കെഎസ്ആർടിസി ജീവനക്കാർക്ക് ഉച്ചയൂണുമായി ഒരു പൂജാരി

വിവരണം – സന്തോഷ് കെ.കെ. (കെഎസ്ആർടിസി ഡ്രൈവർ, ചങ്ങനാശ്ശേരി ഡിപ്പോ).

ഇന്നലെ രാവിലെ ഡ്യൂട്ടി പോകുമ്പോൾ ഒന്നും കഴിച്ചിരുന്നില്ല. അല്ലങ്കിൽ തന്നെ 6 മണിക്ക് എങ്ങനെ കഴിക്കും. കൂടെ വന്ന പങ്കാളി ശ്രീ MT സനൽ സാറിനോട് അഭിപ്രായം ചോദിച്ചു. പെരുമ്പാവൂർ ചെന്നിട്ട് കഴിക്കാം അവിടെ കാൻ്റീൻ ഉണ്ടാകുമല്ലോ. പക്ഷേ അവിടെ ചെന്നപ്പോ കാൻ്റീൻ ഇല്ല പിന്നെ നമ്മുടെ ബിലാലിൻ്റെ കടയിൽ നിന്നും ഒരു സമൂസയും ഒരു ചായയും കഴിച്ചു. പിന്നെ കാൻ്റീൻ സാധ്യത തൃശൂർ ആണുള്ളത്. ചാലക്കുടി എത്തും മുന്നേ ഒരു കോൾ. മഹേഷ് നാരായണൻ.. “ചാലക്കുടി ആകുന്നു.” “ok..” കഴിഞ്ഞു. തൃശൂർ 11.35 ആയപ്പോൾ എത്തി. അവിടെ മഹേഷ് കാത്ത് നിന്നിരുന്നു.

മഹേഷ് നാരായണൻ. അമ്പലത്തിലെ പൂജാരി, കാണാൻ നല്ല വണ്ണം ആണ്. പക്ഷേ കുട്ടികളുടെ മനസ്സും. ഏതാനും വർഷം മുന്നേ കുട്ട് കൂടിയതാണ്. അന്ന് പെരുമ്പാവൂർ സ്റ്റാൻഡിൽ വന്നു. തൃശൂർ വരെ എൻ്റെ വണ്ടിയിൽ യാത്ര ചെയ്യാൻ. കയ്യിൽ ഒരു പെൻഡ്രൈവ് ഉണ്ടായിരുന്നു. വേളാങ്കണ്ണി ബസിൽ ഒരു ചെറിയ മ്യുസിക് സിസ്റ്റം ഉള്ളത് കൊണ്ട് എനിക്ക് തരാൻ വന്നതാണ്. ആൾ ഒരു മാർക്കറ്റിംഗ് എക്സിക്യുട്ടീവ് ആണ് westige ആണ് കമ്പനി.

വണ്ടിയിൽ നിന്നും ഇറങ്ങി ചെന്ന് സുഖവിവരങ്ങൾ തിരക്കി. വീഡിയോ കോൾ ചെയ്യുമ്പോൾ എൻ്റെ വീട്ടിലെ വിവരങ്ങൾ തിരക്കുന്ന മഹേഷിൻ്റെ അമ്മയെ പ്രത്യേകം തിരക്കിയതായി പറയണം എന്ന് പറഞ്ഞു. സംസാരിച്ച് കുറച്ച് നേരം നിന്നു പോകാൻ സമയമാകുന്നു. അപ്പോ കാണാം. യാത്ര പറഞ്ഞു പിരിയുന്ന നേരം ഒരു സഞ്ചി തുറന്ന് അതിൽ നിന്നും ഒരു കവർ എടുത്ത് തന്നു. ഇത്തിരി ഭക്ഷണം ആണ് ഉച്ചയ്ക്ക് കഴിക്കാം. വിശന്ന് വയറ് കത്തുന്നു. ഒരു സഹോദരൻ എനിക്ക് ഭക്ഷണം കൊണ്ടുവന്നു തന്നു. എന്ന ചിന്തയോടെ ഞാൻ അത് വാങ്ങി. സുനിൽ സാറിന് നേരെ നീട്ടി. സാറേ നമുക്ക് ഉള്ള ഭക്ഷണം ആണ് സൂക്ഷിച്ച് വെയ്കണെ. സർ അത് വാങ്ങി വണ്ടിക്ക് ഉള്ളിലേക്ക് പോയി. “അപ്പോ മഹേഷെ കാണാം. പോയിട്ട് വരട്ടെ.. ok.”

യാത്ര പറഞ്ഞു ഞാൻ അവിടുന്ന് പോയി. പാലക്കാട് ചെന്ന് ആർത്തിയോടെ കവർ തുറന്നു. വാഴയിലയിൽ പൊതിഞ്ഞ, തോരൻ മൂടിയ ചോറിൻ്റെ മണം.. ഹാവൂ.. വായിൽ വെള്ളം.. വിശപ്പിൻ്റെ വിളി ഉച്ചത്തിലായി. ഒരു കുപ്പിയിൽ മോര്, ഒരു ചെറിയ ഡെപ്പയിൽ ചമ്മന്തി, നെല്ലിക്ക അച്ചാർ, ഒരു കവറിൽ പപ്പടം, ഒരു സ്പൂൺ.. അടിപൊളി, പിന്നെ ഒന്നും നോക്കിയില്ല. ആക്രാന്തം ആയിരുന്നു.

അമ്പലത്തിലെ പൂജയും കഴിഞ്ഞ് എനിക്കും സാറിനും (സനൽ) ആഹാരവുമായി വന്ന മഹേഷിനും, ഇത് തയ്യാറാക്കി ഞങ്ങൾക്ക് കൊടുത്തുവിട്ട അമ്മയ്ക്കും ഒരായിരം നന്ദി. ഇന്ന് വീഡിയോ കോൾ ചെയ്തപ്പോൾ ആ അമ്മ പറഞ്ഞു “ഇനി വരുമ്പോൾ പറയണം. ഭക്ഷണം കൊടുത്ത് വിടാം ട്ടോ..” പിന്നെ എൻ്റെ കൂടെ ഒന്ന് യാത്ര ചെയ്യണം എന്ന്. സന്തോഷം…സ്നേഹം…