മെർക്കുറി ഐലൻഡ്; ഒരു ഹോളിവുഡ് ത്രില്ലർ ചിത്രം കണ്ട ഫീൽ തരുന്ന മലയാളം നോവൽ…

കഥകൾ വായിക്കുവാൻ ഇഷ്ടമുള്ളവരായിരിക്കും നമ്മളിൽ ഭൂരിഭാഗവും. എന്നാൽ ഇന്ന് ആർക്കും അതിനൊന്നും സമയം കണ്ടെത്താനാകാത്ത അവസ്ഥയായിരിക്കുകയാണ്. മൊബൈൽഫോണിനൊപ്പം ചെലവഴിക്കുന്നതുപോലെ പുസ്തക വായനയ്ക്കും നിങ്ങളെല്ലാം പ്രാധാന്യം കൊടുക്കേണ്ടതാണ്, അതിനായി സമയം കണ്ടെത്തേണ്ടതാണ്. മുടങ്ങിക്കിടക്കുന്ന നമ്മുടെ വായനാശീലത്തെ വീണ്ടും കൈപിടിച്ചുയർത്തിയാലോ?

അതിനായി ഈ ലേഖനത്തിലൂടെ നിങ്ങൾക്ക് പരിചയപ്പെടുത്താൻ പോകുന്നത് ഒരു പുസ്തകമാണ്. പുസ്തകം എന്നു പറഞ്ഞാൽ ഒരു ഫാന്റസി, ത്രില്ലർ നോവൽ. പേര് മെർക്കുറി ഐലൻഡ്. പേരു കേൾക്കുമ്പോൾ ഇംഗ്ലീഷിൽ HG വെൽസോ മറ്റോ എഴുതിയ നോവൽ എന്ന് വിചാരിക്കുമെങ്കിലും, സത്യം അതല്ല. നമ്മുടെ കേരളത്തിലെ ആലപ്പുഴ സ്വദേശിയായ അഖിൽ പി. ധർമജൻ എന്ന എഴുത്തുകാരന്റെ തൂലികയിൽ വിരിഞ്ഞ ഒരൊന്നാന്തരം ത്രില്ലർ നോവലാണ് മെർക്കുറി ഐലൻഡ്.

ഇനി ഈ നോവൽ പിറവിയെടുത്ത സാഹചര്യങ്ങളെക്കുറിച്ച് ഒരൽപം വിശേഷങ്ങൾ പങ്കുവെയ്ക്കാം. 17 ആം വയസ്സിലാണ് അഖിൽ പി ധർമ്മജൻ മെർക്കുറി ഐലൻഡ് എന്ന ഈ നോവൽ എഴുതിത്തുടങ്ങുന്നത്. ഇതിനിടയിൽ ഓജോബോർഡ് എന്ന പേരിൽ മറ്റൊരു നോവൽ കൂടി അദ്ദേഹം എഴുതുകയുണ്ടായി. ഓജോബോർഡ് ഏതാണ്ട് ഒന്നര വര്ഷം കൊണ്ട് പൂർത്തിയായപ്പോൾ മെർക്കുറി ഐലൻഡ് അപ്പോഴും പണിപ്പുരയിൽത്തന്നെ ആയിരുന്നു.

ഇതിനിടെ ഫേസ്‌ബുക്കിൽ മെർക്കുറി ഐലൻഡ് അധ്യായങ്ങളായി അഖിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് മുഴുമിപ്പിക്കാതെ ഇടയ്ക്കുവച്ച് നിർത്തേണ്ടി വന്നെങ്കിലും ഓൺലൈൻ വായനക്കാരിൽ നിന്നും മികച്ച പ്രതികരണവും പിന്തുണയും ലഭിച്ചതോടെ മെർക്കുറി ഐലൻഡ് ഒരു പുസ്തകമാക്കുവാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

ഏതാണ്ട് എട്ടു വർഷത്തോളമെടുത്തു മെർക്കുറി ഐലൻഡ് പൂർത്തിയാക്കുവാൻ. ഈ എട്ടു വർഷങ്ങൾക്കിടയിൽ കഥാകൃത്തായ അഖിലിന് നിരവധി പരീക്ഷണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹം തന്നെ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. ഒടുവിൽ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തുകൊണ്ട് മെർക്കുറി ഐലൻഡ് പുസ്തകമായി രൂപം പ്രാപിക്കുകയായിരുന്നു.

എഴുതുന്ന കാര്യങ്ങൾ പ്രായവ്യത്യാസമില്ലാതെ എല്ലാവർക്കും മനസിലാക്കുവാൻ സാധിക്കണം എന്ന ഉദ്ദേശ്യത്തോടു കൂടി, വളരെ ലളിതമായ വാക്കുകളാലാണ് കഥാകൃത്ത് ഈ നോവൽ രചിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെയായിരുന്നിരിക്കണം പുസ്തകമായി പുറത്തിറങ്ങിയപ്പോൾ, മറ്റേതു പ്രസിദ്ധീകരണത്തെക്കാളും ജനപ്രീതി മെർക്കുറി ഐലൻഡിനു ലഭിച്ചത്. സോഷ്യൽ മീഡിയയിലൂടെയാണ് മെർക്കുറി ഐലൻഡ് എന്ന ഈ മനോഹരമായ ത്രില്ലറിനെക്കുറിച്ച് ഞാനടക്കമുള്ള ഭൂരിഭാഗം വായനക്കാരും അറിയുന്നത്.

പുസ്തകം വാങ്ങി വായിച്ചവരെല്ലാം പോസിറ്റിവ് അഭിപ്രായങ്ങൾ പങ്കുവെച്ചത് മറ്റുള്ളവർക്ക് ഇത് വാങ്ങുവാനും വായിക്കുവാനും പ്രചോദനമായി. അങ്ങനെയാണ് ഞാനും മെർക്കുറി ഐലൻഡ് വാങ്ങുന്നത്. ഒരു ദിവസത്തെ രാത്രിയുറക്കത്തെ മാറ്റിനിർത്തിക്കൊണ്ടാണ് വളരെ ഉദ്വേഗഭരിതമായ ഈ കഥ ഞാൻ വായിച്ചു തീർത്തത്. തലേന്ന് രാത്രി തുടങ്ങിയ വായന പിറ്റേദിവസം വെളുപ്പിന് 3 മണി വരെ നീണ്ടു എന്നതാണ് യാഥാർഥ്യം.

ഇതിലെ കഥ നടക്കുന്നത് അമേരിക്കയിലാണ്. അമേരിക്കയിലെ ഫ്ലോറിഡയിൽ നിന്നും കടലിനു നടുവിൽ സ്ഥിതി ചെയ്യുന്ന രഹസ്യദ്വീപ് അന്വേഷിച്ച് ഒരു കോളേജ് പ്രൊഫസർ യാത്ര തുടങ്ങുന്നിടത്താണ് നോവൽ ആരംഭിക്കുന്നത്. പ്രൊഫസറെ അന്വേഷിച്ചു അദ്ദേഹത്തിന്റെ വിദ്യാർത്ഥികളും പിന്നാലെ പോകുകയും ഇരുകൂട്ടർക്കും പിന്നീടുള്ള ദിവസങ്ങളിൽ നേരിടേണ്ടി വരുന്ന അസാധാരണമായ സംഭവവികാസങ്ങളിലൂടെയുമാണ് കഥ പുരോഗമിക്കുന്നത്. ഇന്നും ദുരൂഹതകൾ നിറഞ്ഞു നിൽക്കുന്ന അത്ഭുത പ്രതിഭാസമായ, ഒരു കടക്കെണിയായ ബെർമുഡ ട്രയാങ്കിളിനെ അടിസ്ഥാനമാക്കിയാണ് അഖിൽ പി ധർമ്മജൻ മെർക്കുറി ഐലൻഡ് എഴുതിയിരിക്കുന്നത്.

ഒരു ഹോളിവുഡ് ത്രില്ലർ മൂവി കാണുന്നതു പോലെയായിരിക്കും ഈ നോവലിലെ ഓരോ രംഗവും വായിക്കുമ്പോൾ നമുക്ക് അനുഭവപ്പെടുക. ലോകങ്ങളുടെ പോരാട്ടം, ഭൂകേന്ദ്രത്തിലേക്ക് ഒരു യാത്ര തുടങ്ങിയ പ്രശസ്തമായ പുസ്തകങ്ങൾ വായിച്ചപ്പോൾ കിട്ടിയ അതേ അനുഭൂതി തന്നെയാണ് എനിക്ക് മെർക്കുറി ഐലൻഡ് വായിച്ചപ്പോഴും കിട്ടിയത് എന്ന് സന്തോഷത്തോടെ തന്നെ പറയട്ടെ. സത്യത്തിൽ നമ്മളും കഥയിലെ ആളുകളോടൊപ്പം യാത്ര ചെയ്യുന്ന ഒരു ഫീൽ ആയിരിക്കും ലഭിക്കുന്നത്. ആ ഫീൽ കൊണ്ടുവരാൻ കഴിഞ്ഞതിൽ കഥാകൃത്ത് 100 ശതമാനവും വിജയിച്ചിട്ടുണ്ട് എന്ന് നിസ്സംശയം പറയാം. നോവലിന്റെ കഥാസന്ദര്ഭങ്ങളെക്കുറിച്ച് ഞാൻ ഇനി അധികമൊന്നും പറയുന്നില്ല. അത് നിങ്ങൾ വായിച്ചു തന്നെ അറിയണം.

ആമസോണിൽ നിന്നും ഓൺലൈനായിട്ടാണ് ഞാൻ ഈ ബുക്ക് വാങ്ങിയത്. ബുക്കിന്റെ വില 380 രൂപയാണ്. കഥ മുഴുവനും വായിച്ചു കഴിയുമ്പോൾ ഈ വില ഒരിക്കലും കൂടുതലായി നിങ്ങൾക്ക് തോന്നില്ല. അതുപോലെ തന്നെ ഇന്ന് സിനിമാരംഗത്തെ പോലെ എഴുത്തുകാർ നേരിടേണ്ടി വരുന്ന ഒരു വലിയ പ്രശ്നമാണ് പൈറസി. പുസ്തകങ്ങളുടെ പിഡിഎഫ് ഫയലുകൾ ചിലർ ഓൺലൈനിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്.

പക്ഷേ ഒരിക്കലും അത്തരം പ്രവൃത്തികളുടെ പിന്നാലെ ആരും പോകരുത്. കാരണം അഖിൽ പി ധർമജനെപ്പോലുള്ള എഴുത്തുകാർ വളരെ കഷ്ടപ്പെട്ടാണ് തങ്ങളുടെ രചനകൾ പുസ്തകമാക്കി പ്രസിദ്ധീകരിക്കുന്നത്. അവരുടെ ആ കഷ്ടപ്പാടുകൾക്ക് ബദലായി നമുക്ക് കൊടുക്കുവാൻ കഴിയുന്ന ഏറ്റവും വലിയ സഹായമാണ് പുസ്തകം വില കൊടുത്തു വാങ്ങുക എന്നത്. അതുകൊണ്ട് എല്ലാവരും കഴിയുമെങ്കിൽ മെർക്കുറി ഐലൻഡ് എന്നയീ നോവൽ വിലകൊടുത്തു വാങ്ങി വായിക്കുവാൻ ശ്രമിക്കുക. ആമസോണിൽ നിന്നും മെർക്കുറി ഐലൻഡ് വാങ്ങുന്നതിനുള്ള ലിങ്ക് – https://amzn.to/2L0f3sN.

അപ്പോൾ വർഷങ്ങൾക്കു ശേഷം എന്നെ വായനയിലേക്ക് തിരികെ കൊണ്ടുപോയതിനു മെർക്കുറി ഐലൻഡിനോടും, അതിലുപരി കഥാകൃത്തായ അഖിൽ പി ധർമ്മജനോടും ഞാൻ എൻ്റെ നന്ദി അറിയിക്കുകയാണ്. ഇനിയും ഇതുപോലുള്ള രചനകൾ എഴുതുവാനും അവ പുസ്തകമായി പുറത്തിറക്കുവാനും കഴിയട്ടെ എന്നാശംസിച്ചു കൊണ്ട് ഈ ലേഖനം ഇവിടെ വെച്ച് നിർത്തുകയാണ്.

എഴുത്ത് – പ്രശാന്ത് എസ്.കെ.