കൊട്ടാരക്കരയിലെ മീൻപിടിപ്പാറ; കേട്ടിട്ടുണ്ടോ ഇങ്ങനെയൊരു വെള്ളച്ചാട്ടത്തെ?

യാത്രവിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ

കൊല്ലം ജില്ലയിലെ കൊട്ടരക്കര എന്ന സ്ഥലത്തെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് മീൻ പിടിപ്പാറ. പ്രിയപ്പെട്ട സുഹൃത്ത് മുഹമ്മദ് അസ്‌ലാം വഴിയാണ് ഈ മനോഹരമായ വെള്ളച്ചാട്ടത്തെക്കുറിച്ച് അറിയുന്നത്. പലപ്പോഴും ഞാൻ സന്ദർശിക്കുന്ന ഒരു സ്ഥലമായിരുന്നു കൊട്ടാരക്കര. പക്ഷേ ഇങ്ങനെ ഒരു വിനോദ സഞ്ചാര കേന്ദ്രത്തെ അറിയാൻ വൈകിപ്പോയി.

പതിവുപോലെ ഒരു യാത്ര കഴിഞ്ഞ് ഏകദേശം മൂന്ന് മണി സമയമാവും പത്തനംതിട്ടയിൽ നിന്ന് പുനലൂരിൽ എത്തി ചേർന്നപ്പോൾ. അസ്ലുവുമായി ചായ കുടി വേളയിലാണ് അവൻ മീൻപ്പിടി പാറയെക്കുറിച്ച് പറയുന്നത്. യാത്രയുടെ ക്ഷീണമുണ്ടെങ്കിലും വെള്ളച്ചാട്ടത്തിന്റെ വിശേഷങ്ങൾ അവൻ പറഞ്ഞപ്പോൾ എന്റെ മനസ്സിൻ മന്ത്രം യാത്രയിൽ ഉണർന്ന് കഴിഞ്ഞു. യാത്ര നേരെ കൊട്ടാരക്കരയിലേക്ക് ആരംഭിച്ചു.

അസ്ലമിന്റെ ടു വീലറിലാണ് യാത്ര. പുനലൂർ കൊട്ടാരക്കര റോഡ് മാർഗ്ഗം ഉള്ള യാത്ര വളരെ ദുരിത പൂർണ്ണമാണ്. പൊട്ടിപൊളിഞ്ഞ റോഡാണ് വേണമെങ്കിൽ ഒരു ഓഫ് റോഡ് യാത്ര എന്ന് പറയുന്നതാണ് അതിന്റെ ശരി. ഏകദേശം നാലര മണിയോടെ മീൻ പിടി പാറയിൽ ഞങ്ങൾ എത്തി ചേർന്നു.

വൃശ്ചിക കാറ്റ് ആഞ്ഞ് വീശുന്നതിനാൽ യാത്ര ക്ഷീണം ഒട്ടും അനുഭപ്പെടുന്നില്ല. തോട്ടിൽ വെള്ളം കുറവായതിനാൽ സന്ദർശകരുടെ വരവ് കുറവാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. എന്നിരുന്നാലും സന്ദർശകരുണ്ട് ചെറിയ കുട്ടികൾ വെള്ളത്തിൽ കളിയും ചിരിയുമായി ഓടി നടക്കുന്നു. ചുറ്റും മരങ്ങളാൽ ചുറ്റപ്പെട്ട ഒരു പ്രദേശം. ജില്ലാ ടൂറിസം വകുപ്പിന്റെ കീഴിലാണ് ഇപ്പോൾ മീൻ പിടിപ്പാറ .

ടൂറിസം വകുപ്പ് സഞ്ചാരികൾക്ക് ഇവിടെ വെള്ളത്തിൽ നീന്താനും മറ്റ് സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിരിക്കുന്നത് കാണാം. പടുകൂറ്റൻ പാറകളാണ് ഈ തോട്ടിലെ മറ്റൊരു പ്രത്യേകത. സാധാരണ തോടുകളിൽ നിന്നും വ്യത്യസ്തമാണ് മീൻ പിടിപ്പാറ.

പതിയെ ഞങ്ങൾ വെള്ളത്തിലേക്ക് ഇറങ്ങി. പാറകളിലെ വഴുക്കൽ കാലിനെ ഒരു പരിധി വരെ പിടിച്ച് നിർത്തി. വേനൽക്കാലമായതിനാൽ തോട്ടിൽ വെള്ളം താരതമ്യേന കുറവാണ്. ഒഴുകിയെത്തുന്ന പളുങ്ക് മണി വെള്ളത്തുള്ളികളിൽ ഞാൻ മുഖമൊന്ന് കഴുകി. അസലം ഫോട്ടോകളും , വീഡിയോകളും എടുത്ത് തുടങ്ങി.

മീൻ പിടിപ്പാറ പ്രകൃതി രമണീയത കൊണ്ട് അനുഗ്രഹീതമായ ഒരു പ്രദേശമാണ് . ഒരു നാല് വയസ്സുക്കാരൻ അവന്റെ അച്ഛന്റെ കൈയിൽ കിടന്ന് നീന്തൽ പഠിക്കുന്ന കാഴ്ച പെട്ടെന്നാണ് ശ്രദ്ധയിൽ പ്പെട്ടത്. ഒരു നിമിഷം നീന്തൽ വശമില്ലാത്ത എന്നെക്കുറിച്ച് ഓർത്ത് പോയി ഞാനും പഠിക്കും നീന്തൽ മനസ്സിൽ ഉറപ്പിച്ചു . “ഒഴുകുന്ന തോട്ടിലെ തെളിനീരെടുത്തു മുഖമൊന്ന് കഴുകണം. പരൽ മീനുകൾ തുള്ളുന്ന തോട്ടിൻ കുളിരിൽ ഊളിയിട്ടെനിക്കൊന്ന് നീന്തണം.”

മീൻ പിടിപ്പാറയെക്കുറിച്ചറിയാം – കൊല്ലം ജില്ലയിലെ കൊട്ടാരക്കര എന്ന സ്ഥലത്തെ ഒരു വിനോദ സഞ്ചാര കേന്ദ്രമാണിത്. കിഴക്കേ തെരുവ് , അറപ്പുര ഭാഗം ഐപ്പളൂർ എന്നീ പ്രദേശങ്ങളിലൂടെ ഒഴുകിയെത്തുന്ന നീരുറവകൾ മീൻ പിടി പാറയിൽ എത്തുന്നതോടെ ജലപ്രവാഹമായി മാറുന്നു. പാറ കെട്ടുകളിലൂടെ ചന്നം ചിന്നം ചിതറി ഒഴുകിയെത്തുന്ന തോടാണ് മീൻ പിടിപ്പാറ.

മീൻ പിടിപ്പാറയിൽ എത്തിചേരാൻ : കൊട്ടരക്കര പുലമൺ കവലയിൽ നിന്ന് രണ്ട് കിലോമീറ്റർ ആണ് മീൻ പിടിപ്പാറയിൽ എത്തി ചേരുന്നതിനായി .

പ്രിയപ്പെട്ട യാത്രികരെ നിൽക്കൂ ദയവായി ശ്രദ്ധിക്കുക!! പടുകൂറ്റൻ പാറകളിലെ വഴുക്കലും, ആഴമുള്ള ചുഴികളും നിറഞ്ഞ സ്ഥലമാണ് മീൻ പിടിപ്പാറ വെള്ളച്ചാട്ടം.ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചും, നീന്തൽ അറിയാതെയും ഈ ജലാശയത്തിൽ ഇറങ്ങരുത്. അത് വലിയ അപകടമാണ്. ജലാശയത്തിൽ പ്ലാസ്റ്റിക്ക് മുതലായ വസ്തുക്കൾ സന്ദർശകർ വലിച്ചെറിയരുത്. പ്രകൃതിക്ക് ദോഷം വരാത്ത രീതിയിൽ യാത്ര തുടർന്ന് കൊണ്ടും വരും തലമുറയ്ക്ക് വേണ്ടി ഈ കാഴ്ചകൾ മാറ്റിവെയ്ക്കുകയും ചെയ്ത് കൊണ്ട് യാത്ര ഞാൻ തുടരന്നു .

സഞ്ചരിച്ച ദൂരത്തേക്കാൾ പ്രധാനമാണ് സഞ്ചരിക്കാനുള്ള ദൂരം. മുന്നിലുള്ള സ്വപ്നത്തിന്റെ തീവ്രതയാണ് മനസ്സിന് കരുത്ത് പകരേണ്ടത് . ഓരോ യാത്രയും പ്രാഥമികമായി മനസ്സിലാക്കിത്തരുന്ന ഒരേ ഒരു കാര്യം ഇനിയും കാണാനുള്ള സ്ഥലങ്ങളുടെ വ്യാപ്തിയാണ്. നമ്മുടെ ചുറ്റുവട്ടത്തെ സ്ഥലങ്ങൾ പോലും നാം ശരിക്ക് കണ്ട് തീർക്കാറില്ലല്ലോ. നമ്മുടെ നാട്ടിൽ തന്നെ കാണാൻ വിട്ടുപോയ സവിശേഷമായ ഭൂഭാഗങ്ങൾ അനേകം വേറെയും ഉണ്ടാവും എന്ന മനസ്സിലാക്കലിൽ സഞ്ചാരം തുടരുന്നു.