മലയാളി സഞ്ചാരികളെ അപമാനിച്ച് കൊടൈക്കനാൽ പോലീസ്; ഫേസ്‌ബുക്ക് പേജിൽ പ്രതിഷേധം…

വിവരണം – Joe Regan.

അന്നുമിന്നും മലയാളികളുടെ ഹണിമൂൺ അടക്കമുള്ള ട്രിപ്പ് ഡയറികളിൽ പ്രധാന സ്ഥാനമുള്ള ഒരു ലൊക്കേഷനാണ് തമിഴ്‌നാട്ടിലെ പ്രശസ്തമായ ഹിൽസ്റ്റേഷനായ കൊടൈക്കനാൽ. കൊടൈക്കനാലിലേക്ക് ട്രിപ്പ് പോകുന്ന യുവസഞ്ചാരികൾക്ക് (ദമ്പതിമാർക്ക്) വേണ്ടിയുള്ള വാണിങ്ങ് പോസ്റ്റ് ആണിത്.

കൊടൈക്കനാൽ പോലീസിന്റെ ഹരാസ്സിങ്ങ് അപകടപരമാം വിധം ഉയർന്ന് വരുകയാണ്. പ്രത്യേകിച്ച് കേരള രജിസ്‌ട്രേഷൻ വണ്ടികൾ തിരഞ്ഞു പിടിച്ചുള്ളവ. ഈ മാസം 11 നാണ് നാല് സുഹൃത്തുക്കളുമായി കാറിൽ കൊടൈക്കനാൽ പോയത്. ചുരം കയറുന്നതിന് തൊട്ടുമുൻപേ ചെക്കിങ്ങ് ഉണ്ടായിരുന്നു. വണ്ടി മുഴുവനും, എല്ലാ ബാഗിന്റെയും എല്ലാ അറയും തുറന്ന് പരിശോധിച്ചു. അതിൽ വലിയ അപാകതയൊന്നും തോന്നിയില്ല, സാധാരണ ചെക്കിങ്ങ് ആണന്നേ വിചാരിച്ചുള്ളൂ.

പക്ഷേ കൊടൈക്കനാൽ എത്തി വട്ടക്കനാൽ സന്ദർശിക്കാൻ എത്തിയപ്പോളാണ് അതിന്റെ ഭീകരത മനസ്സിലായത്. ഞങളുടെ മുൻപിൽ ഒരു കേരള രജിസ്‌ട്രേഷൻ വണ്ടി ചെക്ക് ചെയ്യുന്നുണ്ടായിരുന്നു. കുറച്ചു പയ്യന്മാരും ഒരു പെൺകുട്ടിയുമായിരുന്നു അതിൽ. അവരുടെ വണ്ടി മുഴുവൻ ചെക്ക് ചെയ്തിട്ട് ഒന്നും കിട്ടാതെ, ആ പെൺകുട്ടിയുടെ ബാഗ് പിടിച്ചു വാങ്ങി (വനിതാപ്പോലീസ് ഇല്ലാതെ) പരിശോധിച്ച് ഒരു ‘കോണ്ടം’ എങ്ങാണ്ട് തപ്പിയെടുത്തു. അവർ ദമ്പതിമാർ ആയിരുന്നിട്ടും അത് നിയമവിരുദ്ധം ആണെന്ന് പറഞ്ഞ് അഞ്ഞൂറ് രൂപ ഫൈനടിച്ചത് കൺമുൻപിൽ കണ്ട കാഴ്ച്ചയാണ്. അത്രയും മറ്റു ആണുങ്ങളുടെ മുൻപിൽ ആ പെൺകുട്ടിക്കുണ്ടായ അപമാനം ഒന്ന് സങ്കൽപ്പിക്കണം.

അടുത്ത ഊഴം ഞങ്ങളുടേതായിരുന്നു. വണ്ടിയും ബാഗുമെല്ലാം അരിച്ചു പെറുക്കിയിട്ടും ഒരു കാലിക്കുപ്പി പോലും കിട്ടാതെ വന്നപ്പോൾ ആൾക്ക് ചെറിയ കലിപ്പ്. തിരിച്ചും മറിച്ചും ഞങ്ങളെ ഊതിച്ച് നോക്കിയിട്ടും രക്ഷയില്ല. അവസാനം വണ്ടിയുടെ ഡോക്യുമെന്റ്സ് എല്ലാം പരിശോധിച്ച് പൊല്യൂഷൻ സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞ കാരണം പറഞ്ഞ് ഇരുന്നൂറ് രൂപാ പിടിച്ചു മേടിച്ചു. പൊലൂഷൻ സർട്ടിഫിക്കറ്റ് കാലാവധി തീർന്നതിനു ഫൈൻ കൊടുക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. പക്ഷെ അവർ റെസീറ്റ് പോലും തന്നില്ല എന്നതാണ് വിഷയം.

വട്ടക്കനാൽ പോയി തിരിച്ചു വരുമ്പോഴും വീണ്ടും നേരത്തെ കണ്ട അതേ കാഴ്ച. ആണുങ്ങളും പെണുങ്ങളും (ദമ്പതിമാർ) ഉള്ള ഒരു വണ്ടിയിൽ നിന്നും ഒരു പായ്ക്കറ്റ് കോണ്ടം പൊക്കിപ്പിടിച്ച് ഫൈനടക്കാൻ കൊണ്ടുപോവുന്നു. അന്യസംസ്ഥാന വണ്ടികൾ നല്ലൊരു വരുമാനമാർഗമാണെന്ന് ഇവന്മാർ തിരിച്ചറിഞ്ഞിരിക്കുന്നു എന്നതിനാൽ ഈ സംഭവങ്ങൾ ഇനി കൂടാൻ ആണ് സാധ്യത. വണ്ടി മുഴുവൻ പരിശോധിക്കുക, എന്തേലും കുപ്പിയോ പായ്ക്കറ്റോ കിട്ടിയാൽ അതും പറഞ്ഞ് കാശ് മേടിച്ചു പോക്കറ്റിലിടുക, easy money. ഒരു കുടുംബത്തെ ഈ രീതിയിൽ അപമാനിച്ച സംഭവത്തിൽ മനുഷ്യാവകാശ കോടതി ഒരു കൊടൈക്കനാൽ S.I. യ്ക്ക് അൻപതിനായിരം രൂപാ പിഴയടിച്ചത് നാല് മാസം മുൻപേയാണ്.

സംഭവം നടന്ന സ്ഥലമാണ് ചിത്രത്തിൽ, ഗൂഗിളിൽ നിന്നും കിട്ടിയത്. കമന്റുകൾ വായിച്ചതിന് ശേഷമുള്ള അഭ്യർത്ഥന. ദയവ് ചെയ്ത് ‘കോണ്ടം’ എന്ന വാക്കിൽ കടിച്ചുതൂങ്ങരുത്. ഇവിടുത്തെ വിഷയം അതല്ല.

ഇത്തരം സംഭവങ്ങൾ ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ മലയാളികൾ തമിഴ്‌നാട് പോലീസിന്റെ ഫേസ്‌ബുക്ക് പേജിൽ (Page Link – https://bit.ly/2Y4gUUp) ‘#StopHarassingTravelersInKodaikanalCheckposts, #StopMoralPolicing, #StopBriberyOfKodaikanalPolice ‘ തുടങ്ങിയ ഹാഷ്ടാഗുകളുമായി കമന്റ് ഇട്ടുവരികയാണ്.