എംജി ഹെക്ടർ ബുക്ക് ചെയ്തു കാത്തിരിക്കുന്നവർക്ക് വമ്പൻ ആനുകൂല്യങ്ങളുമായി കമ്പനി…

ഇന്ത്യൻ വാഹനവിപണിയിൽ ഈയടുത്ത് ഏറെ ചലനമുണ്ടാക്കിയ ഒന്നായിരുന്നു എംജി മോട്ടോഴ്‌സിന്റെ കടന്നുവരവും എംജി ഹെക്ടറിന്റെ റെക്കോർഡ് ബുക്കിംഗുമെല്ലാം. ഇന്ത്യയിൽ തങ്ങളുടെ ആദ്യ വാഹനമോഡലായ ഹെക്ടറിനെ പുറത്തിറക്കിയപ്പോൾ കമ്പനി വിചാരിച്ചതിലും കൂടുതൽ പോസിറ്റീവ് പ്രതികരണമാണ് ജനങ്ങൾക്കിടയിൽ നിന്നും ലഭിച്ചത്. വിചാരിച്ചതിലുമധികം ബുക്കിംഗുകൾ വന്നുതുടങ്ങിയതോടെ ഹെക്ടറിന്റെ ബുക്കിംഗ് കമ്പനി താൽക്കാലികമായി നിർത്തി വെക്കുകയും ചെയ്തിരുന്നു.

നിലവിൽ ബുക്ക് ചെയ്തവർക്ക് വാഹനങ്ങൾ വരുന്ന മുറയ്ക്ക് ഡെലിവറി ചെയ്യുകയാണ് ചെയ്യുന്നത്. ബുക്ക് ചെയ്തവർ മൂന്നു – നാലു മാസത്തോളം കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന. ബുക്ക് ചെയ്തു കാത്തിരിക്കുന്ന ഉപഭോക്താക്കൾക്ക് ഈ കാലയളവിൽ മുഷിച്ചിൽ അനുഭവപ്പെടാതിരിക്കുവാൻ പുതിയൊരു പദ്ധതി കൂടി ആസൂത്രണം ചെയ്തിരിക്കുകയാണ് എംജി കമ്പനി. ‘വർത്ത് വെയ്റ്റിങ് ഫോർ’ എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതി പ്രകാരം വാഹനത്തിന്റെ ഡെലിവറി ലഭിക്കുന്നതു വരെ ഉപഭോക്താവിന് ഓരോ ആഴ്ചയിലും 1000 പോയിന്റുകൾ വീതം ലഭിക്കും. ഈ പോയിന്റുകൾ പിന്നീട് വാഹനം ലഭിക്കുമ്പോൾ ആക്‌സസറീസ് വാങ്ങുന്നതിനും മറ്റും ഉപയോഗിക്കാവുന്നതാണ്.

ബുക്ക് ചെയ്തു കാത്തിരിക്കുന്ന ഉപഭോതാക്കൾക്ക് ഇത്തരമൊരു ഓഫറിനു പുറമെ മറ്റൊരു നന്മപ്രവൃത്തി കൂടി കമ്പനി ചെയ്യുന്നുണ്ട്. ഹെക്ടർ ബുക്ക് ചെയ്ത് രണ്ടാഴ്ച കാത്തിരിക്കുകയാണെങ്കിൽ ആ കാത്തിരിപ്പിന്റെ ഫലമായി രാജ്യത്തെ ഏതെങ്കിലുമൊരു ഭാഗത്തുള്ള പാവപ്പെട്ട പെൺകുട്ടിയുടെ പഠനച്ചെലവ് കമ്പനി ഏറ്റെടുക്കും. ചുരുക്കിപ്പറഞ്ഞാൽ എംജി ഹെക്ടർ ബുക്ക് ചെയ്തു രണ്ടാഴ്ചകൾ പിന്നിട്ടു കാത്തിരിക്കുന്ന ഒരു ഉപഭോക്താവ് മൂലം ഒരു പെൺകുട്ടിയുടെ ജീവിതമായിരിക്കും ശോഭനമാകുവാൻ പോകുന്നത്.

തങ്ങളുടെ ഗുജറാത്തിലെ പ്ലാന്റിലെ ഉത്പാദനം വര്‍ദ്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മ്മാതാക്കള്‍. പ്രതിമാസം 2000 യൂണിറ്റുകളാണ് നിലവില്‍ കമ്പനിയുടെ നിര്‍മ്മാണശാലയുടെ ഉത്പാദന ശേഷി. ഇത് ഉടനടി 3000 യൂണിറ്റുകളായി ഉയര്‍ത്താനാണ് ശ്രമം. ഉപഭോക്താക്കളുടെ ക്ഷമ കെടുത്താതെ കഴിയുന്നത്ര വേഗത്തിൽ വാഹനങ്ങൾ എത്തിച്ചു കൊടുക്കുന്നതിനായാണ് താൽക്കാലികമായി ബുക്കിംഗുകൾ നിർത്തുവാൻ തീരുമാനിച്ചത്.

95 വർഷത്തോളമായി വാഹന നിർമ്മാണ രംഗത്തു പ്രവർത്തിച്ചു വരുന്ന എംജി മോട്ടോർസ്, തങ്ങളുടെ ഏറ്റവും കാര്യക്ഷമതയുള്ള വാഹനം എന്ന ലേബലിലാണ് ഇന്ത്യയിൽ ഹെക്ടർ മോഡലുകൾ ഇറക്കിയിരിക്കുന്നത്. സാധാരണ വാഹനങ്ങളിൽ നാം കണ്ടിട്ടുള്ളതിനേക്കാൾ കൂടുതൽ ഫീച്ചറുകൾ ഹെക്ടറിലുണ്ട്. അതിൽ എടുത്തു പറയേണ്ടത് വോയ്‌സ് കമാൻഡ് ആണ്. ന്യൂ ആൻസ് ആണ് ഈ സവിശേഷത എംജി ഹെക്ടർ ഇന്ത്യയ്ക്കു വേണ്ടി ചെയ്തിരിക്കുന്നത്. “ഹലോ എംജി” എന്ന അഭിസംബോധനയ്ക്കു ശേഷം നൂറിലേറെ കമാൻഡുകളുമായാണ് എംജി ഹെക്ടർ തുടക്കത്തിൽ തന്നെ എത്തിയിരിക്കുന്നത്. കാറിന്റെ വിൻഡോകൾ, സൺറൂഫ് എന്നിവ തുറക്കുന്നതിനും അടയ്ക്കുന്നതിനും, എസി നിയന്ത്രിക്കുന്നതിനും ഒക്കെയാണ് പ്രധാനമായും വോയ്‌സ് കമാൻഡുകൾ ഉപഭോക്താക്കൾക്ക് സഹായകരമാകുന്നത്.

എംജി ഹെക്ടറിന്റെ പ്രാരംഭ പെട്രോൾ പതിപ്പിന് 12.18 ലക്ഷം രൂപ മുതലും, ഉയർന്ന ഡീസൽ പതിപ്പിന് 16.88 ലക്ഷം രൂപ വരെയുമാണ് വില. കാർ വാങ്ങുന്ന ഉപഭോക്താക്കൾക്ക് അഞ്ചു വർഷത്തെ വാറന്റിയും (അൺലിമിറ്റഡ് കി.മീ.) ലേബർ ഫ്രീ സർവ്വീസുകളും, റോഡ്സൈഡ് അസിസ്റ്റൻസും ഒക്കെയായി മികച്ച വിൽപ്പനാനന്തര സേവനങ്ങളാണ് എംജി വാഗ്ദാനം ചെയ്യുന്നത്.