ദൃശ്യം വശ്യം മീൻമുട്ടി വെള്ളച്ചാട്ടം കണ്ണും മനസ്സും നിറച്ച് ഒഴുകുകയാണിവൾ

വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ.

മീൻമുട്ടി വെള്ളച്ചാട്ടം തികച്ചും ക്ഷേത്രാന്തരീക്ഷവും ഗ്രാമന്തരീക്ഷവും നിറഞ്ഞ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. മങ്കാട് മീൻമുട്ടി തോട്ടിലാണ് ഈ വെള്ളച്ചാട്ടം അതി മനോഹരമായി ഒഴുക്കുന്നത്. മീൻമുട്ടി വെള്ളച്ചാട്ടം തൊളിക്കുഴി എന്ന സ്ഥലത്ത്, ടൂറിസം പ്രമോഷൻ കൗൺസിലും കുമ്മിൾ ഗ്രാമ പഞ്ചായത്തും ചേർന്ന് വിവിധ പദ്ധതികൾ ആണ് ഇതിനോടകം ഇവിടെ നടപ്പാക്കിയിരിക്കുന്നത്. വെള്ളച്ചാട്ടം സന്ദർശിക്കുന്നവർക്ക് വേണ്ടി മേൽപ്പാല നിർമ്മാണം മനോഹരമായാണ് ഇവിടെ പൂർത്തികരിച്ചിരിക്കുന്നത് എന്ന് കാണാം.

ദൃശ്യം വശ്യം മീൻമുട്ടി സുന്ദരിയാണിയിവൾ. ദൈവം നമ്മുടെ ഈ പ്രകൃതിയെ എത്ര മനോഹരമായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. ഞാൻ ഉൾപ്പെടെ എല്ലാ മനുഷ്യനും അതിനെ കാത്ത് സൂക്ഷിക്കാൻ ബാധ്യസ്ഥരാണ്. ഗ്രാമ വിശുദ്ധി നിറഞ്ഞ മീൻ മുട്ടി വെള്ളച്ചാട്ടം തൊളിക്കുഴി എന്ന പ്രദേശത്തെ കൊലുസണിയിച്ചാണ് ഇവളുടെ ഒഴുക്ക്. യാത്രികനായ ഞാൻ ഓരോ പ്രാവശ്യവും ശ്വസിക്കുന്ന പ്രാണ വായുവിലും എന്റെ യാത്രയുടെ മനോഹരമായ വർണ്ണിക്കാൻ കഴിയാത്ത അനുഭവ സമ്പത്താണ് എന്റെ പ്രിയപ്പെട്ടവരിലേക്ക് എത്തിക്കാൻ ഞാൻ ശ്രമിക്കുന്നത്. യാത്രകൾ , എഴുത്ത് , ഫോട്ടോഗ്രഫി , സൗഹൃദം ഇഷ്ടപ്പെടുന്ന ഒരു സാധാരണക്കാരൻ കൊല്ലക്കാരൻ. പിന്നിടുന്ന ദൂരമല്ല, കാണുന്ന കാഴ്ചയാണ് ഓരോ യാത്രയെയും മനോഹരമാക്കുന്നത്.

മൺസൂൺ കാലമായതിനാൽ ഓരോ വെള്ളച്ചാട്ടവും സഞ്ചാരികളെ മാടി വിളിക്കുകയാണ്. ജീവിതത്തിൽ ഒറ്റപ്പെടലിന്റെയും തനിച്ചായിതിന്റെയും വേദന എന്നെ ദിവസവും കീറിമുറിക്കുമ്പോൾ ഞാൻ കഴിക്കുന്ന മരുന്നാണ് എന്റെ യാത്രകൾ പക്ഷേ ഒരു കാര്യം മാത്രം ഇത്തിരി ഡോസേജ് കൂടുതലാണ് ഈ മരുന്നിന്. ജീവിതത്തിൽ ഞാൻ ഒറ്റപ്പെടലിന്റെ വേദനയറിയാത്ത സമയങ്ങളും, നിമിഷങ്ങളും എന്റെ യാത്രകളിൽ മാത്രമാണ്.

പതിവു പോലെ മനസ്സ് അസ്വസ്തമായ ദിവസം, സമയം ഏകദേശം 12 മണി കഴിഞ്ഞു. വീടിന് പുറത്ത് നല്ല മഴ പെയ്യുകയാണ്. ഞാൻ പലപ്പോഴും മുൻകൂട്ടി നിശ്ചയിക്കാതെയാണ് പല കാര്യങ്ങളും ചെയ്യുന്നത്. യാത്രകളാണെങ്കിൽ പറയുകയും വേണ്ട. മഴ ഒന്ന് തോർന്ന പരുവുമായി നിന്ന നേരം. ഉച്ച ഊണിന് കൂട്ടാക്കിയില്ല. ബൈക്കും എടുത്ത് വീട്ടിൽ നിന്ന് ഇറങ്ങി. നെഞ്ചിൽ നോവ് നിറയുമ്പോൾ മനസ്സ് പറയും തനിച്ച് ഒരു യാത്ര പോകാം.

അഞ്ചൽ കഴിഞ്ഞു ആയൂർ, നിലമേൽ കഴിഞ്ഞ് കിളിമാനൂർ വഴിയോര കടയുടെ അടുത്തെത്തി. സ്വാദ്ഷ്ടമായ വിഭവങ്ങളുടെ മണം മൂക്കിലും നാക്കിലും തുളച്ച് കയറി. ശരി ഫുഡ് കഴിക്കാം. അല്ലെങ്കിലും അത് അങ്ങനെ തന്നെയാണ്. കിളിമാനൂർ വന്നാൽ വഴിയോര കടയിലെ വിഭവങ്ങൾ കഴിക്കാതെ ആരും മടങ്ങുകയില്ല. ഉച്ച സമയമായതിനാൽ ഒരു ഊണിന് ഓർഡർ കൊടുത്തു. നാവിൽ രുചിയേറും വിഭവങ്ങൾ വയറു നിറയെ അകത്താക്കി ആത്മ സംബൃദ്ധിയോടെ ബില്ലും കൊടുത്ത് ഇറങ്ങി. ചാറ്റൽ മഴയുണ്ട് പുറത്ത്. ഇവിടെ നിന്ന് ഏകദേശം 4.3 Km സഞ്ചരിച്ചാൽ തൊളിക്കുഴി എത്തിച്ചേരാം. ചെറു ചാറ്റൽ മഴയിൽ യാത്ര തുടർന്നു ജീവിത കഥകൾ യാത്രകളിൽ മുഴുങ്ങുമ്പോൾ സഞ്ചാര വീഥി മുന്നോട്ട് നീണ്ട് തന്നെ പോക്കുന്നു.

അങ്ങനെ തൊളിക്കുഴി എത്തി ചേർന്നു. ചാറ്റൽ മഴ അല്പം ഒന്ന് ഒഴിഞ്ഞ് മാറിയ ലക്ഷണം കാണിച്ച് തുടങ്ങി. പാറക്കെട്ടുകളിൽ നിന്ന് ശാന്തമായി ഒഴുക്കുന്ന ശുദ്ധമായ ജല തുള്ളികൾ പാൽ പോലെ പതഞ്ഞ് ഒഴുക്കുകയാണ്. വെള്ളത്തിന്റെ ഒഴുക്ക് കൂടുമ്പോൾ കൂറ്റൻ ശബ്ദം ആണ് മുഴങ്ങി കേൾക്കാൻ തുടങ്ങന്നത്. സഞ്ചാരികളുടെ മനം കവർന്നാണ് മീൻമുട്ടി വെള്ളച്ചാട്ടം കുതിച്ച് പതഞ്ഞ് ഒഴുക്കുന്നത് മൺസൂൺ കാലത്ത് വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യവും, ഗാംഭീര്യവും പൂർണത പ്രാപിക്കുന്നു. കടുത്ത വേനലിൽ മാത്രമാണ് വെള്ളച്ചാട്ടത്തിന്റെ ശക്തി കുറയുന്നത് എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.

കല്ലിൽ കവിത രചിച്ച് ഉയരങ്ങളിൽ നിന്ന് യാത്രികരുടെ മനസ്സിലേക്കാണ് മീൻമുട്ടി ഒഴുകിയിറങ്ങുന്നത്. ചിന്നി ചിതറുന്ന പളുങ്ക് മണി പവിഴമുത്തുകൾ വിസ്മയക്കാഴ്ചയാണ് നല്ക്കുന്നത്. ഉരുകി നിന്നാത്മാവിൻ ആഴങ്ങളിൽ വീണു പൊലിയിക്കുകയാണെന്റെ സ്വർഗ്ഗം നിന്റെ തലോടലും സ്നേഹം നിറഞ്ഞ വാക്കുകളും എനിലെ മനസ്സിന്റെ തീ നാളത്തിന് കുളിർമ നല്കി. അടുത്ത് ഇങ്ങ് വന്നാൽ വിട ചൊല്ലി പോവലേ അകന്ന് നീ എങ്ങോ ദൂരെ പോവലേ ഈ കല്ല് പടവുകൾക്ക് എത്ര സ്നേഹ ബന്ധത്തിന്റെ കഥ പറയാനുണ്ടാകും. പ്രണയവും ഭയവും ആർദ്രതയും വീര്യവുമുളള പെണ്ണിനെ പോലെയാണ് മീൻമുട്ടി ഒഴുക്കുന്നത്. ഒഴുകണം നിന്നെ പോലെ എന്റെ മനസ്സ് മന്ത്രിച്ചു. നിന്നിലെ ആഴം അറിയാൻ ഇനിയും ഞാൻ വരും.

ഓരോ യാത്രയും പ്രാഥമികമായി മനസ്സിലാക്കിത്തരുന്ന ഒരേ ഒരു കാര്യം ഇനിയും കാണാനുള്ള സ്ഥലങ്ങളുടെ വ്യാപ്തിയാണ്. നമ്മുടെ ചുറ്റുവട്ടത്തെ സ്ഥലങ്ങള്‍ പോലും നാം ശരിക്ക് കണ്ട് തീര്‍ക്കാറില്ലല്ലോ. നമ്മുടെ നാട്ടില്‍ തന്നെ കാണാന്‍ വിട്ടുപോയ സവിശേഷമായ ഭൂഭാഗങ്ങള്‍ അനേകം വേറെയും ഉണ്ടാവും എന്ന മനസ്സിലാക്കലില്‍ സഞ്ചാരം തുടരുന്നു.

സന്ദർശകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ – മീൻമുട്ടി വെള്ളച്ചാട്ടം തികച്ചും ഗ്രാമന്തരീക്ഷവും , ക്ഷേത്രാന്തരീക്ഷവും നിറഞ്ഞടമാണ് , ക്ഷേത്രത്തിന്റെയോ , വെള്ളച്ചാട്ടത്തിന്റെയോ അടുത്ത് മദ്യപാനം , ലഹരി വസ്തുക്കളുടെ ഉപയോഗം, ചൂതു കളി ഇവ കർശനമായി കുമ്മിൾ പോലീസ് നിരോധിച്ചിട്ടുണ്ട്. വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങുന്നവർ വസ്ത്രങ്ങൾ, പ്ലാസ്റ്റിക് കുപ്പികൾ, കവറുകൾ മുതലായവ വലിച്ചെറിയരുത്. നീന്തൽ വശമുള്ളവർ മാത്രം വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങുക. ആയതിനാൽ ഇവിടെ വരുന്ന സഞ്ചാരികൾ ഇതൊക്കെ ഒന്ന് ശ്രദ്ധിക്കുക.

മീൻമുട്ടി വെള്ളച്ചാട്ടം എത്തിചേരാനുള്ള വഴി – കടയ്ക്കൽ തൊളിക്കുഴി കിളിമാനൂർ റോഡിൽ തൊളിക്കുഴി ജംങ്ഷനിൽ നിന്നു ഒന്നര കിലോമീറ്റർ ദൂരം പോയാൽ മീൻമുട്ടിയിൽ എത്താം. എംസി റോഡ്‌ വഴി കിളിമാനൂർ, നിലമേൽ എന്നിവിടങ്ങളിൽ നിന്നും ഇവിടെ എത്തിച്ചേരാം.