തേക്കടിയിൽ നിന്നും മൂന്നാറിലേക്ക് ഒരു ‘ഭീകര’യാത്ര !!

തേക്കടിയിലെ Angels Trumpet Plantation Villa യിലെ താമസത്തിനു ശേഷം ഞാനും സുഹൃത്തുക്കളും കൂടി പിന്നീട് പോയത് മൂന്നാറിലേക്ക് ആയിരുന്നു. തേക്കടിയിൽ നിന്നും മൂന്നാറിലേക്ക് ഏകദേശം 120 കിലോമീറ്ററോളം ദൂരമുണ്ട്. സാധാരണ ഇത് താണ്ടുവാനായി അഞ്ചു മണിക്കൂറോളം എടുക്കും.

തേക്കടിയിൽ നിന്നും യാത്ര തുടങ്ങി നെടുങ്കണ്ടം കഴിഞ്ഞാൽ പിന്നെ പൂപ്പാറ വരെ ജനവാസം കുറഞ്ഞ പ്രദേശങ്ങളാണ്. നല്ലൊരു ഡ്രൈവ് ആസ്വദിക്കുന്നവർക്ക് പോകുവാൻ പറ്റിയ റൂട്ടാണിത്. വഴിയിൽ പലയിടത്തും കഴിഞ്ഞ പ്രളയത്തിന്റെ ഭാഗമായി മണ്ണിടിഞ്ഞതിന്റെ അവശിഷ്ടങ്ങളൊക്കെ കാണാം. പൊതുവെ വാഹനങ്ങൾ കുറവായ ഒരു റൂട്ടാണിത്. റോഡും നല്ലതു തന്നെ.

അങ്ങനെ ഡ്രൈവിംഗും പുറംകാഴ്ചകളും തണുപ്പുമൊക്കെ ആസ്വദിച്ച് പൂപ്പാറയിൽ എത്തിച്ചേർന്നു. പൂപ്പാറയിൽ നിറയെ തേയിലത്തോട്ടങ്ങളാണ് കാണുവാൻ സാധിച്ചത്. അങ്ങനെ ഞങ്ങൾ തേയിലത്തോട്ടങ്ങളുടെ പച്ചപ്പും ആസ്വദിച്ചുകൊണ്ട് യാത്ര തുടർന്നു.

കുറച്ചങ്ങോട്ടു പോയപ്പോഴാണ് ഭീകരമായ ആ കാഴ്ച കണ്ടത്. റോഡിനു വീതി കൂട്ടുന്നതിനായി റോഡിന്റെ വശങ്ങളിലുള്ള പാറകൾ പൊട്ടിക്കുകയായിരുന്നു. റോഡ് ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണ്. റോഡിലാണെങ്കിൽ ധാരാളം പൊടിയും. ടൂവീലറിൽ വരുന്നവർക്ക് നല്ലൊരു ചലഞ്ച് തന്നെയായിരിക്കും ഇത്.

2017 ഓഗസ്റ്റ് മാസത്തിൽ ഞാൻ ഇതുവഴി യാത്ര ചെയ്തപ്പോൾ ഈ ഭാഗങ്ങളിൽ കണ്ട മനോഹരമായ കാഴ്ചകൾ മനസ്സിലോർത്തു. ഇനി അവയെല്ലാം അതുപോലെ കാണുവാൻ സാധിക്കില്ലല്ലോ. ഇത് തിരക്കേറിയ മൂന്നാർ – തേനി റൂട്ട് ആയതിനാൽ കൂടുതൽ സുരക്ഷിതമാക്കുവാൻ വേണ്ടിയാണ് വീതി കൂട്ടുന്നത്. എന്നിരുന്നാലും ആ പഴയ കാഴ്ചകൾ ഇനിയില്ലല്ലോ എന്നോർക്കുമ്പോൾ ഒരു വിഷമം.

അങ്ങനെ ചിന്നക്കനാലും പെരിയകനാലും കഴിഞ്ഞപ്പോൾ കുറച്ചു സമയം ഞങ്ങൾക്ക് ബ്ലോക്കിൽ കിടക്കേണ്ടി വന്നു. റോഡ് പണി നടക്കുന്നതു കൊണ്ടാണ് ഇത്രയും ബ്ലോക്ക്. വശങ്ങളിലെ പാറ പൊട്ടിച്ചത് വഴിയിൽ കിടക്കുകയാണ്. ഒരു സമയം ഒരു വാഹനത്തിനു മാത്രം പോകുവാനുള്ള വീതിയേ ഉണ്ടായിരുന്നുള്ളൂ അവിടെ. റോഡ് പണി പൂർത്തിയായി കഴിയുമ്പോൾ ഇവിടെയെല്ലാം നല്ല വീതിയാകും. പക്ഷേ പണി പൂർത്തിയാക്കുവാൻ സമയമെടുക്കും എന്നാണു അറിഞ്ഞത്.

മൂന്നാർ ഭാഗത്തെ വളരെ മനോഹരമായ ഒരു ഏരിയയാണ് ഇതെല്ലാം. പക്ഷേ പണി പൂർത്തിയാകുന്നത് വരെ ഇതുവഴിയുള്ള യാത്ര അൽപ്പം ദയനീയമായിരിക്കും എന്നുകൂടി ഓർമ്മിപ്പിക്കുന്നു. ഈ കാലയളവിൽ ഇവിടെയുള്ള റിസോർട്ടുകൾക്കും ഹോം സ്റ്റേകൾക്കും വലിയൊരു തിരിച്ചടിയാണ് കിട്ടിയിരിക്കുന്നത്. വഴി മോശമായതിനാൽ ഇവിടേക്ക് സഞ്ചാരികൾ അധികമൊന്നും വരുന്നില്ല എന്നതു തന്നെ കാരണം.

അങ്ങനെ പോയിപ്പോയി ഞങ്ങൾ അവസാനം മൂന്നാർ ടൗണിൽ എത്തിച്ചേർന്നു. അവധി ദിവസങ്ങളിൽ മൂന്നാർ ടൗണിൽ സാധാരണ കാണുന്ന ബ്ലോക്ക് അവിടെ ഞങ്ങൾക്ക് ലഭിച്ചു. അത്യാവശ്യം നല്ലൊരു ബ്ലോക്കിൽ നിന്നും രക്ഷപ്പെട്ടു ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. അവിടെയടുത്തുള്ള ഡ്രീം ക്യാച്ചർ പ്ലാന്റേഷൻ റിസോർട്ടിൽ ആയിരുന്നു ഞങ്ങളുടെ താമസം പ്ലാൻ ചെയ്തിരുന്നത്. തേയിലത്തോട്ടങ്ങൾക്കിടയിലുള്ള കോട്ടേജിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. അങ്ങനെ ഒരു തകർപ്പൻ യാത്ര കഴിഞ്ഞുള്ള ക്ഷീണം തീർക്കുവാൻ ഞങ്ങൾ അവിടെ ഒത്തുകൂടി.