പോലീസ് സ്റ്റേഷനോ അതോ മാളോ? ഏവരെയും ഞെട്ടിച്ച് കിടിലൻ മേക്ക് ഓവറുമായി മലമ്പുഴ പോലീസ് സ്റ്റേഷൻ…

പോലീസ് സ്റ്റേഷനിൽ കയറിയിട്ടുള്ളവർ കുറവായിരിക്കുമെങ്കിലും അത് പുറത്തു നിന്നും നമ്മളെല്ലാം കണ്ടിട്ടുണ്ടാകും. പൊതുവെ സൗകര്യങ്ങൾ വളരെ പരിമിതമായ അവസ്ഥയിലായിരിക്കും ഒട്ടുമിക്ക പോലീസ് സ്റ്റേഷനുകളും കാണപ്പെടുന്നത്. എന്നാൽ അതിനെല്ലാം ഇപ്പോൾ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ഇതൊക്കെ ഇപ്പോൾ പറയുവാൻ കാരണം കേരളത്തിലെ ഒരു പോലീസ് സ്റ്റേഷനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. മറ്റെങ്ങുമല്ല, പാലക്കാട് ജില്ലയിലെ മലമ്പുഴ പോലീസ് സ്റ്റേഷനാണ് കിടിലൻ മേക്ക് ഓവറുമായി വന്ന് എല്ലാവരെയും അതിശയിപ്പിച്ചിരിക്കുന്നത്. ഇരുണ്ട മുഖമുള്ള സാധാരണ പോലീസ് സ്റ്റേഷനുകൾ പോലെയല്ല, ഒറ്റനോട്ടത്തിൽ കണ്ടാൽ ഏതെങ്കിലും മാൾ ആണോയെന്നു വരെ തോന്നിപ്പോകുന്ന രീതിയിലാണ് പോലീസ് സ്റ്റേഷൻ മോടിപിടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങൾ ഫേസ്‌ബുക്ക് പോലുള്ള സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യപ്പെടുകയും അവ വൈറലായി മാറുകയുമുണ്ടായി.

പാലക്കാട് ജില്ലയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് മലമ്പുഴ. മലമ്പുഴയിലെ പ്രധാന ആകർഷണങ്ങൾ 1955-ൽ നിർമ്മിച്ച മലമ്പുഴ ഡാം, മലമ്പുഴ ഉദ്യാനം, റോപ് വേ, സ്നേക്ക് പാർക്ക്, റോക്ക് ഗാർഡൻ, മത്സ്യ ഉദ്യാനം (അക്വേറിയം), കാനായി കുഞ്ഞിരാമൻ തീർത്ത യക്ഷി എന്ന വലിയ സിമന്റ് ശില്പം, ഫാന്റസി പാർക്ക് എന്നിവയാണ്. ഇപ്പോഴിതാ ഇവയുടെ കൂട്ടത്തിൽ മലമ്പുഴ പോലീസ് സ്റ്റേഷനും കൂടി ഇടംപിടിച്ചിരുന്നു എന്നു വേണമെങ്കിൽ പറയാം. സംഭവം വൈറലായതോടെ നിരവധിയാളുകളാണ് ഇത്തരമൊരു മാറ്റത്തെ അഭിനന്ദിച്ചു കൊണ്ട് മുന്നോട്ടു വന്നിരിക്കുന്നത്.

കൂടാതെ ട്രോൾ ഗ്രൂപ്പുകളിലും ഇത് ഹിറ്റായി മാറിയിരിക്കുകയാണ്. “ലോക്കപ്പിൽ A/C ഉണ്ടോ ആവോ…? ഈ സെറ്റപ്പ് നോക്കുമ്പോ ഉണ്ടാവാൻ ആണ് സാധ്യത…” എന്നൊക്കെയാണ് ട്രോളന്മാർ പോസ്റ്റ് ചെയ്യുന്നത്. ഇതിനിടയിൽ പൊലീസുകാരെ കുറ്റം പറയുവാൻ കിട്ടിയ അവസരവും ചില വിരുതന്മാർ മുതലാക്കുന്നുണ്ട്. എന്തായാലും ഇതൊരു നല്ല മാറ്റം തന്നെയാണ്. പോലീസ് സ്റ്റേഷനുകൾ നമ്മുടെ നാടിന്റെ കാവൽ നിലയങ്ങളാണ്. അവ ഒരിക്കലും ഇരുളടഞ്ഞു, ആരും കയറാൻ ഭയക്കുന്ന രീതിയിൽ ആകരുത്. സാധാരണക്കാർക്ക് നീതി നടപ്പാക്കുന്ന ഈ കാവൽ നിലയത്തിന് അൽപ്പം പോസിറ്റിവ് എനർജ്ജി കൂടി വന്നിരിക്കുകയാണ്. ഇത് ഇവിടെ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കും കൂടി പോസിറ്റീവ് എനര്ജി പ്രദാനം ചെയ്യുകയും ചെയ്യും.

1973 നു മുൻപ് പാലക്കാട് ടൌൺ സർക്കിളിന്റെ നിയന്ത്രണത്തിൽ ഒരു പോലീസ് ഔട്ട് പോസ്റ്റ് മാത്രമേ മലമ്പുഴയിൽ ഉണ്ടായിരുന്നുള്ളൂ. 1973 മാർച്ച് 23 നാണു ഈ ഔട്ട്പോസ്റ്റിന്റെ സ്ഥാനത്ത് പോലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുന്നത്. മലമ്പുഴ ITI യ്ക്ക് സമീപത്തായി മലമ്പുഴ ഗാർഡനു രണ്ടു കിലോമീറ്റർ തെക്കു കിഴക്കായാണ് ഈ പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. മലമ്പുഴ പഞ്ചായത്ത്, മരുതറോഡ് പഞ്ചായത്തിന്റെ പത്താം വാർഡ് എന്നിവയടങ്ങിയതാണ് പോലീസ് സ്റ്റേഷൻ പരിധി. നിരവധി ടൂറിസ്റ്റുകൾ ദിനംപ്രതി എത്തുന്ന സ്ഥലമായതിനാൽ ഇവിടെ ടൂറിസം പോലീസിന്റെ സേവനവും ലഭ്യമാണ്.