മാഥേരാൻ : മോട്ടോർ വാഹന നിരോധിതമായ ഒരു ഗ്രാമം

വിവരണം – Sharon Renil.

ഓഫീസിലെ പ്രോജെക്ട് റൂമിലിരുന്നുള്ള പതിവ് സൊറപറച്ചിലുകൾക്കിടയിലാണ് രാഗേന്ദു മാഥേരാനെക്കുറിച് പറയുന്നത്. പേര് കേട്ടപ്പോൾ തന്നെ പഴയ ഏതോ കഥകളിലൊക്കെ കേട്ടുമറന്ന ഒന്നുപോലെ. പുതിയ പ്രൊജക്റ്റ് കിട്ടിയ ആവേശത്തിലെ മുതലാളിയുടെ ചർച്ചകൾക്കിടയിലും എന്റെ മുന്നിലെ സ്‌ക്രീനിൽ ഗൂഗിളേച്ചി മാഥേരാനെക്കുറിച്ചു അന്വേഷിക്കായിരുന്നു. ചേച്ചി കാണിച്ചു തന്ന കാഴ്ചകൾ കണ്ടപ്പോൾ തന്നെ ഞാനുറപ്പിച്ചു എനിക്കെന്തായാലും ഇവിടെ പോയേ പറ്റൂ. ചുറ്റും നടക്കുന്ന ചർച്ചകൾ ഒന്നും കാണാതെ മാഥേരാന്റെ സൗന്ദര്യം സ്വപ്നം കണ്ട് ചിരിച്ചോണ്ടിരുന്ന എന്നെ കണ്ട് മുതലാളി ഉറപ്പിച്ചു. അവന്റെ ചിരി കണ്ടാലറിയാം ഈ പ്രോജെക്ട് നമ്മളുറപ്പിച്ചു.

മുംബൈ വന്നിട്ട് കുറച്ചു നാളായി.എല്ലാരേയും ഒന്ന് കാണണം. ഓരോന്നൊക്കെ കല്യാണം കഴിച്ചു കുടുംബനാഥന്മാർ ആവുന്നതിനു മുൻപേ ഒന്ന് കൂടണം എന്നൊക്കെ ആയിരുന്നു പ്ലാൻ. എന്നാൽ പിന്നെ ഈ യാത്ര പഴയ കോളേജ് ഓർമകളും കൂടി ചേർന്നാവട്ടെ എന്നായി. ഒട്ടും സമയം കളയാതെ അപ്പൊ തന്നെ അതിനുള്ള പടയൊരുക്കങ്ങൾ തുടങ്ങി. ഉള്ളവന്മാരെയൊക്കെ എങ്ങനെയെങ്കിലും ഒപ്പിക്കണം. ഗുജറാത്തിൽ നിന്നും എംപി മോനും പുണെന്നു ശ്രീകാന്തും റെഡി. മുംബൈ വാല ഗെഡികൾ ലിന്റോ, ഷിബിൻ, സുബിൻ… എല്ലാരേയും ഒന്ന് വിളിച്ചു പ്ലാനൊക്കെ പറഞ്ഞു സെറ്റാക്കി. ‘മാഥേരാൻ’ ഞങ്ങളിതാ വരുന്നു മോളേ.

മുംബൈ താനെ സ്റ്റേഷൻ ആണ് ഒരുമിച്ച് കൂടാനുള്ള പോയിന്റ്. നേരത്തെ എത്തി കാത്തു നിക്കാണെന്നുള്ള ലിന്റോയുടെ ഫോൺ കാൾ കേട്ട് ഓടിപിടിച്ചു പിടിച്ചു സ്റ്റേഷനിലേക്ക് എത്തുമ്പോ ഇവനൊക്കെ ഒരുപാടു മാറിയല്ലോ ദൈവമേ. പണ്ടൊക്കെ കോളേജിൽ പോയി പല്ലു തേപ്പും കുളിയും നടത്തുന്നവനാ ഈ പുലർച്ചെ എത്തിയതെന്ന് ആലോചിച്ചു ഞാൻ എന്റെ പരിതാപകരമായ അവസ്ഥയെ പുച്ഛിച്ചു. ഓടി പിടിച്ചു താനെ എത്തിയിട്ടും വിളിച്ചവരെയൊന്നും കാണാനില്ല. “ആ ഞങ്ങളിതാ എത്തിപോയെടാ” എന്നുള്ള മറുപടി മാത്രം. ഇവനൊക്കെ നന്നായെന്ന് തെറ്റുധരിച്ച ഞാനാണ് തെറ്റുകാരൻ. നല്ല പച്ച തെറി വിളിച്ചോണ്ട് തന്നെ 7 വർഷത്തിന് ശേഷം ഒരുമിച്ച് ഒരു യാത്രക്ക് തുടക്കമായി. കൂട്ടി വെച്ച 100 – 200 രൂപക്ക് പണ്ട് കൊച്ചി മറൈൻ ഡ്രൈവ് കാണാൻ പോയത് പോലെ വീണ്ടുമൊരു യാത്ര.

താനെ സ്റ്റേഷനിൽ നിന്നും നേരാളിലേക്കുള്ള ട്രെയിൻ ആയിരുന്നു ആദ്യ ലക്‌ഷ്യം. എങ്ങനൊക്കെയോ താങ്ങി പിടിച്ചു. പതിവ് മുംബൈ സ്റ്റൈൽ ലോക്കൽ ട്രെയിൻ യാത്ര. നേരാളിൽ നിന്നുമാണ് മാഥേരാനിലേക്കുള്ള ട്രെയിൻ – ടാക്സി സർവീസുകൾ ആരംഭിക്കുന്നത്. നേരാളിൽ വന്നിറങ്ങിയപ്പോ തന്നെ ഓടിപോയി അന്വേഷിച്ചത് മാഥേരാനിലേക്കുള്ള നാനോ ഗേജ് ടോയ് ട്രെയിനിന്റെ സമയമാണ്. വണ്ടി പോയിട്ട് ഒരു അരമണിക്കൂർ ആവാനായി ഇനിയിപ്പോ ടാക്സി തന്നെ രക്ഷ.

പൂർണമായും മോട്ടോർ വാഹന നിരോധിത മേഖലയാണ് മാഥേരാൻ. ഏഷ്യയിലെ ഒരേയൊരു വാഹന നിരോധിത ഹിൽ സ്റ്റേഷൻ. അതുകൊണ്ട് തന്നെ പകുതി വഴി വരെയേ ടാക്സിയിൽ പോകാനാവുകയുള്ളു. അതിനു ശേഷം കുതിര സവാരിയായോ അങ്ങോട്ടുള്ള ടോയ് ട്രെയിൻ സർവീസിലോ പോകാം. ഇതൊന്നുമല്ലെങ്കിൽ നമ്മടെ നടരാജ ട്രാൻസ്‌പോർട് സ്വന്തമായുണ്ടല്ലോ.

‘നേരാൾ’ സ്റ്റേഷനിൽ നിന്നും ടാക്സി കേറാനുള്ള പ്ലാനിങ് ഒക്കെയായി നിക്കുമ്പോഴാണ് പെട്ടന്ന് ലിന്റോ മോന്റെ ബാറ്ററി ഡൌൺ ആയത്. ഇനിയിപ്പോ റീചാർജ് ചെയ്യാതെ വണ്ടി ഒരടി നീങ്ങുല. പോകുന്ന വഴിക്ക് വേണ്ട ഇന്ധനമൊക്കെ സ്റ്റോക്ക് ചെയ്തു നേരെ ടാക്സി സ്റ്റാൻഡിലേക്ക്. ഒരാൾക്ക് 80 രൂ വെച് ഉറപ്പിച്ചു. മാഥേരാനെ കുറിച് അന്വേഷിച്ചു തുടങ്ങിയപ്പോൾ തന്നെ ഏറ്റവും ആകർഷിച്ചത് അവിടുത്തെ ടോയ് ട്രെയിൻ സർവീസ് ആണ്. അതുകൊണ്ട് എങ്ങനെയെങ്കിലും ആദ്യ പോയിന്റിൽ ഇറങ്ങി മാഥേരാൻ ഷട്ടിൽ ട്രെയിൻ പിടിക്കയാണ് ഉദ്ദേശം.

മലനിരകൾക്കിടയിലൂടെയുള്ള ചുരമൊക്കെ കയറി മുകളിൽ എത്തുമ്പോഴേക്കും കാഴ്ചകൾ മനോഹരമായി തുടങ്ങി. അടുത്ത ഷട്ടിൽ ട്രെയിൻ 12.00 മണിക്കാണ്. അരമണിക്കൂറിലധികം സമയം ഞങ്ങൾ അവിടെയൊക്കെയായി കറങ്ങി നടക്കാനും പണ്ട് പഠിച്ച ബാല പാഠങ്ങൾ പ്രയോഗിക്കാനും തുടങ്ങി. ഒരുത്തനും ഒരു മാറ്റവും ഇല്ല. മാഥേരാന്റെ സൗന്ദര്യം മെല്ലെ മെല്ലെ ഞങ്ങളിലേക്ക് എത്തി തുടങ്ങുവായിരുന്നു.

“മാഥേരാൻ” സമുദ്ര നിരപ്പിൽ നിന്നും 2625 ഫീറ്റ് മുകളിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമം. മുംബൈ നഗരത്തിൽ നിന്നും 90 km മാറിയാണ് ഇത് സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ട മലനിരകളാൽ ചുറ്റപ്പെട്ടു നിലനിൽക്കുന്ന ഒരു കുഞ്ഞു ഗ്രാമം. 1850 ൽ ഗവർണ്ണർ ഓഫ് മുംബൈ ആയിരുന്ന ലോർഡ് എൽഫിൻസ്റ്റോണിന്റെ നേതൃത്വത്തിലാണ് മലമുകളിലെ ഈ ഗ്രാമം പടുത്തുയർത്തിയത്.

ചുറ്റും പ്രകൃതിയോട് അങ്ങേയറ്റം ഇണങ്ങി ചേർന്നിരിക്കുന്ന നിർമാണ രീതികൾ. മോട്ടോർ വാഹന ഗതാഗതം പൂർണമായി നിരോധിച്ചു അവർ ഈ ഗ്രാമത്തിനെ സംരക്ഷിച്ചു പോരുന്നു. 1907 ലാണ് മാഥേരാൻ ഹിൽ റെയിൽവേ സ്റ്റേഷന്റെ നിർമാണം. ഒരു ദിവസം കൊണ്ടൊന്നും കണ്ടു തീർക്കാൻ പറ്റാത്ത അത്ര സ്ഥലങ്ങളുണ്ട് ഇവിടെ. കാഴ്ചകളിലെ ഭംഗി എന്നതിലുപരി പ്രകൃതിയോട് ഇണങ്ങി ചേർന്നുള്ള ജീവിതം അതാണ് മാഥേരാൻ.

ദൂരെ നിന്നും ട്രെയിനിന്റെ ചൂളം വിളി കേൾക്കാനുണ്ട്. കാത്തു നിന്ന് കാത്തു നിന്നു അവസാനം ട്രെയിൻ ഇതാ എത്തി. കുഞ്ഞു കുഞ്ഞു സീറ്റുകളുമായി ഒരു കുഞ്ഞു ട്രെയിൻ. ഓടിക്കേറി സീറ്റ് പിടിച്ചു. വണ്ടി മെല്ലെ ഓടിതുടങ്ങി. മലയിടുകൾക്കിടയിലൂടെ മെല്ലെ മാഥേരാൻ ലക്ഷ്യമാക്കി അത് നീങ്ങി.

ഒരു കുഞ്ഞു മാർക്കറ്റ്, അങ്ങിങ്ങായി ഓരോ കച്ചവടക്കാർ, ടൂറിസ്റ്റുകളെ ലക്ഷ്യമാക്കി ഓടി വരുന്ന കുതിരക്കാർ… 38 വ്യൂ പോയിന്റുകൾ ഉണ്ട് ഇവിടെ. അവിടെ ഒട്ടിച്ചു വെച്ച മാപ് നോക്കി സ്ഥലങ്ങൾ ഒക്കെ ഒന്ന് പഠിക്കാനായി ശ്രമം. ഇതിപ്പോ എല്ലാം ഒരേപോലെയാണല്ലോ ദൈവമേ.. അങ്ങനെ വണ്ടർ അടിച്ചു നിക്കുമ്പോഴാണ് മുഖത്തൊരു കള്ള ചിരിയുമായി രാജ് ഭായ് വരുന്നത്. പിന്നെയങ്ങോട്ട് കുതിര സവാരിക്കുള്ള വില പേശലായി. വില പേശലിൽ ഉള്ള നിങ്ങടെ കഴിവ് അനുസരിച്ചിരിക്കും കുതിരസവാരി.

ലിന്റോ മോന്റെ മാരക മാനേജ്‌മന്റ് ബിസിനസ് തന്ത്രങ്ങളിൽ രാജ് ഭായ് കുറച്ചയഞ്ഞു. അവസാനം ഒരാൾക്ക് 350 വെച് 5-6 പോയിന്റ് കാണാനുള്ള സവാരി റെഡിയാക്കി. തിരിച്ചു പോവ്വാനുള്ള സമയവും കണക്ക് കൂട്ടിയായിരുന്നു പ്ലാനിങ് മൊത്തം. ചെറുപ്പത്തിൽ മഹാഭാരതം സീരിയൽ കാണാൻ തുടങ്ങിയപ്പോ മുതലേ ഉള്ള ആഗ്രഹങ്ങളാണ് കുതിര സവാരിയും അതിന്റെ മുകളിൽ ഇരുന്നുള്ള യുദ്ധവുമൊക്കെ. തൽക്കാലം ഒരു യുദ്ധത്തിനുള്ള സ്കോപ്പ് ഇവിടെയില്ലാത്തതു കൊണ്ട് ഞാൻ കുതിരസവാരി വെച് അഡ്ജസ്റ് ചെയ്യാൻ തീരുമാനിച്ചു.

കുന്നും മലയും താണ്ടി കുറച്ചു നേരം പോയപ്പോഴാണ് ഈ പഴശ്ശിരാജയും ബാഹുബലിയുമൊക്കെ അനുഭവിച്ച ‘അടിവേദന’ എനിക്ക് മനസ്സിലായത്. സമ്മതിച്ചു രാജാക്കന്മാരെ നിങ്ങളെയൊക്കെ. ഞമ്മക്കൊക്കെ പബ്‌ജി ദൈവങ്ങൾ തന്നെ ശരണം. കുതിര നേരെ ഓടിച്ചാടിയെത്തിയത് ഒരു കൊക്കയുടെ അറ്റത്തേക്കാണ്. മനോഹരമായ സ്ഥലം, അഗാധമായ കൊക്ക… മാഥേരാൻ ഗ്രാമം അവിടെ അവസാനിച്ചത് പോലെയുണ്ട്. പക്ഷെ അത് ചുറ്റപ്പെട്ടു കിടക്കുന്ന മലനിരകളുടെ ഒരു ഭാഗം മാത്രമാണ്.

എല്ലാം നടന്നു കണ്ടു തീർക്കണമെന്നുണ്ട്. പക്ഷെ സമയം അതിനു അനുവദിക്കുന്നില്ല. 5 മണിക്കാണ് താഴത്തേക്കുള്ള അവസാന ട്രെയിൻ. ഒരുവിധം കാഴ്ചകളൊക്കെ കണ്ടാസ്വദിച്ചു ഞങ്ങൾ വീണ്ടും കുതിരക്കരികിലേക്കെത്തി. വീണ്ടും രാജാ ഭായ്.. മൂപ്പരെ പറ്റി പറയാതെ ഇതൊരിക്കലും പൂർണമാവില്ല. അഞ്ചാറ് കുതിരകളെ സ്വന്തം മക്കളെ പോലെ നോക്കി, അവരോടും സംസാരിച്ചു നടക്കുന്ന ഒരു പ്രത്യേക മനുഷ്യൻ. ചോദിച്ചപ്പോ മനുഷ്യരോട് സംസാരിക്കുന്നതിനേക്കാൾ നല്ലോണം ഇവരോട് സംസാരിക്കാം എന്നായി.

തിരിച്ചു നേരെ മാഥേരാൻ മാർക്കറ്റിലേക്ക്. രാജാ ഭായിയോട് ടാറ്റ പറഞ്ഞു വരുമ്പോഴേക്കും താഴത്തേക്കുള്ള അവസാന ട്രെയിൻ പോയിരുന്നു. ഇനിയൊരേയൊരു മാർഗം മാത്രം നടരാജ ട്രാവെൽസ്. റെയിൽവേ പാലത്തിലൂടെ കാഴ്ചകൾ ആസ്വദിച്ചു കഥകൾ പറഞ്ഞു മെല്ലെ താഴേക്കിറങ്ങി. ഞായറാഴ്ച ദിവസങ്ങളിലെ കറക്കമൊക്കെ കഴിഞ്ഞു തിരിച്ചു ഹോസ്റ്റലിലേക്ക് പോവ്വുമ്പോ ഉള്ള അതേ വിഷമം. അന്ന് ഒരുമിച്ചായിരുന്നു ഇന്ന് ഓരോ ഭാഗങ്ങളിലേക്ക്…

7 വർഷങ്ങൾ… കാലം നമ്മക്കൊക്കെ ഒരുപാടു മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പക്ഷെ ഉള്ളിന്റെ ഉള്ളിലുള്ള ആ കുരുത്തംകെട്ട പിള്ളേർ അത് വീണ്ടും ഈ ഒരു ദിവസം ഞങ്ങൾ ആസ്വദിച്ചു. സ്റ്റേഷനിൽ എത്തി ഓരോ ഭാഗത്തേക്ക് ടാറ്റ പറഞ്ഞു മടങ്ങുമ്പോ ഒരുപാട് ഓർമ്മകൾ മാത്രം സ്വന്തം. ഇനിയൊരു 7 കൊല്ലം അതിനേക്കാളുമൊക്കെ എത്രയോ ഏറെ. പറഞ്ഞു ചിരിക്കാനും കളിയാക്കാനും ഒരുപാടു കഥകൾ സ്വന്തമാക്കി കൊണ്ട് ഒരു ദിനം.

Travel Tips : ടാക്സി – ടോയ് ട്രെയിൻ സർവീസുകൾ നെരാളിൽ നിന്നുമാണ് ആരംഭിക്കുന്നത്. ടാക്സി ആണെങ്കിൽ 20 മിനിറ്റ്. ട്രെയിൻ യാത്ര സമയം ഒരുപാട് എടുക്കുമെങ്കിലും മലകളൊക്കെ ചുറ്റി വളഞ്ഞു ഒരു പ്രത്യേക അനുഭവം ആയിരിക്കും യാത്രക്കാർക്ക്. IRCTC സൈറ്റിൽ മാഥേരാൻ സർവീസ് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

വാഹന നിരോധിത മേഖല ആയതിനാൽ കുതിര സവാരിയാണ് അത്യുത്തമം. കുറച്ചു നേരം സംസാരിച്ചു കുറഞ്ഞ വിലക്ക് സവാരി തരപ്പെടുത്താൻ ശ്രമിക്കുക.

ഒരുവിധം നെറ്റ്‌വർക്ക് ഒന്നും ഇവിടെ ലഭ്യമല്ല. കുറച്ചു നേരം ഫോൺ ഒന്നും ഇല്ലാതെ പഴയൊരു ഗ്രാമത്തിൽ ജീവിക്കുന്നതിന്റെ സുഖം ഉറപ്പു വരുത്തുക. ഹോം സ്റ്റേ ലഭ്യമാണ്. എല്ലാ സ്ഥലങ്ങളും കണ്ടു തീർത്തു പ്രകൃതിയോട് ഇണങ്ങി കുറചു ദിവസം ആണ് ഉദ്ദേശമെങ്കിൽ അത്യുത്തമം.