത്രഭൂമി പത്രത്തിൽ അക്കാലത്ത് വന്ന സുപ്രധാന വാർത്തകളും വായനക്കായിവിടെ സജ്ജമാക്കിയിട്ടുണ്ട് .ഗാന്ധിജിയുടെ കേരള സന്ദർശനവും പ്രധാന നേതാക്കളുടെ അറസ്റ്റു വാർത്തയുമൊക്കെ അദ്ഭുതപൂർവ്വം ഞാനും വായിച്ചു .ഇവിടെത്തുന്ന ഏതൊരാൾക്കും ഈ അറിവുകൾ മുതൽ കൂട്ടാവുമെന്നതിൽ സംശയമില്ല.

തൊട്ടടുത്ത മുറിയിൽ നിന്നും ചിത്രപ്രദർശനവും പത്രവാർത്തകളും കണ്ടു കഴിഞ്ഞ് പിന്നീട് കയറിയത് മഹാത്മജി വിശ്രമിച്ച മുറിയിലേക്കാണ് .മഹാത്മജിയുടെ വലിയ ഛായാചിത്രം ഇവിടെ കാണാം .അവിടെ സ്ഥാപിച്ച ഫോണിലൂടെ ഗാന്ധിജിയുടെ റെക്കോഡ് ചെയ്ത ശബ്ദം നമുക്ക് ശ്രവിക്കാം .പുണ്യാത്മാവിൻ്റെ പാദങ്ങൾ പതിഞ്ഞ ആ മുറിയിൽ നിന്നുകാണ്ട് അദ്ദേഹത്തിൻ്റെ ശബ്ദം കാതിൽ പതിയുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത അനുഭൂതി അനുഭവിച്ചറിഞ്ഞു .ഗാന്ധിജയന്തി ദിനത്തിൽ തന്നെ ഇവിടം സന്ദർശിക്കാനയതും മഹാത്മാവിൻ്റെ ജീവിത വഴികളെ ചിത്രങ്ങളിലൂടെ അടുത്തറിയാനായതും ഭാഗ്യമായി കാണുന്നു .

2008-ൽ അനന്തകൃഷ്ണപുരം ബോർഡിങ്ങ് ട്രസ്റ്റാണ് ഇതൊരു മ്യൂസിയമാക്കി മാറ്റിയത് .രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെയാണ് പ്രവേശന സമയം .പ്രവേശനം തികച്ചും സൗജന്യമാണ് . വയനാട് സന്ദർശിക്കുന്നവർ വയനാട്ടിന്റെ മറ്റു കാഴ്ചകൾക്കൊപ്പം മ്യൂസിയത്തെയും മറക്കാതെ ഉൾപ്പെടുത്തുക .സമൂഹം മൂല്യചുതി നേരിട്ടു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഗാന്ധിയൻ ദർശനങ്ങളുടെ പ്രസക്തി ഏറി വരികയാണ് .പുതു തലമുറക്ക് ഗാന്ധിജിയെ അടുത്തറിയാൻ മ്യൂസിയം ഉപകാരപ്പെടും.