നല്ല തണുത്ത മുഹബ്ബത്തുള്ള ‘മിൽക്ക് സർബത്ത്’ കുടിക്കാൻ കോഴിക്കോട് പോയാലോ?

വിവരണം – Lijaz AAmi.

മുഹബ്ബത്തിന്റെ സുലൈമാനി മാത്രമല്ല നല്ല തണുത്ത മുഹബ്ബത്തുള്ള മിൽക്ക് സർബത്തും കിട്ടും കോഴിക്കോട്. നമ്മളെ സ്വന്തം ഭാസ്കരേട്ടന്റെ മിൽക്‌ സർബത്ത് കടയിൽ. കോഴിക്കോട് എന്ന് പറഞ്ഞാൽ എന്താണ് ആദ്യം മനസിലേക്ക് ഓടി വരിക, നല്ല രുചിയുള്ള ബിരിയാണിയും നല്ല കോഴിക്കോടൻ ഹൽവയും എന്നാൽ ഇത് കഴിഞ്ഞാലോ? സംശയം വേണ്ട നമ്മുടെ മിൽക്ക് സർബത്ത് തന്നെ താരം. കോഴിക്കോടിന്റെ സ്വകാര്യ അഹങ്കാരമായ മിൽക്ക് സർബത്ത് ഒരിക്കൽ രുചിച്ചവർ പിന്നെ മറക്കില്ല.

മാനാഞ്ചിറയില്‍ സി എച്ച് ഫ്ലൈ ഓവറിനു താഴെ പാരഗണ്‍ ഹോട്ടലിനു എതിര്‍വശത്തായി എപ്പോഴും ഒരു നല്ല തിരക്കുള്ള ഒരു കട കാണാം. കാലപ്പഴക്കം കൊണ്ട് വീഴാറായി എന്ന് തോന്നുമെങ്കിലും അവിടെ ആൾക്കൂട്ടത്തിനു ഒരു കുറവും ഇല്ല. നമ്മുടെ ഭാസ്കരേട്ടന്റെ മിൽക്‌സർബത്ത് കടയാണ് ആ കാണുന്നത്.ഈ കടയും ഇവിടുത്തെ മിൽക്ക് സർബത്തിനെയും പറ്റി അറിയാത്തവർ വളരെ ചുരുക്കം ആയിരിക്കും കാരണം അത് കോഴിക്കോടുകാരുടെ ഒരു വികാരമാണ്.

റഹ്മത് ഹോട്ടലിൽ നിന്നോ ഈ കടയുടെ തൊട്ടടുത്തുള്ള പാരഗൺ ഹോട്ടലിൽനിന്നോ ഒരു ബിരിയാണിയും കഴിച് ഇവിടെ വന്നു ഒരു M S കുടിക്കുന്നതിന്റെ ഒരു മനസുഖം പറഞ്ഞറിയിക്കാൻ പറ്റില്ല. അത് കോഴിക്കോട്‌കാർക്ക് മാത്രം അവകാശപ്പെട്ട ചില അപൂർവ ഭാഗ്യമാണ്. ഒരു പ്രത്യേക താളത്തിൽ സർബത്ത് ഉണ്ടാകുന്നത് കാണാൻ തന്നെ ഒരു രസമാണ്. ഭാസ്കരേട്ടന്റെ സർബത്ത് കടയിൽ ചെന്നാൽ തന്നെ നമ്മളെ 90 കളിലേക്ക് കൂട്ടിക്കൊണ്ടു പോകും. പൊളിഞ്ഞു വീഴാറായ ഓട് മേഞ്ഞ കടയും നിലക്കാത്ത ആകാശവാണിയിൽ നിന്നും വരുന്ന മധുര ഗാനങ്ങളും നമ്മളെ ആ തിരക്ക് പിടിച്ച നഗരത്തിൽ കുറച്ചു നേരത്തേക് കുളിർമ പകർന്നു തരും. അത് കൊണ്ട് തന്നെ കോഴിക്കോടുകാർക്ക് ഒരു നഗരത്തിന്റെ ഒച്ചപ്പാടിൽ നിന്നും കുളിർമയേകുന്ന ഒരു ആശ്വാസം കേന്ദ്രം കൂടിയാണ്.

തിരക്ക് ഒഴിഞ്ഞു മാറാത്ത ആ ഓടുമേഞ്ഞ കടയിൽ നിന്നും ഒരു സർബത്ത് കുടിച്ചാൽ കിട്ടുന്ന ഫീൽ വേറെ എവിടെയും കിട്ടൂല അത് കിട്ടണമെങ്കിൽ പാരഗൺ ഹോട്ടലിന് മുൻപിൽ ആ ഓടുമേഞ്ഞ സർബത്ത് കടയിൽ തന്നെ വരണം.
അതൊരു വല്ലാതെ വികാരംതന്നെയാണ്. അനുഭവിച്ച അറിയേണ്ട വികാരം..! ഇനി കോഴിക്കോട് വരുന്നവർ തീർച്ചയായും പരീക്ഷിച്ചിരിക്കേണ്ട രുചികളിൽ ഒന്നാണ് ഭാസ്ക്കരേട്ടന്റെ മിൽക്ക് സർബത്ത്. വിലവിവരങ്ങൾ – മിൽക്ക് സർബത്ത് 20/-, വെറും സർബത്ത് 10/-, സോഡാ സർബത്ത് 16/-, നാരങ്ങാ സോഡാ 10/-, മസാല സോഡാ 12/-, കാലി സോഡാ 6/-.