മഞ്ഞു പെയ്യുന്ന ദൈവങ്ങളുടെ താഴ്‌വരയിലേക്കൊരു ഹണിമൂൺ യാത്ര..

വിവരണം – വൈശാഖ് കീഴേപ്പാട്ട്.

തലസ്ഥാന നഗരത്തിലെ കാഴ്ചകൾക്ക് വിരാമമിട്ട് പാർക്കിംഗ് ഏരിയയിലേക്ക് എത്തിയപ്പോഴേക്കും മണാലി യാത്രക്കുള്ള ഞങളുടെ വാഹനം തയ്യാറായി നിന്നിരുന്നു. ഇനിയുള്ള യാത്രയിൽ ഞങൾ രണ്ടുപേർ മാത്രമേ ഒള്ളു. അമ്മുവിൻറെ സുഹൃത്തുക്കളോട് അവിടെ നിന്ന് യാത്ര പറഞ്ഞ് വണ്ടിയിൽ നിന്ന് ബാഗെല്ലാം പുതിയ രഥത്തിലേക്കു മാറ്റിവെച്ചു. സമയം ഏഴുമണിയോടടുത്തു. 570 KM ദൂരമുണ്ട് ഡൽഹിയിൽ നിന്നും മണാലിയിലേക്ക്. നേരം പുലരുമ്പോഴേക്കും അവിടെ എത്തും. ഡൽഹിയിൽ ഉള്ള ഒരു ഹിന്ദി ചേട്ടൻ ആണ് ഞങളുടെ സാരഥി. അങ്ങനെ രാജ്‌ഘട്ടിൽ നിന്നും ഞങളുടെ ആദ്യ മണാലി യാത്ര ആരംഭിച്ചു. NH 1 ലൂടെ യുള്ള യാത്ര. റോഡിനു ഇരുവശവും മാളികപോലെ അലങ്കരിച്ചിരിക്കുന്ന ധാബകൾ. കൊട്ടാരംപോലെ തോന്നിക്കുന്ന കല്യാണ മണ്ഡപങ്ങൾ. അങ്ങനെ ഡൽഹിയുടെ മനോഹരമായ രാത്രി കാഴ്ചകൾ കണ്ടാണ് യാത്ര.

നഗരതിർത്തി കഴിഞ്ഞപ്പോഴേക്കും റോഡിലെ തിരക്കിന് അല്പം ശമനമായി. വിശപ്പിന്റെ വിളി കൂടി വന്നപ്പോൾ പിന്നീട് കണ്ട ധാബയിൽ കഴിക്കാൻ നിർത്തി. ഓർഡർ ചെയ്തതിനു ശേഷം ആദ്യം വന്നത് കുറച്ചു സലാഡ് ആണ്. കണ്ടപ്പോൾ തന്നെ കഴിക്കാൻ തോന്നിയില്ല. ആ സാലഡിനു 50 രൂപയുടെ വിലയുണ്ട് എന്ന് ബില്ല് കണ്ടപ്പോൾ ആണ് മനസിലായത്. രാത്രിയായതിനാൽ കാഴ്ചകളുടെ ആസ്വാദനം നടക്കില്ല. അതിനാൽ ഉറക്കത്തിലേക്ക് കടന്നു. അതിനിടയിൽ ഉറങ്ങാൻ വേണ്ടി ഡ്രൈവർ ചേട്ടൻ കുറച്ചു സമയം വണ്ടി നിർത്തിയിട്ടിരുന്നു. രാത്രിയിലാണ് മണാലിയിലേക്കുള്ള ഡൽഹിയിൽ നിന്നുള്ള ഒട്ടുമിക്ക വോൾവോ ബസ് സർവീസുകളും. നേരം പുലർന്നു കണ്ണുതുറക്കുമ്പോൾ ഹിമാചലിൽ മലയിടിക്കിലൂടെ നമ്മുടെ വാഹനം സഞ്ചരിക്കുകയാണ്. ഒരു വശത്തു മലയും മറു വശത്തു ബിയാസ് നദിയും. അവക്കിടയിലൂടെയുള്ള അത്ര വലുതെന്നു പറയാൻ കഴിയാത്ത റോഡിലൂടെയാണ് യാത്ര.

തണുപ്പിന്റെ കാഠിന്യം കൂടി വന്നപ്പോൾ തന്നെ ലക്ഷ്യസ്ഥാനം അധികം ദൂരെയല്ല എന്ന് ബോധ്യമായി. നദിക്കു അരികിൽ വണ്ടി ഒതുക്കി ഒരു ചായ കുടിക്കാൻ വേണ്ടി ഇറങ്ങിയപ്പോൾ ആണ് നദിക്കു കുറുകെയുള്ള തൂക്കുപാലം ശ്രദ്ധയിൽപെട്ടത്. അൽപ സമയം അവിടെ ചിലവിട്ടു ചൂട് ചായയും കുടിച്ചാണ് യാത്ര തുടർന്നത്. റോഡ് എല്ലാം മോശമാണ്. ഹൈവേ യുടെ ജോലി നടക്കുന്നുണ്ട്. തുരങ്കങ്ങളായാണ് അവിടെ റോഡ് നിർമ്മാണം. യാത്രക്കിടയിൽ പലയിടത്തും തുരങ്കങ്ങളുടെ ജോലികൾ തകൃതിയായി നടക്കുന്നുണ്ട്. ആ കാഴ്ചകളിലൂടെ സഞ്ചരിക്കുമ്പോൾ ആണ് പണി തീർന്ന മറ്റൊരു തുരങ്കത്തിലേക്കു ഞങ്ങൾ പ്രവേശിച്ചത്. 3 KM ഇതിന്റെ ദൂരം. നമ്മുടെ നാട്ടിൽ ഇച്ചിരിപോന്ന ഒരു തുരങ്കം ഉണ്ടാക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി..

കുളു നഗരത്തിലേക്ക് അടുക്കാറായപ്പോഴേക്കും ശാന്തമായി ഒഴുകിയിരുന്ന ബിയാസ് നദിയുടെ ഒഴുക്ക് അല്പം ഭീതിപ്പെടുത്തുന്ന ഒന്നായി മാറിയിരുന്നു. വാഹനത്തിൽ നിന്ന് നോക്കുമ്പോൾ ചെറിയ പുഴപോലെ തോന്നുന്ന ബിയാസിന്റെ തനിസ്വരുപം കണ്ടത് പിന്നീടാണ്. തീപ്പെട്ടികൂടുകൾ അടുക്കിവെച്ചപോലെയുള്ള വീടുകൾ. മിക്കതും പല വർണങ്ങളിൽ. വീതി കുറഞ്ഞ ചെറിയ റോഡുകൾ. വീതി കൂട്ടുന്നതിന്റെ ഭാഗമായി നടക്കുന്ന ജോലികൾ. അങ്ങനെ ആ തിരക്കിലൂടെ ഞങളുടെ യാത്ര തുടർന്നു. പട്ടണം കഴിഞ്ഞപ്പോഴേക്കും റോഡിൻറെ അവസ്ഥ മാറിയിരുന്നു. കുളു മണാലി യാത്രയിലെ സാഹസിക വിനോദമായ പാരാഗ്ലൈഡിങ്, റിവർ റാഫ്റ്റിങ് തുടങ്ങിയവ നടക്കുന്നത് പ്രധാനമായും കുളുവിൽ ആണ്. ദേശീയപാതയോരത്തു അതിന്റെ ബോർഡുകൾ വഴിനീളെ കാണാൻ കഴിയും.

രണ്ടും ഇല്ലെങ്കിലും ഏതേലും ഒന്ന് ആസ്വദിക്കാൻ ഞങ്ങൾ തീരുമാനിച്ചു. റാഫ്റ്റിങ് ആണ് തിരഞ്ഞെടുത്തത്. പ്രധാനമായും രണ്ടു ടൈപ്പ് ആണ് ഉള്ളത് സ്മാൾ, ഫുൾ. ദൂരമാണ് വ്യത്യാസം. ഒടുവിൽ 9 km അടങ്ങുന്ന ഫുൾ റൈഡ് ഞങൾ തിരഞ്ഞെടുത്തു. 5000 രൂപയാണ് പറഞ്ഞത്. മൊബൈൽ പേഴ്‌സ് ചെരുപ്പ് അങ്ങനെ എല്ലാം നമ്മുടെ വണ്ടിയിൽ വെച്ച് അവരുടെ ജീപ്പിൽ പുഴക്കരയിലേക്ക്. നദിയുടെ അടുത്ത് എത്തിയപ്പോൾ ആണ് ബിയാസ് നദിയുടെ വിശ്വരൂപം ഞങൾ കണ്ടത്. ഒഴുക്കിന്റെ ശക്തി കണ്ടപ്പോൾ തന്നെ ആദ്യ കിളിപോയി. സുരക്ഷാ ജാക്കറ്റുകൾ എല്ലാം അണിഞ്ഞു ബോട്ടിൽ കയറി. ആദ്യ റാഫ്റ്റിങ് അനുഭവത്തിനു അവിടെ തുടക്കം. കുത്തിയൊഴുകുന്ന പുഴയിൽ ഇടിച്ചും ചെരിഞ്ഞും ഉള്ള യാത്ര. ഹിമാലയത്തിൽ നിന്ന് വരുന്ന ബിയാസ് നദിയിലെ വെള്ളത്തിന്റെ തണുപ്പ് പറഞ്ഞറിയിക്കാൻ കഴിയില്ല.

ഏകദേശം 15 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും കൈ എല്ലാം മരവിച്ചു. ഒടുവിൽ ഫുൾ റൈഡ് സ്മാൾ ആക്കി ആ സാഹസത്തിനു സമാപനം കുറിച്ചു. റാഫ്റ്റിംഗിന് ഏറ്റവും അനുയോജ്യമായ സമയം ഉച്ച സമയമാണ്. വെയിലിന്റെ ചൂടിൽ തണുപ്പ് വല്ലാതെ ബാധിക്കില്ല. റൈഡ് കഴിഞ്ഞപ്പോഴേക്കും ഞങളുടെ വണ്ടി അവിടെ എത്തിയിരുന്നു. എന്തായാലും ഒരിക്കലും മറക്കാതെ ഒരു അനുഭവമാണ് കുളു ഞങ്ങൾക്ക് സമ്മാനിച്ചത്. നനഞ്ഞൊട്ടിയ വസ്ത്രമിട്ടാണ് പിന്നീടുള്ള യാത്ര. കുളുവിൽ നിന്ന് ഏകദേശം 50 ദൂരമുണ്ട് മണാലിയിലേക്ക്. ഈ പോകുന്ന വഴിയിൽ ആണ് ഇവിടത്തെ എയർപോർട്ട്. ദൂരെ മഞ്ഞ് നിറഞ്ഞ മലനിരകളുടെ കാഴ്ചകൾ നമ്മളിലേക്ക് അടുത്തു തുടങ്ങി. ചിത്രങ്ങളിലും വിഡിയോകളിലും മാത്രം കണ്ട കാഴ്ചകൾ അങ്ങനെ നമ്മുടെ കണ്മുന്നിൽ എത്തിയതിന്റെ സന്തോഷത്തിൽ ആയിരുന്നു ഞങൾ.

റോഡിൻറെ അവസ്ഥ വീണ്ടും മോശമായ സ്ഥിതി. മണ്ണിടിഞ്ഞ് കുഴമ്പ് രൂപത്തിലുള്ള റോഡിലുള്ള ചളി നീക്കം ചെയ്യുന്ന ജോലി പുരോഗമിക്കുന്നു. ജെസിബി ഉപയോഗിച്ച് ഈ ചളിയെല്ലാം നദിയുടെ വശങ്ങളിലേക്കാണ് മാറ്റുന്നത്. മിക്കസമയത്തും ഇവിടത്തെ റോഡിൻറെ അവസ്ഥ ഇങ്ങനെയാണ്. മഞ്ഞ് ആയും ചളിയായും റോഡ്‌ എപ്പോളും ബ്ലോക്ക് ആയിരിക്കും. നമ്മുടെ നാട്ടിൽ കണ്ടുവരുന്ന റോഡിലെ കുളവും അവിടെ കാണാൻ ഇടയായി. അങ്ങനെ നീണ്ട 13 മണിക്കൂർ യാത്രക്കൊടുവിൽ ദൈവങ്ങളുടെ താഴ്‌വരയിൽ എത്തിച്ചേർന്നിരിക്കുന്നു. പട്ടണത്തിലെ തിരക്കുകൾക്കിടയിലൂടെ ഞങളുടെ താമസ സ്ഥലമായ സൺറൈസ് കോട്ടേജിലേക്ക് തിരിച്ചു. വിചാരിച്ചതിലും അപ്പുറമായിരുന്നു അന്നേരമുള്ള തണുപ്പ്. പകൽ ഇതാണ് അവസ്ഥ എങ്കിൽ രാത്രയിലെ കാര്യം ആലോചിക്കാതിരിക്കുന്നതാണ് നല്ലത്. വണ്ടിയിൽ നിന്ന് ബാഗുകൾ എല്ലാം റൂമിൽ എത്തിച്ചു. നല്ല വൃത്തിയുള്ള അടിപൊളി റൂം. റൂമിനു വലതു വശത്തുള്ള ബാൽക്കണി നിന്ന് നോക്കിയാൽ മഞ്ഞ് നിറഞ്ഞ മലനിരകൾ. സാഹസികത നിറഞ്ഞ പകൽ ആയതിനാൽ വിശപ്പ് അല്പം കൂടുതലായിരുന്നു. ഓർഡർ ചെയ്താൽ ഏകദേശം അര മണിക്കൂർ സമയം എടുക്കും ഭക്ഷണം കിട്ടാൻ. അതിനാൽ അത് കണക്കാക്കിയാണ് ഭക്ഷണം ഓർഡർ ചെയ്തത്. ഇന്നത്തെ ദിവസം പ്രത്യേക പരിപാടികൾ ഒന്നും ഇല്ല. കാറിലുള്ള രാത്രി ഉറക്കം ശരിയാകാത്തതിനാൽ ഫുഡ് അടിച്ചു ഉറക്കത്തെ വിളിച്ചു വരുത്തി ആ ദിവസത്തെ കാര്യം തിരുമാനമാക്കി..

ചൂട് കട്ടൻ ചായ കുടിച്ചാണ് രണ്ടാം ദിനം ആരംഭിച്ചത്. ആ തണുപ്പിൽ നിന്ന് രക്ഷ നേടാൻ വേണ്ടത് ഈ കട്ടൻ അല്ല . പക്ഷെ അത് നമ്മുക് ശരിയാവില്ലല്ലോ. പ്രഭാത ഭക്ഷണവും കഴിച്ച് തണുപ്പിനെ പ്രതിരോധിക്കാൻ ഒന്ന് രണ്ട് ഡ്രെസ്സും ഇട്ടാണ് പുറത്തിറങ്ങിയത്. ഇനി നേരെ മഞ്ഞിലെ കാഴ്ചകൾ കാണാൻ സോളാങ് വാലിയിലേക്കാണ്. ബിയാസ് നദിയുടെ അരികിലൂടെയുള്ള യാത്ര കഴിഞ്ഞ പ്രളയകാലത്തെ ഓർമിപ്പിച്ചു. ഒരു ടൂറിസ്റ്റ് ബസ് പുഴ കൊണ്ടുപോയ വീഡിയോ നാമെല്ലാം കണ്ടതാണ്. 8600 അടി ഉയരത്തിൽ ആണ് മണാലി സ്ഥിതി ചെയ്യുന്നത്. മണാലിയിൽ നിന്നുള്ള ഈ റോഡ് എത്തിച്ചേരുന്നത് രോഹ്താങ് പാസിൽ ആണ്. ഇപ്പോൾ സീസൺ ആയതിനാൽ ആണ് ഇവിടെയെല്ലാം മഞ്ഞ് കാണാൻ കഴിയുന്നത് അല്ലെങ്കിൽ ഇനിയും ദൂരങ്ങൾ താണ്ടേണ്ടി വരും. ജനുവരി ഫെബ്രുവരി മാർച്ച് പകുതി. ഇതാണ് ഇവിടത്തെ ഏറ്റവും മികച്ച സമയം. ജൂലൈ ഓഗസ്റ്റ് സമയം ആണെകിൽ ആപ്പിൾ സീസൺ ആണ്. ഇന്ന് നാം കാണുന്ന ഭാഗത്തെല്ലാം ആപ്പിൾ നിറഞ്ഞു നിൽക്കുന്നത് കാണാൻ കഴിയും. ഇവിടത്തെ ആളുകളുടെ പ്രധാന വരുമാനമാണ് ആപ്പിൾ കൃഷി.

യാത്രക്കിടയിൽ മഞ്ഞിൽ ഉപയോഗിക്കാൻ ഉള്ള വസ്ത്ര വാടകക്ക് എടുക്കണം കൂട്ടത്തിൽ അവിടെ ഉള്ള ചില ആക്ടിവിറ്റികളും തിരഞ്ഞെടുക്കാം. 500 മുതൽ 2000 രൂപ വരെയുള്ളത് അതിൽ ഉണ്ട്. ഒടുവിൽ സ്കീയിങ് ആണ് ഞങൾ തിരഞ്ഞെടുത്തത്. എത്ര സമയം വേണമെങ്കിലും നമ്മുക് ചെയ്യാം എന്ന് പറഞ്ഞപ്പോൾ ഒന്ന് സന്തോഷിച്ചു. ഡ്രസ്സ് വാടകയും ഇതിന്റെ ചാർജും അടക്കം 2000 രൂപയാണ് അവിടെ കൊടുത്തത്. അങ്ങനെ എല്ലാം അണിഞ്ഞു വണ്ടിയിൽ കയറി. റോഡിനു ഇരുവശവും മഞ്ഞു നിറഞ്ഞു കിടക്കുന്നു. ഗതാഗതസൗകര്യത്തിനായി റോഡിൽ നിന്ന് മാറ്റുകയാണ് ദിവസവും. കാലത്തു നേരത്തെ ആയതിനാൽ തിരക്ക് ആയി വരുന്നേ ഒള്ളു. പോകുന്ന വഴിയിൽ ആണ് പ്രശസ്തമായ നെഹ്‌റു കുണ്ഡ്. ഇന്ത്യയിലെ ഏറ്റവും മികച്ച ശുദ്ധ ജലം കിട്ടുന്ന സ്ഥലമാണ് ഇവിടെ. മുകളിലേക്ക് കയറുംതോറും മഞ്ഞിന്റെ അളവ് കൂടി കൂടി വന്നു. ചെറിയ റോഡും കൂടാതെ വശങ്ങളിലെ പാർക്കിങ് കൂടെ ആകുമ്പോൾ മൊത്തത്തിൽ തിരക്ക് നല്ലതുപോലെ അനുഭവപ്പെടും.

അങ്ങനെ ഞങളുടെ സ്ഥലമെത്തി. സ്കീയിങ്, മോട്ടോർ ബൈക്ക് യാത്ര, റോപ്പ്‌വേ അങ്ങനെ പലവിധം ഉണ്ട് അവിടെ. ഞങ്ങൾക്ക് മുന്നേ എത്തിയ സഞ്ചാരികൾ അത് ആസ്വദിക്കുന്ന തിരക്കിൽ ആണ്. ഞങളുടെ ഊഴം എത്തിയപ്പോൾ ആദ്യം ഞാനാണ് സ്കീയിങ് ചെയ്യാൻ തീരുമാനിച്ചത്. പണ്ട് വിഡിയോകളിൽ കണ്ട ഐറ്റം. ആ ഓര്മ വെച്ച് ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ ആണ് തുടങ്ങിയത്. പിന്നീടാണ് എത്ര സമയം വേണമെങ്കിലും ചെയ്യാം എന്ന് അവർ പറഞ്ഞതിന്റെ കാര്യം മനസിലായത്. ഒന്ന് രണ്ട് തവണ അങ്ങോട്ടും ഇങ്ങോട്ടും പോയപ്പോൾ തന്നെ ഏകദേശം തീരുമാനമായി കൂട്ടത്തിൽ ഒരു മൂന്ന് വീഴ്ചയും. സംഗതി കുശാൽ. അടുത്ത ഊഴം അമ്മുവിൻറെ. ആഗ്രഹത്തിന്റെ ഭാഗമായി അല്പം സമയം അവളും ചിലവഴിച്ചു. അതിനു ശേഷമാണ് മറ്റു റൈഡുകളെ പറ്റി ഗൈഡ് പറഞ്ഞത്. ഒടുവിൽ 1000 രൂപക്ക് റോപ്പ് അടക്കം രണ്ടു റൈഡുകൾ കൂടെ അവിടെ ചെയ്തു.

അതിനു ശേഷം മഞ്ഞു വാരി പരസ്പരം എറിയുന്ന ചടങ്ങായിരുന്നു. ഒടുവിൽ യാക്കിന്റെ പുറത്തു കയറി രണ്ടു ഫോട്ടോയും എടുത്താണ് അവിടത്തെ കലാപരിപാടികൾ അവസാനിപ്പിച്ചത്. അപ്പോഴേക്കും റോഡിലെ തിരക്ക് വിചാരിച്ചതിലും അപ്പുറമായിരുന്നു. ഇനി വണ്ടി കണ്ടുപിടിക്കുക എന്നുള്ളതാണ് അടുത്ത ടാസ്ക്. ഈ ഡ്രസ്സ് എല്ലാം ഇട്ടു നടക്കുക എന്നുള്ളത് തന്നെ ബുദ്ധിമുട്ടാണ് അതിന്റെ ഇടയിൽ ഇതുംകൂടി ആകുമ്പോ എങ്ങനെ ഉണ്ടാകും. അങ്ങനെ കുറച്ചു നടത്തത്തിനിടയിൽ വണ്ടി കണ്ടെത്തി. ഈ ഗതാഗത കുരുക്കിൽ തിരിച്ചിറങ്ങുക എന്നുള്ളത് അതിലേറെ ബുദ്ധിമുട്ട്. പലരും വണ്ടി ഒതുക്കി നടന്നു വരുന്നുണ്ട്. നേരത്തെ എത്തിയതിനാൽ നമ്മുക് ആ നടത്തം ഒഴിവായി കിട്ടി. ഏകദേശം 2 മണിക്കൂറിൽ കൂടുതലാണ് ബ്ലോക്ക് നമ്മുക് പണി തന്നത് അതിനാൽ തൊട്ടടുത്തുള്ള ഒരു ക്ഷേത്രം കാണാനും പറ്റിയില്ല..

ഡ്രസ്സ് എല്ലാം തിരിച്ചുകൊടുത്തു തിരിച്ചു മണാലി പട്ടണത്തിൽ എത്തിയപ്പോഴേക്കും സമയം ഉച്ച കഴിഞ്ഞിരുന്നു. ഇനി പട്ടണത്തിലെ ബുദ്ധ ക്ഷേത്രമാണ് കാണാൻ ഉള്ളത്. ഒരു ചെറിയ ക്ഷേത്രം. അതിനുള്ളിൽ ഒരു ബുദ്ധ പ്രതിമ. മണാലി മാർക്കറ്റിനു ഉള്ളിൽ ആയാണ് ക്ഷേത്രം. അതിനൊപ്പം മാർക്കറ്റിലും ഒന്ന് കറങ്ങി. മണാലി യാത്രയുടെ ഓർമ്മക്കായി ഒന്ന് രണ്ടു സാധനങ്ങളും വാങ്ങി തിരിച്ചു വണ്ടിയുടെ അടുത്തേക്ക് പോകുമ്പോൾ ആണ് എതിർവശത്തായി ഒരു നാച്ചുറൽ പാർക്ക് കാണുന്നത്. മരങ്ങൾ നിറഞ്ഞ ഒരു പാർക്ക്.കുട്ടികൾക്ക് കളിയ്ക്കാൻ ഉള്ള കുറച്ചു റൈഡുകൾ ഉണ്ട്. പാർക്കിലൂടെ ഉള്ള നടത്തത്തിനിടയിൽ ആണ് മണാലി കണ്ടുവരുന്ന ഒരു പ്രത്യേക തരം മുയലിനെ കാണുന്നത്. 20 രൂപ കൊടുത്താൽ കയ്യിൽവെച്ചു ഫോട്ടോ എടുക്കാം. പ്രായം ചെന്ന രണ്ടു മുത്തശ്ശിമാരാണ് അതിനെ കൊണ്ട് നടക്കുന്നത്. മുയലിനെ കണ്ടപ്പോൾ അമ്മുവിന് ഫോട്ടോ എടുക്കണം. ഒടുവിൽ അതും എടുത്തു പുറത്തിറങ്ങി.

അപ്പോഴേക്കും ആ ദിവസത്തിന് ഏറക്കുറെ സമാപനം ആയിരുന്നു. മണാലിയിലെ പ്രധാന ആകർഷണം മഞ്ഞ് തന്നെയാണ് പിന്നെ കൂടെയുള്ള ഈ സാഹസിക വിനോദങ്ങളും. ഇവ രണ്ടും ആസ്വദിക്കാതെ മണാലി യാത്ര ഒരിക്കലും പൂർണമാകില്ല. റൂമിലേക്ക് പോകുന്നതിനു മുന്നേ അവിടത്തെ ഏറ്റവും ഉയരം കൂടിയ ഒരു സ്ഥലത്തേക്ക് ഞങളെ കൊണ്ടുപോയി. ഉയരത്തിൽ നിന്നുള്ള മണാലിയുടെ കാഴ്ച മറ്റൊരു മനോഹര അനുഭവം ആയിരുന്നു. ഇന്നലത്തെ അപേക്ഷിച്ചു തണുപ്പിന് കാഠിന്യം കൂടുതലാണ് ഇന്ന്. -1 ആണെന്ന് ഗൂഗിൾ ആശാൻ പറയുന്നു. നാളെ പകൽ തിരിച്ചു ഡൽഹിയിലേക്ക് പോകണം. അതിനാൽ മണാലിയിലെ അവസാന രാത്രിയാണ് ഇന്ന്. തണുപ്പിന്റെ കാഠിന്യം പുറത്തിറങ്ങാൻ പോലും ഞങളെ അനുവദിച്ചില്ല. അങ്ങനെ മറ്റൊരു മനോഹര ദിവസത്തിന് അവിടെ അവസാനം. പിറ്റേ ദിവസം ഹിമാചൽ, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലൂടെ മനോഹര കാഴ്ചകൾ ആസ്വദിച്ച് ഒരു പകൽ മടക്കം… വീഡിയോകൾ കാണാം: part 1 – https://bit.ly/2utnWl9 , Part 2 – https://bit.ly/2HKikM6 .