വില്ലനായി ചീത്തപ്പേരു കേട്ട്, ആംബുലൻസായി പ്രായശ്ചിത്തം ചെയ്ത മാരുതി ഓമ്‌നിയ്ക്ക് ഇനി വിട..

34 വർഷത്തെ സുദീർഘമായ സേവനം അവസാനിപ്പിച്ച് മാരുതി സുസൂക്കിയുടെ ഒമ്നി വിപണിയിയിൽ നിന്നും പിൻ‌വാങ്ങുകയാണ്. 34 വര്‍ഷം വാഹന വിപണിയില്‍ സാനിധ്യം അറിയിച്ച ശേഷമാണ് ഒമ്നിയുടെ വിടവാങ്ങല്‍. വാഹനങ്ങളുടെ സുരക്ഷാ ചട്ടങ്ങള്‍ കര്‍ശനമാക്കുന്ന സാഹചര്യത്തിലാണ് മാരുതിയുടെ ഇത്തരത്തിലൊരു നീക്കം. ഇന്ത്യയിൽ ഏറെ പ്രചാരം നേടിയ വഹനങ്ങളിൽ ഒന്നായിരുന്നു ചെറുവാനായ ഒമ്നി. യാത്രാ വാഹനമായും ചരക്ക് വാഹനമായും ആംബുലൻസായുമെല്ലാം പല രൂപാന്തരങ്ങൾ സ്വീകരിച്ച അപൂർവം വഹനങ്ങളിൽ ഒന്നാണിത്.

1984ലാണ് മാരുതി സുസൂക്കി ഒമ്നിയെ വിപണിയിൽ അവതരിപ്പിക്കുന്നത് പിന്നീട് 1998ലും, 2005 ലും വാഹത്തിന്റെ പരിഷ്കരിച്ച പതിപ്പുകൾ പുറത്തിറക്കുകയും ചെയ്തിരുന്നു. ഈ മോഡലുകളെല്ലാം വിപണിയിൽ യൂട്ടിലിറ്റി വാഹനമെന്ന നിലയിൽ വലിയ സ്വീകാര്യത തന്നെയാണ് നേടിയിരുന്നത്. സിനിമകളിൽ എന്നും മാരുതി ഒമ്നി വില്ലനായിരുന്നു. വില്ലൻ കഥാപാത്രങ്ങളുടെ സഞ്ചാര വാഹനമായിരുന്നു ഒരു കാലത്ത് ഒമ്നി വാനുകൾ. കുട്ടികളെയും യുവതികളെയും തട്ടികൊണ്ടു പോകുന്ന വാഹനമെന്ന് ചീത്തപ്പേരും കുറേ കാലം വരെ ഒമ്നിയുടെ പേരിലായിരുന്നു. ഇതിന്റെ ഡോറുകൾ സ്ലൈഡ് ആയി തുറക്കാം എന്നത് തന്നെയായിരുന്നു ഇത്തരം കാര്യങ്ങൾക്ക് ഓമ്നി വാനുകൾ വില്ലന്മാർ ഉപയോഗിച്ചിരുന്നത്. ഒരുകാലത്ത് ഒമ്‌നി വാനുകളിൽ വന്നു വഴി ചോദിച്ചാൽ ആരും എടുക്കാതെ മാറിപ്പോകുന്ന അവസ്ഥ വരെയായി. എന്നാൽ പിന്നീട് ആംബുലൻസായി സ്വയം രൂപമാറ്റം നടത്തി ചീത്തപ്പേരുകൾക്കെല്ലാം ഇതേ ഒമ്നി മറുപടി നൽകി. ഇന്നും നിരവധി ഓമ്നി ആംബുലൻസുകൾ നിരത്തിലൂടെ സർവ്വീസ് നടത്തുന്നുണ്ട്.

കാറിൻറെയും ജീപ്പിൻറെയും ഗുണങ്ങൾ സംഗമിക്കുമ്പോൾ കാറിൻറെയോ ജീപ്പിൻറെയോ പാതി വില മാത്രം. ഉപയോഗക്ഷമതയും അറ്റകുറ്റപ്പണികളും കാറിലും ജീപ്പിലും കുറവ്. സീറ്റിനടിയിൽ ഒളിഞ്ഞിരിക്കുന്ന 800 സി സി പെട്രോൾ എൻജിൻ ഒരു തലവേദനയേയല്ല. താരതമ്യേന പ്രശ്നമുണ്ടാക്കാത്ത ലളിതമായ മെക്കാനിക്കൽസ്. സ്ലൈഡിങ് ഡോറിൻറെ റാറ്റ്ലിങ് മറന്നാൽ ബോഡിയുടെ ഭാഗത്തുമില്ല കാര്യമായ പ്രശ്നങ്ങൾ. പരസ്പരം മുഖം നോക്കുന്ന പിൻ സീറ്റുകളടക്കം എട്ടു പേർക്ക് സുഖസവാരി. പിന്നിലെ സീറ്റുകൾ എടുത്തുകളഞ്ഞാൽ പിക്കപ്പുകളെ വെല്ലുന്ന ലോഡ് ബോഡി. ഏതു തിക്കിലും തിരക്കിലും സുഖമായി ഓടിച്ചുപോകാനാവുന്ന മാന്വറബിലിറ്റി.

ഇന്ത്യന്‍ കാര്‍ വിപണികള്‍ കീഴടക്കിയിരുന്ന മാരുതി 800, ഹിന്ദുസ്താന്‍ അംബാസഡര്‍, ടാറ്റ ഇന്‍ഡിക്ക എന്നീ വാഹനങ്ങള്‍ അരങ്ങൊഴിഞ്ഞതിന് പിന്നാലെയാണ് ഒമ്നിയുടെയും വിടവാങ്ങല്‍. 2020 ഒക്ടോബറില്‍ ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്‍റ് പ്രോഗ്രാം രാജ്യത്തു നടപ്പിലാകുന്നതോടുകൂടിയാണ് മാരുതിയുടെ ഇത്തരത്തിലൊരു തീരുമാനം. ക്രാഷ് ടെസ്റ്റില്‍ വി‍ജയിക്കാന്‍ കഴിയില്ലയെന്നത് കൊണ്ടാണ് ഒമിനി പിന്‍വാങ്ങുന്നത്. ബോഡി ഘടനയ്ക്ക് ദൃഢത കുറവായതുതന്നെ കാരണം. പൂര്‍ണ്ണ ഫ്രണ്ടല്‍ ഇംപാക്‌ട്, ഓഫ്‌സെറ്റ് ഫ്രണ്ടല്‍ ഇംപാക്‌ട്, സൈഡ് ഇംപാക്‌ട് പരിശോധനകള്‍ ക്രാഷ് ടെസ്റ്റില്‍ ഉള്‍പ്പെടും. ഈ പരീക്ഷയെ അതിജീവിക്കാൻ ഒമ്നിക്ക് കഴിയില്ല. ആഘാതങ്ങളെ അത്രകണ്ട് ചെറുക്കാൻ കഴിവില്ലാത്ത വാഹനമാണ് ഒമ്നി.

അപകടത്തില്‍ ഇടിയുടെ ആഘാതം ഏറ്റുവാങ്ങാന്‍ ക്രമ്ബിള്‍ സോണുകള്‍ വേണമെന്നാണ് ചട്ടം. ഒമ്‌നിയ്ക്ക് ക്രമ്ബിള്‍ സോണുകള്‍ ഘടിപ്പിച്ചു നല്‍കുക ഇനി സാധ്യമല്ല. മാരുതിയുടെ മറ്റൊരു ജനപ്രിയ മോഡലായ മാരുതി 800 നിറുത്തുവാനും ഇതായിരുന്നു കാരണം. നിലവില്‍ ഒമ്‌നിയെ കൂടാതെ ഈക്കോ വാനും ആള്‍ട്ടോ 800 ഹാച്ച്‌ബാക്കും സുരക്ഷാ ചട്ടങ്ങളുടെ ഭീഷണിയുണ്ട്. എന്നാല്‍ ഈക്കോയെയും ആള്‍ട്ടോ 800-നെയും പരിഷ്‌കരിച്ച്‌ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് കീഴില്‍ കൊണ്ടുവരാന്‍ കമ്പനി ശ്രമിക്കുന്നുണ്ട്.

796 സി.സി മൂന്ന് സിലിണ്ടർ എൻജിനാണ് മാരുതി സുസുക്കി ഒമ്‌നിക്ക് ഉണ്ടായിരുന്നത്. 0.8 ലിറ്റർ എൻജിന് 35 ബി.എച്ച്.പി. കുതിരശക്തിയും 59 എൻ.എം. ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. 1984ൽ വിപണിയിൽ ഇറങ്ങിയ ഒമ്‌നി അതിന്റെ രുപം കൊണ്ട് ആദ്യമേ ജനശ്രദ്ധ നേടിയിരുന്നു. 34 വർഷത്തെ കാലയളവിനിടയിൽ 1998ലും 2005ലും ഒമ്‌നി രൂപമാറ്റങ്ങൾക്ക് വിധേയമായിരുന്നു. സ്ഥിരം കാറുകളുടെ ഘടന പൊളിച്ചെഴുതിയ ഡോറുകളും പിൻ സീറ്റുകളും ജനങ്ങൾക്കിടയിലും സിനിമാരംഗത്തും താരമായിരുന്നു.

കടപ്പാട് – malayalam.webdunia, janayugomonline.