മുനിയാട്ടുകുന്ന് – വന്നു കണ്ടോളൂ… പക്ഷേ നശിപ്പിക്കരുത്…

വിവരണം – ഷെറിൻ ടി.പി.

നമ്മുടെ കേരളത്തിൽ ടൂറിസ്റ്റുകേന്ദ്രങ്ങൾ ധാരാളമുണ്ടെങ്കിലും അധികമാരും അറിയാതെ കിടക്കുന്ന ചില മനോഹരമായ സ്ഥലങ്ങളും ഉണ്ട്. അത്തരത്തിലൊരു സ്ഥലത്തെ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ. സ്ഥലത്തിൻ്റെ പേര് മുനിയാട്ടുകുന്ന്.

തൃശൂർ ജില്ലയിലെ മുപ്ലിയം എന്ന ഗ്രാമത്തിനടുത്തു കിടക്കുന്ന ഒരു കുന്നാണ് മുനിയാട്ടുക്കുന്ന്. കുന്നിന്റെ മുകളിൽ നിന്നാൽ ദൂരെ ചിമ്മിനി കാടുകളും, കുറുമാലിപ്പുഴയും, പുഴയുടെ മൂന്ന് ഭാഗങ്ങളും കാണാം. ജൈവ വൈവിദ്ധ്യം കൊണ്ടും പ്രകൃതിയുടെ സൌന്ദര്യം കൊണ്ടും മനോഹരമാണീ പ്രദേശവും അതിന്റെ ചുറ്റുപാടുകളും.

മയിലുകൾ ഒരുപാട് ഈ കുന്നിൽ വസിക്കുന്നുണ്ട്. അതിനേക്കാൾ വിശിഷ്ടമായതെന്നു തോന്നിയത് മറ്റൊരു കാര്യമാണ് – ശിലായുഗത്തിന്റെ അവശേഷിപ്പുകളായ 12 മുനിയറകളുടെ ഒരു കണ്ടെത്തൽ (പുരാവസ്തു വകുപ്പിന്റെ രേഖകളില്‍ പറയുന്നത്). ഇതില്‍ കണ്ടെത്തിയിട്ടുള്ള ഒരു സമുച്ചയത്തിലെ ഒരു മുനിയറ മാത്രമാണു ഇപ്പോള്‍ അവശേഷിക്കുന്നത്. 12 അടി നീളമുള്ള കരിങ്കല്‍ പാളികൊണ്ടു നിര്‍മിച്ച മുനിയറകളില്‍ പൗരാണിക കാലത്തു മുനിമാര്‍ താമസിച്ചിരുന്നുവെന്നാണു കരുതുന്നത്. അതിനു ഏതാണ്ട് ആയിരക്കണക്കിന് വര്‍ഷം പഴക്കം ഉണ്ടെന്നും പറയപ്പെടുന്നു (വിവരങ്ങൾ ഗൂഗിളിൽ നിന്നും ക്രോഡീകരിച്ചതാണ്).

തൃശ്ശൂരിന്റെ പെരുമ ലോകത്തെ വിളിച്ചറിയിച്ച തൃശൂയൂർ പൂരത്തിന്റെ വെടിക്കെട്ടു ഈ കുന്നിൽ നിന്നാൽ കാണാൻ കഴിയും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.

പശ്ചിമഘട്ടത്തിന്റെ ഭാഗമായ സംസ്ഥാന വനംവകുപ്പിന്റെ ചാലക്കുടി ഡിവിഷനില്‍ ഉള്‍പ്പെടുന്ന മുനിയാട്ടുകുന്ന് എന്ന വനപ്രദേശ മലയെ താങ്ങിനിര്‍ത്തുന്നത് ചുറ്റും കോട്ടപോല നിലനില്‍ക്കുന്ന പാറക്കെട്ടുകളാണ്. പക്ഷെ ഭാവിതലമുറയ്ക്കു വേണ്ടി സംരക്ഷിക്കപ്പെടേണ്ട ചരിത്രാതീതകാല നിര്‍മ്മിതികളായ മഹാശിലാ സ്മാരകങ്ങള്‍‌ ക്വാറികളുടെ ഖനനം കാരണം നാശത്തിന്റെ വക്കിലാണ്.

ചിമ്മിനി ഡാമിലേക്ക് പോകുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു ചെറിയ ഡെസ്റ്റിനേഷൻ ആണ് മുനിയാട്ടുകുന്ന്‌. അതല്ലെങ്കിൽ ചൊക്കനാ വഴി റൈഡ് പോകുന്നവർക്കും ഇവിടേക്ക് വരാൻ എളുപ്പമാണ്. തനി നാട്ടിൻപ്രദേശം ആയതുകൊണ്ട് വഴികൾ ഒരുപാട് ഉണ്ട് ഇങ്ങോട്ട്. അടുത്തുള്ള ജംഗ്‌ഷനുകൾ ഇഞ്ചക്കുണ്ടും, മുപ്ലിയവും ആണ്. മുൻവിധികൾ ഇല്ലാതെ വരുന്നവർക്ക് നന്നായി ആസ്വദിക്കാൻ കഴിയും. അപ്പോൾ കൊറോണയൊക്കെ മാറിക്കഴിഞ്ഞുള്ള യാത്രകളിൽ മുനിയാട്ടുകുന്നും കൂടി ഉൾപ്പെടുത്താം. ഒരു കാര്യം കൂടി ശ്രദ്ധിക്കണം – വന്നു കണ്ടോളൂ… പക്ഷേ നശിപ്പിക്കരുത്…