സഞ്ചാരികളുടെ ഹീറോയെ ഫ്ലൈറ്റിൽ വെച്ചു നേരിട്ടു കണ്ടപ്പോൾ : ഒരു അനുഭവക്കുറിപ്പ്…

കേരളം കണ്ട ഏറ്റവും വലിയ യാത്രികൻ ആരായിരിക്കും? ഒരേയൊരു ഉത്തരമേയുള്ളൂ – സന്തോഷ് ജോർജ്ജ് കുളങ്ങര. അതെ സഞ്ചാരം എന്ന ട്രാവൽ സീരീസിലൂടെ നമ്മളെയെല്ലാം ലോകം കാണിച്ച മഹാനായ സഞ്ചാരി. ഏതൊരു സഞ്ചാരിയുടെയും റോൾ മോഡൽ, അല്ലെങ്കിൽ യാത്ര ചെയ്യുവാൻ പ്രേരണയായിട്ടുള്ള വ്യക്തി മിക്കവാറും സന്തോഷ് ജോർജ്ജ് കുളങ്ങര ആയിരിക്കും. ഇദ്ദേഹത്തെ നേരിട്ടു കാണുന്നത് ഒരു ഭാഗ്യമായിത്തന്നെ കാണുന്നു സഞ്ചാരികൾ. അങ്ങനെ താൻ കാണണമെന്നു ആഗ്രഹിച്ച സന്തോഷ് ജോർജ്ജ് കുളങ്ങരയെ വിമാനത്തിൽ വെച്ച് കണ്ടതും പരിചയപ്പെട്ടതും സംസാരിച്ചതുമായ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് എറണാകുളം സ്വദേശിയായ Harshin Haash. അദ്ദേഹത്തിൻ്റെ ഫേസ്‌ബുക്ക് കുറിപ്പ് താഴെ കൊടുക്കുന്നു…

“സർ നോർത്ത് കൊറിയ യില് പോയിട്ടുണ്ടോ?” പെട്ടനുള്ള ചോദ്യം കേട്ട് പുള്ളി ഒന്ന് പകച്ചു എന്നിട്ട് ഒരു നിമിഷം പുഞ്ചിരിച്ചു. ഒരു പക്ഷേ അദ്ദേഹം ആദ്യമായിട്ടായിരിക്കും ഇങ്ങനെ ഒരാളെ കാണുന്നത്. കണ്ടപാടെ ഒരു ഹലോ അല്ലെങ്കിൽ ഹായ് ഒന്നും പറയാതെ സ്വയം പരിചയപെടുത്താതെ കണ്ടപ്പോൾ തന്നെ താൻ ഇത്രയും രാജ്യങ്ങൾ കറങ്ങിയിട്ടും പോകാത്ത ഒരു രാജ്യം തന്നെ നോക്കി അവിടെ പോയിട്ടുണ്ടോ എന്ന ചോദ്യം ചോദിച്ച ഒരാളെ.

“ഇല്ല” എന്ന അദ്ദേഹത്തിന്റെ മറുപടി കിട്ടിയപ്പോൾ തന്നെ അടുത്ത ചോദ്യം “എന്ന് പോകും”. അദ്ദേഹം പറഞ്ഞു “അവിടെ ഷൂട്ട് ചെയ്യാൻ വളരെ ബുദ്ധിമുട്ട് അണ്”. ഞാൻ പറഞ്ഞു “ഷൂട്ട് ചെയ്യണം എന്നില്ല സർ പോയിട്ട് സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ എന്ന പരിപാടിയിൽ വിവരിച്ചാൽ മതി. എനിക്ക് ഷൂട്ട് ചെയ്തത് വീഡിയോയെക്കാളും ഇഷ്ടം ഈ പ്രോഗ്രാം ആണ്”. അദ്ദേഹം പിന്നെയും ചിരിച്ചു, എന്നിട്ട് പറഞ്ഞു “അത് already ആ യാത്രയിൽ എന്ന പരിപാടിയിൽ ഉണ്ട്”. ഞാൻ പറഞ്ഞു “Dr നടരാജന്റെ അല്ലേ അതു ഞാൻ കണ്ടതാ”. അദ്ദേഹം പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു “ആഹാ അത് കണ്ടതാണോ അപ്പോ ഉത്തര കൊറിയയെ കുറിച്ച് ഏകദേശം മനസ്സിലായല്ലോ അല്ലേ”.

എന്റെ മനസ്സിൽ കുറച്ചെങ്കിലും ഒരു സഞ്ചാര പ്രന്ത് ഉണ്ടാക്കിയ ആളെ ഞാൻ കഴിഞ്ഞ ദിവസത്തെ യാത്രയിൽ ഫ്ലൈറ്റിൽ വെച്ച് കണ്ടൂ, കുറച്ചു സമയം സംസാരിച്ചു. ജീവിതത്തിൽ കാണണം എന്ന് ആഗ്രഹിച്ച ഒരു അവതാരം ആയിരുന്നു. സംസാരം കഴിഞ്ഞ് നടന്നു പോകുമ്പോൾ ഞാൻ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് Zameel Kallungal നോടു പറഞ്ഞു “ഇതൊക്കെയാണ് ജീവിതം. ഒരു ബാഗും തൂക്കി ഒറ്റക്ക് ഒരു രാജ്യം കഴിയുമ്പോൾ അടുത്ത രാജ്യം അങ്ങനെ പറന്നു നടക്കുന്നു. നമ്മളും ജീവിക്കുന്നു.”