“കൊടൂരം” ഈസ്റ്റർ ദിനത്തിലെ ഈ മട്ടൺ ബിരിയാണി

വിവരണം – Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ.

“കൊടൂരം” ഈ മട്ടൺ ബിരിയാണി. പൊളി എന്ന് വച്ചാൽ പൊളിച്ചടുക്കി തകർത്തു ലെവലാക്കി കളഞ്ഞു. മഹത്തായ ഈസ്റ്റർ ദിനത്തിലെ ഈ മട്ടൺ ബിരിയാണി മറക്കില്ല. അതും ചാലയിലെ പേരു കേട്ട നിസാർ ഹോട്ടലിൽ നിന്നും. ഉണ്ടാക്കിയതോ, നിസാർ ഹോട്ടലിന്റെ ഉപജ്‌ഞാതാവായ സി.എച്ച് ഉമ്മർ ഇക്കയുടെ മകൻ ശ്രീ സമീർ.

കൈമ അരിയിലെ കിണ്ണം ബിരിയാണി ചോറും, പൊടി പൊടിച്ച് ചേർത്താലും ബിരിയാണി അരിയുടെ തനത് രുചി കളയാത്ത പപ്പടവും, മൃദുലമാർന്ന രുചിയുള്ള മട്ടൺ കഷ്ണങ്ങളും, മൂത്ത പരുവമായ അണ്ടിപരിപ്പും കിസ്മിസ്സും, മാങ്ങയുടെ രുചി നാവിൽ അലയടിപ്പിക്കുന്ന അച്ചാറും, സ്വയമ്പൻ സാലഡും എല്ലാം കൂടി ചേർന്ന് ഉച്ച നേരം ധന്യമാക്കി.

വാഴയിലയിലെ അടിപൊളി പായ്ക്കിങ്ങും അത് തുറന്ന് വിടരുമ്പോൾ ബിരിയാണി കാണുമ്പോഴുള്ള അനുഭൂതിയും നിറവും ഒന്ന് വേറെ തന്നെ. ആ ബിരിയാണി ഇല പൊതി തുറന്ന് കൈമ അരിയുടെ ചോറ് അതിലെ മൃദുലമാർന്ന മട്ടൺ കഷ്ണങ്ങൾ ചേർത്ത് രുചിയുടെ വാതിലിലേക്ക് ആനയിച്ചപ്പോൾ ഒരു നിമിഷം ലോക്ക് ഡൗൺ എല്ലാം മറന്ന് ആ പഴയ കാല സുവർണ നിമിഷങ്ങളിലേക്ക് ഊളിയിട്ട് പോയി.

പേയാട് ഡെലിവറി ഉണ്ടെന്നറിഞ്ഞ് വാങ്ങിച്ചതാണ്. (പള്ളിമുക്കും ഒരു ഡെലിവറി ഉണ്ടായിരുന്നു). രണ്ട് കുട്ടികൾക്കും രണ്ട് മുതിർന്നവർക്കുമായി മൂന്ന് മട്ടൺ ബിരിയാണി വാങ്ങിച്ചു. ക്വാണ്ടിറ്റി എല്ലാം ഒക്കെ ആയിരുന്നു. കുറച്ച് എരിവ് കൂടി ഉണ്ടായിരുന്നെങ്കിൽ… ഞാനൊരു എരിവ് പ്രിയൻ കൂടി ആയത് കൊണ്ടായിരിക്കും. ബാക്കിയെല്ലാവർക്കും എരിവ് കറക്റ്റ്.

1976 കാലത്ത്‌ തരംഗമായിരുന്ന നിസാർ ഹോട്ടൽ ശ്രീ സമീറിന്റെ കൈകളിൽ ഇന്ന് ഭദ്രം. സ്ഥലം: ഗാന്ധിപാർക്കിൽ നിന്ന് പോകുകയാണെങ്കിൽ മൂന്നാമത്തെ ഇടവഴി – Nizar Line. ഇടവഴി ഉറപ്പു വരുത്താൻ ഇടവഴിയുടെ എതിർ വശം സരസ്വതി ഫാഷൻ ജ്യുവലറി നോക്കുക. ഈ Covid 19 സമയത്ത് Take Away, Delivery മാത്രം.

ഇത് ഇവിടെ ഡെലിറവി ബോയ് വഴി കൊണ്ട് എത്തിച്ച സമീർ ഭായിക്ക് പ്രത്യേക നന്ദി. ഇപ്പോൾ ഉള്ള വിഭവങ്ങൾ – ഊണ് + മരിച്ചീനി + മീൻ കറി (₹ 80), ചിക്കൻ ബിരിയാണി (₹ 100), മട്ടൺ ബിരിയാണി (₹ 200). Timings – 10:30 AM to 3 PM.

Hotel Nizar, Contact Person: Sameer, Contact No: 9846097869.