തൊടുപുഴയ്ക്ക് അടുത്തുള്ള അധികമാരുമറിയാത്ത ഒരു കിടിലൻ വെള്ളച്ചാട്ടം

വിവരണം – Akhil Sasidharan‎.

തൊടുപുഴ മൂലമറ്റം റോഡില്‍ കാഞ്ഞാറിലെ മാരികുത്ത് അഥവാ കല്ലേകുത്തുമാരി എന്നറിയപ്പെടുന്ന ഒരു വെള്ളച്ചാട്ടത്തെക്കുറിച്ചാണ് ഇനി പറയുവാൻ പോകുന്നത്. സോഷ്യൽ മീഡിയയിൽ ഇതാദ്യമായിരിക്കും ഈ സ്ഥലത്തെക്കുറിച്ചുള്ള വിവരണം.

തൊടുപുഴയിലെ മിനി അതിരപ്പള്ളി വെള്ളചാട്ടമെന്നു ഉറപ്പായും വിളിക്കാന്‍ സാധിക്കുന്ന ഈ വെള്ളച്ചാട്ടം കാഞ്ഞാറില്‍ നിന്നും വാഗമണ്‍ പോകുന്ന വഴിയില്‍ നിന്നും ഏകദേശം 1.5 കിലോമീറ്റര്‍ നടന്നു കയറണം. വളരെ കുറച്ചു പ്രാദേശികവാസികള്‍ക്ക് മാത്രം അറിയാവുന്ന ഈ വെള്ളച്ചാട്ടത്തിലേക്ക് എത്തുവാന്‍ നിരവധി സ്വകാര്യ വ്യക്തികളുടെ സ്ഥലത്തുകൂടെ കടന്നു പോകണം. ഒരു കൃത്യമായ വഴി ഇങ്ങോട്ട് എത്തിച്ചേരുവാന്‍ ഇല്ല എന്നുള്ളതാണ് ഇപ്പോളത്തെ അവസ്ഥ. അതുകൊണ്ട് തന്നെ ഇവിടേക്ക് എത്തുന്ന സഞ്ചാരികള്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ വെള്ളച്ചാട്ടം എന്ജോയ്‌ ചെയ്യാന്‍ ശ്രദ്ധിക്കണം.

ഇലവീഴാപൂഞ്ചിറയില്‍ നിന്നും വരുന്ന ഈ വെള്ളച്ചാട്ടം തികച്ചും പ്രകൃതിയുടെ തഴുകലോടെ വരുന്നതാണ്. മഴ ഉള്ള സമയങ്ങളില്‍ മുകളില്‍ നിന്നും കല്ലുകള്‍ വീഴാന്‍ ഉള്ള സാധ്യത ഉണ്ട് എന്നുള്ളത് ഒഴിവാക്കിയാല്‍ വളരെ സേഫ് ആയി ഈ ഈ വെള്ളച്ചാട്ടം എന്ജോയ്‌ ചെയ്യാന്‍ സാധിക്കു൦. ഒരു ദിവസം മുഴുവന്‍ തീര്‍ച്ചയായും ഇവിടെ ചിലവഴിക്കാന്‍ സാധിക്കും അതുകൊണ്ട് തന്നെ ഭക്ഷണവും വെള്ളവും കരുതണം. നിലവില്‍ യാതൊരു വിധത്തിലും ഉള്ള പ്ലാസ്റ്റിക്‌ ഉള്‍പ്പടെ ഉള്ള മാലിന്യങ്ങള്‍ ഇവിടെ ഇല്ല. അത് അങ്ങനെ തന്നെ നിലനിര്‍ത്താന്‍ ഇവിടെ എത്തിച്ചേരുന്ന എല്ലാ സഞ്ചാരികളും ദയവായി ശ്രദ്ധിക്കണം. ആര്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാതെ ഈ പ്രകൃതിയുടെ അനുഗ്രഹം ആവോളം ആസ്വദിച്ചു ഒട്ടു മലീസപെടുത്താതെ തിരികെ മടങ്ങുക.

തൊടുപുഴയുടെ പരിസര പ്രദേശങ്ങളിലെ ഏറ്റവും വലുപ്പവും സേഫ് ആയി എന്ജോയ്‌ ചെയ്യാന്‍ പറ്റുന്നതുമായ ഒരു വെള്ളച്ചാട്ടം ആണ് മാരികുത്ത്. തൊടുപുഴയിൽ നിന്ന് വാഗമൺ പോകുന്ന വഴിയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വഴിയരികിൽ നിന്നും അല്പം ഉള്ളിലോട്ട് നടന്നു കയറണം. വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴിയിൽ സ്വകാര്യവ്യക്തികളുടെ പ്രദേശങ്ങളാണ് കൂടുതലും. അതുകൊണ്ടുതന്നെ യാത്രികർ അല്പം മിതത്വം പാലിക്കേണ്ടതാണ്.

പ്രദേശവാസികൾ വളരെ സൗഹൃദ മനോഭാവമുള്ളവരാണ്. നമ്മളായി അവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ ശ്രദ്ധിക്കണം. വളരെയധികം പ്രകൃതി സൗന്ദര്യം നിറഞ്ഞു തുളുമ്പി നിൽക്കുന്ന ഈ വെള്ളച്ചാട്ടം കാഴ്ചയിൽ തന്നെ മനം കുളിർപ്പിക്കും. അതോടൊപ്പം ഈ തണുത്ത വെള്ളത്തിൽ ഒരു നീരാട്ടു കൂടിയാകുമ്പോൾ മനസ്സും ശരീരവും പൂർണമായും ശുദ്ധീകരണം നടക്കപ്പെടും എന്ന് നിസ്സംശയം പറയാം. മനോഹരമായ ഈ പ്രകൃതി ഭംഗിയെ പ്ലാസ്റ്റിക് ബോട്ടിലുകൾ കൊണ്ടോ, മദ്യ കുപ്പികൾ കൊണ്ടോ, ഭക്ഷണ മാലിന്യങ്ങൾ മൂലമോ മലീസമാക്കാതെ ആരോഗ്യപരമായ സഞ്ചാരത്തിലൂടെ പ്രദേശത്തിന്‍റെയും വെള്ളച്ചാട്ടത്തിന്‍റെയും തനിമ നിലനിർത്താൻ സഞ്ചാരി സുഹൃത്തുക്കൾ ശ്രദ്ധിക്കുമല്ലോ.

തൊടുപുഴ വഴി വാഗമൺ, ഇടുക്കി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് സന്ദർശിക്കാൻ സാധിക്കുന്ന ഒരു പ്രകൃതി വിസ്മയമാണ് മാരികുത്ത് വെള്ളച്ചാട്ടം. വാഗമണ്ണും , മലങ്കര ഡാമും , ഇലവീഴാപൂഞ്ചിറയും എല്ലാം മാരിക്കുത്ത് വെള്ളച്ചാട്ടത്തിന്‍റെ തൊട്ടടുത്ത് തന്നെയാണ്. മദ്ധ്യകേരള ജില്ലകളിലെ സഞ്ചാരി സുഹൃത്തുക്കൾ ഒരു വൺഡേ വീക്കന്റ് ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ടങ്കിൽ അതിന് ഏറ്റവും യോജിച്ച ഒന്നാണ് ഈ വെള്ളച്ചാട്ടം. ദയവുചെയ്ത് അവിടെ കൂട്ടത്തോടെ ചെന്നു മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്.