വാൽപ്പാറ, മലക്കപ്പാറ കാഴ്ചകളും കണ്ടു കാട്ടിലൂടെ ഒരു ആനവണ്ടി യാത്ര

വിവരണം – ചാന്ദ്നി ഷാജു.

തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിലാണ് വാൽപ്പാറ സ്ഥിതി ചെയ്യുന്നത്. ചാലക്കുടി ടൗണിൽ നിന്നും ഏകദേശം 107 കിലോമീറ്റർ അകലെയാണ് വാൽപ്പാറ എന്ന പ്രകൃതിരമണീയമായ സ്ഥലം. സമുദ്ര നിരപ്പിൽ നിന്നും 3500 അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. നല്ല തണുത്ത കാലാവസ്ഥയാണ് അവിടത്തെ പ്രത്യേകത.

ചാലക്കുടിയിൽ നിന്നും പുറപ്പെട്ട് അതിരപ്പിള്ളി വാഴച്ചാൽ മലക്കപ്പാറ വഴി വാൽപ്പാറ ഇതായിരുന്നു ഞങ്ങളുടെ റൂട്ട്. രാവിലെ 7:45നാണു ചാലക്കുടിയിൽ നിന്നും ksrtc മലക്കപ്പാറയിലേക്കു പുറപ്പെടുന്നത്. മലക്കപ്പാറ വരെയേ ksrtc ഉണ്ടാകു. അവിടെ നിന്നും തമിഴ്നാടിന്റെ rtc ആണ് വാല്പാറക്ക്. മക്കളുടെ ആദ്യത്തെ ksrtc യാത്ര. കാട്ടിലെ കാഴ്ചകൾ കണ്ടുള്ള യാത്ര ആണ് ഇതിലെ ഹൈലൈട്. ആകാംഷയും ഉൽസുകതയും കാരണം 7 മണി ആയപ്പോൾ തന്നെ ഞങ്ങൾ സ്റ്റാൻഡിൽ എത്തി.

നേരത്തെ എത്തിയാൽ മാത്രേ മുമ്പിലെ സീറ്റ്‌ കിട്ടുള്ളു. എന്നാലെ മൃഗങ്ങളെ വെടിപ്പായിട്ടു കാണാൻ പറ്റുള്ളൂ. ഒരു ആനയെ എങ്കിലും കാണാൻ പറ്റണെന്നായിരുന്നു ചിന്ത. മോനും ആ ആവേശത്തിൽ ആയിരുന്നു. 7:20നോട് കൂടി ബസ് വന്നു. വേഗം കയറി സീറ്റ്‌ ഉറപ്പിച്ചു. 7:45നു ബസ് സ്റ്റാർട്ട്‌ ചെയ്ത്, തൊട്ടടുത്തുള്ള മുനിസിപ്പൽ സ്റ്റാൻഡിൽ കയറ്റി അവിടെ നിന്നുള്ളവരെ കൂടി കയറ്റി, 8:10 ഓട് കൂടി മലക്കപ്പാറ ലക്ഷ്യമാക്കി നീങ്ങി തുടങ്ങി. ജോലിക്കു പോകുന്നവരും മറ്റുമായി നിറയെ ആൾകാരുണ്ടായിരുന്നു. ഞങ്ങളെ കൂട്ടു 3 ഫാമിലിസും ഉണ്ടായിരുന്നു, കാടു കാണാനും മൃഗങ്ങളെ കാണാനും.

തുമ്പൂർമുഴി, ഡ്രീം വേൾഡ്, സിൽവർ സ്റ്റോമ് , പിന്നിട്ടു അതിരപ്പിള്ളി. വെള്ളച്ചാട്ടത്തിന്റെ ഒരു ദൂര കാഴ്ച്ച ബസിൽ ഇരുന്നു നമുക്കു കാണാവുന്നതാണ്. അതിരപ്പിള്ളി മുതലാണ് കാടു തുടങ്ങുന്നത്. അത് വരെ ഉണ്ടായിരുന്ന ഭൂപ്രകൃതി അപ്പാടെ മാറി തുടങ്ങി. ആനയും പുലിയും മാനും, കുരങ്ങനും, കാട്ടുപോത്തും തുടങ്ങി അനവധി ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയാണ് ഈ കാട്. മഴക്കാലത്തു മാത്രം കാണുന്ന ചാർപ്പ വെള്ളച്ചാട്ടവും കടന്നു ഞങ്ങൾ വാഴച്ചാൽ വനമേഖലയിലേക്കു കടന്നു.

Ksrtc ആയതു കൊണ്ട് തന്നെ പെർമിഷൻ എടുകേണ്ട ആവശ്യമില്ല. എന്നാൽ ബൈക്കിൽ പോകുന്നവരും കാറിൽ പോകുന്നവരും വാഴച്ചാലിൽ നിന്നും പെർമിഷൻ എടുത്തു വേണം ഈ വനമേഖല കടന്നു പോവാൻ. രണ്ടുമണിക്കൂർ ആണ് കാട് കടന്ന്‌ മലക്കപ്പാറ ചെക് പോസ്റ്റിൽ എത്താനുള്ള സമയപരിധി. കാടിനുള്ളിൽ വാഹനം നിർത്താതെ ഇരിക്കാൻ ആണ് ഈ സമയപരിധി കൊടുക്കുന്നത്. സമയപരിധി വല്ലാതെ തെറ്റിച്ചാൽ നല്ല തുക പിഴ അടക്കേണ്ടി വരും. ഒരുപാട് റൈഡേഴ്‌സ് അവിടെ പെർമിഷനു വേണ്ടി കാത്തു നിൽക്കുന്നുണ്ടായിരുന്നു.

ഇനി ഇവിടുന്നങ്ങോട്ടു കൊടും കാടാണ്. കണ്ണും കാതും തുറന്നു വച്ചു കാത്തിരുന്നു. ഇപ്പോ കാണും ഇപ്പോ കാണും ആനയെന്ന്‌. എവിടെ? ആദ്യമേ പറയട്ടെ, ഈ യാത്രയിൽ കുരങ്ങ്, മാൻ, മ്ലാവ് മയിൽ, ഉടുമ്പ്, പാമ്പ് എന്നിവയെ മാത്രേ കാണാൻ സാധിച്ചുള്ളൂ. ഫ്രഷ് ആനപ്പിണ്ടം കിടപ്പുണ്ടായിരുന്നു. ഒരു പക്ഷെ ജസ്റ്റ്‌ മിസ്സ്‌. കാട്, പിന്നെയും കാട്, കൊടും കാട്, കാടിന്റെ മക്കൾ, ആദിവാസി ഊരുകൾ, ചെറിയ നീർ ചോലകൾ, കാഴ്ചകൾക്ക് പഞ്ഞമില്ലാത്ത വഴികൾ.

വീതി കുറഞ്ഞ വഴികൾ ആണ് അധികവും. ഒരു വണ്ടി മുന്നിൽ വന്നാൽ ആരെങ്കിലും ഒരാൾ റിവേഴ്‌സ് അടിക്കുക മാത്രേ നിവർത്തി ഉള്ളു. അപ്പോ പിന്നെ ആനയെ കണ്ടാലോ? നമ്മളൊന്നും ചെയ്യേണ്ട ബാക്കി ഒക്കെ അവൻ ചെയ്തോളും. ആനവണ്ടി ആയതുകൊണ്ട് തന്നെ പേടി ഒട്ടും ഇല്ലായിരുന്നു. കൂടെ ഇത്രയും ആൾകാർ ഉണ്ടല്ലോ. എന്നാൽ തനിച്ചോ, ഫാമിലിയോ ഈ വഴി ഡ്രൈവിംഗ് ഇത്തിരി സാഹസികവും പേടി പെടുത്തുന്നതുമാണ്.ഡ്രൈവർ ചേട്ടന്റെ ഡ്രൈവിംഗ് അസാധ്യം. ഓരോ വളവും ഇത്രയും വലിയ വണ്ടി ഒടിച്ചും തിരിച്ചും എടുക്കുന്നത് കാണേണ്ട കാഴ്ച തന്നെയാണ്.

അങ്ങനെ ഓടി ഓടി 9:40ഓടു കൂടി പുളിയിലപാറ എന്ന സ്ഥലത്തെത്തി. അത് വരെയും ആളുകൾ കയറാനും ഇറങ്ങാനും ഉണ്ടായിരുന്നു. അവിടെ 10 മിനുട്ട് നിർത്തിയിടും. അവിടെ ചെറിയ ഒന്നു രണ്ടു ഹോട്ടലുകൾ ഉണ്ട്. ഭക്ഷണം കഴിക്കേണ്ടവർക്ക് അവിടെനിന്നും കഴിക്കാം. ഞങ്ങൾ ഇഡലിയും അപ്പവും ഒക്കെ കഴിച്ചു. കാടിനുള്ളിലൂടെ കിലോമീറ്ററുകളോളം സഞ്ചരിച്ചു കഴിഞ്ഞാൽ പിന്നെ ഷോളയാർ പവർ സ്റ്റേഷനിൽ ആളുകളെ – ജോലിക്കാരെ ഇറക്കാൻ വണ്ടി നിർത്തും. അവിടെ നിന്നും തിരിച്ചു വന്നു കുറെ ദൂരം പിന്നിടുമ്പോൾ ഷോളയാർ ഡാം കാണാം. അവിടെ ഒരു വ്യൂ പോയിന്റിൽ രണ്ടു മിനിറ്റ് നിർത്തി തരും. ഫോട്ടോ എടുക്കേണ്ടവർക്ക് എടുക്കാൻ. ആ സമയം ബസ് ഒരു വിധം കാലി ആയിരിക്കും. മലക്കപ്പാറയിലേക്കുള്ള കുറച്ചു ആളുകൾ മാത്രേ ഉണ്ടാകു.

അങ്ങനെ 12 മണിയോട് കൂടി ഞങ്ങൾ കേരളത്തിന്റെ അതിർത്തി ഗ്രാമമായ മലക്കപ്പാറയിൽ എത്തി. കേരളം തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഗ്രാമമാണ് മലക്കപ്പാറ. പലപ്പോഴും പുലി ഇറങ്ങുന്ന ഇവിടം തേയിലത്തോട്ടങ്ങളാൽ സമ്പന്നമാണ്. ഞങ്ങൾ ബസ് ഇറങ്ങിയപ്പോൾ തന്നെ വാൽപ്പാറക്കുള്ള തമിഴ്നാട്ന്റെ ബസ് വന്നു. വാല്പാറയാണ് ഞങ്ങളുടെ ലക്ഷ്യം. അത് കൊണ്ട് തന്നെ ഞങ്ങൾ അതിൽ കയറി. “നല്ലാര്ക്കാ, സാപ്പിട്ടാച്ചാ?” ആകെ അറിയാവുന്ന ഈ ഡയലോഗും കൊണ്ട് തമിഴ്നാടിന്റെ മണ്ണിലേക്ക്.

ഞങ്ങളോടൊപ്പമുള്ള 3 ഫാമിലിയും കൂടെ കയറി. ഡാം വരെ പോയി തിരിച്ചു വന്നിട്ടാണ് വാല്പാറക്കു പോവുന്നത്. ഡാം സ്റ്റോപ്പിൽ ഇറങ്ങുക ആണെങ്കിൽ നല്ല ഡാം മീനും കൂട്ടി ഭക്ഷണം കഴിക്കാം. ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന 2 ഫാമിലിയും അവിടെ ഇറങ്ങി. അവർ മലക്കപ്പാറ വരെ ഉണ്ടായിരുന്നുള്ളൂ. ബാക്കി ഒരു ഫാമിലിയും ഞങ്ങളും വാൽപ്പാറയിലേക്ക് ടിക്കറ്റെടുത്തു. അവിടുത്തെ ചെക്ക്പോസ്റ്റിലും ഒരുപാട് റൈഡേഴ്സ് കാത്തുനിൽപ്പുണ്ടായിരുന്നു പെർമിഷനു വേണ്ടി.

ഇതുവരെയും കാട്ടിലൂടെ വന്ന ഞങ്ങൾക്ക് മറ്റൊരു അനുഭവമായിരുന്നു വാൽപ്പാറയിലേക്കുള്ള വഴിയുടെ ഭൂപ്രകൃതി. തേയിലത്തോട്ടങ്ങൾ ഇവിടെനിന്നും ആരംഭിക്കുകയായി. തട്ട് തട്ടായി തേയിലത്തോട്ട നിരകൾ കണ്ടുതുടങ്ങി. ഇവിടുന്നങ്ങോട്ട് വാൽപാറ എത്തുന്നതു വരെയും തേയിലത്തോട്ടങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ കാഴ്ച ഇവിടെ വാക്കുകൾ കൊണ്ട് വർണിക്കാൻ ആവില്ല. അത്രയ്ക്കും മനോഹരമാണ് അവിടം.

തേയിലത്തോട്ടങ്ങൾക്കിടയിലൂടെ തമിഴ്നാട് ബസ്സിൽ അങ്ങനെ പൊയ്ക്കൊണ്ടിരുന്നു. എന്റെ മൊബൈൽ ക്യാമറ ഫ്ലാഷുകൾ മിന്നി കൊണ്ടേയിരുന്നു. എടുത്തിട്ടും എടുത്തിട്ടും മതിയാവാത്ത അത്രയും മികച്ച ഫ്രെയിമുകൾ ആണ് നിറയെ. നമ്മൾ പല വാൾപേപ്പർലും കണ്ടിട്ടുള്ള ഫോട്ടോസ് നേരിട്ട് കണ്ടപ്പോൾ ഉള്ള അനുഭൂതി പറഞ്ഞറിയിക്കുവാൻ വാക്കുകൾ പോരാ. പലയിടത്തും തേയില നുള്ളുന്ന സ്ത്രീകളെ കണ്ടു. ചിലയിടത്ത് നിരവധി തേയില ചാക്കുകൾ കൂട്ടി ഇട്ടിരിക്കുന്നു.തേയില ചാക്കുകൾ കൊണ്ടുപോവുന്ന വാൻ , കുട്ടി കുട്ടി പ്രതിഷ്ഠകൾ തുടങ്ങി നിരവധി കാഴ്ചകൾ.

കിലോമീറ്ററുകളോളം സഞ്ചരിച്ചു ഒന്നരയോടു കൂടി ഞങ്ങൾ വാൽപ്പാറ എന്ന കൊച്ചുടൗണിൽ എത്തി. മലക്കപ്പാറയിൽ നിന്നും 22 -25 കിലോമീറ്റർ ആണ് ഇവിടേക്ക്. ചെന്ന്‌ ഇറങ്ങിയതും തമിഴ്നാടിന്റെ തനത് കൊട്ട് ആണ് ഞങ്ങളെ അവിടെ സ്വീകരിച്ചത്. ഏതോ അമ്പലത്തിലെ എന്തോ ഉത്സവമായിരുന്നു എന്ന് തോന്നുന്നു. അവിടെ ഇറങ്ങിയതും ഭക്ഷണം കഴിക്കുന്നതിനായി ഏട്ടൻ ഞങ്ങളെ ഒരു ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടു പോയി. മുന്നേ ഫ്രണ്ട്സുമായി ഇവിടെ വന്നപ്പോൾ ഭക്ഷണം കഴിച്ച ഹോട്ടൽ ആണത്രേ.

ഉള്ളിലോട്ടു പോയിട്ടുള്ള ഒരു സ്ഥലം കണ്ടപ്പോൾ ഈശ്വരാ, എന്താവുമോ എന്തോ എന്ന് വിചാരിച്ചു. എന്നാൽ നല്ല വൃത്തിയുള്ള അത്യാവശ്യം തിരക്കുള്ള ഒരു ഹോട്ടൽ ആയിരുന്നു അത്. ശ്രീലക്ഷ്മി ചെട്ടിനാട് മെസ്സ് എന്നായിരുന്നു അതിന്റെ പേര്. ഞങ്ങൾ ചോറാണ് കഴിച്ചത് മക്കൾ വെജിറ്റബിൾ ഫ്രൈഡ് റൈസും. പറയാതിരിക്കാൻ വയ്യ, നല്ല അടിപൊളി ഭക്ഷണം ആയിരുന്നു. ഭക്ഷണം കഴിച്ചു ഞങ്ങൾ ചുമ്മാ വാൽപ്പാറ മാർക്കറ്റിലൂടെ ഒന്ന് കറങ്ങി. കുറച്ചകലെയായി ഒരു തേയിലത്തോട്ടത്തിൽ ചെന്ന് കുറച്ചു ഫോട്ടോസ് എടുത്തു. തിരിച്ചു മലക്കപ്പാറയിലേക്കുള്ള അവസാന ബസ് മൂന്നേകാലിനാണു ഇവിടെ നിന്നും സ്റ്റാർട്ട് ആവുന്നത്.

ആ സമയം കണക്കാക്കി ഞങ്ങൾ തിരിച്ച് സ്റ്റാൻഡിലെത്തി. ഒരു കൊച്ചു സ്റ്റാൻഡ്. കൃത്യസമയത്ത് തന്നെ മലക്കപ്പാറയിലേക്കുള്ള അവസാന ബസും വന്നു. അവസാന ബസ് ആയതുകൊണ്ടുതന്നെ അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നു. തമിഴ് മക്കൾ തിക്കിത്തിരക്കി കയറുന്നത് കണ്ടു ആദ്യമായി ബസ്സിൽ കയറുന്ന എന്റെ മകൻ അന്തം വിട്ടു കുന്തം വിഴുങ്ങിയ പോലെ നിൽക്കുകയാണ്. ബസ്സിൽ കയറാതെ. “കുളന്തെ തള്ളാതെ… അമ്മാ…” എന്നു അവരോടും “കേറാടെ കുളന്തെ”ന്ന്‌ അവനോടും പറഞ്ഞപ്പോൾ ഞാനും അറിയാതെ അവരിൽ ഒരാളായോന്ന്‌ സംശയം. വേഗം സീറ്റിൽ ചാടി കേറി ഇരുന്നു.

മടക്കയാത്രയിൽ ഉറക്കം പലപ്പോഴും കണ്ണുകളെ തഴുകിക്കൊണ്ടിരുന്നു. എന്നാൽ ഈ കാഴ്ചകൾ മറച്ചുകൊണ്ട് ഉറങ്ങാൻ എനിക്ക് ഒട്ടും ഇഷ്ടം ഉണ്ടായിരുന്നില്ല. ഈ ഒരു നിമിഷം,  ഈ ഒരു ദിവസം കഴിഞ്ഞാൽ, ഈകാഴ്ചകൾ ഒക്കെയും കാണാമറയത്ത് ആകും എന്നതിനാൽ കണ്ണും തുറന്ന് ഞാൻ ആ തേയിലത്തോട്ടങ്ങളിൽ തന്നെ നോക്കിയിരുന്നു. മക്കൾ സുഖമായി ഉറങ്ങി. 4 15 ആയപ്പോഴേക്കും മലക്കപ്പാറ എത്തി. ഇനി മലക്കപ്പാറയിൽ നിന്നും ചാലക്കുടിയിലേക്ക് അവസാന ബസ് അഞ്ചു മണിക്കാണ് പുറപ്പെടുന്നത്.

ഞങ്ങൾ ഓരോ ചായ കുടിച്ചു നിൽക്കുമ്പോഴേക്കും നാലരയോട് കൂടി തന്നെ കെഎസ്ആർടിസി ബസ്സ് വന്നു. തിരക്കു ഒട്ടും ഉണ്ടായിരുന്നില്ല എങ്കിൽ കൂടിയും മുന്നിലത്തെ സീറ്റ് തന്നെ കിട്ടാൻ വേഗം കയറിയിരുന്നു. കാരണം മടക്കയാത്രയിൽ ആണ് കൂടുതൽ മൃഗങ്ങളെ കാണാൻ ചാൻസ്. ബസ് നിർത്തിയിട്ട റോഡിനു മുകളിലായി തേയിലത്തോട്ടത്തിൽ ഒരു മയിൽ വന്നു നിൽക്കുന്നത് കാണിച്ചു തന്നു കണ്ടക്ടർ ചേട്ടൻ. നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ ആനയെ കാണാം എന്നും പറഞ്ഞു. ഏതാണ്ട് എല്ലാ ദിവസവും അവർ ആനയെ കാണാറുണ്ട് , പലയിടത്തും നിൽക്കുന്നതു.

കൃത്യം അഞ്ചു മണിക്ക് തന്നെ ബസ് പുറപ്പെട്ടു കാര്യമായി തിരക്കൊന്നും ഉണ്ടായിരുന്നില്ല. പുറപ്പെട്ട് കുറച്ചു കഴിഞ്ഞപ്പോഴേക്കും, വരുമ്പോൾ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഒരു ഫാമിലി ബസ്സിൽ കയറി ബസ്സിൽ വെച്ച് ഉള്ള പരിചയം ഒരു ചിരിയിൽ മാത്രം ഒതുക്കി നിന്നിരുന്ന ഞങ്ങൾ പരസ്പരം മൃഗങ്ങളെ കണ്ടോ എന്ന വിവരം ആരാഞ്ഞു. കണ്ടക്ടർ ചേട്ടനും ഡ്രൈവർ ചേട്ടനും നല്ല കമ്പനിയായിരുന്നു. അവർ കുറേ വിശേഷങ്ങൾ ഒക്കെ പറഞ്ഞു. കഴിഞ്ഞ ആഴ്ച അവരുടെ മുമ്പിൽ ഒരു ഒറ്റയാൻ ചിഹ്നം വിളിച്ച് വന്നു എന്നും ഡ്രൈവർ ചേട്ടൻ ഹാൻഡ് ബ്രേക്ക്‌ ഇട്ടപ്പോൾ വീണ്ടും ചിഹ്നം വിളിച്ച് അത് തിരിച്ചു പോയെന്നും പറഞ്ഞു. ഇതുവരെ വേറെ യാതൊരു കുഴപ്പവും ഉണ്ടായിട്ടില്ലത്രേ.

അതുപോലെ തന്നെ അവിടെയുള്ള ആദിവാസി ഊരുകൾ കാണിച്ച് അതിനെക്കുറിച്ചൊക്കെ പറഞ്ഞുതന്നു. കാടിന്റെ മക്കൾക്ക് ഏക്കറുകണക്കിനു ഭൂമി ഉണ്ടെന്നും അവരൊക്കെ അവിടത്തെ വലിയ പണക്കാർ ആണെന്നും പറഞ്ഞു. നമ്മൾ വേണമെങ്കിൽ അവരെ പറ്റിക്കാൻ നോക്കും . അത്രയും പോലും കാടിന്റെ മക്കൾ നമ്മെ ചതിക്കില്ല. വണ്ടി പഞ്ചർ ആയാൽ അവർ തന്നെ ഇറങ്ങി ടയർ മാറ്റാൻ സഹായിക്കുകയും മരം വല്ലതും വീണു കിടന്നാൽ അതൊക്കെ മാറ്റാൻ ഇവരെ സഹായിക്കുകയും ചെയ്യും.

അങ്ങനെ കുറച്ചു ദൂരം ബസ് ഓടിക്കൊണ്ടിരിക്കെ ഒരു മാൻകുട്ടി ഓടി പോകുന്നത് കണ്ടു. പിന്നെയും കുറച്ച് മാനുകളെ കണ്ടു എന്നാൽ ആനയെ മാത്രം കാണാൻ സാധിച്ചില്ല. ഏതാണ്ട് എല്ലാ ദിവസവും അവർ ആനയെ കാണാറുണ്ട്. പലപ്പോഴും വഴിവക്കിൽ ഒറ്റക്കും കൂട്ടമായും ഒക്കെ നിൽക്കാറുണ്ട്. പക്ഷേ ഇന്ന് എന്തോ ഇല്ല. ശരിക്കുള്ള കൊമ്പനെ കണ്ടില്ലെങ്കിലും നമ്മൾ സഞ്ചരിക്കുന്ന കൊമ്പനു മുൻപിലായി മറ്റൊരു കൊമ്പൻ കടന്നുപോയി. അങ്ങോട്ടുള്ള യാത്രയിലും ഇങ്ങോട്ടുള്ള യാത്രയിലും കടന്നുപോയ രണ്ട് കൊമ്പന്മാരും പരസ്പരം സൗഹൃദം പങ്കുവെച്ചു.

അങ്ങനെ അതിരപ്പിള്ളിയിൽ എത്തിയപ്പോൾ കൂടെയുണ്ടായിരുന്ന ഫാമിലി ബൈ പറഞ്ഞിറങ്ങി. അവരുടെ പേരോ നാടോ ഒന്നും അറിയില്ല. എങ്കിലും ഒരു പുഞ്ചിരിയിൽ ഞങ്ങളുടെ സൗഹൃദം കൈമാറി. 8:45 ഓടു കൂടി ചാലക്കുടി സ്റ്റാൻഡിൽ എത്തി. ഡ്രൈവർ ചേട്ടനോടും കണ്ടക്ടർ ചേട്ടനോടും യാത്രപറഞ്ഞു ഞങ്ങൾ ഇറങ്ങി.