മാലദ്വീപിലേക്കുള്ള ടെൻഷനും അത്ഭുതവും നിറഞ്ഞ എൻ്റെ ആദ്യ യാത്ര

വരികളും ചിത്രങ്ങളും : Dany Darvin.

ആറു വർഷങ്ങൾക്കു മുന്നേ മാലദ്വീപിൽ ടീച്ചർജോലി കിട്ടിയപ്പോൾ ഞാൻ വളരെ സന്തോഷത്തിലായിരുന്നു. ഒപ്പംതന്നെ ഉള്ളിൽ ചെറിയൊരു പേടിയും. എന്തായാലും ദ്വീപുകളല്ലേ. ചുറ്റും വെള്ളം മാത്രം. കടലും കായലും പുഴയും എത്ര സുന്ദരകമായ കാഴ്ചകളാണെങ്കിലും എനിക്ക് അതിലെ ജലത്തെ പേടിയാണ്. അന്നും. ഇന്നും. എങ്കിലും പുറമെ ധൈര്യം സംഭരിച്ച് ജീവിതത്തിൽ ഒരു പച്ചപിടിക്കലിനു വേണ്ടി ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന നയനമനോഹരമായ മാൽദീവ്സിലേക്കുള്ള യാത്രക്ക് ഞാനും പുറപ്പെട്ടു.

ആദ്യത്തെ പടി ഫ്ളൈറ്റ് യാത്രയാണ്. ആദ്യമായിട്ടാണ് വിമാനയാത്ര. ആ ടെൻഷനും, മക്കളേയും വീട്ടുകാരേയും ഒക്കെ വിട്ടുപോരുന്ന വിഷമം മറ്റൊരു സൈഡിലും. അപരിചിതത്വവും, മനോവിഷമവും, ഭീതിയും ഒക്കെ ക്കൂടികലർന്ന മനസുമായി ഞാൻ വിമാനത്തിൽ പ്രവേശിച്ചു. എയർഹോസ്റ്റസിന്റെ നിർദ്ദേശപ്രകാരം എന്റെ സീറ്റ് തപ്പി സ്ഥാനമുറപ്പിച്ചു. അടുത്തിരിക്കുന്ന ആൾ ഇയർഫോൺ വെച്ച് പാട്ട് കേട്ടുകൊണ്ടിരിക്കുകയാണ്. കണ്ടാലറിയാം വിമാനയാത്ര മൂപ്പർക്ക് പുത്തരിയല്ലെന്ന്.

എല്ലാവരും സീറ്റ് ബെൽറ്റ് ധരിക്കാനുള്ള മുന്നറിയിപ്പ് സുന്ദരിയായ എയർഹോസ്റ്റസ് നൽകുന്നുണ്ട്. ഞാനെത്ര ശ്രമിച്ചിട്ടും വിജയിക്കുന്നില്ല. ആരോടെങ്കിലും അറിയില്ലെന്ന് പറയാൻ ആദ്യം ഒരു ചമ്മൽ. എന്റെ ശ്രമം ഞാൻ വീണ്ടും തുടർന്നു. നോ രക്ഷ. അപ്പോഴാണ് ഏതോ ഹിന്ദി സിനിമയിൽ നായകന്റെ ആദ്യത്തെ വിമാന യാത്രയും പിന്നീട് സംഭവിക്കുന്ന അബദ്ധങ്ങളും എന്റെ മനസ്സിൽ ഓടിയെത്തിയത്. എല്ലാവരും അറിഞ്ഞ് നാണംകെടുന്നതും.

സ്വന്തം ജീവൻ രക്ഷയും കരുതി അടുത്തിരിക്കുന്ന വ്യക്തിയോട് എന്റെ കന്നിയാത്രയാണ് ഇതെന്ന് അവസാനം ഞാൻ വ്യക്തമാക്കി. “തന്റെ അങ്കലാപ്പ് കണ്ടപ്പോഴേ അതെനിക്ക് മനസ്സാലായി ” എന്ന ഡയലോഗോടെ പുള്ളി എനിക്ക് സീറ്റ് ബെൽട്ട് ഇട്ടുതന്നു. അപ്പോഴുണ്ട് ദേ, എന്റെ മുന്നിലും വലതു സൈഡിലും ഇരിക്കുന്ന മിക്കവർക്കും എയർഹോസ്റ്റസ്മാർ സൈഡ് ബെൽട്ട് ഇട്ടുകൊടുക്കുന്നു. എനിക്ക് സന്തോഷമായി. അപ്പോൾ ഞാൻ മാത്രമല്ല..പക്ഷേ അവരുടെ ഒക്കെ ഇരിപ്പുകണ്ടാൽ ഇതൊക്കെ എത്ര കണ്ടതാണെന്നുള്ള മട്ട്.

അവരെ സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ എന്നെപ്പോലെ ടീച്ചർ ജോലിക്കായി ആദ്യവിമാനയാത്ര നടത്തുന്ന സാധുക്കളാണെന്ന് മനസ്സിലായി. പിന്നെ ഭക്ഷണം കിട്ടിയപ്പോഴും എന്ത് കാര്യത്തിലും അടുത്തിരിക്കുന്ന ആളെ ഞാൻ ശ്രദ്ധയോടെ അനുകരിച്ചു. അബദ്ധം പറ്റരുത്. മേഘപാളികളെ കീറിമുറിച്ച് വിമാനം കടന്നു പോകുമ്പോൾ എന്റെ ഉള്ളിൽ ഭീതിയുടെ ഉടുക്കുകൊട്ട് നടക്കുകയാണ്. അപ്പോൾ പുള്ളിക്കാരൻ ഔദാര്യമായി എന്നോടു ചോദിച്ചു. “സൈഡ് സീറ്റ് വേണോ? കാഴ്ചകൾ കാണാൻ.”

ഇരിക്കുന്നിടത്തുനിന്ന് ഒന്നേ നോക്കിയുള്ളൂ. തല കറങ്ങുന്നു. അപ്പോഴാണ്….. “എനിക്ക് സൈഡു സീറ്റും വേണ്ടാ… ഒന്നും വേണ്ടാ മനുഷ്യനേ ജീവനോടെ ഒന്ന് എത്തികിട്ടിയാൽ മതിയായിരുന്നു ” എന്ന് ആത്മഗതം പറഞ്ഞു. ഇടക്ക് ചെവികൾകൊട്ടിയടയ്ക്കുന്ന പോലെ തോന്നി. ചെവിവേദനിക്കുന്നു. ചെവികൾ അടച്ചുപിടിച്ചിട്ടും രക്ഷയില്ല. കണ്ണുകൾ നിറഞ്ഞൊഴുകി. “പേടിക്കണ്ടാ, അൽപ്പം കഴിയുമ്പോൾ ശരിയാകും ” എന്ന് അയാൾ പറഞ്ഞെങ്കിലും വേദന സഹിക്കവയ്യ… പതുക്കെപ്പതുക്കെ അത് മാറി.

കുറച്ച് മിനിട്ട് കഴിഞ്ഞപ്പോൾ ഫ്ലൈറ്റ് ലാൻഡ് ചെയ്യാൻ പോകുന്നതിന്റെ അനൗൺസ്മെന്റ് മുഴങ്ങി. കഷ്ടകാലത്തിന് മനസ്സിലേക്ക് ആ സമയത്ത് നശിച്ച പത്രചിന്തകൾ വന്നുകൂടി. ഒരു വിമാനം ലാൻഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ റൺവേയിൽനിന്ന് തെന്നി തീപിടിച്ചതും മറ്റും. ഈശോയെ മനസ്സിൽ പല പ്രാവശ്യം വിളിച്ചു. എന്തായാലും വിമാനം ലാൻഡ് ചെയ്ത് കഴിഞ്ഞാണ് ഞാൻ കണ്ണുകൾ തുറന്നത്. അതും അയാൾ തോണ്ടിവിളിച്ചപ്പോൾ. പുള്ളിയോട് ആദ്യമായി ഞാൻ നന്ദി പറഞ്ഞു.

പുറത്തിറങ്ങിയപ്പോൾ മുതൽ ചെക്കിംഗ് എല്ലാം കഴിഞ്ഞ് എന്റെ ഏജന്റായ തോമസ്ചേട്ടനെ ഫോൺ വിളിച്ച് ഏൽപ്പിക്കുന്നതുവരെ ആ നല്ല മനുഷ്യനിലെ വ്യക്തിത്വം ഞാൻ തിരിച്ചറിഞ്ഞു. യാത്രയുടെ ഭീതിയിൽ ഞാൻ പുള്ളിയുടെ പേര് ചോദിക്കാൻ പോലും മറന്നു.

മിനിസ്ട്രിയുടെ കാര്യങ്ങളും, പിന്നെ ഒരു ദ്വീപിലേക്ക് ജോലിക്ക് ചേക്കാറാനുമായി പത്ത് ദിവസം തലസ്ഥാനമായ മാലേയിൽ മറ്റ് ഉദ്യോഗാർത്ഥികൾക്കൊപ്പം എനിക്കും തങ്ങേണ്ടതായി വന്നു. എനിക്ക് ജോലി കിട്ടിയത് പതിമൂന്ന് മണിക്കൂർ ബോട്ടിൽ സഞ്ചരിക്കേണ്ട നോർത്ത് അറ്റോളിലെ മാലേന്ദു ദ്വീപിലാണ്.

രാത്രി എട്ടുമണിയോടെ ഞങ്ങൾ ബോട്ടിനടുത്തെത്തി. തോമസ് ചേട്ടൻ ഞാൻ ജോയിൻ ചെയ്യാൻ പോകുന്ന സ്കൂളിലെ പ്രിൻസിപ്പാളിനേയും ഭാര്യയേയും എനിക്ക് പരിചയപ്പെടുത്തി അവരെ ഏൽപ്പിച്ച് തിരിച്ചുപോയി. അവർ ചികിത്സക്കുവേണ്ടി അവിടെ വന്ന് തിരിച്ചു പോകുന്ന വഴിയാണ്. ഞാൻ ചുറ്റുപാടും നോക്കിയപ്പോൾ, ബോട്ടിന്റെആദ്യത്തെ തട്ടിലെ ഉൾഭാഗത്ത് ആളുകൾ പുതപ്പുകൾ നിരത്തി വിരിച്ച് അതിൽ കിടക്കുന്നു. മുകൾ ഭാഗവും അങ്ങിനെതന്നെ. അവരുടെ പുതപ്പിനോട് ചേർത്ത് എന്റെ വിരിയും വിരിച്ച് എന്നോട് കിടന്നോളാൻ പറഞ്ഞു.

ബോട്ടെടുത്തപ്പോൾമുതൽ എനിക്ക് പേടി തുടങ്ങി. ആദ്യമേതന്നെ എന്റെ കടലിനോടുള്ള പേടി ഞാൻ അവരോട് പറഞ്ഞു. കുറെ നേരം ചെന്നപ്പോൾ ബോട്ടിനാകെ ഉലച്ചിൽ. കടൽ ക്ഷോഭിച്ചിരിക്കുന്ന സമയമാണെന്ന് അവർ പറഞ്ഞു. ഞാൻ ഓരോ ഉലച്ചിലിനും ഊർന്നുപോവുകയാണ്. അടുത്തുള്ള തൂണിനോട് ചേർന്ന് കൈ ചുറ്റിപിടിച്ച് ഞാൻ കിടന്നു. മയക്കത്തിൽ പക്ഷെ കൈവിട്ട് വീണ്ടും പഴയ സ്ഥിതി. അവർ എന്റെ അങ്കലാപ്പുകൾ കണ്ടപ്പോൾ ഇടതുകൈ തൂണിനോട് ചേർത്ത് ഷോൾകൊണ്ട് കെട്ടാൻ പറഞ്ഞു. അപ്പോൾമുതൽ ആശ്വാസമായി.

ഇനി കൈവിട്ട് വെള്ളത്തിൽ പോകില്ല. എങ്ങാനും പോയാൽ മിക്കപ്പോഴും ആരും അറിയില്ല. കാരണം അർദ്ധരാത്രി എല്ലാവരും ഉറക്കത്തിലേക്ക് മൂക്കുകുത്തിയിരുന്നു. വെള്ളത്തിൽ പോയാൽ ഒന്നാമത് എനിക്ക് നീന്തലറിയില്ല. അറിഞ്ഞാൽ തന്നെ നടുക്കടലിൽ എന്തു ചെയ്യാൻ. വീടിനടുത്തുള്ള കുളത്തിൽ അമ്മയോടൊപ്പം കുളിക്കാൻ പോകുമ്പോൾ ബക്കറ്റും കപ്പും കൊണ്ടു പോകുന്ന കക്ഷിയാ ഈ ഞാൻ. ആ പാവം ഞാനാണ് നടുക്കടലിന്റെ ഉള്ളിൽ ജോലിക്ക് എത്തപ്പെട്ടത്. എല്ലാം ദൈവതീരുമാനം മാത്രം.

ഇടയ്ക്ക് ഉറക്കമെണീറ്റപ്പോൾ കടൽച്ചൊരുക്ക് കാരണം ഞാൻ ശർദ്ദിച്ചു. വീണ്ടും തളർന്നുറങ്ങി. എട്ടു മണി ആയപ്പോൾ മുട്ടക്കറിയുടെ മണം മൂക്കിലടിച്ചാണ് ഞാനുണർന്നത്. നോക്കിയപ്പോൾ പല്ലുപോലും തേക്കാതെ എല്ലാവരും ബോട്ടിൽനിന്ന് കൊടുക്കുന്ന ബ്രഡും, ജാമും പിന്നെ റോഷിയും മുട്ടക്കറിയും ഒക്കെ നല്ല തട്ടാണ്. നമ്മൾ മലയാളികൾക്ക് പല്ലു തേക്കാതെ കഴിക്കുന്ന ശീലമില്ലാത്തതുകൊണ്ട് ഞാൻ ആ ശ്രമം ഉപേക്ഷിച്ചു.

രാത്രി 9 ന് പുറപ്പെട്ട ബോട്ട് രാവിലെ 10 ന് ആണ് എന്റെ ദ്വീപിൽ എത്തിയത്. അവിടെ എന്നെ സ്വീകരിക്കാനെത്തിയ ഇന്ത്യൻ ടീച്ചേർസിനെ കണ്ടപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്. എന്റെ ഈ യാത്രയിൽനിന്ന് എനിക്ക് ലഭിച്ച ഒരു വലിയ ഗുണപാഠം ഇതാണ് …. നമുക്ക് ഒരു കാര്യം അറിയില്ലെങ്കിൽ അറിയില്ല എന്നു തുറന്നു പറയാൻ ഒരു മടിയും കാട്ടരുത്. അവിടെ നാം ചെറുതാകില്ല. അബദ്ധത്തിൽ പെടുകയുമില്ല.