മാലിക് അംബർ – ഇന്ത്യയിൽ ഭരണം നടത്തിയ ആഫ്രിക്കക്കാരൻ

വിവരണം – Abdulla Bin Hussain Pattambi.

16-ആം നൂറ്റാണ്ടിൽ ഡെക്കാൻ പ്രദേശത്ത് നിലവിലിരുന്ന അഹമ്മദ്നഗർ എന്ന രാജ്യത്തെ പ്രധാനമന്ത്രിയായിരുന്നു മാലിക് അംബർ. ഒരു അബിസീനിയൻ ( ഇപ്പോൾ എതോപ്യ ) അടിമയായിരുന്ന മാലിക് അംബർ 1548-ൽ ജനിച്ചു. ഖ്വാജാ ബഗ്ദാദി എന്ന അപരനാമത്താൽ അറിയപ്പെട്ടിരുന്ന മീർ ഖാസിം ഈ കുട്ടിയെ വിലയ്ക്കു വാങ്ങി അഹമ്മദ്നഗറിലെ സുൽത്താനായിരുന്ന മുർത്തസ II-ന്റെ മന്ത്രിയായിരുന്ന ജംഗിസ് ഖാന് കൈമാറ്റം ചെയ്തു.

ജംഗിസ് ഖാന്റെ സേവകനായിരുന്നപ്പോൾ അംബർ രാജ്യഭരണ തന്ത്രത്തിൽ പരിശീലനം നേടി. 1574-ൽ ജംഗിസ് ഖാന്റെ മരണത്തെത്തുടർന്ന് മാലിക് അംബർ സൈന്യ സജ്ജീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇക്കാലത്തെ അഹമ്മദ് നഗറിലെ രാഷ്ട്രീയ പരിതഃസ്ഥിതി അതിന് അനുകൂലവുമായിരുന്നു. ചാന്ദ്ബീബിയുടെ പതനത്തിനുശേഷം ( AD1600 ) അഹമ്മദ്നഗറിൽ അരാജകത്വം നടമാടി.

അംബർ, അഹമ്മദ്നഗറിലെ സൈന്യത്തെ തന്റെ സൈന്യത്തോട് ചേർത്ത് ശക്തിയാർജിച്ചു; തുടർന്ന് അയൽരാജ്യങ്ങൾ ആക്രമിക്കാനൊരുമ്പെട്ടു. ബീദാർ ആക്രമിച്ച് വമ്പിച്ച സ്വത്ത് കൈക്കലാക്കി. മുഗൾ സൈന്യത്തെ തോല്പിച്ച് അവരുടെ ഭക്ഷ്യ വസ്തുക്കൾ മുഴുവൻ നശിപ്പിച്ചു. ഈ ഘട്ടത്തിൽ ജഹാംഗീർ ചക്രവർത്തി, അംബറുമായി സന്ധിയിലൊപ്പുവച്ച് യുദ്ധം താത്കാലികമായി അവസാനിപ്പിച്ചു. ഡെക്കാനിൽ മുഗൾ സൈന്യത്തിന് ഏറ്റവും വലിയ വെല്ലുവിളിയായി നിലനിന്നിരുന്നതും മാലിക്‌ അംബറായിരുന്നു.

അഹമ്മദ്നഗറിലെ മിക്ക പ്രഭുക്കന്മാരും അംബറുടെ അധികാരം വകവച്ചുകൊടുത്തു. നിസാം ഷാഹി വംശത്തിൽപ്പെട്ട ബീജാപ്പൂർ രാജകുടുംബത്തിൽ നിന്ന് ഒരാളെ അഹമ്മദ്നഗറിൽ കൊണ്ടുവന്ന് മുസ്തഫാ നിസാമുൽമുൽക്ക് എന്ന സ്ഥാനപ്പേരോടുകൂടി രാജാവായി വാഴിച്ചു.

അംബറുടെ സീമന്തപുത്രിയെ പുതിയ രാജാവിന് വിവാഹം കഴിച്ചുകൊടുത്ത് ഇദ്ദേഹം തന്റെ രാഷ്ട്രീയനില ഭദ്രമാക്കി. അംബർ പ്രധാനമന്ത്രിയായി യഥാർഥത്തിൽ അഹമ്മദ്നഗർ ഭരിക്കാനും തുടങ്ങി. നാട്ടിലുള്ള പ്രഭുക്കന്മാരുടെ കലാപങ്ങളെ അടിച്ചമർത്തുന്നതിലും മുഗൾ ആക്രമണങ്ങളെ ചെറുത്തുനിൽക്കുന്നതിലും അംബർ വിജയിച്ചു. അഹമ്മദ്നഗർ ആക്രമിച്ചിരുന്ന ശത്രുക്കളെ ഇദ്ദേഹം പരാജയപ്പെടുത്തി.

1610-ൽ ബീജാപ്പൂരുമായി അഹമ്മദ്നഗർ സൗഹാർദ സഖ്യത്തിലൊപ്പുവച്ച്, അവരുടെ സഹായത്തോടെ മുഗൾ സൈന്യത്തെ തോല്പിച്ചു. 1610ൽ ഔറംഗാബാദ് നഗരം സ്ഥാപിച്ചത് മാലിക് അംബറായിരുന്നു. മുഗളന്മാർ 1617-ൽ വീണ്ടും ഖുറം രാജകുമാരന്റെ (പിന്നീട് ഷാജഹാൻ ചക്രവർത്തി) നേതൃത്വത്തിൽ അഹമ്മദ്നഗർ ആക്രമിച്ച്, ചില പ്രദേശങ്ങൾ കീഴടക്കി. ഈ ദുർഘടസന്ധിയിൽ ബീജാപ്പൂർ പഴയ സൌഹാർദസഖ്യം മറന്ന് മുഗൾസൈന്യത്തെ സഹായിക്കുകയാണു ചെയ്തത്.

എന്നാൽ ഇതിലൊന്നും കൂസാതെ മാലിക് അംബർ മുഗൾ സൈന്യത്തോടെതിരിട്ടു. 1624-ൽ അഹമ്മദ്നഗറിന് 16 കി.മീ. അകലെയുള്ള ഭട്ടൂരിയിൽ വച്ചു നടന്ന യുദ്ധത്തിൽ മുഗൾ-ബീജാപ്പൂർ സൈന്യങ്ങളെ മാലിക് അംബർ തോല്പിച്ചു. ചരിത്രപ്രസിദ്ധമായ ഈ വിജയം മൂലം ബീജാപ്പൂരിനെ തന്റെ ഭാഗത്തേക്കു കൊണ്ടുവരാനും മുഗളന്മാരെ ഭയചകിതരാക്കാനും അംബർക്കു കഴിഞ്ഞു. 1626-ൽ അംബർ നിര്യാതനാകുന്നതുവരെ അഹമ്മദ്നഗർ സ്വതന്ത്രരാജ്യമായി നിലനിന്നു.

അഹമ്മദ്നഗർ കോട്ടയിൽനിന്ന് 68 കി.മീ. വടക്ക്കിഴക്ക് ഉള്ള അമരപുരം ഗ്രാമത്തിലാണ് അംബറുടെ ശവക്കല്ലറ സ്ഥിതി ചെയ്യുന്നത്‌.

കടപ്പാട് Edited Wiki..