മംഗലാപുരത്ത് കുടുങ്ങിയവരെ രക്ഷിക്കാൻ കെഎസ്ആർടിസി രംഗത്ത്

മംഗലാപുരത്ത് പ്രശ്നങ്ങൾ നടക്കുന്നതിനാൽ അവിടെ കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ മലയാളികളായ വിദ്യാർഥികൾ നാട്ടിലേക്ക് വരാനാകാതെ അവിടെ കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണുള്ളത്. ഇന്റർനെറ്റും മറ്റും ശരിക്കു ലഭ്യമല്ലാത്തതിനാൽ മിക്കയാളുകൾക്കും മറ്റുള്ളവരുമായി ആശയവിനിമയം നടത്തുവാനുള്ള സാധ്യതകളും അടഞ്ഞു. ഈ സാഹചര്യത്തിൽ അവിടെ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലേക്ക് കൊണ്ടുവരാനായി കെഎസ്ആർടിസി ബസ്സുകൾ മംഗലാപുരത്തേക്ക് അയച്ചു.

സർക്കാർ പ്രതിനിധികൾ കർണാടക പോലീസുമായി നടത്തിയ ചർച്ചയിൽ വൈകുന്നേരം മൂന്നര മണി മുതൽ ആറു മണി വരെ മംഗലാപുരത്ത് കർഫ്യു തൽക്കാലം ഇളവ് ചെയ്യുവാൻ തീരുമാനമായി. ഈ സമയം അത്യാവശ്യമുള്ളവർക്ക് കേരളത്തിലേക്ക് പോകാം എന്നും കർണ്ണാടക പേലീസ് അറിയിച്ചതനുസരിച്ച് ബഹു: കാസർഗോഡ് ജില്ലാ കലക്ടർ മുൻകൈയെടുത്ത് അഞ്ച് കെഎസ്ആർടിസി ബസ്സുകൾ മംഗലാപുരത്തേക്ക് അയക്കണമെന്ന് ഡിപ്പോയിൽ അറിയിച്ചു.

ഇതനുസരിച്ച് കാസർഗോഡ് ഡിപ്പോയിൽ നിന്നും അഞ്ച് കെഎസ്ആർടിസി ബസ്സുകൾ മoഗലാപുരത്തേക്ക് തിരിച്ചു. അക്രമണസാധ്യതകൾ ഉൾക്കൊണ്ട് പോലീസ് എസ്കോർട്ടോടെ ആയിരിക്കും ഈ ബസ്സുകൾ സർവ്വീസ് നടത്തുക. കാസർഗോഡ് നിന്നും മംഗലാപുരത്തെത്തുന്ന ഈ അഞ്ച് ബസ്സുകളും മംഗലാപുരം പമ്പ് വെൽ കേന്ദ്രീകരിച്ച് പോലീസ് നിർദ്ദേശമനുസരിച്ച് മടക്കയാത്ര നടത്തുന്നതായിരിക്കും.

ഒറ്റപ്പെട്ട് പോയ മലയാളികൾ പമ്പ് വെൽ കേന്ദ്രീകരിച്ച് ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. ഒന്നുകൂടി പറയാം ബസ് കേന്ദ്രീകരിക്കുന്ന സ്ഥലം : പമ്പ് വെൽ സർക്കിൾ, മംഗലാപുരം.

മംഗലാപുരം പൊലീസ് കമ്മീഷണറേറ്റ് പരിധിയില്‍ കര്‍ഫ്യൂ തുടരുകയാണ്. നാളെ രാത്രി 12 വരെയാണ് കര്‍ഫ്യൂ. കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ പരിശോധനകള്‍ക്ക് ശേഷമാണ് തലപ്പാടി ചെക്പോസ്റ്റില്‍ നിന്നും മംഗലാപുരത്തേക്ക് കടത്തി വിടുന്നത്. പൊലീസ് കമ്മീഷണറേറ്റ് പരിധിയിലെ കര്‍ഫ്യൂ കൂടാതെ ദക്ഷിണ കന്നഡ ജില്ലയില്‍ നിരോധനാഞ്ജയും ഇന്റർനെറ്റ് വിലക്കും നിലനില്‍‍ക്കുന്നുണ്ട്.

ദിവസങ്ങൾക്ക് മുൻപ് കേരളത്തിൽ നടന്ന ഹർത്താലിനിടെ നിരവധി കെഎസ്ആർടിസി ബസ്സുകൾ അക്രമിക്കപ്പെട്ടിരുന്നു. നഷ്ടത്തിലാണ് ഓടുന്നതെങ്കിലും മലയാളിയ്ക്ക് ഒരു ആപത്ത് വരുമ്പോൾ എല്ലാം മറന്നു രക്ഷകരായി എത്തുവാൻ അന്നുമിന്നും കെഎസ്ആർടിസി ബസ്സുകൾ മാത്രമേ ഉണ്ടായിട്ടുള്ളൂ.

എന്തിന്റെ പേരിൽ ഹർത്താലോ സമരമോ ഉണ്ടായാലും എല്ലാവരും ഒരുപോലെ ആക്രമിക്കുന്നത് കെഎസ്ആർടിസി ബസ്സുകളെയായിരിക്കും. എന്നാൽ തങ്ങൾക്ക് ഒരു ദിവസം ആപത്ത് വരുമ്പോൾ സഹായിക്കാൻ ആദ്യമെത്തുന്നതും അന്നു കല്ലെറിഞ്ഞ കെഎസ്ആർടിസി മാത്രമേയുണ്ടാകൂ എന്ന വസ്തുത ഈ അറിയുന്നവനും ആക്രോശിക്കുന്നവനുമൊക്കെ മനസ്സിലാക്കുന്നില്ല. ഇനിയെങ്കിലും ഒന്ന് മനസിലാക്കുക.