ഡൽഹി – മുംബൈ റോഡ് മാർഗ്ഗം ഇനി 13 മണിക്കൂറിൽ ഓടിയെത്താം

ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിൽ നിന്നും വാണിജ്യ തലസ്ഥാനമായ മുംബൈയിലേക്ക് എളുപ്പത്തിൽ എത്തുവാൻ ഒരു എക്സ്പ്രസ്സ് വേ. വെറും പദ്ധതി മാത്രമല്ല, സംഭവം ഉടനെ യാഥാർഥ്യമാകും, 2023 ജനുവരിയിൽ. ആദ്യം 2021 ല്‍ പൂര്‍ത്തിയാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവൃത്തികള്‍ നീളുകയായിരുന്നു.

ഈ എക്സ്പ്രസ്സ് വേ നിലവിൽ വരുന്നതോടെ രാജ്യത്തെ ഏറ്റവും നീളംകൂടിയ എക്സ്‌പ്രസ് വേ ആയി ഇതു മാറും. 1350 കിലോമീറ്ററാണ് ഈ ഹൈവേയുടെ ദൈര്‍ഘ്യം. കൂടാതെ ഇത് യാഥാർഥ്യമാകുന്നതോടെ മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ദൂരം 220 കിലോമീറ്ററോളം കുറയുകയും ചെയ്യും. മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ ഈ പാതയിലൂടെ സഞ്ചരിക്കാൻ സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത.

പാത യാഥാര്‍ത്ഥ്യമാകുന്നതോടെ മുംബൈയില്‍നിന്ന് ഡല്‍ഹിയിലേക്ക് 13 മണിക്കൂര്‍കൊണ്ട് ഓടിയെത്താന്‍ ഇതിലൂടെ കഴിയും. നിലവില്‍ 24 മണിക്കൂറോളമാണ് എടുക്കുന്നത്. ഗുരുഗ്രാമിലെ രാജീവ് ചൗക്കില്‍ നിന്നാവും ഹൈവേ ആരംഭിക്കുക. ഡല്‍ഹി – ഗുരുഗ്രാം – മീവറ്റ്-കോട്ട് രത്‌ലം – ഗോധ്ര – വഡോദര – സൂറത്ത് – ദഹിസര്‍ – മുംബൈ എന്നിങ്ങനെയാണ് ഈ ഹൈവേയുടെ റൂട്ട്. അതായത് ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലൂടെയായിരിക്കും ഈ എക്സ്പ്രസ്സ് വേ കടന്നു പോകുക.

ഗ്രീൻഫീൽഡ് ഹൈവേ എന്നാണു ഈ പാതയ്ക്ക് നൽകിയിരിക്കുന്ന പേര്. നിലവിൽ 1275 കിലോമീറ്റർ നീളവും എട്ടുവരി പാതയും ആയി നിർമ്മിക്കുന്ന ഹൈവേ പിന്നീട് 13 വരിയായി ഉയർത്താനും സാധ്യതകൾ ഉണ്ട്.

ഹൈവേയുടെ ഇരുവശങ്ങളിലുമായി 50 കിലോമീറ്റർ ഇടവേളകളിൽ 75 ഇടങ്ങളിലായി വഴിയോര സൗകര്യങ്ങൾ ഏർപ്പെടുത്തും. ശുചിമുറികൾ, റെസ്റ്റോറന്റുകൾ, റെസ്റ്റിംഗ് റൂമുകൾ എന്നിവ ഉൾപ്പെടുന്ന സൗകര്യങ്ങൾ ആണ് ഒരുക്കാൻ ശ്രമിക്കുന്നത്. എന്തായാലും സഞ്ചാരികൾക്ക് ഇതൊരു സന്തോഷ വാർത്ത തന്നെയാണ്.