ഊട്ടിയുടെ ഉൾപ്രദേശങ്ങളിൽ ആരുമറിയാതെ ‘ബഡക’കളുടെ സ്വന്തം മേൽഗാവട്ടി

വിവരണം – Tripographyby Josh.

ഒക്ടോബർ 2012 : 4 വർഷത്തെ പ്രവാസ ജീവിതം കഴിഞ്ഞു നാട്ടിൽ എത്തി പ്രത്യേകിച്ച് പണിയൊന്നും ഇല്ലാതിരിക്കുമ്പോഴാണ് ബാങ്ക് ഉദ്യോഗസ്ഥനായ സുഹൃത്ത് നിജിൽ ,വർഷാ വർഷം അവനു ലഭിക്കുന്ന ടൂർ അലവൻസിൽ ഒരു ട്രിപ്പ് പോകാൻ ക്ഷണിച്ചത്. അന്ന് ഞാൻ ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫർ ആയിരുന്നില്ല.എങ്കിലും ഫോട്ടോഗ്രഫിയോടുള്ള ഭ്രമം കൊണ്ട് ഒന്നും ആലോചിക്കാതെ തന്നെ OK പറഞ്ഞു. സ്ഥിരം ക്‌ളീഷേ സ്ഥലങ്ങൾ തന്നെ ; ഊട്ടി-മൈസൂർ – ബാഗ്ലൂർ. അന്ന് സോഷ്യൽ മീഡിയ കൂട്ടായ്മകൾ സജീവമല്ലായിരുന്നത് കൊണ്ട് തന്നെ യാത്രകൾ ഇന്നത്തെ പോലെ അത്ര ജനകീയമായിരുന്നില്ല. സാധാരണക്കാരന്റെ ഏതു യാത്രയും ചെന്ന് നിൽക്കുന്നത് ഇവിടൊക്കെ തന്നെ. മാർഗം: പൊതു ഗതാഗതം. ഒരാഴ്ചത്തെ ട്രിപ്പ്. (കാവേരി പ്രശ്നം നിലനിൽക്കുന്നതിനാൽ ഊട്ടിയിൽ നിന്ന് റൂട്ട് മാറ്റി, അതിനിവിടെ പ്രസക്തിയില്ലാത്തതിനാൽ അവിടെ നിൽക്കട്ടെ).

യാത്ര പുറപ്പെട്ടു, കോയമ്പത്തൂർ വഴി ഊട്ടി. പലരും ചോദിക്കും ഊട്ടിയിൽ സ്ഥിരം കാഴ്ചകൾ അല്ലാതെ വേറെയെന്താണ് പ്രത്യേകിച്ച് കാണാനുള്ളതെന്നു. ഞങ്ങളും അത് തന്നെ ആലോചിച്ചു.അങ്ങനെയാണ് ഊട്ടിയുടെ ഉൾപ്രദേശങ്ങളിലേക്കു പോകാൻ തീരുമാനിച്ചത് .ഊട്ടിയിൽ നിന്നും ദിവസം 250 രൂപാ നിരക്കിൽ ഒരു ബൈക്ക് സംഘടിപ്പിച്ചു. അധികം ഓടി തളരാത്ത TVS അപാഷെ; പ്രകൃതിക്കു ഇണങ്ങിയ നിറവും; മഞ്ഞ. ഇളം തണുപ്പിൽ ഊട്ടി പട്ടണത്തിന്റെ ചുറ്റുവട്ടത്തുമുള്ള ഉൾവഴികളിലൂടെ പലയിടത്തും കറങ്ങി. ക്യാരറ്റും കാബേജുo വിളയുന്ന വിശാലവും മനോഹരവുമായ തോട്ടങ്ങൾ കണ്ടാൽ കൊള്ളാമെന്നൊരാഗ്രഹം . തദ്ദേശീയരോട് തന്നെ തിരക്കി,ആദ്യമായി “മേൽഗാവട്ടി” എന്ന സ്ഥലം കേൾക്കുന്നത് അവരിൽ നിന്നാണ് . ഊട്ടിയിൽ തന്നെ ഏറ്റവും കൂടുതൽ പച്ചക്കറികൾ വിളയിക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് അവിടം. ടൗണിൽ നിന്നും ഏകദേശം 6 – 7k.m ദൂരം കാണും. ടാർ ഇട്ട ചെറിയ വഴിയിലൂടെ കുറച്ചു ദൂരം സഞ്ചരിച്ചു, ഇനി മുന്നൊട്ടു ചെറിയ മൺപാതയാണ്. വഴിയുടെ വശങ്ങളിൽ കൃത്യമായ അകലം പാലിച്ചു നിൽക്കുന്ന നേർ രേഖയിലുള്ള വൻ മരങ്ങൾ. ഇടയ്ക്കു ഒരു ട്രാക്റ്റർ മാത്രമാണ് വഴിയിൽ കണ്ടത്,ഡ്രൈവറോട് ചോദിച്ചു വഴി ഒന്നൂടെ ഒന്ന് ഉറപ്പിച്ചു.

വൈകുന്നേരം നാല് മണിയോടടുക്കുന്നു. ഏതാണ്ട് 3 – 4 കിലോമീറ്ററോളം ഈ മൺപാതയിലൂടെ സഞ്ചരിച്ചു, ചെറിയ കയറ്റം കയറിയിറങ്ങി ചെല്ലുന്നതു വിശാലമായ ഒരു താഴ്വരയിലേക്കാണ്. പ്രതീക്ഷിച്ചതിലും അതി മനോഹരം തന്നെ ഇവിടുത്തെ കാഴ്ച. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കൃഷിയിടങ്ങൾ. നിലം പറ്റി വളരുന്ന ചെടികളിൽ ഇളം വെയിൽ തട്ടുമ്പോൾ പച്ചയുടെ നിറഭേദങ്ങൾ പടര്‍ന്ന പോലെ ! എല്ലാത്തിലും ഉപരി, ചെറു കുളിരുള്ള കാറ്റും, ഇളം വെയിലും കൊണ്ട് ബൈക്കിൽ ഈ കൃഷിത്തോട്ടങ്ങളുടെ നടുവിലൂടെയുള്ള യാത്ര, അതൊരനുഭവമാണ്. കുറച്ചു ചെന്നപ്പോൾ, കുന്നിന്റെ ചെരിവുകളിൽ കൊച്ചു കൊച്ചു വീടുകൾ കണ്ടു തുടങ്ങി. ഒരു ഭാഗത്തു 2-3 ആളുകൾ ആലസ്യത്തോടെ ഇരിക്കുന്നു. പുറകിൽ കുറച്ചു പശുക്കൾ മേയുന്നുണ്ട്.

ഞങ്ങൾ വണ്ടി നിർത്തി അവരോടു കുശലം ചോദിച്ചു. എല്ലാവരുടെയും ചുണ്ടിൽ എരിയുന്ന സിഗരറ്റ്, അതവിടുന്നു എടുക്കുന്ന മുറയ്ക്ക് സംസാരം. അടുത്തൊരു കുട്ടിയുമുണ്ട്.ഞങ്ങളോട് അത്രയും നേരം തമിഴിൽ സംസാരിച്ചിട്ട് കുട്ടിയോട് വേറെ ഏതോ ഭാഷ പറയുന്ന പോലെ,ചിലപ്പോ തോന്നിയതാകും. അല്ല, വീണ്ടും മനസിലാകാത്ത ഭാഷയിൽ അവർ തമ്മിൽ സംസാരിക്കുന്നു. ഞങ്ങൾ തമിഴ്‌നാട്ടിൽ പഠിച്ചിട്ടുള്ളതിനാൽ തമിഴ് അത്യാവശ്യം അറിയാം. പക്ഷെ,ഇത് വേറെയേതോ ഭാഷയാണ് . ചോദിച്ചപ്പോഴാണ് അറിയുന്നത്, ‘ബഡഗു’ ആണെന്ന്. ഏതാണ്ട് കന്നടയോട് സാമ്യം തോന്നും. പക്ഷെ, കന്നടയുമല്ല. സംഗതി ഇവർ തമിഴ് വംശജരല്ല. “ബഡഗ” എന്നറിയപ്പെടുന്ന ഒരു ഗോത്ര വിഭാഗക്കാരാണ്. ഇവർക്ക് തമിഴ് സംസ്കാരവുമായി യാതൊരു ബന്ധവുമില്ല. അവരോടു ചോദിച്ചപ്പോൾ കൂടുതലായൊന്നും അവർക്കും അറിയില്ല. അറിഞ്ഞിട്ടുo പറയാത്തതാണോ എന്നുമറിയില്ല. പിന്നെ ഞങ്ങളും കൂടുതലൊന്നും ചോദിച്ചില്ല.

ബഡഗകളെ പറ്റി ചുവടെ ചേർക്കുന്ന വിവരങ്ങൾ പലതും ഇന്റർനെറ്റിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് . ചിലത് ഞങ്ങളുടെ നിരീക്ഷണത്തിലൂടെ മനസിലാക്കാൻ ശ്രമിച്ചതും.

ഞങ്ങൾ കേരളത്തിൽ നിന്നാണെന്നു പറഞ്ഞപ്പോൾ അവർക്ക് അത്ഭുതം, ഞങ്ങൾ എങ്ങനെ അവിടെയെത്തി എന്നുള്ളതാണ്. സാധാരണയായി പുറം നാട്ടുകാർക്ക് അത്ര പരിചിതമല്ല അവിടം. ഇവർ പൊതുവെ നാഗരിക ജീവിതത്തിൽ നിന്നും ഒഴിഞ്ഞു ഉൾഗ്രാമങ്ങളിൽ കഴിയുന്നവരാണ്. കൃഷിയും പശു വളർത്തലുമാണ് പ്രധാന തൊഴിൽ. അല്പം കഴിഞ്ഞപ്പോളേക്കും തോട്ടങ്ങളിൽ പണി കഴിഞ്ഞു വരുന്ന സ്ത്രീകൾ അടക്കമുള്ളവർ ഈ കൂട്ടത്തിലേക്കു വന്നു. പാൽപ്പാത്രവു മായി ചിലർ വേറെയും. അവർക്കും ഞങ്ങളെ കണ്ടപ്പോൾ ജിജ്ഞാസ. ആണുങ്ങൾ മിക്കവരുടെയും കയ്യിൽ സിഗററ്റുണ്ട്. ആദിത്യ മര്യാദയെന്ന പോലെ ചിലർ സിഗരറ്റ് വാഗ്‌ദാനം ചെയ്തു. മാന്യമായ സംസാരവും പെരുമാറ്റവും. സാധാരണ തമിഴരെക്കാൾ കുറച്ചു കൂടി നിറം കൂടുതലാണ് ഇവർക്ക്. ചിലർക്ക് മലയാളികളോട് സാമ്യം തോന്നും.

ഇവർ എല്ലാവരും അയൽക്കാരും ബന്ധുക്കളുമാണെന്ന് സംസാരത്തിനിടയിൽ അവർ പറയുകയുണ്ടായി. അതിനു കാരണം,ബഡഗകൾ കൂട്ടം കൂടിയേ താമസിക്കാറുള്ളൂ. “ഹാറ്റി”(Hatti) എന്നാണ് ഈ വീടുകളുടെ കൂട്ടത്തെ (Colony) വിളിക്കുന്നത്. മാത്രമല്ല, ഇവർ സ്വന്തം ഗോത്രത്തിൽ നിന്ന് മാത്രമേ വിവാഹം കഴിക്കൂ. മുൻകാലങ്ങളിൽ ഒരേ ഹാറ്റിയിൽ ഉള്ള കുടുംബാoഗങ്ങൾ തമ്മിൽ കല്യാണം കഴിച്ചിരുന്നതിനാൽ ഇന്ന് ഈ കുടുംബങ്ങൾ ബന്ധുക്കളാണ്. അതുകൊണ്ടു തന്നെ ഇവരുടെ പുതിയ തലമുറ ഇപ്പോൾ പുറത്തു നിന്നുള്ള ഹാറ്റികളിൽ നിന്നുമാണ് വിവാഹം ആലോചിക്കുന്നത്. ഏതാണ്ട് 400 വര്ഷങ്ങള്ക്കു മുൻപ് മൈസുരുവിൽ നിന്ന് നീലഗിരി കുന്നുകളിലേക്ക് കുടിയേറിയ ദ്രാവിഡ ഗോത്രക്കാരാണ് ബഡഗകൾ. 450 ഓളം ഗ്രാമങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ബഡഗകൾ ആണ് നീലഗിരിയിലെ ഏറ്റവും വലിയ ഗോത്ര സമൂഹം. ഏകദേശം 1,35,000 ഓളം ആളുകൾ ഉണ്ടെന്നാണ് കണക്ക്.

കൃഷിയെയും മേൽഗാവട്ടിയെയും പറ്റി ചോദിച്ചപ്പോൾ എല്ലാവർക്കും നൂറു നാവ്. അത്രയ്ക്കും മനോഹരo തന്നെയാണ് ഇവിടം. ക്യാരറ്റ്, ബീറ്റ്റൂട്ട്, ഉരുളക്കിഴങ്ങു , ക്യാബേജ്, മല്ലി തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കൃഷി. പിന്നെ പശു വളർത്തലും. കൃഷിയിടങ്ങൾ അടുത്ത്‌ കാണണമെന്ന് ഞങ്ങൾ ആഗ്രഹം പറഞ്ഞപ്പോൾ അവർ വളരെ സന്തോഷത്തോടെ അനുവാദം നൽകി. അവർ കൂടെ വന്നു എല്ലാ സ്ഥലവും കാണിച്ചു തരാമെന്നു പറഞ്ഞത് ഞങ്ങൾ സന്തോഷത്തോടെ നിരസിച്ചു യാത്ര തുടർന്നു. കുറച്ചു ചെന്നപ്പോൾ മൺപാതയുടെ ഉയർന്ന ഭാഗമെത്തി. ഇരു വശങ്ങളിലെയും ചെരിവുകളിൽ മനോഹരവും ചിട്ടയോടും കൂടി കൃഷി ചെയ്തിരിക്കുന്ന പച്ചക്കറി തോട്ടങ്ങളുടെ ഒരു ഭാഗത്ത്‌ ബൈക്ക് ഒതുക്കി, മൺവഴിയിലൂടെ നടന്നു ആ മനോഹാരിത ആസ്വദിച്ചു. അകമ്പടിയായി സായാഹ്ന സൂര്യൻ പടിഞ്ഞാറെ ചക്രവാളത്തില്‍ തീര്‍ത്ത ചുമന്ന ഛായാ ചിത്രങ്ങള്‍ കണ്ണിനും ക്യാമറയ്ക്കും ഒരേ പോലെ വിരുന്നേകി. ഒരിക്കൽ കൂടി വരുമെന്ന് ഉറപ്പിച്ചു തന്നെ അവിടം വിട്ടു. 2016 ൽ പോയപ്പോൾ എടുത്ത ഡ്രോൺ ഷോട്ടാണ് ഇവിടെ കൊടുത്തിരിക്കുന്നത്, ഞാൻ എഴുതിയതിൽ അതിശയോക്തി ഇല്ലാതാക്കാൻ ഈ വിഡിയോകൾക്ക് സാധിക്കും.

ഫോട്ടോഗ്രാഫിയെ പ്രൊഫെഷൻ ആക്കിയതിനു ശേഷം വീണ്ടും 2016 നവംബറിൽ ഞാൻ മേൽഗാവട്ടിയിൽ പോയി. ഒരു പോസ്റ്റ് വെഡ്‌ഡിങ് ഷൂട്ട്. 2012 ൽ ഞാൻ കണ്ട സ്ഥലമല്ല ഇന്ന്. ഉന്നത നിലവാരത്തിലുള്ള റോഡുകൾ വന്നിരിക്കുന്നു. ഗ്രാമം പതിയെ പതിയെ ചെറു പട്ടണമാകാൻ തയ്യാറെടുക്കുന്നു,സിഗരറ്റു വലിച്ചിരിക്കുന്ന ആളുകളെയും കണ്ടില്ല,പുറത്തു നിന്ന് ആളുകളും വന്നു തുടങ്ങിയിരിക്കുന്നു. പക്ഷെ, കൃഷിയിടങ്ങൾ കൂടുതൽ വിസ്തൃതമായ പോലെ തോന്നി.

വർഷങ്ങൾക്കിപ്പുറം ഈ വിവരണം തയ്യാറാക്കാൻ ഇന്റർനെറ്റിൽ പരതിയപ്പോഴാണ് മറ്റൊരു വിവരവും ലഭിക്കുന്നത്. ഇവർ സാധാരണ ‘കാർഷിക തൊഴിലാളികൾ’ മാത്രമല്ല, പ്രതിവർഷം കോടികൾ വില മതിക്കുന്ന പച്ചക്കറി – പാൽ ഉൽപ്പന്നങ്ങളുടെ വിപണനമാണ് ഇവർ നടത്തുന്നത്. ആരും തനിയെയല്ലെന്നു മാത്രം. സൊസൈറ്റികൾ രൂപീകരിച്ചാണ് ഇത് സാധ്യമാക്കുന്നത്. പുതു തലമുറയിൽ ഭൂരിഭാഗം പേർക്കും ഉന്നത വിദ്യാഭ്യാസവും ഉണ്ട്. പലരും മറ്റു ജോലിക്കു പോകാതെ പഠിച്ച വിദ്യയെ കാർഷിക മേഖലയിൽ തന്നെ ഉപയോഗിക്കുന്നു. അതാണ് വ്യാവസായികമായി കൃഷിയെ സമീപിക്കാൻ ബഡഗകൾക്ക് പ്രേരണയായത്. പാൽ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിലേക്കു വരെ കാര്യങ്ങൾ എത്തി നിൽക്കുന്നു എന്നറിഞ്ഞത് എനിക്ക് അവിശ്വസനീയമായി തോന്നി.