ഈ എംബിഎക്കാരൻ ഓട്ടോഡ്രൈവർ ജോലിയില്ലാതെ കഷ്ടപ്പെടുന്നവർക്ക് ഒരു പ്രചോദനം…

നല്ല പഠിപ്പുണ്ടായിട്ടും ഇന്നും ജോലി കിട്ടാതെ, ആഗ്രഹിച്ച ജോലിയ്ക്കു മാത്രമേ പോകൂ എന്ന നിർബന്ധവുമാണ് ജീവിക്കുന്ന ചിലരുണ്ട് നമ്മുടെ സമൂഹത്തിൽ. എന്നാൽ ചിലരാകട്ടെ, പഠിച്ച് സർട്ടിഫിക്കറ്റുകൾ നേടി, ജോലി കിട്ടാതെ വരുന്ന അവസരത്തിൽ വെറുതെയിരിക്കാതെ കിട്ടുന്ന ജോലി ചെയ്തുകൊണ്ട് നമ്മുടെ ആഗ്രഹത്തിനൊത്ത ജോലികൾക്കായി പരിശ്രമിക്കുന്നവർ. രണ്ടാമതു പറഞ്ഞവരാണ് ജീവിതത്തിൽ എളുപ്പം ലക്‌ഷ്യം കാണുന്നത്. കാരണം ‘തീയിൽ കൊരുത്തത് വാടില്ല’ എന്നൊരു ചൊല്ലുണ്ടല്ലോ.

എംബിഎ വരെ പഠിച്ചിട്ടും വിദ്യാഭ്യാസത്തിനൊത്ത ജോലി ലഭിക്കാതെ വന്നപ്പോൾ അച്ഛന്റെ ഓട്ടോറിക്ഷയുമായി വരുമാനമാർഗ്ഗം കണ്ടെത്തുവാനിറങ്ങിയ പത്തനംതിട്ട, പെരുനാട് സ്വദേശി ജിതിൻ കൃഷ്ണ കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ആരുടേയും കണ്ണു തുറപ്പിക്കുന്നതാണ്. സമൂഹത്തിലെ എല്ലാവരും വായിച്ചിരിക്കേണ്ട ആ കുറിപ്പ് താഴെ കൊടുക്കുന്നു.

“സാഹചര്യം ആണ് മനുഷ്യരെ പലതും ആക്കി തീർക്കുന്നത്, അല്ലെങ്കിൽ ടൈം. ഞാൻ ഒരു സാധാരണ കുടുംബത്തിലെ ഒരംഗമാണ്. കുട്ടികാലം മുതലേ കഷ്ടപ്പാടുകൾ അറിഞ്ഞു വളർന്ന കൊണ്ട്, ജീവിതത്തിൽ രക്ഷപ്പെടണം എന്ന് അതിയായ ആഗ്രഹം ആയിരുന്നു. അച്ഛൻ ഡ്രൈവർ ആണ്. അതുകൊണ്ട് തന്നെ വളരെ ചെറുപ്പത്തിലേ വണ്ടി ഓടിക്കാൻ അറിയാം.

ഡിഗ്രി പഠനം കഴിഞ്ഞ് അടുത്തത് എന്തെ എന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ആണ് ബാംഗ്ളൂരിലെ ഒരു കോളേജിൽ നിന്നും അഡ്മിഷൻ വേണ്ടി ഉള്ള കാൾ വരുന്നത്.
അവരുടെ സംസാരത്തിൽ വളരെ അധികം ആത്മാർത്ഥ കണ്ടപ്പോൾ ഞാൻ ഓർത്തു, എന്തായാലും ഇത്രേം ആയില്ലേ? ഒരു MBA കൂടെ എടുത്തേക്കാം എന്ന്. അങ്ങനെ വളരെ കഷ്ടപ്പെട്ട് ഞാൻ ഒരു MBA GRADUATE ആയി.

പഠനം പൂർത്തി ആക്കുന്ന സമയത്താണ് ഞാൻ മനസിലാക്കിയത് കോളേജുകാർക്ക് ഇത് വെറും ഒരു ബിസിനസ് മാത്രം ആണ് എന്ന്. അവർ പറഞ്ഞ പോലെ പ്ലേസ്മെന്റ് കാര്യങ്ങളും ഒന്നും കിട്ടിയതുമില്ല. തൊഴിൽ ഇല്ലാത്തവരുടെ കൂടെ ഞാനും ഒരു മാത്രകയായി. പഠനം പൂർത്തി ആക്കി നാട്ടിൽ തിരിച്ചത്തിയ മുന്നിൽ ഒരുപാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു? അതിൽ ഏറ്റവും പ്രെധാനപ്പെട്ടത് ഒരു ജോലി ആയിരുന്നു.

ഒരുപാട് എടുത്തു ജോലി അനേഷിച്ചു നടന്നു. എന്റെ ഭാഗ്യ കുറവോ, സമയ ദോഷമൊ എന്ന് അറിയില്ല ഇത് വരെ ഒന്നും ശേരി ആയില്ല. അങ്ങനെ ആണ് അച്ഛനെ സഹായിക്കാനായി ഇടക്ക് വണ്ടി കൊണ്ട് സ്റ്റാൻഡിൽ ഇറങ്ങാൻ ഇടയായത്.

ഇപ്പോൾ വീട്ടലിലുള്ളവരെക്കാളും ഉത്തരവാദിത്തം ആണ് നാട്ടുകാർക്ക് ഉള്ളത്.. “നീ എന്തോ പഠിക്കാൻ ഒക്കെ പോയതല്ലേ, വണ്ടി ഓടിക്കാനാണോ പഠിക്കാൻ പോയെ” എന്നെ പല പല ചോദ്യങ്ങൾ. എന്നെ പോലെ സാഹചര്യം കൊണ്ട് പഠിച്ച പണി അല്ലാത്ത പല പണിയും ചെയ്യുന്ന ഒരുപാട് പേരെ എനിക്കറിയാം. അതുകൊണ്ട് പറയുകയാണ്. ഞാനും, എന്നെ പോലുള്ളവരും ഒട്ടുപാട് പേർ ഇ സമൂഹത്തിൽ ഉണ്ട്. ഞങ്ങളും ജീവിക്കുന്നത് കഷ്ടപെട്ടിട്ടു തന്നെയാണ്. ആരുടെയും കട്ടിട്ടും, മോഷ്ടിച്ചിട്ടും അല്ല. ചെയ്യുന്ന ജോലി എന്താണെങ്കിലും ആത്മാർത്ഥയോടുകൂടി ചെയ്യുക. അത്ര മാത്രം.

ഇന്ന് എനിക്ക് അഭിമാനത്തോടുകൂടി പറയാൻ പറ്റും ഞാൻ ഒരു ഡ്രൈവർ ആണെന്ന്. അല്ലെങ്കിൽ ഏതു ജോലിയും ചെയ്യാനുള്ള ഒരു മനസുണ്ടെന്ന്. തർക്കിക്കുന്നവർ ഒന്ന് ആലോചിക്കുക. ഒരു ആപത്തു വരുമ്പോൾ ആദ്യം ഓടി വരുന്നത് ഈ പറഞ്ഞ കൂലി പണിക്കാരനോ, ഒരു ഡ്രൈവറോ ഒക്കെ ആയിരിക്കും. അവനായിരിക്കും ചിലപ്പോൾ നിങ്ങളെ ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നത്, അല്ലെങ്കിൽ രക്തം തരുന്നത്.

അതുകൊണ്ട് ഒന്ന് മനസിലാക്കുക എല്ലാ ജോലിക്കും അതിന്റെതായ ബുദ്ധിമുട്ടുകൾ ഉണ്ട്. എല്ലാ ജോലിക്കാരെയും ബഹുമാനിക്കുക. ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്നവരെ ദയവു ചെയ്ത് പുച്ഛിക്കരുത്. അത് മാത്രം ഓർമിപ്പിച്ചു കൊള്ളുന്നു. സ്വന്തം മോൾക്ക് ഒരു വിവാഹ ആലോചന വരുമ്പോൾ സർക്കാർ ജോലിക്കാരുടെ കൂടെ മാത്രമേ കെട്ടിക്കത്തൊള്ളൂ എന്ന് പറയുന്നവർക്കും, ഡ്രൈവർമാരെയും, കൂലിപണിക്കാരെയും കാണുമ്പോൾ പുച്ഛിക്കുന്നവർക്കും വേണ്ടി സമർപ്പിക്കുന്നു.”