“ഇതാണ് ഞാൻ…ഞാൻ ഇങ്ങനെയാണ്..” – അസുഖത്തെ കണ്ടം വഴി ഓടിച്ച പെൺകുട്ടിയുടെ വാക്കുകൾ…

എല്ലാവരും ഭീതിയോടെ കേൾക്കുന്ന ഒരു വാക്കാണ് ‘കാൻസർ’ എന്നത്. കാൻസർ വന്നാൽ അതോടെ ജീവിതം തീർന്നു എന്നാണു ഭൂരിഭാഗം ആളുകളുടെയും ധാരണ. എന്നാൽ ആ ധാരണ തെറ്റാണെന്നു നമ്മുടെ സമൂഹത്തിലെ പലരും തെളിയിച്ചിട്ടുണ്ട്. കാൻസറിനെ തോൽപ്പിച്ച് ഓടിച്ചവർ നമ്മുടെയീ സമൂഹത്തിൽ ഏറെയാണ്. അങ്ങനെയുള്ള ധീര വ്യക്തിത്വങ്ങളിൽ ഒരാളാണ് മുല്ല എന്നു വിളിപ്പേരുള്ള ലിജി ജോസ് എന്ന തൃശ്ശൂർക്കാരി യുവതി. ചെറുപ്രായത്തിൽ രാക്ഷസനെപ്പോലെ തന്നെ പിടികൂടിയ കാൻസർ എന്ന ഭീകരനെ അടിച്ചോടിച്ചാണ് മുല്ല നമുക്കിടയിൽ ഇന്നും പുഞ്ചിരിയോടെ നിൽക്കുന്നത്. താൻ മറികടന്ന പ്രതിസന്ധികളെക്കുറിച്ച് മുല്ല ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത കുറിപ്പ് ഇങ്ങനെ..

“ഇതാണ് ഞാൻ.ഞാൻ ഇങ്ങനെയാണ്..ഡബൾ സ്ട്രോങ്ങ്..4 വർഷങ്ങൾക്കു മുന്നെ ഒരു നോമ്പുകാല സമയത്താണ് തമ്പുരാൻ എനിക്ക് ക്യാൻസർ എന്ന ഗിഫ്റ്റ് തന്നത്. നിറഞ്ഞ സന്തോഷത്തോടെ പുഞ്ചിരിയോടെ പരാതികളോ പരിഭവങ്ങളോ ഇല്ലാതെ ആ സമ്മാനം ഞാൻ ഏറ്റു വാങ്ങി. പിന്നെയെല്ലാം പെട്ടന്നായിരുന്നു സർജറി, കിമോ, മരുന്നുകളുടെ ലോകം, ഹോസ്പിറ്റൽ വാസം അങ്ങനെ… .സെക്കന്റ്‌ കിമോ ആയപ്പോൾ ഞാൻ കണ്ടു, ഒരുപാട് താലോലിച്ചു വളർത്തിയ, മറ്റുള്ളവർ എന്നും കൊതിയോടെ നോക്കിയിരുന്ന എന്റെ മുടി പതിയെ എന്നിൽ നിന്ന് അകന്നു പോകുന്നത്. കിടന്നു എഴുന്നേൽക്കുമ്പോൾ ബെഡിൽ കിടക്കുന്ന നീളമുള്ള എന്റെ മുടി, നടന്നു പോകുന്ന വഴികളിൽ ഞാൻ അറിയാതെ എന്നിൽ നിന്ന് വീണ്ടും. പിന്നീട് ഞാൻ എന്ന രൂപം പോലും എനിക്ക് അന്യമായി. പുരികം ഇല്ലാത്ത, മുടിയില്ലാത്ത, കൺപീലിയില്ലാത്ത, കറുത്ത, തടിച്ച ഒരു രൂപം.

പക്ഷെ തളരാൻ എനിക്ക് മനസ്സില്ലായിരുന്നു. തമ്പുരാനെ കൂട്ടുപിടിച്ചു കൊണ്ട് ആ ദിവസങ്ങൾ ഞാൻ നേരിട്ടു. മാറി വന്ന എന്റെ കറുത്ത, മുടിയൊന്നുമില്ലാത്ത ആ രൂപത്തെ ഞാൻ സ്നേഹിച്ചു. ചിരിച്ചു കൊണ്ട് ഞാൻ നേരിട്ടു അങ്ങനെ ആ ക്യാൻസർ എന്ന വില്ലനെ. പലർക്കും ഞാനൊരു അത്ഭുതം ആയിരുന്നു. ഡോക്ടർസിന് പോലും. വിവാഹം കഴിഞ്ഞാൽ ഒരു പെണ്ണിന്റെ ഏറ്റവും വലിയ സ്വപ്നം അമ്മയാകുക എന്നതാണ്. അസുഖവുമായി ബന്ധപ്പെട്ടു ‘യൂട്രസ്’ നീക്കം ചെയ്തപ്പോൾ ആ സ്വപ്നം അവിടെ തീർന്നു. അങ്ങനെ വെറും 3 മാസം നീണ്ടു നിന്ന ദാമ്പത്യജീവിതം അവിടെ അവസാനിച്ചു. പക്ഷെ തളർന്നില്ല, എന്ത് വന്നാലും face ചെയ്യാനുള്ള ചങ്കുറ്റം ഉണ്ടായിരുന്നു, കൂട്ടിന് പ്രാത്ഥനയും. അങ്ങനെ പ്രതിസന്ധികളെ തരണം ചെയ്യാൻ ഞാൻ തീരുമാനിച്ചു ,അത് നടപ്പിലാക്കി. കാരണം ഓർമ്മ വച്ചാ നാൾ മുതൽ ജീവിതത്തിലെ പ്രശ്ങ്ങളെ ചങ്കുറ്റത്തോട് തരണം ചെയ്യ്തിട്ടുള്ള എന്റെ അപ്പച്ചന്റെ മോളാണ് ഞാൻ. പക്ഷെ എനിക്കു അസുഖം വന്നപ്പോൾ ഞാൻ കാണാതെ മാറി ഇരുന്നു കരയുന്ന അപ്പച്ചനെയും, അമ്മയെയും ഞാൻ കണ്ടിട്ടുണ്ട്. അന്ന് തീരുമാനിച്ചു ഇനി ഒരിക്കലും ഞാൻ കാരണം അവരുടെ കണ്ണ് നിറയരുത് എന്ന്…….

കീമോ സമയത്ത് ഞാൻ പലയിടത്തും മോട്ടിവേഷൻ ക്ലാസ്സ്‌ എടക്കാനായി പോയി. കിമോ കഴിഞ്ഞു മുടിയില്ലാത്ത, പുരികം പോലും ശരിക്കും വരാത്ത ആ സമയത്തു ടീച്ചറായി ഞാൻ ജോലിക്ക് join ചെയ്തു. അങ്ങനെ ക്യാൻസർ എന്ന വില്ലനെ തോൽപിച്ചു. അവനെ കണ്ടം വഴി ഓടിപ്പിച്ചിട്ടു ഇപ്പോൾ 4 വർഷം. ഇപ്പോൾ ഞാൻ എന്റെ ജീവിതത്തിൽ ഒരുപാട് സന്തോഷവതിയാണ്. ചിരിച്ചുകൊണ്ട് തന്നെ ഞാൻ മുന്നോട്ട് .

കൂട്ടുകാരെ, ജീവിതത്തിൽ പ്രശ്നങ്ങൾ ഇല്ലാത്ത മനുഷ്യരില്ല. നമ്മൾ മനസു വച്ചാൽ, ചങ്കുറ്റത്തോട് അവയെ നേരിടാൻ തയാറായാൽ തീരാത്ത പ്രശ്നങ്ങൾ ഒന്നും തന്നെയില്ല… ഒന്നിന്റെയും അവസാനം ആത്മഹത്യയല്ല. അങ്ങനെ ഒരിക്കൽ എങ്കിലും നിങ്ങൾ മനസിൽ ചിന്തിച്ചിട്ടുണ്ടാകിൽ ഒരു തവണ എങ്കിലും ആ ക്യാൻസർ വാർഡുകളിലേക്കു ഒന്ന് കയറി ചെല്ലണം. അവിടെ ഒരു ദിവസം, ഒരു ദിവസം എങ്കിലും ജീവൻ ഒന്ന് നിലനിർത്താൻ കഷ്ട്ടപ്പെടുന്ന, വേദന സഹിക്കുന്നവരെ കാണാം… അതുകൊണ്ട് ജീവന്റെ വില വലുതാണ്. നമ്മളെ പലപ്പോഴും പലരും ഒറ്റപെടത്തിയേക്കാം, അറിയാത്ത കാര്യങ്ങൾക്ക് കുറ്റക്കാരാക്കിയേക്കാം. പക്ഷെ തളർന്നു പോകരുത്. പോരാടണം, ചിരിച്ചു കൊണ്ട് തന്നെ…..

ജീവിതം പോരാടാൻ ഉള്ളതാനെങ്കിൽ പോരാടുക തന്നെ ചെയ്യണം. ഒന്നും ഒന്നിന്റെയും അവസാനം അല്ല ആരംഭം ആണ്. വിജയിത്തിലേക്കുള്ള ആരംഭം. ഒരു ദുഃഖവെള്ളി ഉണ്ടകിൽ ഉറപ്പായിട്ടും അതിനൊരു ഉയർപ്പും ഉണ്ടാകും.മുകളിൽ കൊടുത്തിട്ടുള്ള ഈ മൂന്നു ഫോട്ടോയും നിങ്ങൾ ശ്രദ്ധിച്ചോ? അതിൽ മാറ്റമില്ലാത്ത ഒന്നേഉള്ളൂ, എന്റെ മുഖത്തെ ചിരി. ഇത് എങ്ങനെ എന്ന് നിങ്ങൾ ആലോചിക്കാണോ? എന്തും നേരിടാൻ ഉള്ള മനസുണ്ടായാൽ മതി. ഇതുപോലെ നിങ്ങളുടെ ചുണ്ടുകളിലും വിരിയട്ടെ ഈ പുഞ്ചിരി. എല്ലാവരോടും ഒത്തിരി സ്നേഹം. – ലിജി ജോസ് (മുല്ല ജോസ്).