മലക്കപ്പാറയിലേക്ക് കെഎസ്ആർടിസി ബസ്സിൽക്കയറി ഒരു കിടു ട്രിപ്പ്…

വിവരണം – Solo Traveller.

മലക്കപ്പാറ… വാഴച്ചാലിനും വാൽപ്പാറയ്ക്കും ഇടയിൽ കേരള- തമിഴ്നാട് ബോർഡറിൽ സ്ഥിതി ചെയ്യുന്ന ഒരു മലയോര ഗ്രാമം. ആനവണ്ടി ട്രാവൽ ബ്ലോഗിൽ മലക്കപ്പാറയെക്കുറിച്ച് വന്നൊരു ആർട്ടിക്കിൾ ആണ് അവിടേക്ക് യാത്ര ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത്. ആനവണ്ടി യാത്ര പണ്ടേ നമ്മടെ വീക്ക്നെസ് ആയതു കൊണ്ടും മുൻപ് പോകാത്ത ഇടം ആയത് കൊണ്ടും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. എന്റെ നാടായ കരുനാഗപ്പള്ളിയിൽ നിന്നുമാണ് ഞാനീ യാത്ര തുടങ്ങുന്നത്. ചാലക്കുടിയിൽ നിന്നും 7:50 ആണ് മലക്കപ്പാറയ്ക്കുള്ള ആദ്യ ബസ്. അതിനാൽ തലേന്ന് തന്നെ പുറപ്പെട്ടു രാത്രി കൊച്ചിയിൽ തങ്ങി വെളുപ്പിന് ചാലക്കുടിക്ക് വിടാനായിരുന്നു പരിപാടി. വല്യ പ്ലാനിങ് ഒന്നുമില്ലാത്ത യാത്ര ആയതിനാൽ എടുക്കാനുള്ളതെടുത്ത് വീട്ടിൽ നിന്നും നൈസായിട്ട് സ്കൂട്ടായി.

അന്നൊരു ഹർത്താൽ ദിവസമായിരുന്നു. അതിനാൽ തന്നെ സന്ധ്യക്ക് ശേഷം ബസ്സും കുറവായിരുന്നു. വരുന്ന ബസ് ഒക്കെ മുൻകൂട്ടി ബുക്ക് ചെയ്തിരിക്കുന്നു. “തുടക്കം തന്നെ ന്താ ഐശ്വര്യം ല്ലേ.” എന്തോ കുറേ നേരം അന്തോം കുന്തോം ഇല്ലാതെ ബസ് സ്റ്റാന്റിൽ നിൽപ്പ്. അപ്പോഴാണ് അയൽനാട്ടുകാരന്റെ KSRTC വരുന്നത്. കർണ്ണാടകയുടെ ഐരാവത്. ദൂരേന്ന് കണ്ട പാടെ റോഡ് ക്രോസ് ചെയ്ത് അപ്പുറം ഇറങ്ങി നിന്നു. വെറുതെ ഒന്ന് കൈ കാണിച്ചു. ഭാഗ്യം ഡ്രൈവർ ചവിട്ടി തന്നു. എറണാകുളം ടിക്കറ്റുമെടുത്ത് പുറകിൽ പോയി കിടന്നു. നമ്മുടെ സ്കാനിയ ബസ്സിനെക്കാൾ പത്ത് പതിനഞ്ച് രൂപയുടെ കുറവ് ഉണ്ട് ടിക്കറ്റിന്. ”ഇതിപ്പോ ലാഭായല്ലോ ” ഞാനും ഹാപ്പി. സീറ്റ് ഏറെ കുറേ എല്ലാം കാലിയാണ്.എങ്ങും ചവിട്ടാതെ ഐരാവത് പറന്ന് പോകുന്നു.

ഒന്ന് മയങ്ങി എണീറ്റപ്പൊളേക്കും എറണാകുളം സൗത്തിൽ ചെന്നു. വണ്ടി ഇറങ്ങി നട്ടപ്പാതിരാക്ക് നഗരത്തിൽ ഒരു പ്രദക്ഷണം നടത്തി ബുക്ക് ചെയ്ത ഡോർമെട്രി തപ്പി നടന്നു. MG റോഡിൽ ഉള്ള മെട്രോ സ്റ്റേഷനോട് ചേർന്നുള്ള ഡോർമെട്രി. Goibibo വഴി ആദ്യമായിട്ട് ബുക്ക് ചെയ്തതോണ്ട് എല്ലാ ഡിസ്കൗണ്ടും കഴിഞ്ഞ് 67 രൂപ ആണ് കയ്യീന്ന് പോയത്. അതും A/C. കൊടുക്കുന്ന കാശിനുള്ള മൂല്യം. എന്തോ ആകട്ടെ, ആ രാത്രി അവിടെ തങ്ങി രാവിലെ എഴുന്നേറ്റ് ഒരു കുളിയും പാസ്സാക്കി ഇറങ്ങി. നേരെ ബസ് സ്റ്റാന്റിലോട്ട്. ആദ്യം കണ്ട തൃശ്ശൂർ സൂപ്പറിൽ കയറി ചാലക്കുടിക്ക് ടിക്കറ്റ് എടുത്തു. ഇറങ്ങിയത് ഇത്തിരി ലേറ്റ് ആയിട്ടായോണ്ട് വണ്ടി കിട്ടുമോന്ന് പേടി ഉണ്ടാർന്നു. ഡ്രൈവർ അണ്ണന് നന്ദി. ഒരു മണിക്കൂറിനുള്ളിൽ ചാലക്കുടിയിൽ കൊണ്ടെത്തിച്ചു. ചാലക്കുടി സ്റ്റാന്റിലോട്ട് പോകാതെ മുൻസിപ്പൽ ബസ് സ്റ്റാന്റിൽ ഇറങ്ങി. കാരണം നമ്മുടെ മലക്കപ്പാറ വണ്ടി ഇവിടെ കയറിയിട്ടേ പോകൂ. അതോണ്ട് സ്റ്റാൻഡ് വരെ പോകുകയും വേണ്ട.

അടുത്ത് കണ്ട വഴിയോരക്കച്ചവടക്കാരൻ ചേട്ടനോട് വണ്ടി പോയോന്ന് ചോദിച്ചു. ഭാഗ്യം പോയിട്ടില്ല. എങ്ങാണം പോയിരുന്നേൽ എല്ലാം ജഗപൊക. ഒരു കാലി ചായ കുടിച്ച് ആസ്വദിച്ച് നിൽക്കണ നിൽപ്പിൽ ദേ അളിയൻ വരുന്നു. ഒന്ന് രണ്ട് സീറ്റ് ഒഴികെ എല്ലാം ഫിൽ ആയിക്കഴിഞ്ഞു. കണ്ട പാടെ ചാടിക്കയറി. ഒരു സീറ്റ് കിട്ടി ഇരുന്നു. ബസ്സിലെ മറ്റു യാത്രക്കാരിൽ ഭൂരിപക്ഷവും എന്നെ പോലുള്ള ഊരുതെണ്ടികൾ തന്നെ. മൂന്ന് പേരുടെ സീറ്റിൽ നടുക്കായത് കൊണ്ട് പുറത്തേക്കുള്ള കാഴ്ച്ചകൾ കാണാൻ നന്നേ പണിപ്പെട്ടു. കണ്ടക്ടർ വന്നു ടിക്കറ്റ് കീറി. 8:15 ഓടെ വണ്ടി എടുത്തു. പതിയെ പതിയെ നഗരവീഥികളിൽ നിന്നും ഒഴിഞ്ഞ് മാറി ആനവണ്ടി മുന്നോട്ട് പോയി.ആതിരപ്പള്ളി വരെ പ്രത്യേകിച്ചൊന്നും കാണാൻ വേണ്ടി ഇല്ലായിരുന്നു. വലത് വശത്ത് ചാലക്കുടിപുഴ, ഒപ്പം മലയും കാടും.. എന്നാൽ ആതിരപ്പള്ളി കഴിഞ്ഞാൽ കാടിന്റെ യഥാർത്ഥ കാഴ്ചകൾ കണ്ടു തുടങ്ങുന്നു.

വാഴച്ചാൽ ചെക്ക് പോസ്റ്റിൽ ബസ് ചവിട്ടി. അവിടെ നിന്നും ബൈക്കിൽ വന്ന കുറച്ചു പിള്ളേർ ബസ്സിൽ കയറി. വാഴച്ചാൽ മുതൽ മലക്കപ്പാറ വരെ ഇരുചക്ര വാഹനങ്ങൾ കടത്തിവിടില്ല. ആന തന്നെ പ്രശ്നക്കാരൻ. ചെക്ക് പോസ്റ്റിൽ ഉള്ളവരെയെല്ലാം പ്രാകി കൊണ്ട് പിള്ളേര് നമ്മടെ വണ്ടിയിൽ കേറി. ഇടക്ക് ഉണ്ടായിരുന്ന ചെറിയ തിരക്കൊക്കെ കുറഞ്ഞ് വണ്ടി മുന്നോട്ട്. ചെറിയ വളവുകൾ,കൊടിയ വളവുകൾ, ഒട്ടും പ്രതീക്ഷിക്കാത്ത കയറ്റം, ഇറക്കം ആകെ മൊത്തം വല്ലാത്തൊരു ഹലാക്കിന്റെ വഴിയിലൂടെയാണ് പോക്ക്. പോരാത്തതിന് ഇരുവശവും നല്ല അസ്സല് കാട്. ഇടക്ക് ഇടക്ക് വാനര സംഘത്തിന്റെ എത്തിനോട്ടവും കോഷ്ടിയും. പോയ വഴിയിൽ PWD കാരുടെ Hitachi റോഡിന് ഓരത്ത് കിടക്കുന്നു. അതിലാണേലോ മുഴുവനും നമ്മടെ സിംഹവാലൻ ചേട്ടന്മാരും… ബസ്സിൽ ഉള്ളവരെല്ലാം ചറ പറ ക്ലിക്കി.. ഞാനും വിട്ടുകൊടുത്തില്ല. അല്ല പിന്നെ! പക്ഷെ ഒറ്റ ക്ലിക്ക് പോലും കുറിക്ക് കൊണ്ടില്ലെന്ന് പറയുന്നതാകും നല്ലത്.

വണ്ടി കാട്ടിലൂടെയാണെന്നോ അപകടം നിറഞ്ഞ വഴി ആണെന്നോ ഉള്ള യാതൊരുവിധ കൂസലും ഇല്ലാതെ ഡ്രൈവർ അണ്ണന്റെ മരണ മാസ് ഡ്രൈവിങ്ങ്. ആശാൻ ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ പണിയല്ലെന്ന് ഓരോ കേറ്റവും ഇറക്കവും വരുമ്പോഴുള്ള സ്റ്റിയറിങ്ങിന്റെ ചലനം കാണിച്ചു തരുന്നുണ്ട്. ഇടക്ക് വണ്ടി എവിടെയോ ഒരിടത്ത് നിർത്തി. കാട്ടിനകത്ത് ആണെന്ന് പറയില്ല. രണ്ട് മൂന്ന് ചെറിയ കടകൾ. ചായ കുടിക്കാനും മുള്ളാനുമായി എല്ലാവരും ഇറങ്ങി. ഞാനും പോയി. എന്തോ എനിക്കാണേ ചായ കുടിക്കാൻ വല്ലാത്തൊരു വൈക്ലബ്യം.ഒരു കവർ ബിസ്ക്കറ്റും ഒരു ബോട്ടിൽ വെള്ളവും വാങ്ങി. ബസിൽ പോയി ഇരുന്ന് തട്ടാൻ തുടങ്ങി. ചായ കുടി കഴിഞ്ഞ് എല്ലാരും കയറിയെന്ന് ഉറപ്പാക്കിയ ശേഷം ഡ്രൈവർ വണ്ടി എടുത്തു. ഇനി കാണാൻ പോണത് ലോവർ ഷോളയാർ ഡാമിന്റെ റിസർവ്വോയറാണ്. അതിന് അടുത്തെത്തിയതും വണ്ടി ഒന്ന് നിർത്തി തന്നു. ഒപ്പം കണ്ടക്ടർ അണ്ണന്റെ വക ചെറിയൊരു വിവരണവും. എത്ര നല്ല സഹകരണമുള്ള ജീവനക്കാർ. ടൂറിസ്റ്റ് ഗൈഡിനെ പോലെ ഓരോ യാത്രക്കാരോടുമുള്ള പെരുമാറ്റം അഭിനന്ദിച്ചേ മതിയാകൂ. അവരെ ഒക്കെ കണ്ടപ്പോ നാട്ടിലെ പത്രാസ് കാണിക്കുന്ന അവന്മാരെ ഒക്കെ എടുത്ത് കിണറ്റിലിടാൻ തോന്നിയെന്ന് പറഞ്ഞാ മതീല്ലോ.

ഒന്ന്.. രണ്ട് ക്ലിക്ക്… വണ്ടി മുന്നോട്ട് നീങ്ങിയതും പെട്ടെന്നൊരു സഡൻ ബ്രേക്ക്. എന്താന്നറിയാൻ നോക്കിയപ്പോ കണ്ടക്ടർ റിസർവ്വോയറിന്റെ താഴേക്ക് കൈ ചൂണ്ടി കാണിക്കുന്നു. അതാ നിൽക്കുന്നു കൊമ്പനാനക്കൂട്ടം. Zoom ചെയ്ത് കഷ്ടിച്ച് രണ്ട് ഫോട്ടം പിടിച്ചു. വെള്ളം കുടിക്കാൻ വന്നതാണ് പാവങ്ങൾ. വണ്ടി പിന്നേം മുന്നോട്ട്. ഇടക്ക് നമ്മുടെ വണ്ടി കെ.എസ്.ഇ.ബിയുടെ പവർ ഹൗസിലേക്ക് ഒന്ന് ഡിവിയേറ്റ് ചെയ്ത് പോയി. വേറൊന്നിനുമല്ല, അവിടെ കുറച്ചു യാത്രക്കാരെ ഇറക്കാൻ ഉണ്ട് അവിടുന്ന് കുറച്ചു പേർ കയറാറും. അങ്ങനെ കയറ്റിറക്ക് കഴിഞ്ഞ് വണ്ടി നേരെ മലക്കപ്പാറ ലക്ഷ്യമാക്കി കുതിച്ചു. ഒരുപാട് മലയോരക്കാഴ്ച്ചകൾ, വഴിയരികിലൊക്കെ ചെറിയ ഈറ കാടുകൾ.. വഴിയിലെ തടസ്സങ്ങൾ ഒക്കെ താണ്ടി കടന്ന് ഉച്ചക്ക് 12 ഓടെ വണ്ടി മലക്കപ്പാറ ചെക്ക് പോസ്റ്റ് കയറി.

ഇതുവരെ കണ്ടത് കാടാണേൽ ഇനി കാണാനുള്ളത് മൂന്നാറിനെ ഓർമ്മിപ്പിക്കുന്ന മലകളും തേയിലത്തോട്ടവും തണുപ്പും. തമിഴ്നാട് ബോർഡർ വരെ ബസ് ചെല്ലും. അവിടെ ഇട്ട് തിരിച്ചെടുക്കും. ബോർഡറിൽ ഇറങ്ങി. ബസ് ബോർഡർ എത്തിയപ്പോഴേക്കും ഒരു വിധം എല്ലാവരും ക്ഷീണിച്ചിരുന്നു. പുറത്തിറങ്ങി മലക്കപ്പാറയുടെ ദൃശ്യ മനോഹാരിത കണ്ണിൽ പകർത്തി. എന്തോ അധികം ക്യാമറ ചലിപ്പിക്കാൻ തോന്നിയില്ല. ഗ്രാമീണ ഭംഗി. തമിഴരും മലയാളിയും ഒരു പോലെ ഇഴചേർന്ന് കഴിയുന്ന നാട്. തോട്ടം തൊഴിലാളികളാണ് പലരും. ബോർഡറിൽ നിന്നും 30 കിലോമീറ്ററോളം യാത്ര ചെയ്താൽ മനോഹരമായ വാൽപ്പാറ എത്തും.. അത് അടുത്ത വരവിനാകാം.. അടുത്ത് കാണാൻ ഉള്ള സ്ഥലങ്ങൾ ചോദിച്ചപ്പോൾ ചെക്പോസ്റ്റ് ജീവനക്കാരൻ പറഞ്ഞത് 3 Km പോയാൽ അപ്പർ ഷോളയാർ ഡാം ഉണ്ടെന്നാണ്. വന്ന ബസ് ആണേൽ ഉടനെ തിരികെ പുറപ്പെടും.

എന്തു വേണം? അതിൽ തന്നെ തിരികെ പോകണോ അതോ വൈകിട്ടുള്ള ലാസ്റ്റ് ബസിനോ? ആകെ കൺഫ്യൂഷൻ… പിന്നെ ഒന്നും നോക്കിയില്ലാ, ബസ്സിൽ നിന്നും കിട്ടിയ രണ്ട് ചേട്ടന്മാരെയും കൂടെ കൂട്ടി ഡാം കാണാൻ തന്നെ തീരുമാനിച്ചു. നടക്കാൻ വയ്യാത്തതിനാൽ ഒരു ഓട്ടോ പിടിച്ചു. ഒന്നും പറയണ്ട അബദ്ധം ആയെന്ന് പറഞ്ഞാ മതീല്ലോ. ഡ്രൈവർ അളിയൻ പോകുന്ന വഴിയിൽ ഒക്കെ നിർത്തി ആളെ കയറ്റുന്നു. ഉദ്ദേശം ബീവറേജ് ആണെന്ന് സംസാരത്തീന്ന് കത്തി. 6 പേരോളം ആയപ്പോളേക്കും കൂടെ വന്ന അണ്ണൻ വണ്ടി നിർത്താൻ പറഞ്ഞ് ചാടി ഇറങ്ങി. വേറൊന്നുമല്ല, ജീവനിൽ കൊതിയുള്ളത് കൊണ്ടു തന്നെ. വായിൽ വന്നതൊക്കെ ഓട്ടോക്കാരന് കൊടുക്കുകയും ചെയ്തു. തിരിച്ചൊന്നും കിട്ടിയില്ല, ഭാഗ്യം!

കുത്തനെയുള്ള കയറ്റം കയറി നേരേ ഡാമിലേക്ക്.. വെള്ളം തീരെ കുറവാണ്. എങ്കിലും തമിഴ്നാടിന്റെ മോശമല്ലാത്ത ഗ്രാമീണ കാഴ്ച്ച നിങ്ങൾക്ക് അവിടെ നിന്നും കാണാം. ഒപ്പം കുറച്ച് നല്ല ചിത്രങ്ങളും എടുക്കാം. നട്ടുച്ച വെയിൽ ആവോളം കൊണ്ട് തെണ്ടിത്തിരിഞ്ഞ് നടന്ന ശേഷം ഞങ്ങൾ ഭക്ഷണം കഴിക്കാൻ മലക്കപ്പാറയിലേക്ക്. മൂന്നോ നാലോ ചെറിയ ഹോട്ടലുകൾ ഉണ്ട്. ഭക്ഷണത്തിന്റെ ഗ്യാരന്റി അറിയില്ല. എങ്കിലും കൂട്ടത്തിൽ വൃത്തി തോന്നിയ ഹോട്ടലിൽ രണ്ടും കല്പിച്ച് കയറി. ഊണ് തീർന്നൂന്ന്.. ഞാൻ പോറോട്ടയും മുട്ടക്കറി പറഞ്ഞു. അണ്ണന്മാർ ചപ്പാത്തിയും സാമ്പാറും. നല്ല യമണ്ടൻ വിശപ്പ്.. മൂന്നോ നാലോ പൊറോട്ട എന്ന് പേരുള്ള എന്തോ സാധനം കഴിച്ചു. അക്കണക്കിന് ഞാൻ വീട്ടിൽ ഉണ്ടാക്കുന്ന പൊറോട്ട എത്രയോ ഭേദമാണെന്ന് അഭിമാനത്തോടെ ഓർത്ത് സ്വയമൊന്ന് പൊങ്ങി.. പിന്നെ മുട്ട ഉള്ളതോണ്ട് മുട്ടക്കറി തന്നെ എന്ന് മനസ്സിലായി. അല്ല ഇവിടെ ഈ മലേടെ മണ്ടക്ക് ഇങ്ങനൊക്കെ തന്നെ കിട്ടുന്നത് തന്നെ മഹാഭാഗ്യമാണ്. കിട്ടിയത് കഴിച്ച് പുറത്തിറങ്ങി മലക്കപ്പാറ മൊത്തത്തിൽ ഒന്ന് റൗണ്ട് അടിച്ച് അലഞ്ഞ് തിരിഞ്ഞ് നടന്നു.

തമിഴ്നാടിനോട് ചേർന്ന് കിടക്കുന്നതിനാൽ വീടുകൾക്കും ആളുകൾക്കും മൊത്തത്തിൽ ഒരു തമിഴ് ടച്ച്. തിരികെയുള്ള വണ്ടിയുടെ സമയം തിരക്കി നടന്നാണ് ജോസ് (പേര് അങ്ങനെ തന്നാണോ എന്തോ) ചേട്ടനെ പരിചയപ്പെടുന്നത്. ജോസേട്ടൻ മലക്കപ്പാറയിൽ ചെറിയൊരു പലചരക്ക് കട നടത്തുന്നു. പുള്ളിക്കാരൻ തൃശ്ശൂരിൽ നിന്നും വന്ന് കുടിയേറിയതാണ്. ഭാര്യ പഞ്ചായത്ത് പ്രസിഡന്റാണ്. കുറേ നേരം കത്തി അടിക്കാൻ ആളായി. കൂടെ വന്ന ആശാന്മാർക്ക് ഈ കത്തിയടിയിൽ വല്യ കമ്പമില്ലെന്ന് ആദ്യമേ പിടികിട്ടി. എനിക്കാണേ അതില്ലാതെ പറ്റില്ല. അറിയേണ്ടതോരോന്നും ജോസേട്ടനോട് ചോദിച്ചു. മലക്കപ്പാറയിലെ വിശേഷങ്ങൾ.. നാട്ടുവർത്തമാനം.. അങ്ങനെ പലതും. അക്കൂട്ടത്തിൽ രാത്രി കട പൊളിക്കാൻ വരുന്ന കൊമ്പന്മാരും അവരുടെ ലീലാവിലാസങ്ങളും…

കഥ പറച്ചിലിനിടയിൽ ഫോൺ കുത്തി ഇടാനുള്ള സൗകര്യവും ജോസേട്ടൻ ശരിപ്പെടുത്തി തന്നു. നാട്ടുകാരുടെ ജീവിത സാഹചര്യങ്ങളെപ്പറ്റി പറഞ്ഞ കൂട്ടത്തിൽ നല്ലൊരു ആശുപത്രിയുടെ അഭാവം എടുത്ത് പറഞ്ഞു. പിന്നെ അത്യാവിശ്യത്തിന് തേയില ഫാക്ടറിക്കാരുടെ ആശുപത്രി ഉണ്ട്. എന്നാൽ അവിടുള്ളവർക്ക് അങ്ങനെ ഒന്നിന്റെ ആവിശ്യമില്ല പോലും.കാരണം രോഗങ്ങൾ കുറവാണ്. ശുദ്ധമായ വായു, ജലം, ഭക്ഷണം, നല്ല കാലാവസ്ഥ.. പിന്നെ പുറത്തൂന്ന് വന്ന് അപകടങ്ങൾ ഉണ്ടാക്കുന്ന വരുത്തന്മാർക്കാണ് പ്രധാനമായും ആശുപത്രീടെ ആവശ്യം. പച്ചയായ ഗ്രാമീണരാണ് മലക്കപ്പാറക്കാർ.. അന്ന് അവിടെ ആരുടെയോ കല്യാണം ആയിരുന്നു. മലക്കപ്പാറയിൽ ആകെയുള്ള ആ ചെറിയ മണ്ഡപത്തിലെ ആർഭാടം തെല്ലുമില്ലാത്ത കല്യാണം കാണാനും കഴിഞ്ഞു.

ജോസേട്ടനുമായുള്ള വർത്തമാനത്തിനിടയിലൂടെ സമയം കടന്നു പോയതേ അറിഞ്ഞില്ല. ഇടയ്ക്ക് കടയിൽ സാധനം വാങ്ങാൻ വരുന്നവരോടും വിശേഷങ്ങൾ തിരക്കി. പരസ്പര സ്നേഹമുള്ള സഹജീവിയോട് കരുണയുള്ള കുറേ നല്ല മനുഷ്യർ. ഉള്ളത് കൊണ്ട് ജീവിക്കുന്നവർ. പ്രളയമോ ഉരുൾ പൊട്ടലോ ഒന്നും ആ നാടിനെ ബാധിച്ചിട്ടില്ല. അവരുടെ കൊച്ചു കൊച്ചു സന്തോഷങ്ങളിൽ സന്തുഷ്ടരാണ്. അന്നവിടെ വൈകിട്ട് പതിവില്ലാത്ത മഴയായിരുന്നു. ലാസ്റ്റ് ബസ് വരാൻ ഒരു മണിക്കൂറിലേറെ വൈകി. ബസ് വന്നു. അധികം തിരക്കില്ല, ജോസേട്ടനോട് യാത്ര പറഞ്ഞിറങ്ങി… ഇനിയും വരണം. വരുന്നത് ഒരു ദിവസം ഇവിടെ തങ്ങാനായിട്ട് മതി.. ആ സ്നേഹത്തിന് ഒരു മൂളലിൽ നന്ദി പറഞ്ഞ് മനസ്സ് നിറഞ്ഞ സന്തോഷത്തോടെ ബസിലേക്ക് കയറി…

ഇരുട്ട് വീണ കാട്ടിലൂടെ കൊമ്പനെ പ്രതീക്ഷിച്ച് ബസ് മുന്നോട്ടു നീങ്ങി. ഡ്രൈവറിനോട് ചേർന്നുള്ള സീറ്റ് കിട്ടി.. പുള്ളിക്കാരൻ 4 വർഷമായി ഈ റൂട്ടിൽ. ചോദിച്ചു വാങ്ങിയ ഷെഡ്യൂൾ..അത്രക്ക് ഇഷ്ടമാണെന്ന് പോലും. മലക്കപ്പാറയിലെ ഒരുവിധം എല്ലാവരേം പുള്ളിക്കറിയാം. ആനയും, കാട്ടുപോത്തും, മ്ലാവും പുലിയുമൊക്കെ വഴി തടസ്സം സൃഷ്ടിച്ചിട്ടുള്ള അനുഭവങ്ങൾ ഒരോന്നും ആശാൻ വിവരിച്ചു.. ഞങ്ങളും അതൊക്കെ ഏറെ പ്രതീക്ഷിച്ചെങ്കിലും നിർഭാഗ്യവശാൽ ഒരു മ്ലാവിനെ ഒഴികെ മറ്റൊന്നിനെയും കാണാൻ കഴിഞ്ഞില്ല. എന്നിരുന്നാലും ഒട്ടും നിരാശ തോന്നിയില്ല. മനസ്സ് നിറഞ്ഞ യാത്രാനുഭവം…

രാത്രി വൈകി ചാലക്കുടി സ്റ്റാന്റിൽ ബസ് വന്നെത്തി. ഡ്രൈവർ അണ്ണനോടും കൂട്ടാളികളോടും യാത്ര പറഞ്ഞ് ഞാനും ഇറങ്ങി. ഭൂമി ഉരുണ്ടതല്ലേ വീണ്ടും കാണാം… അത്ര തന്നെ! മലക്കപ്പാറ ബസ് സമയം :- ചാലക്കുടി<>മലക്കപ്പാറ:-7:50 am, 12:30 pm, 3:20 pm, 4:50 pm. മലക്കപ്പാറ<>ചാലക്കുടി:- 7:15am, 8:20am, 12:25 pm, 5:00pm. Note: മലക്കപ്പാറയിൽ നിന്നും വാഴച്ചാലിലേക്കോ തിരിച്ചു അതേ റൂട്ടിലേക്കോ ഇരുചക്ര വാഹനങ്ങൾ കടത്തി വിടുന്നതല്ല. Four wheelers ചെക്ക് പോസ്റ്റ്‌ കടത്തി വിടുന്നതാണ്.. എങ്കിലും ആനവണ്ടിയിൽ പോകുന്നതാണ് കാഴ്ചകൾ കാണാനും ഒപ്പം സുരക്ഷക്കും ഒരുപോലെ നല്ലത്.