മാലിദ്വീപിയൻ രുചിക്കൂട്ടുമായി തലസ്ഥാനത്തെ ‘മീനാസ് ഹോട്ടൽ’

വിവരണം – വിഷ്‌ണു എ.എസ്.നായർ.

ഭക്ഷണമെന്നത്‌ തികച്ചും അത്ഭുതാവഹമായ ഒന്നാണ്. ഒരു നാടിന്റെ സംസ്കാരവും പൈതൃകവും സമ്പത് -വ്യവസ്ഥയും തുടങ്ങിയവ ഒരു പരിധിവരെ അന്നാട്ടിലെ ഭക്ഷണവിഭവങ്ങളിൽ നിന്നും സ്വായാത്തമാക്കാൻ കഴിയും. അക്കാര്യത്തിൽ തിരുവനന്തപുരമെന്നും നല്ല വളക്കൂറുള്ള മണ്ണാണ്. സ്വദേശിയും വിദേശിയുമായി വ്യത്യസ്തരുചിഭേദങ്ങൾ ഈ തലസ്ഥാന നഗരിയെ വേറിട്ട് നിർത്തുന്നു.

നാടൻ കപ്പയും മുളക് തിരുമ്മിയതും, ചൈനീസ് റൈസുകളും, തായ്‌വാൻ വിഭവങ്ങളും മെക്സിക്കൻ രുചികളും അങ്ങനെ എന്തിനേറെ പറയുന്നു ആഫ്രിക്കൻ വിഭവങ്ങൾ വരെ ഇപ്പോൾ ശ്രീപത്മനാഭന്റെ മണ്ണിൽ സുലഭമാണ്. ആ പ്രണയം അങ്ങനെ തന്നെ നിലനിൽക്കുകയും ചെയ്യും. ഇതിനിടയിൽ നാം വിട്ടുപോയൊരു കണ്ണിയുണ്ട് – മാലിദ്വീപിയൻ രുചികൾ.

അങ്ങനെ പുതുരുചികൾ തേടിയുള്ള യാത്രയിൽ ഇത്തവണ ശകടം ചെന്നു നിന്നത് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കുള്ള മുറിഞ്ഞപാലം റോഡിലെ മീനാസ് മാൽഡീവിയൻ – ചൈനീസ് റെസ്റ്റോറന്റിലാണ്. കൃത്യമായി പറഞ്ഞാൽ നമ്മുടെ ട്രിവാൻഡ്രം സർജിക്കൽസ് & ലാബ് സപ്ലൈസിന് എതിർവശത്തായി വരും ഈ ഭക്ഷണശാല.

മുന്നിലെ ബോർഡിൽ മാലി ഭാഷയിലാണെന്നു തോന്നുന്നു എന്തൊക്കെയോ കുത്തിക്കുറിച്ചിട്ടിട്ടുണ്ട്. വല്യ ആഡംബരമൊന്നുമില്ലാത്ത എന്നാൽ അത്യാവശ്യം ഇരിപ്പിടങ്ങളും വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷം. തിക്കും തിരക്കും നന്നേ കുറവ്. ചെന്ന് കയറിയുടനെ വാൾ ഫാൻ ഘടിപ്പിച്ചിരിക്കുന്ന ഒരു മേശയിൽ ആസനസ്ഥാനായി കഴിക്കാൻ എന്തുടെന്നു അന്വേഷിച്ചു. ചോറും അയലമീൻ പൊരിച്ചതും ഫ്രൈഡ് റൈസും ഉണ്ടെന്ന മറുപടി കേട്ടതോടെ ഒരു ചോറും (ശ്രദ്ധിക്കുക, ഊണല്ല) ചിക്കൻ ഫ്രൈഡ് റൈസും പറഞ്ഞു.

അപ്പോഴേക്കും കടയുടമയായ മീന ആന്റി അവിടെ വന്നെത്തി.കുറച്ചു ദിവസങ്ങൾക്ക് മുൻപേ അടുക്കളയിൽ പാചകത്തിൽ ഏർപ്പെട്ടിരിക്കെ രക്തസമ്മർദ്ദം പൊടുന്നനെ കുറഞ്ഞു ബോധരഹിതയായി വീണ് കൈത്തണ്ടയിൽ മൂന്ന് പൊട്ടലുമായാണ് വരവ്. ശാരീരിക അസ്വാസ്ഥ്യങ്ങളുണ്ടെങ്കിലും പാചകവും മേൽനോട്ടവുമെല്ലാം ഇപ്പോഴും മീനയാന്റി തന്നെയാണ്.

ഏതാണ്ട് 10 മിനുട്ടിന്റെ താമസത്തോടെ ചോർ മുന്നിലെത്തി.ഒരു പ്ലേറ്റിൽ നല്ല വീനസ് അരിയുടെ കുഞ്ഞു കുഞ്ഞു വെണ്മണി അരിയുടെ ചോർ. ഒരു കുഴിഞ്ഞ പാത്രത്തിൽ പാരടിച്ച കിണറ്റിലെ വെള്ളം പോലെ തെളിമയുള്ള അത്യാവശ്യം വലുപ്പമുള്ള പുഴുങ്ങിയ രണ്ട് ചൂര കഷ്ണങ്ങളോട് കൂടെയുള്ള ചൂര മീൻ സൂപ്പ്. ഒരു കുഞ്ഞു കിണ്ണത്തിൽ തേങ്ങയരച്ച മുളകിന്റെ ചുവപ്പ് കൂടിയ ചമ്മന്തി. ഒരു പാത്രത്തിൽ സവാള അരിഞ്ഞതും പച്ചമുളകും. മേൽപ്പറഞ്ഞവയുടെ കൂടെ സ്‌പെഷ്യലായി മാലിക്കാർ കൊണ്ട് കൊടുത്ത മുരിങ്ങയില ചില പ്രത്യേക രീതിയിൽ വറുത്തത്. സത്യത്തിൽ ഇത്രയും വിളമ്പുമ്പോൾ തന്നെ തീൻമേശ പകുതി നിറയും.

മീന ആന്റിയുടെ കസ്റ്റമർ സർവീസ് പറയാതെ വയ്യ. ഇതു വരെ കഴിച്ചിട്ടില്ലാത്ത ഒഴിക്കാനും കിച്ചടിയും തോരാനുമില്ലാത്ത ഇതെങ്ങനെ കഴിക്കുമെന്നു അമ്പരന്നു നിന്ന എന്നോട് വളരെ സമയമെടുത്തു എങ്ങനെ കഴിക്കണമെന്ന് പറഞ്ഞു തന്നു.

ആദ്യമായി ചോറിൽ മീൻ സൂപ്പ് ആവശ്യത്തിനു ഒഴിക്കണം കൂടെ അതിലെ പുഴുങ്ങിയ മീൻ കഷ്ണങ്ങൾ പൊടിച്ചു ചേർക്കണം.. പേടിക്കണ്ട നല്ല കിടിലമായിട്ട് സംഭവം പൊടിഞ്ഞു കിട്ടും. അതിലേക്ക് ആവശ്യത്തിനു ചമ്മന്തി ചേർക്കുക , ശേഷം നാരങ്ങാ പിഴിഞ്ഞൊഴിക്കുക അവസാനം കുറച്ച് മുളകും തിരുമ്മി ചേർക്കുക. ഒടുവിൽ എല്ലാംകൂടെ കുഴച്ച് മറിച്ച് ഇടതു കയ്യിലൊരു സവാളയും പിടിച്ച് കഴിക്കണം.

മീൻ സൂപ്പിന്റെ രുചിയും ഇടയ്ക്ക് പല്ലിൽ കടിക്ക് വീഴുന്ന മീൻ കഷ്ണങ്ങളും ചമ്മന്തിയുടെ എരിവും നാരങ്ങയുടെ പുളിയും വറുത്ത മുരിങ്ങയിലയുടെ കിരുപിരാന്നുള്ള ക്രിസ്‌പിനസ്സും. സംഭവം പൊളി. തീർത്തും വ്യത്യസ്തമായ രുചി, അനിതരസാധാരണമായ അനുഭവം.

കുഴച്ചു വച്ചിരിക്കുന്ന ചോറിന്റെയുള്ളിൽ അയല മീൻ പൊരിച്ചതും കൂടിവച്ചു കഴിക്കണം.. കിടുക്കാച്ചി.. സ്വയമ്പൻ ടേസ്റ്റ്. അയല പൊരിച്ചത് കേരളീയപരമായിട്ടാണെങ്കിലും ആ ചോറിന്റെ കൂടെ സ്വയമ്പൻ. ഉള്ളത് പറയാലോ മൂക്കുമുട്ടെ ഞാൻ ആസ്വദിച്ചു കഴിച്ചു.

ചൂര സൂപ്പ് മാത്രമായി കുടിക്കാൻ നല്ലൊരു ശതമാനം ആൾക്കാർക്കും ബുദ്ധിമുട്ടാകും കാരണം കടുത്ത മീൻ മുഷിട് തന്നെ. വേറെ മസാലയോ ഒന്നും ചേർക്കാതെ പച്ച മീൻ പുഴുങ്ങിയെടുക്കാതിനാലാണത്. അതിനാൽ സൂപ്പ് കുടിയ്ക്കുന്നവർ ഒരൽപ്പം നാരങ്ങാനീര് കൂടി ചേർത്തു കുടിച്ചാൽ അടിപൊളിയാകും. ഇതും മീന ആന്റിയുടെ ഉപദേശമാണ്.

ചോർ കഴിച്ചു കഴിഞ്ഞാൽ നമ്മുക്ക് മതിയാകും വരെ വിളമ്പാൻ അവർക്ക് ഒരു മടിയുമില്ല. വയറ് നിറയുവോളം ചോർ കിട്ടും. ചമ്മന്തി നേരത്തേ ഉണ്ടാക്കി ഫ്രിഡ്ജിൽ വച്ചിരുന്നതിനാലാകും ചെറിയ തണുപ്പ് തോന്നിയിരുന്നു. ചിക്കൻ ഫ്രൈഡ് റൈസ്, കിടുക്കാച്ചി. ഒരു പക്ഷേ ഞാൻ കഴിച്ചിട്ടുള്ളത്തിൽ ഏറ്റവും രുചികരമായ ഫ്രൈഡ് റൈസുകളിൽ ഒന്ന്. ചില കടകളിലെ പോലെ അമിതമായ ആർഭാടമൊന്നുമില്ലാതെ, ഡീസന്റ് അവതരണത്തോട് കൂടിയ റൈസ്. സാധാരണ കാണുന്ന വെള്ള ഫ്രൈഡ് റൈസിൽ നിന്നും വ്യത്യസ്തമായി ഇരുണ്ട നിറത്തിലുള്ള വിഭവമാണ്. ജന്മനാ ഇയർഫോണോടെ ജനിച്ച ബിഹാറിലെ ചെക്കനാണ് ഉണ്ടാക്കിയതെങ്കിലും ചെക്കന് നല്ല കൈപ്പുണ്യമുണ്ട്.

സ്പൂണും ഫോർക്കുമൊന്നും എനിക്ക് പറ്റില്ല. കൈ അറിഞ്ഞു തന്നെ കഴിക്കണം എന്നാലേ ഒരിതുള്ളൂ. മുകളിലെ ബുൾസൈ പോലുള്ള മുട്ട കിണ്ടിക്കീറി റൈസിനോടൊപ്പം ചേർത്തു കഴിക്കണം, കിടുക്കാച്ചി. എരിവ് ഒരൽപ്പം കൂടുതലാണ്. കഴിച്ചിട്ടുള്ള ഫ്രൈഡ് റൈസുകളിൽ നിന്നും തീർത്തും വ്യത്യസ്തമായ രുചി. സംഭവം പൊളിയാണ്.

ഒടുവിലാണ് അവരുടെ കയ്യൊപ്പ് പതിഞ്ഞ വിഭവമായ സ്മോക്ക്ഡ് ട്യൂണ ഫ്രൈഡ് റൈസിനെപ്പറ്റി കേട്ടത്. എന്നാൽപിന്നെ അതുംകൂടെ ട്രൈ ചെയ്യാമെന്ന് കരുതി. ഉത്തരവിട്ടതോടെ അധികം വൈകാതെ ചൂടോടെ മാലി രീതിയിലുള്ള സ്മോക്ക്ഡ് ഫിഷ് ഫ്രൈഡ് റൈസ് മുന്നിലെത്തി. നേരത്തെ പറഞ്ഞത് പോലെ ബിഹാറി ചെറുക്കന് നല്ല ഭാവിയുണ്ട്. കിടുക്കാച്ചി ഫ്രൈഡ് റൈസ്.

ഇരുണ്ട നിറത്തിൽ സാധാരണ ഫ്രൈഡ് റൈസിൽ നിന്നും വ്യത്യസ്തമായി നീളൻ ചുവന്ന മുളക് കരിച്ചതും വ്യത്യസ്തമായ മസാലക്കൂട്ടും കൊണ്ട് രുചിയുടെ പുതിയ വാതായനങ്ങൾ തുറന്നിട്ട വിഭവം. ചിക്കന് പകരം ഇവിടെ സ്മോക്ക്ഡ് ചൂര കഷ്ണങ്ങളാണ് (പുകയിട്ട മീൻ കഷ്ണങ്ങൾ). പേര് കേട്ട് കരിവാടാണോ ഉണക്കമീനാണോ എന്ന് സംശയിക്കണ്ട, സംഭവം അതല്ല.. അത് ആദ്യ കടിക്ക് തന്നെ മനസ്സിലാകും. പുകയിട്ട് ഉണക്കിയ മീനാണെന്നാണ് പറഞ്ഞത്.

എരിവിന്റെ ലെവൽ നേരത്തെ പറഞ്ഞ ചിക്കനെക്കാൾ കൂടുതലാണ് അതിനാൽ എരിവിനോട് ശത്രുതയുള്ളവർ ആദ്യമേ എരിവ് കുറയ്ക്കാൻ പറയാൻ ഓർമിക്കുക. പതുപതുത്ത റൈസിന്റെ കൂടെ കട്ടിയുള്ള മീൻ കഷ്ണങ്ങൾ കഴിക്കുന്നതിന്റെ ആയൊരു ‘ഫ്ലോ’ ഇടയ്ക്കിടയ്ക് നഷ്ടപ്പെടുത്തുമെങ്കിലും രുചിയുടെ കാര്യത്തിൽ കൊള്ളാം.

ഇനിയും കൂടുതൽ വിഭവങ്ങൾ ട്രൈ ചെയ്യണമെന്നുണ്ടായിരുന്നെങ്കിലും പോയ സമയത്ത്‌ വേറെ വിഭവങ്ങൾ ഇല്ലാതിരുന്നതിനാൽ ഒരു ബോഞ്ചി വെള്ളവും കട്ടനും കുടിച്ച് പുതിയ രുചിക്കൂട്ടിന് ‘സുലാൻ’ പറഞ്ഞു ഞാനിറങ്ങി.

വിലവിവരം : ചോർ – 30 Rs, ചൂര സൂപ്പ് – 50 Rs, അയല പൊരിച്ചത് – 40 Rs, ചിക്കൻ ഫ്രൈഡ് റൈസ് – 120 Rs, സ്മോക്ക്ഡ് ട്യൂണ ഫ്രൈഡ് റൈസ് (മാലി സ്റ്റൈൽ) – 130 Rs, കട്ടൻ (ടീ ബാഗ്) – 10 Rs, നാരങ്ങാ വെള്ളം – 20 Rs.

തിരുവനന്തപുരത്ത് വേറെ ഒരിടത്തും സാധാരണക്കിടയിലെ ഹോട്ടലുകളിൽ ഇത്രയും വ്യത്യസ്തമായ വിഭവങ്ങൾ ഞാൻ രുചിച്ചിട്ടില്ല. അതിനാൽ വ്യത്യസ്ത രുചികൾ തേടുന്ന ഭക്ഷണപ്രിയർക്ക് ഉറപ്പായും സന്ദർശിക്കാവുന്ന ഒരിടമാണ് മീനാസ് മാൽഡിവിയൻ റെസ്റ്റോറന്റ്. വ്യത്യസ്ത രുചി എന്ന പേരിൽ അളവിലും ഗുണത്തിലും ഒരു കുറവുമില്ല, മുതലെടുപ്പിലുമില്ല. അളവ് ഒരു പൊടിക്ക് കൂടുതലാണെങ്കിലേയുള്ളൂ.

ദക്ഷിണേഷ്യയിലെ ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കുഞ്ഞു ദ്വീപാണ് മാലിദ്വീപ്. നയതന്ത്രപരമായും രാഷ്ട്രീയപരമായും ഭാരതവുമായി വളരെയധികം ചേർന്ന് നിൽക്കുന്ന രാജ്യമാണിത്. സത്യത്തിൽ മാലിദ്വീപ് അഥവാ Maldives എന്ന രാജ്യത്തിന്റെ തലസ്ഥാനമാണ് മാലി (Male). അതേസമയം മാലി അഥവാ Mali എന്നറിയപ്പെടുന്ന മറ്റൊരു പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമുണ്ട്. രണ്ടും രണ്ടാണ്.

വർഷങ്ങൾക്ക് മുൻപ് ചെറിയൊരു നാടൻ തട്ടുകട രൂപത്തിൽ കാറ്ററിങ്ങും മറ്റ് പരിപാടിയുമായി കഴിഞ്ഞിരുന്ന ഹോം സയൻസിൽ അഭ്യസ്തവിദ്യയായിരുന്ന മീന ആന്റിയും ഹോട്ടൽ മാനേജ്മെന്റ് ബിരുദധാരിയായ ഭർത്താവ് ശ്രീകുമാരൻ മാമനും മുന്നിൽ കുറച്ച് മാലി സന്ദർശകരെത്തി. നമ്മുടെ വിഭവങ്ങളിൽ സംതൃപ്തരാകാതിരുന്ന അവർ തങ്ങളുടെ വിഭവങ്ങൾ പാചകം ചെയ്തു നൽകാമോയെന്നു മീന ആന്റിയോട് അഭ്യർത്ഥിക്കുകയും ചെയ്തു.

മാലി വിഭവങ്ങളിൽ ലവലേശം ജ്ഞാനമില്ലാതിരുന്ന മീന ആന്റിക്ക് അവർ തന്നെ തങ്ങളുടെ വിഭവങ്ങളുടെ പാചകവും വിളമ്പും കഴിക്കുന്ന രീതിയും പഠിപ്പിച്ചു കൊടുത്തു. അങ്ങനെയാണ് 17 വർഷങ്ങൾക്ക് മുൻപ് മീനാസ് മാൽഡിവിയൻ റെസ്റ്റോറന്റിന്റെ ജനനം.

ആദ്യ കാലങ്ങളിൽ വിദേശികൾക്കും സ്വദേശികൾക്കുമായി എല്ലാവിധ വിഭവങ്ങളും യഥേഷ്ടം വിളമ്പിയിരുന്നെങ്കിലും ക്രമേണ അത് മാലി വിഭവങ്ങൾ മാത്രമായി ചുരുങ്ങി. ഇത് ശ്രീപത്മനാഭന്റെ മണ്ണാണ്. ഒന്ന് ചികഞ്ഞു നോക്കിയാൽ ഈ മണ്ണിൽ ഇല്ലാത്തതായി ഒന്നുമില്ല. ഒന്നും.

ചെന്ന് കയറുമ്പോൾ ചിലപ്പോൾ ഇവിടെ മാലി ഫുഡ് മാത്രമേയുള്ളൂ എന്നൊരു ചേച്ചീ പറയും, കാര്യമാക്കണ്ട. അത് കഴിക്കാനാണ് വന്നതെന്ന് പറഞ്ഞാൽ മതി. ആധികാരികമായ മാലിദ്വീപിയൻ രുചിയാണോ എന്നെനിക്കറിയില്ല, എന്തായാലും വ്യത്യസ്തമായ രുചിയാണ്.

ലൊക്കേഷൻ – Meena’s Maldivian Chinese, Medical College Murinjapalam Rd, Near ICICI Bank, Murinjapalam, Thiruvananthapuram, Kerala 695033, Phone – 9995648186.