ഒറ്റ യാത്രയിൽ മുരുഡേശ്വർ – മൂകാംബിക – ഉഡുപ്പി തീർത്ഥാടനം

വിവരണം – ചാന്ദ്നി ഷാജു.

കല്യാണം ഉറപ്പിച്ച സമയത്തു പരസ്പര സംസാരത്തിനിടയിൽ വന്നതാണ് മൂകാംബികയിൽ പോയി തൊഴണമെന്നത്. എന്തുകൊണ്ടോ നടന്നില്ല. 15 വർഷത്തിന് ശേഷം ഇപ്പോഴാണ് ദേവിയുടെ വിളി വന്നത്. ദേവി വിചാരിക്കുമ്പോഴേ നമ്മൾ അങ്ങോട്ട് എത്തു എന്നാണത്രെ!! ട്രെയിനിൽ ടിക്കറ്റ് എടുക്കാൻ നോക്കിയപ്പോൾ 2മാസത്തേക്കുള്ള ടിക്കറ്റ് എല്ലാം ബുക്ക്ഡാണ്. ഇത്രയും നീണ്ട സമയത്തേക്കു എങ്ങനെ അമ്പലങ്ങളിൽ ബുക്ക്‌ ചെയ്യാനാവും. ആ സമയമാവുമ്പോൾ മുടങ്ങാൻ എന്തെങ്കിലും മതിയല്ലോ.

എന്ത് ചെയ്യും എന്ന് വിചാരിച്ചിരിക്കുമ്പോഴാണ്, Sleeper ടിക്കറ്റ് എടുത്താൽ പകൽ സമയത്തു 6 am to 10pm ഇരുന്നു പോവാം സാധിക്കും എന്ന് ചേട്ടൻ പറഞ്ഞത്. അത് കൊള്ളാലോ ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഉണ്ടെന്നറിയുന്നത്. ദിവസം കയ്യിൽ പിടിക്കാൻ ഉള്ളവർക്ക് അത് പ്രോബ്ലം ഇല്ല. വെക്കേഷൻ ആയതോണ്ട് രണ്ടു ദിവസം പോയാലും പ്രശ്നമില്ല എന്ന് കരുതി. Dec 26 നാണു പോവാൻ തീരുമാനിച്ചത്. (26 -28) മംഗലാപുരം ഇഷ്യൂ വന്നപ്പോൾ യാത്ര മുടങ്ങി എന്ന് തന്നെ കരുതി. എന്നാലും പ്രതീക്ഷയോടെ കാത്തിരുന്നു.

നമ്മുടെ ചങ്ക് ബ്രോ Lija Sunil തന്ന, മൂകാംബികയിൽ ഉള്ള ഒരാളുടെ നമ്പറിൽ തലേ ദിവസം വിളിച്ചു ചോദിച്ചപ്പോൾ ഇപ്പോൾ ഒരു കുഴപ്പവുമില്ലന്നു പറഞ്ഞു. വെക്കേഷൻ ആയതു കൊണ്ടും സ്ഥലങ്ങൾ കാണാനുള്ള മോഹം കൊണ്ടും പ്ലാനിൽ ചെറിയ മാറ്റം വരുത്തി. മൂകാംബിക കൂടാതെ മുരുഡേശ്വർ, ഉഡുപ്പി എന്നിവ കൂടി ഉൾപ്പെടുത്തി. പറ്റിയാൽ പോവാം ഇല്ലേൽ വേണ്ട എന്ന് സെറ്റ് ആക്കി.

വ്യാഴാഴ്ച രാവിലെ തൃശൂർ നിന്നും 6:20നുള്ള Mumbai LTT SF express ട്രെയിനിൽ പുറപ്പെട്ടു. ആദ്യം ഉഡുപ്പി ഇറങ്ങി അവിടുന്ന് മൂകാംബിക എന്നായിരുന്നു പ്ലാൻ.എന്നാൽ മുരുഡേശ്വറിനു അടുത്തുള്ള bhatkal സ്റ്റേഷനിൽ സ്റ്റോപ്പ്‌ ഉള്ളതിനാൽ അവിടെ ഇറങ്ങി മുരുഡേശ്വർ കണ്ടതിനു ശേഷം രാത്രി മൂകാംബിക എത്താം എന്നാക്കി പ്ലാൻ . 2:20 ഭട്കൽ എത്തേണ്ട ട്രെയിൻ 3:40 അയി ഭട്കൽ എത്തിയപ്പോൾ. അവിടുന്ന് ഓട്ടോ എടുത്തു ബസ് സ്റ്റാൻഡിൽ വന്നു. മുരുഡേശ്വർ ടെംപിൾ വരെ ഉള്ള ബസിൽ കയറി. അമ്പലത്തിന്റെ അടുത്ത് തന്നെയുള്ള ഹോട്ടൽ നിന്നും ഭക്ഷണം കഴിച്ചു നേരെ മുരുഡേശ്വരന്റെ അടുത്തേക്ക് .

മുരുഡേശ്വർ :  കർണാടകയിലെ ഭട്കൽ താലൂക്കിലാണ് മുരുഡേശ്വർ സ്ഥിതി ചെയ്യുന്നത്. രാവിലെ 6 മണി മുതൽ ഒരു മണി വരെയും ഉച്ചതിരിഞ്ഞ് 3 മണി മുതൽ 8:30 വരെയാണ് ദർശനസമയം. മൂന്നു ഭാഗവും അറബിക്കടലാൽ ചുറ്റപ്പെട്ട് കിടക്കുന്ന ക്ഷേത്ര നിർമ്മിതിയാണ് പ്രധാന കാഴ്ച. ഒരു ചെറിയ കുന്നിനു മുകളിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത് 20 നിലകളുള്ള രാജഗോപുരവും മുരുഡേശ്വര പ്രതിമയും ആണ് പ്രധാന ആകർഷണം. പ്രവേശന കവാടത്തിനു മുന്നിൽ ആയി കോൺക്രീറ്റിൽ തീർത്ത 2 ഗജവീരന്മാർ നമ്മുടെ കണ്ണിനു വിസ്മയം തീർക്കുന്നു. ചിത്രപ്പണികളോട് കൂടിയ 20 നിലകളുള്ള രാജഗോപുരം ശില്പിയുടെ കലാവിരുത് വിളിച്ചോതുന്നു.

ഉള്ളിൽ കടന്നു ചെരുപ്പ് സൂക്ഷിക്കാൻ ഏല്പിച്ചു മുന്നിൽ നിന്നും ചടാപടാന്നു കുറച്ചു ഫോട്ടോസ് എടുത്തു. ഉള്ളിൽ കയറി ലിഫ്റ്റ് നുള്ള ടിക്കറ്റും (10/-) എടുത്തു, പതിനെട്ടാം നിലയിൽ ഇറങ്ങി. അവിടെ നിന്നും മുരുഡേശ്വര പ്രതിമ കാണേണ്ടത് തന്നെയാണ്. ലോകത്തിലെഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ശിവ പ്രതിമയാണ് . ചെറിയ ഒരു ജാലക പാളിക്കുള്ളിലൂടെയുള്ള കാഴ്ച ആണ്. അത്യാവശ്യം തിരക്കും ഉണ്ട്. 3 ചുറ്റും കടലിങ്ങനെ പരന്നു കിടക്കുകയാണ് . അസ്തമയ സൂര്യന്റെ ശോഭയേറ്റു ശിവ പ്രതിമ ജ്വലിച്ചു നിന്നു.

താഴെ ഇറങ്ങി പുറത്ത് കൂടെ പ്രതിമയുടെ അടുത്തോട്ടു പോയി. എന്തോ പൂജ നടക്കുന്നുണ്ട് അവിടെ. സ്വന്തം വണ്ടിയിൽ വരുന്നവർക്ക് സമയമെടുത്ത് അവിടെ മുഴുവൻ കാണാവുന്നതാണ്. തൊട്ടടുത്തുള്ള ബീച്ചിൽ നല്ല തിരക്കുണ്ടായിരുന്നു. അവിടെ സ്റ്റേ ചെയ്യുന്നവർക്ക് ബീച്ച് യാത്രകളും ചെയ്യാം. കുറച്ചു നേരം അവിടെ ചിലവഴിച്ച ശേഷം ഞങ്ങൾ മൂകാംബികയിലേക്ക് തിരിച്ചു.

തിരിച്ചു ഹൈവേ യിലോട്ട് കേറി അവിടെ നിന്നും byndoor ക്കുള്ള ബസ് കയറണം. ദേവിയുടെ അനുഗ്രഹം കൊണ്ടോ എന്തോ പോവുന്ന വഴിയിലൊന്നും യാത്രയിൽ തടസമൊന്നും ഉണ്ടായില്ല. Byndoor ചെന്നിറങ്ങിയതും മൂകാംബിക അമ്പലത്തിലേക്കുള്ള ബസ് ഞങ്ങളെ കാത്തെന്ന പോലെ അവിടെ കിടപ്പുണ്ടായിരുന്നു. വളരെ അധികം വൈകിയതു കൊണ്ടു ഇനി ബസ് കിട്ടാതിരിക്കുമോ എന്ന് സംശയിച്ച നേരത്താണ് രണ്ടു ബസും കിട്ടിയത്. 9 മണി കഴിഞ്ഞു, മൂകാംബിക എത്തിയപ്പോൾ.അത് കൊണ്ടു അന്ന് തൊഴാൻ പറ്റില്ലെന്നു മനസിലായി. അമ്പലത്തിനോട്‌ തൊട്ടടുത്തു തന്നെ റൂം എടുത്തു.

മൂകാംബിക : കർണാടക സംസ്ഥാനത്തിലെ ഉഡുപ്പി ജില്ലയിലെ കൊല്ലൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് മൂകാംബിക ദേവി ക്ഷേത്രം. ട്രെയിൻ മാർഗ്ഗം വരുകയാണെങ്കിൽ ബൈന്ദൂര് സ്റ്റേഷനിൽ ഇറങ്ങി തൊട്ടടുത്ത് തന്നെയുള്ള സ്റ്റാൻഡിൽ നിന്നും കൊല്ലൂർ മൂകാംബിക ബസ്സ് എടുക്കേണ്ടതാണ്. പിന്നെയുള്ള മാർഗ്ഗം മംഗലാപുരത്ത് ഇറങ്ങി അവിടെ നിന്നും വരാം. അല്ലെങ്കിൽ ഉടുപ്പിയിൽ ഇറങ്ങി അവിടെ നിന്നും ബസ് മാർഗ്ഗം വരാം.

രാവിലെ 5:00 മുതൽ ഒന്നര വരെയും ഉച്ചതിരിഞ്ഞ് 3 മണി മുതൽ രാത്രി 9 മണി വരെയുമാണ് ദർശനസമയം. നേരത്തെ എണീറ്റു കുളിച്ചു 5:30 യോട് കൂടി അമ്പലത്തിൽ എത്തി . നേരത്തെ എത്തിയത് കൊണ്ടു അധികം നേരം നില്കാതെ തൊഴാനായി. ഒരുപാട് ഉപദേവന്മാരും ഉണ്ട് ക്ഷേത്രത്തിൽ. സരസ്വതി മണ്ഡപത്തിൽ എന്നും തിരക്ക് തന്നെയായിരിക്കും. കുട്ടികളുടെയും കലാകാരന്മാരുടെയും പ്രിയപ്പെട്ട ഇടം. ജഗദീശ്വരി ആയ മൂകാംബിക ദേവിയെ ദർശിച്ചാൽ വിദ്യാഭ്യാസ ഉന്നതിയും കലാസാഹിത്യ തൊഴിൽ രംഗത്ത് അഭിവൃദ്ധിയും ഉണ്ടാകും എന്നാണ് വിശ്വാസം. ക്ഷേത്രമതിൽക്കെട്ടിനു തൊട്ടടുത്തായി ഒരു ഗണപതികോവിൽ ഉണ്ട്.

എല്ലായിടത്തും തൊഴുതു പുറത്തു കടന്ന ശേഷം ഭക്ഷണം കഴിച്ചു, കുടജാദ്രി പോകുന്നതിനുള്ള ജീപ്പിനടുത്തേക്കു എത്തി. ഞങ്ങളെ കൂടാതെ ഒരു ഫാമിലി കൂടി എത്തി. ഒരു ജീപ്പിൽ 8പേർക്കാണ് പോവാൻ സാധിക്കുന്നത്. ആളൊന്നുക്ക് 350+25 ആണ് ചാർജ്. അഞ്ചു മണിക്കൂർ വേണം മൂകാംബികയിൽനിന്നും പോയി വരാൻ . ടൗൺ വരെ യാത്ര സുഖമാണ്. മെയിൻ റോഡിൽ നിന്നും മാറി ഉള്ള യാത്രയാണ് ശരിക്കും ഭീകരം. അതിലെ അവസാന കുറച്ചു ദൂരം കടുകട്ടി off road ആണ്. ആ റോഡ് എങ്ങനെ എന്ന് പറഞ്ഞു തരാൻ വാക്കുകൾ പോരാ. അനുഭവിച്ചു തന്നെ അറിയണം.

എന്റെ മോനും മോളും ഒഴികെ ഉള്ളവരെല്ലാം അത്യാവശ്യം നല്ല സൈസ് ഉള്ള വരായതു കൊണ്ടു ജീപ്പിനുള്ളിൽ വല്യ കൂട്ടിയിടി ഉണ്ടായില്ല. ചാഞ്ഞും ചെരിഞ്ഞും ഉയർന്നും താഴ്ന്നും ഉള്ള യാത്രയിൽ ഞങ്ങൾ പറക്കുകയാണ് ആണോ അതോ പായുക ആണോ എന്ന് പോലും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ.മെയിൻ റോഡിലും ഓഫ്‌റോഡിലും ഒരുപോലെ അനായാസത്തോടെ ഡ്രൈവർ ചേട്ടൻ എടുത്തു കൊണ്ട് പോവുന്നത് അത്ഭുതത്തോടു കൂടി മാത്രമേ കാണാനാവൂ.

Offroad ഡ്രൈവിംഗ് ഫോട്ടോ എടുക്കാൻ കാത്തിരുന്ന എനിക്ക് 8 ന്റെ പണി കിട്ടും എന്ന് മനസിലായപ്പോൾ മൊബൈൽ നിമിഷ നേരം കൊണ്ടു ബാഗിലേക്കിട്ടു. രണ്ടു കയ്യും പിടിച്ചിരുന്നു. റോഡ് എന്നൊന്നില്ല. ഗർത്തങ്ങൾ ആണ് ഗർത്തങ്ങൾ. ജീപ്പുകൾ നിർത്തിയിടുന്നിടം വരെ എത്തിയപ്പോൾ ഒരുപാട് ജീപ്പുകൾ ഞങ്ങൾക്കു മുന്നേ അവിടെ സ്ഥാനം പിടിച്ചിരുന്നു.മുഖം കഴുകി ഫ്രഷ് ആയി. ഇനി ഇവിടെ നിന്നും അങ്ങോട്ട് ട്രെക്ക് ചെയ്തു വേണം സർവജ്ഞ പീഠം എത്താൻ. ഒന്നര മണിക്കൂർ ആണ് പോയി വരാൻ ജീപ്പ് ഡ്രൈവർ തന്ന സമയം. വൈകിയാൽ എക്സ്ട്രാ കാശ് കൊടുക്കേണ്ടി വരും.

എന്നത്തേയും പോലെ ഇതു എന്റെ മാത്രം ആഗ്രഹമായിരുന്നുലോ. കയറി കുറച്ചു കഴിഞ്ഞപ്പോൾ ഒരു ഉൾവിളി ഇല്ലാതിരുന്നില്ല. മീശപ്പുലിമല കയറിയത് വച്ചു നോക്കുമ്പോൾ ഇതു അത്ര സമയം എടുക്കുന്നില്ല. എന്നെ കൊണ്ടു പറ്റും..മ്മ് മ്മ് പറ്റും. അവര് മൂന്നുപേരും സുഖമായി കയറുമെന്നും, എനിക്കാണ് പണി കിട്ടുക എന്നും അറിയാം. എന്നാലും ആഗ്രഹങ്ങൾക്കൊട്ടും കുറവില്ലല്ലോ. കേറുക തന്നെ. കുറച്ചങ്ങോട്ടു കയറിയപ്പോൾ എനിക്ക് ഒരു തോന്നൽ. വേണേൽ നിങ്ങള് കയറിക്കോളു. ഞാൻ ഇവിടിരുന്നോളാം. എന്നാൽ ഏട്ടൻ സമ്മതിച്ചില്ല. ആഗ്രഹം പറഞ്ഞു വന്നതല്ലേ. കയറിക്കോന്നു പറഞ്ഞു. ഒരുവിധം പുഷ് പുൾ ആയി കയറി. മക്കൾ ഓടി ഓടി കേറുന്നുണ്ട് .

പകുതി ദൂരം കഴിഞ്ഞപ്പോൾ എനിക്കും വിശ്വാസമായി. ജീവിതത്തിൽ ഇനി വീണ്ടും ഒരു കുടജാദ്രി വരവുണ്ടാവില്ല . ഇത്തിരി കഷ്ടപെട്ടാലും കയറുക തന്നെ. വയസായ അമ്മൂമാരും അച്ചാച്ചൻമാരും കയറുന്നതു കണ്ടപ്പോൾ പിന്നെ ഞാനും ഉഷാറായി. ഇത്തിരി നേരം പോലും വിശ്രമിച്ചില്ല, വെള്ളം കുടിക്കാനൊഴികെ. ഇരുന്നു കഴിഞ്ഞാൽ പിന്നെ ബുദ്ധിമുട്ട് കൂടെ ഉള്ളു. ചിലയിടങ്ങളിൽ അഗാധമായ കൊക്കയാണ്. അതിലൂടെ ഒറ്റവരി പാതയിലൂടെ നടന്നുകയറുമ്പോൾ മുകളിൽ എങ്ങനെയെങ്കിലും എത്തണംന്നു മാത്രേ ഉണ്ടായിരുന്നുള്ളു. അവസാനം സർവജ്ഞ പീഠംത്തിനടുത്തെത്തിയപ്പോൾ മനം നിറഞ്ഞ സംതൃപ്‍തി..

“ആനന്ദമേ… സർവമാനന്ദമേ…”കുറച്ചു നേരം തികഞ്ഞ ആശ്വാസത്തോടെ അവിടെ ഇരുന്നു. താല്പര്യം ഉള്ളവർക്കു കുറച്ചു കൂടി താഴോട്ട് ഇറങ്ങി ചിത്രമൂലയിൽ പോവാം. ഞങ്ങൾക്കു എന്തായാലും ആ പ്ലാൻ ഉണ്ടായിരുന്നില്ല. ഫോട്ടോ സെഷന് ശേഷം തിരിച്ചു ഇറങ്ങി. താഴെ കൊച്ചു കടക്കാർ, ഉപ്പിലിട്ടതും മോരു വെള്ളവും ഒക്കെ വച്ചിട്ടുണ്ട്. മോരു വെള്ളം കുടിച്ച് ദാഹം തീർത്തു, വന്ന വഴി മടക്കം.

റൂമിൽ എത്തി വിശ്രമിച്ചതിനു ശേഷം വൈകീട്ടു കുളിച്ചു ദീപാരാധന തൊഴുതു. അതിലേറെ മനസ് നിറഞ്ഞതു, ദീപാരാധന കഴിഞ്ഞു തട്ട് തൊഴാൻ കൊണ്ടുവന്നത് എന്റെ മുന്നിലേക്ക്.  പുറത്തിറങ്ങി അവിടെ ചുറ്റി തൊഴുതു കഴിഞ്ഞപ്പോഴേക്കും തങ്കതേര് പ്രദക്ഷിണത്തിന് സമയമായി. നട അടക്കുന്നതിനു മുമ്പായി കഷായ വിതരണം ഉണ്ട്. സർവ്വ രോഗ ശമനത്തിന് നല്ലതാണെന്നു പറയുന്നു. വേണമെങ്കിൽ ഒരു ഡബ്ബ കൊണ്ടു പോവേണ്ടതാണ്.

എല്ലാം കഴിഞ്ഞ് പുറത്തിറങ്ങി ദേവിയുടെ അന്നദാനവും കഴിച്ചു. ഒരു പ്രത്യേക സ്വാദായിരുന്നു അന്നദാനത്തിന്. ഈ ദിവസങ്ങളിൽ കഴിച്ച കർണാടക സ്റ്റൈൽ സാമ്പാർ ഒരുപാട് ഇഷ്ടപ്പെട്ടു. അന്ന് രാത്രി കൂടി അവിടെ തങ്ങിയ ശേഷം പിറ്റേന്ന് ഒന്നുടെ ദേവിയെ തൊഴുതു.

ഇനി ഉഡുപ്പി യിലേക്ക്… ‘അരവിന്ദന്റെ അഥിതികളിൽ’ കണ്ട അതെ ബസ് സ്റ്റാൻഡിൽ നിന്നും മംഗലാപുരം ബസിൽ കയറി ഉഡുപ്പി ഇറങ്ങി. ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം കൂടി തൊഴണം എന്ന് തന്നെ ആയിരുന്നു വിചാരിച്ചിരുന്നത്. എന്നാൽ എത്തിയപ്പോൾ നല്ല തിരക്ക്. വരി നിന്ന് തൊഴുതു കഴിഞ്ഞാൽ തിരിച്ചു പോവാനുള്ള ട്രെയിൻ കിട്ടില്ല. അത് കൊണ്ടു പുറത്ത് നിന്നു തൊഴുതു. Tech Travel Eat Sujith bhakthan ചെയ്ത ഉഡുപ്പി വീഡിയോയിൽ സുജിത് ഭക്ഷണം കഴിച്ച ഹോട്ടൽ തേടി പിടിച്ചു ചെന്നു.

ഹോട്ടൽ എന്ന് പറയാൻ പറ്റില്ല. അത് അവരുടെ വീടാണെന്ന് തോന്നുന്നു. പഴയ ഒരു വീട്. ആ ഭാഗത്തൊക്കെ അതുപോലുള്ള ഒരുപാട് വീടുകൾ ഉണ്ടായിരുന്നു.അവരുടെ വിഭവങ്ങളുടെ പേരുകൾ ഒന്നും ഓർത്തെടുക്കാൻ കിട്ടുന്നില്ല. ഉഡുപ്പി ദോശ കഴിക്കണമെന്നു വിചാരിച്ചിരുന്നത് കൊണ്ടു സ്പെഷ്യൽ ഗീ റോസ്റ്റ് ഓർഡർ ചെയ്തു . അത് ആവുന്ന നേരം കൊണ്ടു ആ സ്വാമി ചേട്ടൻ ഹൽവ കൊണ്ടു വന്നു തന്നു. ഹൽവ സൂപ്പർ ആണെന്ന് പറഞ്ഞപ്പോൾ അതും ടേസ്റ്റ് ചെയ്തു. ന്റെ പൊന്നെ !! ഇത്ര ടേസ്റ്റിൽ ഞാൻ ഇതു വരെ ഹൽവ കഴിച്ചിട്ടില്ല. പിന്നെ പുലാവ് കഴിച്ചു. അതിന്റെ രുചിയും അപാരം.

വിശപ്പിന്റെ ആധിക്യം മൂലം രണ്ടിന്റെയും ഫോട്ടോ എടുക്കാൻ മറന്നുപോയി. സ്വാദ് അപാരമാണെങ്കിലും ക്വാണ്ടിറ്റി കുറവാണുട്ടോ. നമ്മൾ മലയാളികൾക്ക് വല്യ പ്ലേറ്റും ഗ്ലാസും ഒക്കെ ആണല്ലോ. അവിടെ ഇങ്ങനെ ആയിരിക്കും ചിലപ്പോൾ. അപ്പഴേക്കും ഗീ റോസ്റ്റ് എത്തി. വല്യ ദോശ പ്രതീക്ഷിച്ചിരുന്ന എന്റെ മുന്നിലേക്ക് ചെറിയ ദോശ ആണ് വന്നത്. പണി പാളിയോ എന്ന് വിചാരിച്ചു കഴിച്ചു തുടങ്ങിയപ്പോൾ വീണ്ടും ഞെട്ടിച്ചു കളഞ്ഞു. നമ്മുടെ നാട്ടിലെ നെയ്‌റോസ്‌റ്റ് കണ്ടം വഴി ഓടണം. നല്ല കട്ടി ദോശയിൽ നിറയെ നെയ്യ് ഒഴിച്ച്…. ആഹാ അന്തസ്സ്….

തൃപ്തി ആയില്ലേ എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് പുഞ്ചിരിയിൽ ചാലിച്ച മറുപടിയുമായി ഞങ്ങൾ ഇറങ്ങി. ചെറിയ ഹോട്ടൽ ആണെങ്കിലും റേറ്റും ചെറുതാണെന്ന് വിചാരിക്കണ്ടട്ടോ. അത്യാവശ്യം നല്ല റേറ്റ് ഉണ്ട്.

സമയം ഉള്ളവർക്ക് അവിടെ തൊട്ടടുത്തുതന്നെ ഉള്ള മാൽപെ ബീച്ചും സെന്റ് മേരിസ് ഐലൻഡും സന്ദർശിക്കാവുന്നതാണ്. രാത്രിയിലെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത് കൺഫേം ആയിരുന്നെങ്കിൽ ഞങ്ങളും പോവണം എന്ന് വിചാരിച്ചിരുന്നു. പോകുന്നിടത്തൊക്കെ എന്തെങ്കിലും കാണാൻ ബാക്കി വെക്കണ്ടേ. എന്നാലല്ലേ ഇനിയും പോവാനുള്ള ഒരു ഊർജ്ജം കിട്ടു.

അവിടുന്ന് ഓട്ടോ എടുത്തു ബസ് സ്റ്റാൻഡിൽ എത്തി. മംഗലാപുരം വരെ ബസിൽ. മംഗലാപുരത്തു നിന്നും 2:20 നുള്ള Thiruvananthapuram express ട്രെയ്നിൽ തൃശൂർക്ക്. ഒരു പൂ ആഗ്രഹിച്ച എനിക്ക് ഒരു പൂക്കാലം കിട്ടിയ സന്തോഷം.