മിൽമ ഐസ്ക്രീം ഉണ്ടാക്കുന്നത് എങ്ങനെ? ഫാക്ടറി സന്ദർശനം…

അനുപമമായ ഗുണമേന്മയും നിലവാരവും മൂലം ഓരോ കേരളീയന്റേയും വിശ്വാസമാര്‍ജ്ജിച്ച് പാലിന്റെയും വൈവിധ്യയമാര്‍ന്ന പാലുപ്പന്നങ്ങളുടെയും ഗാര്‍ഹിക ബ്രാന്റ് നാമമാണ് മിൽമ.

മിൽമ ഐസ്ക്രീം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് കാണാനായി ഈയിടെ മിൽമയുടെ തിരുവനന്തപുരം ഡയറിയിലേക്ക് ഒരു യാത്ര പോയി. ഞാൻ ആദ്യമായിട്ടായിരുന്നു പാലുൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന ഒരു ഡയറി സന്ദർശിക്കുന്നത്. അവിടത്തെ വിശേഷങ്ങൾ പറയുന്നതിനു മുൻപായി മിൽമയെക്കുറിച്ച് അൽപ്പം വിശദീകരണം നൽകാം.

ഇപ്പോള്‍ “മില്‍മ” എന്ന സുപരിചിതവ്യാപാര നാമത്തില്‍ അറിയപ്പെടുന്ന കേരള സഹകരണ ക്ഷീരവിപണന ഫെഡറേഷന്‍ ഓപ്പറേഷന്‍ ഫ്‌ളഡ് എന്ന ദേശീയ ക്ഷീര വികസന പദ്ധതിയുടെ സംസ്ഥാന അനുബന്ധമായി 1980 ല്‍ രൂപീകൃതമായതാണ്. പ്രാദേശിക ക്ഷീരകര്‍ഷകര്‍ അംഗങ്ങളായിട്ടുളള മൂവായിരത്തിലധികം പ്രാഥമിക ക്ഷീരോല്പ്പാദക സഹകരണ സഘങ്ങളാണ് മില്‍മയില്‍ ഉളളത്.

പാൽ കൂടാതെ പനീർ, തൈര്, സംഭാരം, നെയ്യ്, ബട്ടർ, ഐസ്ക്രീം തുടങ്ങിയ പാലുൽപ്പന്നങ്ങളും മിൽമയിൽ നിന്നും പുറത്തിറങ്ങുന്നുണ്ട്. ഇവയിൽ ഐസ്ക്രീം നിർമ്മാണം നേരിട്ട് കാണുവാനായാണ് ഞാൻ തിരുവനന്തപുരത്തെ ഡയറിയിലേക്ക് പോയത്. ശുദ്ധമായ പാല്‍ ക്രീമില്‍ നിന്നും തയ്യാറാക്കുന്ന മിൽമ ഐസ്‌ക്രീം വിവിധ രുചികളിലും പായ്ക്കറ്റുകളിലും ലഭ്യമാണ്.

കോൺ ഐസ്ക്രീം, കസാട്ട (“ഓവന്‍ ഫ്രഷ്” സ്‌പോഞ്ച് കേക്ക് ബാഹ്യ ആവരണത്തിനുളളില്‍ ഐസ്‌ക്രീം, ചെറിയ പഴക്കഷ്ണങ്ങള്‍ എന്നിവയുടെ മിശ്രിതമാണ് കസാട്ട. പാല്‍ ക്രീം ഏറിയ അളവില്‍ അടങ്ങിയരിക്കുന്ന കസാട്ട രുചികരമായ ആഹാര പദാര്‍ത്ഥമാണ്), ബോൾ ഐസ്ക്രീം തുടങ്ങി പലതരത്തിലുള്ളതും പല രുചികളിലുള്ളതുമായ ഐസ്ക്രീം പ്രൊഡക്ടുകൾ മിൽമ പുറത്തിറക്കുന്നുണ്ട്. വലിയ പരിപാടികൾക്ക് ഉപയോഗിക്കുവാനായി നാല് ലിറ്ററിന്റെ വരെ ഐസ്ക്രീം പാക്കുകൾ ലഭ്യമാണ്.

തിരുവനന്തപുരം – കോവളം പാതയില്‍ നഗരത്തില്‍ നിന്നും 4 കി.മി. അകലെയാണ് മിൽമ ഡയറി സ്ഥിതി ചെയ്യുന്നത്. പ്രതിദിനം ഒരു ലക്ഷം ലിറ്റര്‍ പാല്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുളള ഡയറി 1992 ല്‍ കമ്മീഷന്‍ ചെയ്യപ്പെട്ടു. ചിറയിന്‍കീഴ് താലൂക്ക് ഒഴികെ തിരുവനന്തപുരം ജില്ലയില്‍ ഈ ഡയറിയാണ് പാല്‍ വിതരണം നടത്തുന്നത്. നവംബര്‍ 2009 മുതല്‍ വലിയ പാല്‍ ശീതീകരിണികള്‍ (ബള്‍ക്ക് മില്‍ക്ക് കൂളറുകള്‍) വഴിയാണ് ഡയറി പാല്‍ സംഭരിക്കുന്നത്.

2001 ല്‍ തിരുവനന്തപുരം ഡയറിയുടെ ശേഷി പ്രതിദിനം 2 ലക്ഷം ലിറ്ററായി വികസിപ്പിച്ചു. സംസ്‌ക്കരണശേഷി പ്രതിദിനം 3 ലക്ഷം ലിറ്ററായി വര്‍ദ്ധിപ്പിക്കുന്നതിനുളള പദ്ധതി ഇപ്പോള്‍ പരിഗണനയിലാണ്. പാല്‍ ഉത്പ്പന്നങ്ങളുടെ ഉല്പ്പാദനത്തിനായി ഒരു പ്രതേ്യക കെട്ടിട സമുച്ചയം നിര്‍മ്മിക്കുന്നതിനും ഉദ്ദേശിക്കുന്നു. സംസ്ഥാനത്ത് ആദ്യമായി ”ISO 2001” സാക്ഷ്യപത്രം ലഭിച്ച ഡയറി തിരുവനന്തപുരം ഡയറിയാണ്. തിരുവനന്തപുരം ഡയറിക്ക് HACCP സാക്ഷ്യപത്രം ലഭിക്കാന്‍ നടപടികള്‍ പുരോഗമിച്ചു വരുന്നു.