വാഹനങ്ങൾക്ക് വിലക്കുള്ള ഏഷ്യയിലെ ഏക ഹിൽസ്റ്റേഷൻ

എഴുത്ത് – അബു വി.കെ.

കാലാവന്തിൻ കോട്ടയും പ്രബൽഗഡ് കോട്ടയും രണ്ടുദിവസമെടുത്ത് നന്നായി ചുറ്റിയടിച്ച ശേഷം പ്രബിൽ മച്ചി ബെഴ്‌സ് ക്യാമ്പിൽ നിന്നും ഒരു ഓട്ടോ വിളിച്ചു ചൗകിലേക്ക് യാത്ര തിരിക്കുകയാണ്. കാശുണ്ടായിട്ട് യാത്ര ചെയ്യാൻ തുനിഞ്ഞിറങ്ങിയതല്ല. യാത്ര ഒരു വികാരമായത് കൊണ്ട് ഇറങ്ങി പുറപ്പെട്ടതാണ്. തങ്ങാനൊരു കൂരയും പാകം ചെയ്തു കഴിക്കാൻ ഭക്ഷണപാഥാർത്തങ്ങളും കയ്യിലുള്ളത് കൊണ്ട്, സമയമോ ദിവസമോ ഒരു വിഷയമല്ലായിരുന്നു. എന്ന് മടുക്കുന്നുവോ അന്ന് റിട്ടേൺ ടിക്കറ്റും എടുത്തു നാട്ടിലേക്ക് തിരിക്കാം എന്ന പ്ലാനോടെയാണ് ഈ യാത്ര തിരിച്ചത്.

കൊറോണക്കാലത്തെ മഹാരാഷ്ട്രയിൽ – പൊതു ഗതാഗതം ഉള്ളടത്തേക്ക് പരമാവധി അതുപയോഗപ്പെടുത്തിയും ബാക്കി ഇടങ്ങളിലേക്ക് ഷെയർ ടാക്സിയും ഓട്ടോയും പിടിച്ചാണ് യാത്രകൾ മുന്നോട്ട് നീങ്ങുന്നത്. പൻവേൽ – ചൗക് – കർജത്ത് – നേരൽ ഇതായിരുന്നു ഞങ്ങളുടെ യാത്രാപഥം. ചൗക് കണക്ട് ചെയ്തു സഞ്ചരിക്കാനുള്ള പ്രധാന കാരണം, കൊറോണക്ക് ശേഷം മഹാരാഷ്ട്രയിൽ പൊതുഗതാഗതം നല്ലരീതിയിൽ പുനരാരംഭിച്ചിട്ടില്ല എന്നതാണ്.

പല ഗ്രാമങ്ങളിലേക്കും ഇപ്പോൾ ഓട്ടോ വിളിച്ചു യാത്ര ചെയ്യേണ്ട അവസ്ഥയാണ്. വീണിടം വിഷ്ണുലോകം എന്ന പോലെയാണ് രണ്ടുപേരുടെയും യാത്ര മുന്നോട്ട് പോകുന്നത്. നേരിട്ട് കർജത്തിലേക്ക് ബസ് സർവീസ് ഇല്ല. ഗൂഗിൾ മേപ്പെടുത്തു നോക്കി, കർജത്തിന് അടുത്ത് കിടക്കുന്ന പ്രധാന സ്ഥലം ചൗക് ആണ് കാണിക്കുന്നത്. പ്ലാനൊന്ന് മാറ്റിപ്പിടിച്ചു. ഷെടോങ് ഫട്ടിയിൽ ഇറങ്ങാതെ അതേ ഓട്ടോയിൽ തന്നെ നൂറു രൂപ കൂടുതൽ കൊടുത്ത് കൊണ്ട് ബേസ് ക്യാമ്പിൽ നിന്നും ആരംഭിച്ച യാത്ര അരമണിക്കൂറിന് ശേഷം ചൗകിലെത്തി.

ചൗകിൽ നിന്ന് കർജത്തിലേക്ക് ഷെയർ ടാക്സി പിടിച്ചു. കർജതിലെത്തിയിട്ടും ടാക്സി ഡ്രൈവർ വണ്ടി നിറുത്തുന്നില്ല. ഗൂഗിൾ മാപ് തുറന്നു വച്ചിരുന്ന നമ്മളെ മൂഞ്ചിക്കാൻ നിൽക്കുവാണ് ടാക്സി ഡ്രൈവർ. ഇതിനിടെ ആയിരം രൂപയുടെ കണക്ക് പറഞ്ഞു നൈസ് ആയിട്ട് പുള്ളി നേരൽ എന്ന സ്ഥലത്ത് ഇറക്കാനുള്ള പണിയായിരുന്നു അത്. സംഭവം മനസ്സിലായ ഞങ്ങൾ തൊട്ടടുത്ത സ്റ്റോപ്പിൽ വണ്ടി നിറുത്തിച്ചു, ഞങ്ങളിറങ്ങി. ഇവിടെയും ടാക്സിക്കാർ പറ്റിക്കാനായി കാത്ത് നിൽപ്പുണ്ട്. അവർക്കറിയാം ബാഗും തോളിലിട്ടിരിക്കുന്ന ഞങ്ങളുടെ ലക്ഷ്യസ്ഥാനം ഏതാണെന്ന്.

ഒട്ടോക്കാര് വട്ടമിട്ടു. പലരും വായിൽകൊള്ളാത്ത റേറ്റ് ആണ് പറയുന്നത്. എല്ലാവരിലും നിന്നും ഒഴിഞ്ഞു മാറി പോയ ഞങ്ങളെ ഇതിനിടെ ഒരുത്തൻ നോട്ടമിട്ടിരുന്നു. പുറത്ത് ചെറിയ ചാറ്റൽ മഴയുണ്ട്. ചൂടോടെ ഓരോ വടാപാവും ചായയും അടിച്ചു നേരൽ പോകുന്ന റോഡ് ക്രോസ് ചെയ്തു. ആ വഴി പോകുന്ന ടാക്സികൾക്ക് വേണ്ടി കാത്തുനിൽക്കാൻ തുടങ്ങി. മുമ്പ് പറഞ്ഞ ആ മാന്യൻ വീണ്ടും വണ്ടിയുമായി ഞങ്ങടെ അടുത്ത് വന്നു. മുൻപ് വിലപേശിയതിൽ നിന്നും നൂറു രൂപ കുറച്ചു വാ പോകാമെന്ന് പറഞ്ഞു. വേണ്ടന്ന് ഒരുവിധം പറഞ്ഞു അവനെ ഒഴിവാക്കി.

അവൻ അവന്റ ഓട്ടോയും കൊണ്ട് കുറച്ചു പിറകെയുള്ള ഓട്ടോ സ്റ്റാൻഡിൽ വണ്ടി കൊണ്ടുനിറുത്തി ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നു. കുറേ സമയം അവനവിടെ നിന്നു. ഇതൊന്നും മൈന്റ് ചെയ്യാതെ ഇതുവഴി പോകുന്നു വാഹങ്ങളിലേക്ക് ഞങ്ങൾ നോട്ടമിട്ടിരിക്കെ. നേരൽ പോകുന്ന ഒരു ടാക്സി കാർ മുന്നി വന്നു നിറുത്തി. മുൻപ് പറഞ്ഞ ആ വെക്തി ഓടിവെന്ന് മാറാത്തിയിൽ എന്തൊക്കെയൊ ആ ടാക്സിക്കാരനോട് പറയുന്നുണ്ട്.

അവന്റെ ശരീരഭാഷ ഞാൻ ശ്രദ്ധിച്ചു. അവൻ നൈസ് ആയിട്ട് ഞങ്ങൾക്കിട്ട് ഒരു പണി തന്നതായിരുന്നെന്ന് ടാക്സിക്കാരൻ ഞങ്ങളെ കയറ്റാതെ വേഗം വണ്ടി വിട്ടപ്പോൾ മനസ്സിലായി.
ഞങ്ങളവിടുന്ന് കുറച്ചു മുമ്പോട്ട് മാറി നിന്നു, ടാക്സി വരുമ്പോൾ കൈകാണിക്കാതെ ഹിച്ച് ഹൈക്കേഴ്സിന്റ ആ സൂത്രം അങ്ങട് പ്രയോഗിച്ചു. വരുന്ന ഗുഡ്സ് വണ്ടിക്ക് കൈക്കാട്ടി. ഭാഗ്യത്തിന് രണ്ടാമത് കൈകാട്ടിയ വണ്ടി നിറുത്തി, അതിലങ്ങ് കയറിക്കൂടി. നേരൽ ടൌൺ എത്തുന്നതിനും രണ്ടര കിലോമീറ്റർ മുൻപ് ഒരു റോഡുണ്ട്, അവിടെ വണ്ടി നിറുത്തി. അവർക്കുള്ള ചായക്കാശും കൊടുത്തു. ലോറിക്കാരനോട്‌ നന്ദിയും പറഞ്ഞു ഞങ്ങളിറങ്ങി. അടുത്ത ഷെയർ ടാക്സിക്ക് വേണ്ടി കാത്തിരുന്നു.

വൈകിട്ട് ആറുമണിയോടെ ഷെയർ ടാക്സി പശ്ചിമഘട്ട മലനിരകൾക്കിടയിലൂടെ ചുരമൊക്കെ കയറി മുകളിലെത്തുമ്പോൾ മനോഹരമായ കാഴ്ചകൾ കൊണ്ട് സമ്പന്നമായ ആ പ്രകൃതിഗ്രാമം കാത്തിരിക്കുകയായിരുന്നു. ഇനി ഇവിടെ നിന്ന് കാല് നടയായോ കുതിരപ്പുറത്ത് കയറിയോ മാത്രമേ യാത്ര തുടരാനാവുകയുള്ളൂ. ഇതുവരെ ടാക്സിക്കാരുടെ ശല്യം ആയിരുന്നെങ്കിൽ ഇവിടെ കുതിരക്കാരുടെയും ചുമട്ടുകാരുടെയും ശല്യം ആണ്. അത്കൊണ്ട് ഞങ്ങൾ നടക്കാൻ തീരുമാനിച്ചു. ബസാർ ലക്ഷ്യമിട്ട് റെയിൽവേ ട്രാക്കിലൂടെ ലേക്‌ സൈഡിലേക്ക് നാല് കിലോമീറ്ററിലധികം ദൂരത്തേക്ക് നടത്തം തുടങ്ങി.

നേരം ഇരുട്ടി, കൂട്ടിന് മൂടൽ മഞ്ഞും വന്നെത്തി. രണ്ട് ദിവസത്തെ ട്രെക്കിങ്ങും മഴയും കാരണം നടത്തത്തിന് സ്വല്പം വേഗതക്കുറവുണ്ട്. അതൊന്നും വകവെക്കാതെ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. ബ്രിട്ടീഷ് രാജിലെ ഉയർന്ന ഉദ്യോഗസ്ഥർ ഒഴിവ് കാലം ആഘോഷിക്കാനുള്ള സ്ഥലങ്ങൾ കണ്ടു പിടിക്കപ്പെടുന്ന ഘട്ടത്തിലാണ് ഷിംലയും, ഡാർജിലിങും, ഊട്ടിയുമൊക്കെ കണ്ടെത്തിയ പോലെ സാവധാനം ഈ സ്ഥലവും അവർ കണ്ടെത്തുന്നത്.

1850 ൽ ഈസ്റ്റ് ഇന്ത്യയിലെ താനെ കളക്ടർ ആയിരുന്ന ഹ്യൂഗ് പി മലെറ്റ്‌ ആണ് ഈ സ്വർഗഭൂമി കണ്ടെത്തുന്നത്. ഇന്നത്തെ മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ പെട്ട മലമുകളിൽ സ്ഥിതി ചെയ്യുന്ന കാട് എന്നർത്ഥം വരുന്ന മതേരാന്‍ എന്ന സ്വർഗം മലേറ്റിന് മുമ്പിൽ തുറക്കപ്പെടുകയായിരുന്നു. നീണ്ട വർഷത്തെ പഠനത്തിന്റെയും ഗവേഷണത്തിന്റെയും പ്രവർത്തനത്തിന്റെയും ഫലമായി പ്രകൃതിക്ക് ഇണങ്ങി നിൽക്കുന്ന നിർമ്മാണ രീതികൾ ഇവിടെ നടത്തി.

മുംബൈയിൽ നിന്ന് അധികം വിദൂരതയിലല്ലാതെ കിടക്കുതും സഹ്യാദ്രി മലമുകളിലായി സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 805 മീറ്റർ ഉയരത്തിൽ പ്രകൃതി ഒളിപ്പിച്ചു വെച്ച സ്ഥലത്തേക്ക് വാഹന സൗകര്യമില്ല എന്നത് തന്നെയാണ് ഈ ഹിൽസ്റ്റേഷനെ മറ്റു ഹിൽസ്റ്റേഷനുകളിൽ നിന്ന് വേറിട്ടു നിർത്തുന്നത്. എക്കോ സെൻസിറ്റിവ്‌ റീജിയനും, പ്രകൃതി സംരക്ഷിത ഗ്രാമവുമായതിനാൽ, പ്രകൃതിയോട് ഇണങ്ങി കിടക്കുന്ന മതേരാനിൽ മറ്റു ഹിൽസ്റ്റേഷനുകളെ അപേക്ഷിച്ചു പരിമിതമായ സൗകര്യങ്ങൾ മാത്രമാണുള്ളത്. മനുഷ്യൻ സഞ്ചാരയോഗ്യമായ കുതിരയും കൈറിക്ഷയും, ടോയ് ട്രെയിനും തുടങ്ങി ഒട്ടനേകം കാഴ്ചകളുമാണ് വിനോദ സഞ്ചാരികൾക്ക് വേണ്ടി കാത്തിരിക്കുന്നത്.

ആൾതാമസമുള്ള ഒരു വിനോദ കേന്ദ്രം ആയതുകൊണ്ട് ഇവിടം ഏകദേശം അയ്യായിരത്തോളം ജനസംഖ്യയുണ്ട്. അവരുടെയും വിനോദ യാത്രികരുടെയും അത്യഹിത ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ ആംബുലൻസും പോലീസ് സ്റ്റേഷനിലെ വാഹനങ്ങളും മാത്രമാണ് ഇതിനകത്തുള്ള ഏക മോട്ടോർ വാഹന സൗകര്യം എന്നത്. നടന്നു നടന്നു ഒരുവിധം ക്ഷീണിച്ചിരുന്നു.
ഉറക്കം വരുന്ന കൺപോളകളെ പതിയെ വിളിച്ചുണർത്തുന്നത് മൂടൽമഞ്ഞിൽ മങ്ങിയ മതേരാൻ ബസാറിലെ തെരുവ് വിളക്കുകളായിരുന്നു. കുറച്ചു സമയത്തെ വിശ്രമത്തിന് ശേഷം വീണ്ടും നടത്തം തുടർന്നു. ഇനിയധികദൂരമില്ല താടാകക്കരയിലേക്ക്. അവിടെയാണ് റെന്റടിച്ചു രാവുണർത്തേണ്ടത്.

പുലരി വീണ വഴികൾ കണ്ടപ്പോൾ ശെരിക്കും അത്ഭുതം തോന്നി ! രണ്ട് ഹെഡ് ടോർച്ചും വെച്ച് ഇന്നലെ നടന്നു തീർത്ത വഴികളായിരുന്നു അതെല്ലാം. അതേ, തൊട്ടടുത്തുണ്ടായിട്ടും തമ്മിൽ കാണാതിരിക്കാൻ പുകമറ വിരിച്ച മൂടൽ വഴിലെ ഏതോ ഭ്രാന്ത്‌ പൂത്ത രണ്ട് യാത്രികരുടെ ഇന്നലത്തെ കിടത്തം ഏതോ ഒരു കടയുടെ അകത്ത് ഒരു ടെന്റ് നിവർത്തി അതിനകത്തായിരുന്നു. കടക്കാരൻ വരുന്നതിനു മുൻപേ ടെന്റൊക്കെ മടക്കി വെച്ച് ബാഗ് അവിടെ വെച്ച് കുറച്ചു സമയം തടാകക്കരയിൽ പോയിരുന്നു.

വിനോദ സഞ്ചാരികൾ ഓരോന്നായി എത്തി തുടങ്ങുന്നതേയുള്ളൂ. പോയിന്റ് ടു പോയിന്റ് ആയി ഓരോ വ്യൂ പോയിന്റുകളിലേക്ക് ഞങ്ങൾ ഇറങ്ങിച്ചെന്നു. ലേക്‌ പോയിന്റ്, അലക്സാണ്ടർ പോയിന്റ്, ഹണിമൂൺ പോയിന്റ്, മാലാങ് പോയിന്റ്, എക്കോ പോയിന്റ്, ലൂസിയ പോയിന്റ്, പോർക്യുപൈൻ പോയിന്റ്, etc. തുടങ്ങിയ പോയിന്റ് ഒക്കെ കണ്ടു തീർത്തപ്പഴേക്കും സമയം ഉച്ചകഴിഞ്ഞിരുന്നു.

തിരിച്ചു ലേക്ക് സൈഡിൽ ഇന്നലെ ടെന്റ് അടിച്ച കടയിൽ വന്നു. കട തുറന്നിട്ടുണ്ട്, മൊത്തത്തിലൊരു ബഹളം. ഓരോ കാന്ത ബജിയും ചായയും കുടിച് നൈസ് ആയിട്ട് കടക്കാരനോട് രാത്രി ബാഗ് വെച്ചത് പറഞൊപ്പിച്ചു. കടതുറന്നപ്പോൾ ബാഗൊക്കെ പുള്ളിക്കാരൻ സേഫ് ആയിട്ട് എടുത്തു വെച്ചിട്ടുണ്ടായിരുന്നു. ബാഗ് എടുത്ത് നോക്കിയ ഡോക്ടർ ബന്ധർക ബച്ചാ എന്ന് പറയുന്നുണ്ട്. അങ്ങേരുടെ ബേഗ് ഒരു ഭാഗം കുരങ്ങ് വലിച്ചു കീറിയിട്ടുണ്ട്. ഭാഗ്യത്തിന് കടക്കാരൻ കടതുറക്കാൻ വന്ന സമയത്ത് ആയത് കൊണ്ട് വല്യ നഷ്ടങ്ങളൊന്നും ബാഗിന് സംഭവിച്ചിട്ടില്ല.

ബാഗും എടുത്തു ബസാർ സ്റ്റേഷനിലേക്ക് നടന്നു. ഇവിടെയാണ്‌ ടോയ് ട്രെയിൻ ഉള്ളത്. 1907 ലാണ് ‘ഫൂൽ റാണി’ എന്ന പേരിൽ അറിയപ്പെടുന്ന ഇവിടുത്തെ ടോയ് ട്രെയിൻ സഞ്ചരിക്കാൻ തുടങ്ങിയത്. ഏകദേശം 22 കിലോമീറ്റർ ആണ് ട്രെയിൻ യാത്രയുടെ ദൂരം. ഉരുൾപ്പെട്ടലും മണ്ണൊലിപ്പും അപകടങ്ങളും മൂലം ഇന്നിപ്പോൾ നേരൽ മുതൽ മതേരാൻ വരെയുള്ള സർവീസ് താൽകാലികമായി നിർത്തിവെച്ചിരിക്കുകയാണ്. എങ്കിലും സഞ്ചാരികൾക്ക് വേണ്ടി അമാൻ ലോഡ്ജ് മുതൽ മതേരാന്റെ ബസാർ വരെയുള്ള 4കിലോമീറ്റർ സർവീസ് നിലവിലുണ്ട്.

40 രൂപ മുതൽ 350രൂപ വരെയുള്ള ടിക്കറ്റ് ചാർട്ടുകൾ ഉണ്ട്. 40 രൂപയുടെ ടിക്കറ്റെടുത്തു. ട്രെയിൻ യാത്ര തുടങ്ങി. അമാൻ ലോഡ്ജിൽ ട്രെയിനിറങ്ങുമ്പോൾ പുറത്തെ മൂടൽമഞ്ഞും ട്രെയിനിനകത്തെ നോർത്ത് ഇന്ത്യൻ കിളികളെയും മാറ്റി നിറുത്തിയാൽ ടോയ് ട്രെയിനിലെ യാത്ര പ്രത്യേകിച്ചൊരു പുതുമയൊന്നും തോന്നിയില്ല.

ഇനിയൊരു വ്യൂ പോയിന്റ് കൂടി ഇവിടെ കണ്ടുതീർക്കാനുണ്ട്. സൂര്യോദയപോയിന്റ് അഥവാ pinnacle പോയിന്റ്. അവിടേക്ക് നടന്നു. ഒരു രാത്രി കൂടി ടെന്റടിച്ചു അവിടെ തങ്ങി..
നിർഭാഗ്യവശാൽ സൂര്യോദയം കാണാൻ സാധിച്ചില്ല. എന്നിരുന്നാലും ജീവിതത്തിലെ മനോഹരമായ രണ്ടു രാത്രികൾ ഈ മലമുകളിൽ തള്ളി നീക്കിയത് അത് ഓർമയിലെന്നും തങ്ങിനിൽക്കുന്നതാണ്.

അന്ന് കണ്ട കാഴ്ചകളും അനുഭവങ്ങളും പറഞ്ഞു തീർക്കുന്നതിന് പരിമിതികളുണ്ട്. ചിത്രങ്ങൾക്കും സ്വപ്നങ്ങൾക്കും പറഞ്ഞു തരാൻ കഴിയാത്ത ഒരായിരം കഥകളുണ്ടതിൽ. പക്ഷെ, അത് യാത്ര ചെയ്യുമ്പോഴും അനുഭവിക്കുമ്പോഴും മാത്രമേ മനസ്സിലാകൂ. മതേരാൻ നൽകിയ കാഴ്ചകൾ കണ്ടു തിരികെ കുന്നിറങ്ങി നേരൽ ബസ്റ്റാന്റിൽ വന്നു നിന്നപ്പഴാണ് ഞാനതോർത്തത്. കണ്ടു തീർത്ത മഞ്ഞിൻ വഴികൾ വിട്ട് മഹാരാഷ്ട്രയുടെ യഥാർത്ഥ മഞ്ഞിൻ ലോകത്തേക്കാണല്ലോ ഇനി യാത്ര ചെയ്യേണ്ടതെന്ന്.