കൊറോണ വൈറസ്; നിയന്ത്രണങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്

സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിയന്ത്രണങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്. ലേണേഴ്‌സ് ടെസ്റ്റ്, ഡ്രൈവിങ് ടെസ്റ്റ് എന്‍ഫോഴ്‌സ്മെന്റ് നടപടികള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. യാത്രക്കാരും ബസ് ജീവനക്കാരും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. സ്വകാര്യ ബസ് ജീവനക്കാര്‍ മാസ്‌ക് ധരിക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഗതാഗത കമ്മീഷന്‍ അറിയിച്ചു.

മോട്ടോർവാഹനവകുപ്പ് പുറത്തിറക്കിയ, എല്ലാവരും പാലിക്കേണ്ട മുൻകരുതലുകൾ ഇനി പറയുന്നവയാണ്. 11.03.2020 മുതല്‍ ഒരാഴ്ച്ചത്തേക്ക് (17.03.2020) ലേണേഴ്‌സ് ടെസ്റ്റ്, ഡ്രൈവിംഗ് ടെസ്റ്റ് എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ടെസ്റ്റ് അനിവാര്യമായി നടത്തേണ്ടി വന്നാല്‍ ടെസ്റ്റില്‍ പങ്കെടുക്കുന്നവരും ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന സുരക്ഷാ മുന്‍കരുതലതുകള്‍ സ്വീകരിക്കേണ്ടതും മാസ്‌കുകള്‍ ധരിക്കേണ്ടതുമാണ്.

പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ ഈ കാലയളവില്‍ പട്രോളിംഗ് മാത്രമായി ചുരുക്കും. മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴിലുള്ള ഏതൊരു എന്‍ഫോഴ്‌സ്‌മെന്റ് വാഹനവും ആവശ്യഘട്ടങ്ങളില്‍ രോഗികളെ സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് ആശുപത്രിയില്‍ കൊണ്ടുപോകാനായി ഉപയോഗിക്കാവുന്നതാണ്.

പ്രൈവറ്റ്, കെഎസ്ആർടിസി ബസ്സുകളില്‍ ഡ്രൈവര്‍, കണ്ടക്ടര്‍ തുടങ്ങിയ എല്ലാ ജീവനക്കാരും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന തരത്തിലുള്ള സുരക്ഷാ മുന്‍ കരുതലുകള്‍ എടുക്കേണ്ടതും മാസ്‌കുകള്‍ ധരിക്കേണ്ടതുമാണ്. ബസ്സ് യാത്രക്കാരും ഇത്തരം മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ ബസ്സ് ജീവനക്കാര്‍ നല്‍കേണ്ടതാണ്.

പ്രൈവറ്റ് ബസ്സുകളിലും ബസ്സ് സ്റ്റേഷനുകളിലും കോവിഡ് 19 പ്രതിരോധ മുന്‍കരുതലുകളെ കുറിച്ച് ആരോഗ്യ വകുപ്പ് നിഷ്‌കര്‍ഷിക്കുന്ന രീതിയിലുള്ള നോട്ടീസുകള്‍ ബന്ധപ്പെട്ട മാനേജ്‌മെന്റുകള്‍ പതിപ്പിച്ച് സര്‍ക്കാറിന്റെ ഈ യജ്ഞത്തില്‍ പങ്കാളികളാകേണ്ടതാണ്. കൂടാതെ, പൊതുവാഹനങ്ങളിലെ സീറ്റുകളും കമ്പികളും മറ്റും രോഗാണു വിമുക്തമാകുന്ന വിധത്തില്‍ വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. ബസ്സ് സ്റ്റേഷനുകളില്‍ വ്യക്തി ശുചിത്വം പാലിക്കുന്നതിനുള്ള സംവിധാനങ്ങള്‍ നിര്‍ബന്ധമായും ഒരുക്കേണ്ടതാണ്.

വിവരങ്ങൾക്ക് കടപ്പാട് – ഗതാഗതമന്ത്രിയുടെ ഫേസ്‌ബുക്ക് പേജ്.